White Crow Art Daily

അഭയാന്വേഷണങ്ങളുടെ റെഫ്യുജിയാദോ

ഐ എഫ് .എഫ് കെ യിൽ സുവർണ്ണചകോരം നേടിയ ചലച്ചിത്രത്തെക്കുറിച്ച്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളുടെ വര്‍ദ്ധിച്ച കണക്കുകൾ ലോകമെമ്പാടുമുള്ള അനുഭവങ്ങളുടെ പൊതു അവതരണമാകുന്നു. ദേശ കാല വ്യത്യാസമില്ലാതെ അതിക്രമങ്ങൾ പെരുകുമ്പോൾ അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്നു. കലയും സാഹിത്യവും ഈ വിഷയത്തെ അതിന്‍റെ അദൃശ്യതയിൽ നിന്ന് മോചിപ്പിക്കുന്നു. അമര്‍ത്തിയും അടക്കിയും വയ്ക്കുന്ന പെൺ ദുരനുഭവങ്ങളെ അര്‍ഥ വത്തായും ആഴത്തിലും അവതരിപ്പിക്കാന്‍ അവയ്ക്കാകുന്നുണ്ട്. ദൃശ്യാനുകൂലതയുള്ള മാധ്യമങ്ങൾ ഈ വിഷയത്തിലെ നിലപാടുകളെ കാഴ്ച്ചയ്ക്കകത്തും പുറത്തും സംപ്രേഷണം ചെയ്താണ് ചര്‍ച്ച തുടരുന്നത്. പൊട്ടിത്തെറിച്ച നിലവിളികളായോ കരിഞ്ഞ മുടിയിഴകളായോ അവ കണ്ണുകളെയും കാതുകളെയും മഥിക്കുന്നു. ഓര്‍മ്മകളെ നിശബ്ദമാക്കി കനമുള്ള പേടകങ്ങളിൽ അടച്ചു വയ്ക്കുമ്പോൾ അത് തകര്‍ത്തു പുറത്തേക്ക് വരുന്ന ഒച്ചയാണ്‌ കാഴ്ച്ചയുടെ സ്വാധീനം. അത്തരം ഭാഷയുടെ പിറവിയാകട്ടെ ഓരോ പ്രേക്ഷകനിലും സംഭവിക്കുന്നു.

ലോക ചലച്ചിത്ര ഭാഷയില്‍  സ്ത്രീയുടെ ലോകം രേഖപ്പെടുമ്പോൾ മൂര്‍ത്തമായ അനുഭവ സാമാന്യതകളെ അത് തകിടം മറിക്കുന്നു. ഗാര്‍ഹിക പീഡനത്തിന്‍റെ ചിലന്തി വലയ്ക്കുള്ളില്‍ പെട്ട് പോയ ഒരമ്മയുടെയും കുഞ്ഞു മകന്റെയും ഒരര്‍ഥത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെയും കഥ പറയുന്നചിത്രമാണ് റെഫ്യൂജിയാദോ[ഡീഗോ ലെര്‍മാന്‍ ]. മരണ സമാനമായ ജീവിതത്തിൽ നിന്നുള്ള അവരുടെ യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നേറുന്നത്. ഏഴു വയസ്സുകാരനായ മത്യാസും [സെബാസ്ട്യന്‍ മോലിനാറോ] അവന്‍റെ അമ്മ ലാറയും[ജൂലിയറ്റ ഡയസ്] അനുഭവിക്കുന്ന തീവ്രമായ ഭയവും അരക്ഷിതത്വവും കുടുംബം എന്ന സുന്ദര സങ്കല്‍പ്പം തടവറയായി പരിണമിക്കുന്ന ആധുനിക ലോകത്തെ തുറന്നു കാണിക്കുന്നു. അവിടെ രക്ഷകന്‍ എന്ന് വിളിക്കാവുന്ന ആൺ രൂപം അവരുടെ നേര്‍ക്ക്‌ ശാരീരികവും മാനസികവുമായ കൊടിയ ആക്രമണമാണ് നടത്തുന്നത്.

Refugiado, Dir. Diego Lermanചോരയിൽ വിരിഞ്ഞ ശരീരവുമായി ജീവിക്കേണ്ടി വരുന്ന ലാറ പെണ്‍മനസ്സുകളുടെ വഴക്കമുള്ള പ്രതിച്ഛായയാണ്. അവരുടെ ഭര്‍ത്താവ് ഫാബിയന്‍ അധീശ ലോകത്തിന്‍റെ പ്രതിനിധാനമായി വര്‍ത്തിക്കുന്നു. ഈ കഥാപാത്രം സിനിമയിൽ ഒരിക്കല്‍പ്പോലും മുഖം കാട്ടുന്നില്ല. എന്നാല്‍ അയാളെ അജ്ഞാതമായ ഭയത്തിന്‍റെ ആൾ രൂപമായി മാറ്റാന്‍ സംവിധായകന് കഴിഞ്ഞു. സംശയ രോഗി കൂടിയാണ് മദ്യപാനത്തിന് അടിമയായ ഫാബിയന്‍. ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി കഴിഞ്ഞു വരുന്ന മത്യാസ് അമ്മയെ കാണുന്നത് കിടപ്പുമുറിയിലെ നിലത്തു അബോധാവസ്ഥയിൽ കിടക്കുന്നതായിട്ടാണ്. അവളില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് അവരെ സാമൂഹിക പ്രവര്‍ത്തകരും പോലീസും ഒക്കെ ചേര്‍ന്ന് എത്തിക്കുന്നത് ഒരു അഭയ കേന്ദ്രത്തിലാണ്. അവിടെ സമാന അനുഭവമുള്ള നിഷ്ക്കളങ്ക ബാല്യങ്ങളായ അനയും മത്യാസും സൗഹൃദത്തിലായി. തുടർന്ന് കുട്ടികളിലൂടെ അവര്‍ക്ക് പരിചിതമായ കറുത്ത ഗാര്‍ഹിക ഇടങ്ങളെ അവതരിപ്പിക്കുകയാണ് ചിത്രം.

അവരുടെ ഒളിച്ചു കളിയില്‍  ഉപയോഗിക്കുന്ന “വഷളന്‍ ” പദങ്ങൾ നിത്യവും അവർ കേട്ടു പരിചയിച്ചവയാണ് എന്ന് കാണികള്‍ക്ക് തിരിച്ചറിയാനാകും വിധം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വളരുന്ന തലമുറയിൽ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം സാഹചര്യങ്ങൾ അവരുടെ വ്യക്തിത്വത്തെ എത്രമാത്രം വികലമാക്കും എന്നതിനെ ആശയത്തിനപ്പുറത്തുള്ള അവബോധമായി വിനിമയം ചെയ്യുന്നതില്‍ സിനിമ വിജയിക്കുന്നു. തങ്ങളുടെ വീട്ടിലെ പീഡന രംഗങ്ങൾക്ക് ദൃക്സാക്ഷികളാണ് ഈ കുഞ്ഞുങ്ങൾ. ഗര്‍ഭിണിയായ ലാറയ്ക്ക് മാനസിക സംഘര്‍ഷങ്ങളിൽ തന്നെത്തന്നെ നഷ്ടപ്പെടുന്നു. അവൾ എത്തിപ്പെട്ട അന്തരീക്ഷവും കൌൺസിലിങ്ങും ഒക്കെ വെറുക്കുന്നു. കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ഓര്‍ക്കുന്നതുപോലും അവളെ മരണ വേദനയിലൂടെ കടത്തി വിടുന്നു.

refugiado

അഭയ കേന്ദ്രം തടവറയുമായാണ് സാദൃശ്യപ്പെടുന്നതെന്നു അതിനെ ക്യാമറ ചുറ്റി സഞ്ചരിക്കുന്ന കാഴ്ച ബോധ്യപ്പെടുത്തുന്നുണ്ട്. അവിടെയുള്ള അധികാരികൾ അഭയം തേടി ചെല്ലുന്നവരോട് കുറ്റവാളികളോട് എന്നപോലെയാണ് പെരുമാറുന്നത്. രാത്രിയിൽ മാത്രം ആളുകൾ വരികയും പോവുകയും ചെയ്യുന്ന “ഭീകര ” ഇടമായി അത് മാറുന്നു. പുറത്ത് കുറ്റം ചെയ്തവരെക്കാൾ അകത്തെ നിരപരാധികളാണ് കുരിശു ചുമക്കേണ്ടി വരുന്നത്. അവള്‍ക്കു ഫാബിയനെതിരെയുള്ള നിയമ പരിരക്ഷ ലഭിക്കുന്നു. ലാറ അവിടെ നിന്ന് മകനെയും കൊണ്ടു എങ്ങോട്ടെങ്കിലും ഓടിപ്പോകാനുള്ള വഴികൾ തിരയുന്നു. സുരക്ഷയുടെ ലോകം തേടിപ്പോകുന്ന സ്ത്രീയുടെ അവസ്ഥയെ സംവിധായകന്‍ “യാത്ര”യെ ആധാരമാക്കി ചിത്രീകരിച്ചിരിക്കുന്നു. സ്നേഹത്തിലേക്കുള്ള നീണ്ടതും ദുരിതം നിറഞ്ഞതുമായ അന്വേഷണമായും ഇതിനെ കാണാം എന്നതിനാൽ ലോകത്തെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളിലേക്ക് കടക്കാനും സംവിധായകന് കഴിയുന്നു.

തങ്ങളുടെ വീട്ടിലേക്കു മടങ്ങി വരുന്ന അമ്മയും മകനും തേടുന്നത് സ്നേഹത്തിന്റെ ഇത്തിരി ബാക്കികളെയാണ്. അവരെ ചൂഴുന്നത് ഭയത്തിന്‍റെ കനത്ത ഇരുട്ടും . ലാറയ്ക്കായി എത്തിക്കുന്ന പൂച്ചെണ്ടു പോലും അവളിൽ ഭയത്തിന്‍റെ നിഴലുകളെ വളര്‍ത്തുന്നു. വെറുക്കപ്പെടുന്ന ഓര്‍മ്മകളിൽ നിന്നും മുക്തി നേടാന്‍ അവൾ കഠിനമായി ആഗ്രഹിക്കുന്നു. പൂച്ചെണ്ടുകൾ കൈമാറാനുള്ളതും ഊഷ്മളമായ ബന്ധത്തിന്റെ അടയാളങ്ങളുമാണ്. മൊബൈൽ ഫോണാകട്ടെ എവിടെയും നമ്മെ തിരഞ്ഞു വരുന്ന ശബ്ദ സാന്നിധ്യവും. അമ്മ കുളിമുറിയില്‍ ആയിരുന്നപ്പോൾ താന്‍ അച്ഛനോട് ഫോണിൽ സംസാരിച്ചത് മത്യാസിനെ പേടിപ്പെടുത്തുന്നു . “അവരെ സ്നേഹിക്കുന്നുവെങ്കില്‍ നിങ്ങൾ എന്തിനാണ് അവരെ തല്ലുന്ന” തെന്ന് അവന്‍ അയാളോട് ചോദിക്കുന്നുമുണ്ട്. ലാറയുടെ ഭര്‍ത്താവ് മൊബൈല്‍ ഫോൾ അയാളുടെ ആയുധമായാണ് ഉപയോഗിക്കുന്നത്. അമ്മയുടെയും മകന്റെയും സ്വാതന്ത്ര്യമെന്നത് അയാളുടെ റിംഗ് ടോണുകളാൽ ബന്ധിതമാകുന്നു. അവർ ചിലപ്പോഴെങ്കിലും അയാളുടെ വിളികള്‍ക്ക് കാതോര്‍ക്കുന്നു, മറുപടികൾ പറയുന്നു. തങ്ങൾ അയാളെ സ്നേഹിക്കുന്നുവെന്ന സത്യമാണ് ആ പ്രവൃത്തിയിലൂടെ അവര്‍ തിരിച്ചറിയുന്നത്‌. ചില ബന്ധങ്ങളെ തിരസ്ക്കരിക്കാന്‍ അത്ര എളുപ്പമല്ല എന്ന് ലാറ തിരിച്ചറിയുന്നു. മത്യാസ് ആകട്ടെ തന്‍റെ കളിപ്പാട്ടങ്ങളെയും അച്ഛനെയും അങ്ങനെ തന്റെ പഴയ ജീവിതത്തെയും വിട്ടു പോകാന്‍ തയാറാകുന്നില്ല. അവന്‍ കുളിമുറിയിൽ കയറി സ്വയം ബന്ധിതനാവുകയാണ്.

ഒടുവിൽ അവന്‍ തന്നെ നിരന്തരം പിന്തുടരുന്ന അപകടം പോലെ മുഴങ്ങി ക്കൊണ്ടിരിക്കുന്ന “മൊബൈൽ ഫോൺ” കടലിലേക്ക്‌ വലിച്ചെറിയുന്നതോടെ സംവിധായകന്‍ മത്യാസിനൊപ്പം ചേരുന്നു. അമ്മയുടെയും മകന്റെയും ഭാവങ്ങൾ പകരുന്ന നിമിഷങ്ങളുടെ ക്ലോസപ്പുകളിൽ ചിത്രം അതി തീവ്രമായ ഒന്നിനെ നമുക്കിടയിലേക്ക്‌ നിക്ഷേപിക്കുന്നു. കുട്ടികളുടെ വേദനാജനകമായ ലോകത്തെയാണ്‌ സിനിമ ലക്‌ഷ്യം വയ്ക്കുന്നത്. “കുട്ടി” ആയതിനാൽ അവർ പലപ്പോഴും മുതിര്‍ന്നവരാൽ പരിഗണിക്കപ്പെടുന്നുണ്ടാവില്ല. എന്നാൽ അനുഭവങ്ങളെ സ്വാംശീകരിച്ച് അവർ തീരുമാനങ്ങൾ എടുക്കുന്ന നിലയിലേക്ക് വളരുന്നു എന്ന സത്യം “റെഫ്യൂജിയാദോ “നല്‍കുന്നു.

Wojciech Staron-ലൂടെ സിനിമാട്ടോഗ്രാഫിയുടെ ആഴം വ്യക്തമാക്കുന്ന ചിത്രം ശബ്ദത്തിന്‍റെ സാധ്യതകളെയും ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോൾ ഹൊറർ ചിത്രങ്ങളുടേതിനു സമാനമായ ശബ്ദ പരിചരണമാണുള്ളത്. എങ്കിലും കണ്ടിറങ്ങുന്നവരുടെ ഉള്ളിൽ നിശബ്ദതയുടെ കടൽ അഭയ തീരങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും.