White Crow Art Daily

ആറ്റുമാലി

കവിത ഇന്നലെ / ബിനു എം .പള്ളിപ്പാട്

 ആറ്റുമാലി

 

പൂമരുതിന്റെ

ചില്ലയില്‍ നിന്ന്

വാഴക്കയ്യിലേയ്ക്ക്

പറക്കുന്നു

മരണംകൊണ്ട

പ്രേമം.

 

മണ്ണിന്റെ

ഒരു പാളിയും

നെഞ്ചില്‍ വെച്ച്

അവിടെയുള്ള വരെല്ലാം

പൊയ്ക്കഴിഞ്ഞിരുന്നു.

 

ചന്ദ്രനോ

ചക്രവാകങ്ങളോ

അടയാളത്തിന്

ഒരു മേഘം പോലുമോ

ഇല്ലാത്ത

ആകാശം,

 

നിറം

മങ്ങിയ

ചില വഴികള്‍ മാത്രം.

 

അവസാനമില്ലാത്തതിനാല്‍

നടപ്പ് നിന്നു.

 

പക്ഷേ

ആറ്റുമാലിക്കിപ്പോഴും

പരുത്തിക്കാടിന്നടിയില്‍

വല്ലപ്പോഴുമെത്താറുള്ള

ചൂണ്ടക്കാരന്റെ

മനസ്പോലെ

വെള്ളം 

തെന്നിവീഴുന്ന

മടന്തയിലയുടെ

നിഴലില്‍

തള്ളവരാലും

അതിന്റെ

ചുവന്ന

കുഞ്ഞുങ്ങളുമുണ്ട്.

 

ഒരു

പരട്ടയ്ക്കും

മനസിലാവാത്ത

എന്റെ

പ്രേമത്തെ

ഞാനവിടെ

ഒളിച്ചു വെയ്ക്കുന്നു.

 

കവിയും വിവര്‍ത്തകനും.1974-ല്‍ ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ജനിച്ചു. പാലറ്റ്, അവര്‍കുഞ്ഞിനെതൊടുമ്പോള്‍ എന്നിവ സമാഹാരങ്ങള്‍