White Crow Art Daily

ആര്‍ട്ടറി ഗാലറിയില്‍ സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

അദ്ദേഹം വിടപറഞ്ഞിട്ട് ഒരാണ്ടാകുന്നു. സി.എന്നിനെ ഓര്‍ക്കുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു

അച്ഛൻ സാമാന്യമായ പൊതുധാരണകളുണ്ടായിരുന്ന ഒരാള്‍. ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേരാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്- അത് നല്ലതുതന്നെ, പക്ഷേ നീ എങ്ങനെ ജീവിക്കും?
securedownload-2ഞാനും പള്ളിക്കുടത്തില്‍ പഠിച്ചത്, മരച്ചുവട്ടില്‍ ചത്തിരുന്ന കവി എഴുതി വച്ചിരുന്നത്, ‘ഹിരണ്യമേവാര്‍ജ്ജയാ, നിഷ്ഫല കല!’ എന്നായിരുന്നു – സ്വര്‍ണം തന്നെ നേടുക, കല നിഷ്ഫലമാണ്‌ – മദ്രാസില്‍ സ്വര്‍ണ്ണ മെഡലോടെ കലാപഠനം പൂര്‍ത്തിയാക്കി പുറത്തു വന്ന സി. എന്‍ കരുണാകരന്റെ ജീവിതം നമ്മുടെ കലയുടെ കൂടി അതിജീവന ചരിത്രമാണ്. കലയുടെ പള്ളിക്കൂടങ്ങളില്‍, പരസ്യത്തില്‍, സ്വയം സ്ഥാപിച്ച ആദ്യത്തെ സ്വകാര്യഗാലറിയില്‍, അമ്പലച്ചുമരില്‍, ചലച്ചിത്രങ്ങളില്‍, ഗള്‍ഫ് വെയിലില്‍ ഹോഡിംഗുകളില്‍ നിറങ്ങള്‍ തേച്ചുകൊണ്ട് ആ അതിജീവിന സമരം നീണ്ടു. ബാക്കിയാവുന്ന നേരം, സമയത്തിന്റെ ആ ഉച്ചിഷ്ടത്തിലാണ്, ചണ്ടിയിലാണ് നമ്മുടെ എഴുത്തും കലയുമെല്ലാം. ആവിഷ്കരിക്കുകയല്ല ജീവിതം മുഴുവനും ആവിഷ്കരിക്കാനുള്ള സ്വാതന്തൃം തേടി അലയേണ്ടി വരുന്നവരാണ് ഏറെയും.

സി. എന്‍ കരുണാകരന്‍ എന്നാല്‍ ഈ യാഥാര്‍ഥ്യങ്ങളെ അങ്ങനെ തന്നെ തന്റെ കലയിലേയ്ക്ക് എടുത്തില്ല. അതിനു ഭാവനയുടെ ഒരു സ്വദേശം ഉണ്ടായിവന്നു. മനുഷ്യരും ഭൂപ്രകൃതിയും വേറെ അളവില്‍ വേറെ മാനങ്ങളില്‍ വന്നു. സി. എന്‍ രചനകളെക്കുറിച്ചുള്ള പഠനത്തിന് ഇതിഹാസ ഭാവന എന്നു പേരിടാന്‍ തക്കവണ്ണം ആ കല്‍പ്പനകള്‍ വിപുലമായി.
കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനം ദുബായ് കലാകൂട്ടായ്മയായ ആർട്ടറിയുടെ കൊച്ചിയിലെ പുതിയ ഗാലറിയില്‍ ഡിസംബര്‍ 14-ന് തുടങ്ങി. കൊച്ചി മുസിരിസ് ബിനാലെയുടെ സമാന്തര പ്രദർശനമായാണ് സി. എൻ ഷോ നടക്കുന്നതെന്ന് ആർട്ടറി ഡയറക്ടർ ഹസീന സുരേഷ് അറിയിച്ചു. ചിത്രകാരൻ കലാധരൻ, കൊച്ചി മുസിരിസ് ബിനാലെ ഫൌണ്ടേഷൻ പ്രസിഡണ്ട് കൃഷ്ണ മാചാരി ബോസ്, സംവിധായകൻ ആഷിഖ് അബു, നടി റീമ കല്ലുങ്കൽ, കൊച്ചി മുസിരിസ് ബിനാലെ പേട്രന്‍  നാരായണൻ കുട്ടി തുടങ്ങിയവര്‍ക്കൊപ്പം സി എൻ കരുണാകരന്റെ കുടുംബാംഗങ്ങളും, ആർട്ടറി അംഗങ്ങളും പങ്കെടുത്തു. പ്രദർശനം ജനുവരി 26 വരെ നീളും.

securedownload-1