അയിത്തം
‘അയിത്തം’ രണ്ടു ആളുകള്‍ തമ്മിലുള്ള അകലം തന്നെയാണ്, എന്നും. തൊടരുത് എന്നോ തൊടാന്‍ പാടില്ല എന്നോ ആ അകലം നിഷ്ക്കര്‍ഷിക്കുന്നു. ഇന്ത്യയില്‍ ജാതിയുടെയും മതത്തിന്റെയും ഭാഗമായി, മറ്റു ചില ഇടങ്ങളില്‍ ‘നിറ’ത്തിന്റെ ഭാഗമായി, അത് തുടരുകയാണ്. നരവംശ പഠനങ്ങളിലേക്കു അത് പടര്‍ന്നിട്ടുണ്ട്, കലയിലും സാഹിത്യത്തിലും അത് വന്നിട്ടുണ്ട്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കഴിഞ്ഞ ഒരു ലക്കം അതായിരുന്നു. അതില്‍ സ്റ്റാലിന് എന്ന മലയാളി ചലച്ചിത്രകാരന് (കമല്‍ റാം സജീവുമായുള്ള അഭിമുഖം) ജാതി എങ്ങനെ ഒരു ‘അവസ്ഥ’യാകുന്നു എന്ന് പറയുന്നു; അത് ഒരു “identity” അല്ല, അല്ലെങ്കില്‍ അത് മാത്രമല്ല എന്ന് ആ ‘അവസ്ഥ’ പറയും: നമ്മുടെതന്നെ പാര്‍ലിമെന്ററി ജനാധിപത്യ ജീവിതത്തില്‍ ജാതി പലപ്പോഴും ‘identity” യാണ്, ഒരു പക്ഷെ അതിന്റെ ‘cashing’ അങ്ങനെയാണ്. എന്നാല്‍, നമ്മുക്കറിയാം അത് ഒരു ‘അവസ്ഥ’യാകുന്നത് അതിന്റെ ‘സാംസ്കാരിക ജീവിത’ത്തിലാണ് – ‘അയിത്തം’ ആ അവസ്ഥയെപ്പറ്റി പറയുന്നു. അത് നമ്മുടെ ശരീരത്തെ “ഇതുകൂടി” എന്ന് സമയാസമയം വിശദീകരിക്കുന്നു. അഥവാ, ഒരു identity എന്ന് മാത്രമായി ജാതിയെ കെട്ടിനിര്ത്തിക്കൂടാ.
ഇന്ത്യയില്‍ പലയിടങ്ങളിലും ഉള്ളപോലെ കേരളത്തിലും ‘തോട്ടികളുടെ കോളനി’യുണ്ട് എന്ന് വിധു വിന്‍സെന്റ് എഴുതുന്നു. എഴുത്തിനോടൊപ്പം ചേര്‍ത്ത വരകളില്‍ നമ്മുടെ ‘അര്‍ബന്‍ മുഖങ്ങളില്‍’ വരാത്ത രൂപമുണ്ട്, ആ രൂപത്തെ നിശ്ചയിക്കുന്ന ‘ഭാവം’ നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. നഗരവല്ക്കരണത്തോടെ ജാതിയും അയിത്തവും പൊതുജീവിതത്തില്‍ ‘പ്രാധാന്യം കുറഞ്ഞ” (downplay) ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്ന് കരുതുന്നവരുണ്ട്. ആ അവസ്ഥ പക്ഷെ നമ്മുടെതന്നെ സവിശേഷമായ രാഷ്ട്രീയ ജീവിതത്തില്‍ പലതായി ചിതറുന്നു എന്നാണു നേര്: അതില്‍ ഒന്നുമാത്രമായി ജാതി എന്ന identity യും.
എങ്ങനെയാകും ഇന്ത്യന്‍ മനസ്സ് ഇത് മറികടക്കുക എന്നും എപ്പോഴാകുമെന്നും നമ്മുക്ക് പ്രവചിക്കുക വയ്യ. എന്നാല്‍ അങ്ങനെ ഒരു ‘അവസ്ഥ’ സംസ്കരിക്കാത്ത ഒരു ശവം പോലെ ഓരോ ഇന്ത്യന്‍ മനസ്സും പേറുന്നു. അല്ലെങ്കിലും ‘അയിത്തം’ രണ്ടു കരകളിലെ ജീവിതമല്ലല്ലൊ.