White Crow Art Daily

അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍

കവിത / ബിനു എം പള്ളിപ്പാട്

കൊയ്തു കഴച്ച
കൈത്തണ്ടയിലിരുന്നൊരു
കുഞ്ഞു ചിരിക്കുന്നു
ഞരമ്പ്
തിണിര്‍ത്ത
വിരലുകള്‍ ഒഴിവാക്കി
അവര്‍
കുഞ്ഞിനെ
മുഖംകൊണ്ടു മാത്രം
തൊടുന്നു.

ചരിത്രം
വെയിലുകൊണ്ട്
കുത്തിയ മുഖത്ത്
കൊടിപ്പാടുകളുടെ
ആഴങ്ങളിലേക്ക്
കുഞ്ഞ്
കണ്ണു തുറക്കുന്നു.

അരം കൊണ്ട്
മുറിഞ്ഞിടത്ത്
ഓവ് കൊള്‍ളുമ്പോള്‍
അവര്‍
കുനിഞ്ഞുനിന്ന്
കുഞ്ഞിനേമാത്രം
ഓര്‍മ്മയില്‍ വയ്ക്കുന്നു.
vicmemagriculture


തഴ കോതിയും
ഓലമെടഞ്ഞും
പുല്ലു ചെത്തിയും
കറ്റ മെതിച്ചും
കള പറിച്ചും
തൂളം പോലെ
കാറ്റത്തു പറന്നും
അവര്‍
ഇരുട്ടി വെളുപ്പിക്കുന്നു.

പൊറത്ത്
നെല്ലിരുന്ന്
ചൊറിയുമ്പോള്‍
തോട്ടില്‍
താറാവിനൊപ്പം
അരിവാളുമായി
മുങ്ങി നിവരുന്നു.

അവര്‍
കുഞ്ഞിന്റെ
കവിളോളം
മിനുത്ത ചേറിലൂടെ
പ്രഭാതങ്ങളില്‍
ഒരു
ചാലെടുക്കുന്നു.

കാഞ്ഞിര വേരുപോലെ
മണ്ണില്‍ വെരകിയ
വിരലില്‍ നിന്ന്
കുഞ്ഞു വിരലിലേക്ക്
വംശത്തിന്റെ
ഒരു
തളിരു വരുന്നു.

വഞ്ചനയില്‍
ഒരു
കാല്പനികത
പച്ചച്ച് പച്ചച്ച് വരും

കുഞ്ഞിനെ
വീണ്ടും
മയക്കാനനുവദിക്കരുത്.

 

കവിയും വിവര്‍ത്തകനും.1974-ല്‍ ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ജനിച്ചു. പാലറ്റ്, അവര്‍കുഞ്ഞിനെതൊടുമ്പോള്‍ എന്നിവ സമാഹാരങ്ങള്‍