White Crow Art Daily

അഭിമുഖങ്ങൾക്ക് ഒരാമുഖം:കെ.പി.റഷീദ്

പല കാലങ്ങൾ. ആഞ്ഞുകൊത്തിയ പ്രത്യയശാസ്ത്രങ്ങൾ. ചെന്നെത്തിയ മനുഷ്യർ. വന്നുപെട്ട വഴികൾ. ബോധാബോധങ്ങൾ. കൊണ്ട വെയിലും മഴയും മഞ്ഞും. ഇതെല്ലാം വല്ലാത്തൊരു തിടുക്കത്തോടെ കടലാസിലും സ്ക്രീനിലുമായി പകർത്താൻ ശ്രമിച്ചൊരു മനുഷ്യൻ. അയാൾക്ക് ഇതിനപ്പുറം എന്തുണ്ട് പറയാൻ?

ഇത്തരമൊരു പ്രതിസന്ധിയുടെ മുനമ്പിലാണ്, അഭിമുഖത്തിനായി ടിഎൻജിയുടെ മുന്നിൽ ചെന്നിരിക്കുന്നത്. രോഗത്തിന്റെയും മരിച്ചെന്ന് ഏതാണ്ട് മറ്റുള്ളവർ ഉറപ്പിച്ച ആശുപത്രി വാസത്തിനും ശേഷം, ഞാനങ്ങനെയൊന്നും പോവില്ലെന്ന് തലയുയർത്തി ആശുപത്രിയിൽ നിന്ന് ഇറങ്ങി വന്നൊരു നേരമായിരുന്നു അത്. മരണം മുന്നിൽ കണ്ടൊരാളുടെ പകപ്പല്ല, ഡോക്ടർമാരോടും നഴ്സുമാരോടും തമാശ പറഞ്ഞ് കിടന്ന് നാളുകളിൽ, മരുന്നും രക്തവും മാറിമാറിക്കയറിയ ബോധാബോധങ്ങളുടെ നേരങ്ങളിൽ, ആദ്യം മനസ്സിലും പിന്നെ കടലാസിലുമായി പകർത്തിയ പുതിയ നോവലിന്റെ ആവേശത്തിലായിരുന്നു ടി എൻ ജി.
ആശുപത്രി മണമുള്ള ആ നാളുകൾ കാഴ്ചപ്പാടുകളിലും ചിന്തയിലും എന്ത് മാറ്റമാണുണ്ടാക്കിയതെന്ന ചോദ്യത്തിലായിരുന്നു തുടക്കം. മരണമോ, അതൊക്കെ കുട്ടിക്കാലത്തേ ഞാൻ മറികടന്നുവെന്ന ചിരിയായിരുന്നു മറുപടി. ആ ഉത്തരം പിന്നെ കുട്ടിക്കാലത്തേക്ക് നീണ്ടു. ശുചീന്ദ്രം വഴികളിലേക്കും ഇടലാക്കുടി ജയിലിൽ നിന്നും, പി കൃഷ്ണപിള്ള ഹിന്ദി പാഠപുസ്തകത്തിന്റെ വക്കുകളിൽ എഴുതിക്കൊടുത്ത കമ്യൂണിസവും പ്രണയവും മുറുകിയ അക്ഷരങ്ങളിൽ കണ്ണുനട്ടിരുന്ന തങ്കമ്മയിലേക്കും നീണ്ടു. രണ്ടു മണിക്കൂറിലേറെ നീണ്ട സംഭാഷണങ്ങൾക്ക് ശേഷം ഉറപ്പിച്ചു, എത്ര എഴുതിയാലും ചോദിക്കാനും പറയാനും ഏറെയുള്ള ജീവിതമാണ് മുന്നിൽ നിവർന്നിരിക്കുന്നത്.

‘ആവശ്യത്തിനായില്ലേ’ എന്ന ചോദ്യത്തിന്, ഇവിടെ നിർത്തണോ, അഭിമുഖങ്ങളിലൂടെ ജീവിതം പറയുന്ന ഒരു പുസ്തകമാക്കിയാലോ എന്നൊരു മറുചോദ്യമായിരുന്നു ഉള്ളിൽ നിന്നും വന്നത്. ‘നീ ചോദിച്ചോ, നേരം കിട്ടുമ്പോഴൊക്കെ ഞാൻ മറുപടി പറയാം’ എന്ന ചിരി മറുപടിയായി.
എഴുതിയ പുസ്തകങ്ങളെല്ലാം, ഒപ്പിട്ട്, കൈയിൽ തന്നു. ഇതൊക്കെ വായിച്ച ശേഷം ഇനി തുടരാം എന്ന സ്നേഹം ഒപ്പമെത്തി. വായനയുടെ നാളുകളിൽ, ആ മനുഷ്യൻ ജീവിച്ച ജീവിതം ഉടലോടെ കൂടെ പോന്നു. കഥകളിലും നോവലുകളിലും യാത്രാനുഭവങ്ങളിലും ഓർമ്മക്കുറിപ്പുകളിലും ലേഖനങ്ങളിലുമെല്ലാം കാണുന്നത്, ജീവിതത്തെ ഇറുകെപ്പുണരാൻ വെമ്പിയ മനസ്സ് മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.

പിന്നെ പല നാളുകൾ. സമയം കിട്ടുമ്പോഴൊക്കെ ഏഷ്യാനെറ്റ് ന്യൂസിന്റെ താഴെ നിലയിലെ ഓൺലൈൻ വിഭാഗത്തിലേക്ക് ആ കോൾ വരും. ‘ റഷീദല്ലേ, വാ…’. നാലാംനിലയിലേക്ക് ഒതുക്കിപ്പിടിച്ച നോട്ട് പാഡും റെക്കോർഡറുമായി ചെല്ലുമ്പോൾ, വാർത്തകൾക്കും പലയിടങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾക്കും ഇടയിൽ ഇരിപ്പുണ്ടാവും.
മുറിയിലപ്പോൾ പല കാലങ്ങൾ നടന്നെത്തും. അന്തം വിട്ടുപോവുന്ന അനുഭവങ്ങൾ. ഏത് കടുംവെട്ട് നരകത്തെയും നിലം പരിശാക്കുന്ന കൂസലില്ലായ്മകൾ. ആളുകൾ, ഇടങ്ങൾ, ചങ്ങാത്തങ്ങൾ. പറഞ്ഞു പറഞ്ഞു ചുമ വരുമ്പോൾ നിർത്തും. ഇനി പിന്നെയാവാം എന്ന നോട്ടം.

മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ആരംഭിക്കുന്ന അവസാന നോവലിനു‌ മുന്നോടിയായി അഭിമുഖങ്ങളുടെ ചില ഭാഗങ്ങൾ വേണം. അതിനായി ചിത്രങ്ങൾ പകർത്താൻ മാധ്യമം ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറത്തിനൊപ്പം നടന്നപ്പോൾ, അത് വരെ പറയാത്ത കുറേ കഥകൾ കൂടി ഒപ്പം വന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനരികെ ടി എൻ ജി കോളജ് കാലത്ത് താമസിച്ച വീടിപ്പോൾ അനേകം കടമുറികളാണ്. അവിടെ ചെന്ന് പടം എടുക്കണം എന്ന് നിർബന്ധമായിരുന്നു. കടക്കാരൊക്കെ കണ്ണാടിയിലൂടെ പരിചിതനായ മാധ്യമപ്രവർത്തകനെ കാണാൻ അടുത്തു വന്നു. ഇതെന്റെ സ്ഥലമായിരുന്നു, ഉച്ചത്തിൽ പറഞ്ഞു. പിന്നെ യൂനിവേഴ്സിറ്റി കോളജിൽ പണ്ട് പഠിച്ച ക്ലാസ് മുറിക്ക് അടുത്ത് പോയി. അവിടെ ക്ലാസ് നടക്കുകയായിരുന്നു. ടി എൻ ജിയെ കണ്ടതും അധ്യാപിക പുറത്തു വന്നു. ‘ഇത് ഞാൻ പഠിച്ച ക്ലാസ്സാ’ ടി എൻ ജി പറഞ്ഞു. തല പുറത്തിട്ടു നോക്കുന്ന കുട്ടികളോട് എന്തെങ്കിലും പറയുമോ എന്ന് അധ്യാപിക. ക്ലാസ്സിൽ കയറി കുറച്ച് നേരം സംസാരിച്ചു.

അഭിമുഖങ്ങൾ അവിടെ നിന്നില്ല. അത് പിന്നെയും തുടർന്നു. അതിനിടെ ചികിൽസയ്ക്കായി പിന്നെയും ബാംഗ്ലൂരിലേക്ക് പോയി. അത് കഴിഞ്ഞ് വന്നപ്പോൾ പക്ഷെ തളർച്ച കൂടിയിരുന്നു. മുറിയിലേക്ക് പിന്നെയും ചെന്നെങ്കിലും അത് അഭിമുഖമായില്ല. വേറെന്തൊക്കെയോ പറഞ്ഞും ചിരിച്ചും അതങ്ങനെ തീർന്നു.

പിന്നെ ആ ദിവസമെത്തി. ജീവിതം പറഞ്ഞു തീരും മുമ്പേ ആ വാക്ക് ഇറങ്ങി നടന്നു. എന്നോ ഞാൻ മരണത്തിന് സന്നദ്ധനായിരുന്നുവെന്നു പറഞ്ഞ് ചിരിച്ച ആ കൂസലില്ലായ്മ കണ്ണുകളടച്ച് കിടന്നു. അത് കഴിഞ്ഞിപ്പോൾ ഒരു വർഷം. ആ അഭിമുഖങ്ങളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇപ്പോൾ മുന്നിൽ. ഇതിൽ ആ ദിവസങ്ങളുണ്ട്. വരികളിൽ നിന്ന് ഇറങ്ങി നടപ്പുണ്ട്, എന്നും തല ഉയർത്തി മാത്രം നടന്നിരുന്ന മെലിഞ്ഞ് നീണ്ടൊരു മനുഷ്യൻ.

ബ്രണ്ണന്‍ കോളജിലും സ്കൂള്‍ ഓഫ് ലെറ്റേഴ്സിലും പഠനം. നാലാമിടത്തിലും മാധ്യമത്തിലും എഡിറ്റര്‍. ഇപ്പോള്‍ ...