White Crow Art Daily

അസ്ഥി തകര്‍ന്ന ആരോഗ്യമേഖല

Fb Notes / വിഷ്ണുപ്രസാദ്

പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കേണ്ടവയാണ്. അതിനു പറ്റാത്ത രാജ്യങ്ങളില്‍ രാത്രി പന്ത്രണ്ടു മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലിത് ഓഫിസ് സമയത്ത് തുറന്നടയ്ക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍കേളേജുകളില്‍ ഒരു വര്‍ഷം പല പ്രൊജക്റ്റുകളിലായി  വരുന്ന തുക വകമാറ്റിയാല്‍ അടിത്തട്ടിലെ ആയിരം പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കാനും  പ്രവര്‍ത്തനക്ഷമമാക്കാനുമാവും. ആളുകളെ അത്യാസന്ന നിലയിലാക്കി മെഡിക്കല്‍ കേളജുകളില്‍ എത്തിക്കുകയല്ല വേണ്ടത്.ഖജനാവില്‍ കാശില്ലെങ്കില്‍ ഉള്ള കാശിന് മുന്‍ഗണനാക്രമം വേണം.  ആംബുലന്‍സ് ആദ്യം നിലംതൊട്ട് പോകട്ടെ,  പിന്നെയാകാം എയര്‍ ആംബുലന്‍സ്…നമ്മുടേത്  ആകാശത്തുനില്‍ക്കുന്ന ആരോഗ്യനയമാണ്. 5 കൊല്ലം പിന്നിടുമ്പോള്‍ ആരോഗ്യമന്ത്രി  സ്വകാര്യ ആശുപത്രി ഉടമയായി മാറിയിരിക്കുന്നു എന്ന ആരോപണം ഉയരുന്നതുതന്നെ നടുക്കമുണ്ടാക്കുന്ന സാമൂഹിക സാഹചര്യമാണ്… കവി വിഷ്ണുപ്രസാദിന്റെ അനുഭവക്കുറിപ്പ്.

നാലെണ്ണം മരിച്ചതിന്റെ കഥ അവിടെ നില്‍ക്കട്ടെ.വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അസ്ഥിരോഗവിഭാഗത്തിലേയോ ഗൈനക്കോളജി വിഭാഗത്തിലെയോ ഡോക്ടര്‍മാര്‍ ഇല്ലാതെ കഷ്ടപ്പെടുകയാണ്.കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും കയ്യൊടിഞ്ഞ ഒരു കുട്ടിയെ സുല്‍ത്താന്‍ ബത്തേരി ത‍ാലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി.ഉണ്ടായിരുന്ന ഡോക്ടര്‍ എക്സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടു.ആ‍ശുപത്രിയുടെ പഴയ കെട്ടിടം ഒരു കിലോമീറ്റര്‍ അപ്പുറമാണ്.അവിടെയാണ് എക്സ്‌റേ എടുക്കുന്നത്.അവിടെ ചെന്നപ്പോഴേക്കും മണി നാലര.അത് അടച്ചു.സ്വകാര്യാശുപത്രിയില്‍ പോയി 200 രൂപ കൊടുത്ത് എക്സ്‌റേ എടുത്തു.തിരികെ സര്‍ക്കാരാശുപത്രി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ മാനന്തവാടിയിലേക്ക്(ജില്ലാശുപത്രി) പോക‍ാന്‍ പറഞ്ഞു.

ഓര്‍ത്തോഡോക്ടര്‍ ബത്തേരിയില്‍ ഇല്ല.ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ വരുമത്രേ.കുട്ടി വേദന കൊണ്ട് കരയുകയാണ്.മാനന്തവാടി പോകണമെങ്കില്‍ 1500 രൂപയെങ്കിലും വേണമെന്ന് ഒരു ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറെ വിളിച്ചു.ഡിപ്പാര്‍ട്ട്മെന്റിന് രണ്ട് ആംബുലന്‍സ് ഉണ്ട്.രണ്ടും കോഴിക്കോടാണ് ഉള്ളത്.പരിചയമുള്ള മറ്റൊരു ആംബുലന്‍സും വിളിച്ചു.അതും കോഴിക്കോടാ‍യിരുന്നു.ടി.ഡി.ഓ മറ്റൊരു വണ്ടി വിളിച്ച് മാനന്തവാടിയില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.അതിന്റെ പണം പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് നല്‍കാമെന്നു പറഞ്ഞു.

(1500 രൂപയ്ക്ക് ഓടാമെന്ന് പറഞ്ഞ ആം‌ബുലന്‍സ് ഡ്രൈവര്‍ ടി.ഡി.ഓ യുടെ ഉറപ്പില്‍ ഓടാന്‍ തയ്യാ‍റല്ല.മുന്‍പ് പലതവണ ഇതുപോലുള്ള കേസുകള്‍ക്ക് ഓടിയിട്ട് പുള്ളിക്ക് പണം കിട്ടിയിട്ടില്ലത്രേ.ഡിപ്പാര്‍ട്ട്മെന്റിന് രണ്ട് ആംബുലന്‍സ് ഉണ്ട്.പിന്നെന്തിനാണ് നിങ്ങള്‍ ഓടിയത് എന്നു ടി.ഡി.ഓ ചോദിച്ചുവത്രേ ). മാനന്തവാടി ഹോസ്പിറ്റലിലേക്ക് വിളിച്ചു.അവിടെയും ഡോക്ടര്‍ ഇല്ല.പിറ്റേദിവസം ഞായറാഴ്ച ആയതിനാല്‍ അന്നും ഡോക്ടര്‍ ഉണ്ടാവില്ലത്രേ..പിന്നെ തിങ്കളാഴ്ച രാവിലെ ആരെങ്കിലും വന്നാലായി.

plaster
ഒടുവില്‍ ആകുഞ്ഞിനെ ബത്തേരിയിലെ ഏതെങ്കിലും സ്വകാര്യാശുപത്രിയില്‍ കാണിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.കാണിച്ചു.
20000 രൂപ വേണമെന്ന് ഡോ‍ക്ടര്‍ പറഞ്ഞു.അവസ്ഥ പറഞ്ഞു.12000 രൂപയെങ്കിലും കിട്ടണമെന്ന് ഡോക്ടര്‍.ഞങ്ങള്‍ ആലോചിക്കട്ടെ എന്നു പറഞ്ഞ് പുറത്തിറങ്ങി.സ്കൂളിന് പി.ടി.എ ഫണ്ടൊന്നുമില്ല.79 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നാല് കുട്ടികള്‍ ഒഴികെയുള്ളവരെല്ലാം പട്ടികവര്‍ഗ്ഗവിഭാഗമായ പണിയ സമുദായത്തിലുള്ളവരാണ്.പണിയര്‍ പൊതുവെ കൂലിപ്പണിക്കാരാണ്.സമ്പാദ്യമൊന്നുമുണ്ടാവില്ല.അന്നന്നത്തെ ആഹാരത്തിനുള്ള വകുപ്പു തന്നെ എല്ലാവരുടെ കയ്യിലും ഉണ്ടാവില്ല.
ഭൂരിഭാഗം പേരും സര്‍ക്കാ‍ര്‍ വെച്ചുകൊടുത്ത (രണ്ടര-മൂന്നരലക്ഷം ചെലവുവരുന്ന)വീടുകളിലാണ്.
കുട്ടിയുടെ അച്ഛന് പണിയില്ല.കയ്യിനും കാലിനും ഒരുമാസമാ‍യി തളര്‍ച്ചയുണ്ട്.പണിക്ക് പോകുന്നില്ല.ഡോക്ടറെയൊന്നും ഇതുവരെ കണ്ടിട്ടുമില്ല.അമ്മയ്ക്ക് മുലകുടിക്കുന്ന കുട്ടിയുണ്ട്.അതുകൊണ്ട് ദൂരെ(മാനന്തവാടി) പോയാല്‍ കൂടെ വരാനാവില്ല.
ഞങ്ങള്‍ വീണ്ടും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറെ വിളിച്ചു.അയ്യായിരം തരാമെന്ന് ഏറ്റു.രേഖകള്‍ സമര്‍പ്പിക്കണം.ബാക്കിപ്പണത്തിന് ശുപാര്‍ശ ചെയ്യാമെന്നും ആ നല്ലവനായ ഓഫീസര്‍ ഞങ്ങളോട് പറഞ്ഞു.
ഡോക്ടറെ കണ്ട് ഓപ്പറേഷനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തോളാന്‍ പറഞ്ഞു.(10000 രൂപയ്ക്ക് അവസാനം ഓപ്പറേഷനും ആശുപത്രിച്ചെലവും ഉറപ്പിച്ചു )കാര്യങ്ങള്‍ നടന്നു.ഡിപ്പാര്‍ട്ട്മെന്റ് രണ്ടു ദിവസത്തിനുള്ളില്‍ പണവും നല്‍കി. krishnapra-wayanad

സ്കൂള്‍ അദ്ധ്യാപകരായതുകൊണ്ടാവണം അത്രയെങ്കിലും നടന്നത്.ജനപ്രതിനിധികളോ മറ്റാ‍രെങ്കിലുമോ ഇടപെട്ടാല്‍ അതില്‍ക്കൂടുതലും നടന്നേക്കാം.എന്നാല്‍ പാവപ്പെട്ട ആദിവാസികള്‍ നേരിട്ട് പോയിരുന്നെങ്കില്‍ ഈ ആശയവിനിമയങ്ങളൊന്നും ഉണ്ടാകാന്‍ ഇടയില്ല.അവര്‍ക്ക് 20000 രൂപ ഒറ്റയടിക്ക് സംഘടിപ്പിക്കാനും കഴിയില്ല.ആകെ ഒരു വഴി ആ കഞ്ഞ് മൂന്നുദിവസം വേദന സഹിച്ച് കിടക്കുക മാത്രമായിരിക്കും.
ഗവണ്മെന്റ് അടിയന്തിരമായി ആദിവാസിമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം.മരുന്നും മറ്റ് സംവിധാനങ്ങളും കാര്യക്ഷമമാക്കണം.ഇല്ല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയാകും.

കവിയും അദ്ധ്യാപകനും. 1972- ല്‍ വയനാട്ടിലെ അമ്പലവയലില്‍ ജനിച്ചു. കുളം + പ്രാന്തത്തി, ...