White Crow Art Daily

 ആർ.സംഗീതയുടെ കവിതകൾ

 ആർ.സംഗീതയുടെ കവിതകൾ

ചിതറിയ വരികൾ പല കാലങ്ങളിൽ 

1

ജനലിന്റെ ചതുരക്കള്ളിയിലെ
ഇലഞരക്കങ്ങൾ
ഒരേ താളഞരമ്പിലേയ്ക്ക്
ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു
വയറിലെ പഴുതാരവരകൾ
ഗർഭകാലത്തിന്റെ 
ആലസ്യങ്ങളിലേയ്ക്ക്
മുഖം ചരിച്ചു 
വച്ചിരിക്കുന്നത് പോലെ

2

ഒഴുക്ക് തിരഞ്ഞു തിരഞ്ഞു
സ്വയമൊരു 
പുഴയായി മാറിയ
ദാഹങ്ങളുണ്ട്
 പ്രണയിച്ചിരുന്ന രണ്ടുപേർ
പങ്ക് വയ്ക്കാതെ പോയ
ആത്മരഹസ്യങ്ങൾ
ചെതുമ്പലുകൾ മുളച്ചു
മതിയാവോളമതിൽ
നീന്തിത്തുടിക്കുന്നുണ്ട്.

നോക്കൂ….
ചൂണ്ടക്കഴുത്തിലെ
പിടച്ചിലിലും
ഒരിക്കൽപ്പോലും
കണ്ണൊന്നടയ്ക്കാതെ
എത്ര സൂക്ഷ്മമായി
ഉള്ളിലെ മുള്ളുകളെ
അവ താലോലിച്ചിരിക്കുന്നു.

3

അടുത്ത്  കിടക്കുന്നവന്റെ
ചുണ്ടിലെ 
പുളി  മധുരമുള്ള
നാരങ്ങായല്ലിയിലേയ്ക്ക് 
ഭൂമിയെ പകുത്തുവച്ച്   
 ഉറങ്ങുന്നവര്‍  
 ജനാലയ്ക്ക്പുറത്ത്
 ഇരുട്ട്കൊത്തിപ്പെറുക്കുന്ന പക്ഷികള്‍
രാവിലെ
 അവര്‍ നടന്നു പോയ മുറ്റത്ത്
നഗരത്തിലേയ്ക്ക്  മടങ്ങുന്ന
ഗ്രാമത്തിന്റെ 
 ഉപ്പൂറ്റിയടയാളങ്ങള്‍.

4

ഉറക്കത്തിനുള്ളിലെ
കലക്കവെള്ളത്തിൽ
ഊത്തയിറങ്ങുന്നു
കാരി കൂരി വരാൽ
ചെറുമീനുകൾ…

ഇണത്തോർത്തുകളുടെ ഇഴകളിൽ
കഴിഞ്ഞ ജന്മങ്ങളുടെ
ഓർമ്മവഴുക്കൽ
നനഞ്ഞ കുരുമുളക് വള്ളികൾക്കിടെ
ചിറക് മുറിഞ്ഞ പ്രാണിയുടെ
വേച്ചു നടത്തം
ഇറവെള്ളത്തിൽ 
അതിന്റെ ചലനം
ചെറുചുഴികളാവുന്നു

ആറാനിട്ട തുണികളുടെ
കനപ്പ് മണത്തിൽ
ഒരു മുറിയെന്റെ ഉടലിൽ
പടർന്നു കയറുന്നു.



5

മറന്ന് പോയൊരാൾ
അന്തിക്ക്
വരമ്പിലൂടെ നടന്ന് വരുന്നു
ആകാശo വിരിച്ച
വലയിൽ കുടുങ്ങിയ
 ചുവന്ന 
പ്രാണിയായി
സൂര്യന്റെ പിടപ്പ്‌.

ചൂടിന് പടർന്ന് കേറാൻ
കാറ്റ് ചാരിവച്ച
ചില്ലകളിൽ പച്ച കമഴ്ത്തി
ഇലകളുടെ പാലെറ്റ്. 

മരക്കൊമ്പിൽ
ഒഴിഞ്ഞ കൂടെഴുതിയ
കവിത മാത്രം
 ഇരുട്ടിനെ മുറിച്ചു
നക്ഷത്രമായി .

6

മരിച്ചന്നു രാത്രി
നിറയെ വെളിച്ചമായിരുന്നു.
തിരക്കിട്ട് ആളുകൾ.
അസ്‌ഥി കരിയുന്ന
മണം സഹിക്കാതെ
വീട്ടിലും തൊടിയിലും
 അലഞ്ഞു നടന്നു
 പഴയ ഞാൻ.

വീട്‌
അതിന്റെ ഇരുള്
 അതേ മുറി
മരയലമാര
ചിതറിയ പുസ്തകങ്ങൾ.

മടുത്തപ്പോൾ
മുഷിഞ്ഞ ഉടൽ
ആറാൻ കൊളുത്തിയിട്ട്
ജീവിച്ചിരിക്കുന്നവരുടെ
കവിതകളിൽ കലങ്ങിക്കിടന്നു.

ഒറ്റയ്ക്കായ ഒരുവൻ
ഉള്ളിലേയ്ക്കൊരു 
വഴിവെട്ടുന്നു
മരവും ഇലയും
പച്ചയും നിഴലും
സങ്കൽപ്പിക്കുന്നു;
ഇരുവശങ്ങളിലും
പൂപ്പരത്തികൾ
ഇണച്ചെമ്പരത്തികൾ,
നന്ദ്യാർ വട്ടത്തിന്റെ
ചോട്ടിലെ വെട്ടം.

 

പറക്കൽ മറന്ന
 പക്ഷിയുടെ
മെലിഞ്ഞ കാലുകളിലൂടെ
പണ്ടത്തെ ചിറകടിയൊച്ച
പോലെന്തോ ഒന്ന്
ഊർന്നിറങ്ങി
മണ്ണിൽ കലരുന്നു
ആഴത്തിലൊരു
വാക്ക് കൊത്തുന്നു

8

മിന്നാമിനുങ്ങുകളുടെ
തോട്ടത്തെ 
നട്ടു വളർത്തിയൊരുരാത്രി
വീടില്ലാത്തവളുടെ
കുപ്പായക്കുടുക്കിൽ
ഉറങ്ങാതിരിക്കുന്നു

9

കോണിച്ചുവട്ടിലെ
ഇരുളടഞ്ഞ മൂലയിൽ
ഒരു പൂച്ചട്ടിയുണ്ട്.
ഉറുമ്പുകൾക്ക് 
മാത്രമറിയാം
അങ്ങോട്ടുള്ള വഴി.
കാഴ്ചയിലേക്കുള്ള
അവസാന ജാലകവും
അടച്ചതുകൊണ്ട്
അന്ധയായി പോയൊരുവൾ
അതിൽ തിളങ്ങുന്ന
തണുപ്പിനെ വെളിച്ചമെന്ന്
ഓമനിക്കുന്നു.

പ്രാണിലോകം
 
വീശിയടിക്കുന്ന  
ഇരുട്ടിനെ വകഞ്ഞുമാറ്റി
വെളിച്ചം ആടിയാടി
വാതിലിൽ മുട്ടുന്നനേരംതൊട്ട്
പ്രാണികളെ കുറിച്ച് 
ചിന്തിച്ചു തുടങ്ങും ഒരുവൾ.
എത്ര ചെറിയ ലോകങ്ങളാണ്
അവയ്ക്ക്.
 
തോട്ടപ്പയറിന്റെ
ഇലകൾക്കിടയിലേയ്ക്ക്
പാഞ്ഞൊളിക്കുന്ന
തക്കിടിമുണ്ടൻ വിട്ടിലിന്
കൂട്ടുകാരിയുണ്ടാവുമോ?
വീതിയുള്ള ചിറക് വീശി
 താന്നിമരത്തിൽ പറ്റിയിരിക്കുന്ന
വാലൻതുമ്പി
നാളെയെങ്ങോട്ട് പോകും?
കൊത്തിക്കിളച്ചിട്ട മണ്ണിൽ
എത്രയോ കാലുകൾ
വലിച്ചുനീട്ടി ചുരുണ്ടിരിക്കുന്ന
 തേരട്ടയ്ക്ക് പേടിയാവില്ലേ?
 
തുരുത്തിൽ നിന്നുള്ള
ആദ്യത്തെ ബോട്ടിന്റെ 
ഉലഞ്ഞ കൊമ്പിലേക്ക്
കാറ്റവളുടെ 
നനഞ്ഞ മുടിനാരുകൾ
ചേർത്ത് കെട്ടുന്നത്
നീർക്കാക്കകൾ
മാത്രമേ കാണാറുള്ളൂ.
കായലിലേക്ക് വീശിയടിച്ച
ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ
 പച്ച നൂലിന്റെ വിട്ടുപോയ
തുന്നലുകൾക്കിടെ
വെള്ളത്തിലാശാന്റെ ചുവട്.
 
ഏഴാം നിലയിലുള്ള ഫ്ലാറ്റിൽ 
അയാളപ്പോൾ 
വിസർജ്ജ്യങ്ങളിൽ
മുങ്ങിക്കിടക്കുകയാവും.
 
നിറഞ്ഞിരിക്കുന്ന യൂറിൻ ബാഗ്
 അവൾ വൃത്തിയാക്കും.
ശോഷിച്ച ഉടലുയർത്തി
കിടക്കവിരി മാറ്റിവിരിക്കും.
സ്പഞ്ചു ചെയ്ത്
മണമുള്ള പൗഡറിടും,
പൊടിയരിക്കഞ്ഞി കോരിക്കൊടുക്കും.
അപ്പോഴൊക്കെ അയാൾ
നാവുണങ്ങിയ  വാട്ടർടാങ്കിന് മുകളിൽ
പ്രാവുകൾ നിരത്തുന്ന
ആകാശത്തെ
നോക്കികിടക്കുകയാവും.
 
നിർത്താതെ മഴ പെയ്ത
ഒരു ദിവസം
അയാളവളോട്
ജനാലകൾ മുഴുവൻ
തുറന്നിടാൻ പറഞ്ഞു.
മഴയിൽ നിന്നൊരു
പച്ചത്തുളളൻ
അയാളുടെ പൊക്കിളിലെ
നരച്ച രോമങ്ങൾക്കിടെ
ജലഗിറ്റാറിന്റെ കമ്പി മുറുക്കി.
 
ഇണചേരലിനിടെ ചവിട്ടി അരയ്ക്കപ്പെട്ട
രണ്ടു ചിലന്തികൾ
നെഞ്ചിലേക്ക് ഇഴഞ്ഞു കേറി
തൊണ്ടക്കുഴിയിൽ ഇറുക്കി.
” എന്നെയൊന്ന്
ഉമ്മ വയ്ക്കാമോ” 
അയാളവളോട് പതുക്കെ ചോദിച്ചു.
അവളുടെ കീഴ്ച്ചുണ്ടിൽ
അപ്പോൾ മാത്രം വളർന്ന 
മൾബറിയുടെ നിഴലിലേയ്ക്ക്
അയാളുടെ ഉമിനീർ പുരണ്ട
പുൽച്ചാടികളും ഞൊടീൽ തേനീച്ചകളും
പറന്നു വീണു.
 
ജോലി കഴിഞ്ഞെത്തിയ
അയാളുടെ ഭാര്യയെ
പതിവ് പോലെ
താക്കോലേൽപ്പിച്ചു
അവളിറങ്ങി.
 
ബസിലെ അരണ്ട
 വെളിച്ചത്തിൽ
ഒരു കൊമ്പന്ചെല്ലിയുടെ 
തിളങ്ങുന്ന മെയ്യ്‌
മുന്നിലേക്ക് പിടഞ്ഞു വീഴുന്നു.
 
പ്രാണികൾ
ചാവുന്നതെങ്ങനെയെന്നു
ഇപ്പോൾ അവൾക്കറിയാം..
 
അസാധാരണമാം വിധം
അയാൾ മറ്റൊരാളായി തീർന്ന 
ആ ദിവസം, 
ചില്ല് കോപ്പയിൽ 
കടുംചായയുടെ മന്ദാര മഞ്ഞയ്ക്ക് മേൽ 
ഉറക്കംഞെട്ടിയ  കാപ്പിമട്ട്  
അങ്ങനെ ലയിപ്പിച്ചു ചേർത്ത് 
“ഞങ്ങളെന്ന് ” ഒറ്റചിരി. 
നടക്കാനിറങ്ങിയപ്പോൾ 
അരിപ്പുല്ലുകളുടെ കവിളിൽ 
ചുണ്ട് ചേർത്ത് 
ഇന്നും വന്നില്ലല്ലേ ന്ന് മെല്ലെയൊരു ചോദ്യം. 
“നനഞ്ഞ തുണികൾ
ഓർമ്മകളിലാവും ജീവിക്കുക 
അതാണിത്ര ഭാരo”
അയയോട് അടക്കം പറച്ചിൽ. 
 
അറിയാത്ത വഴികളിലൂടെ 
വണ്ടി പറത്തി 
കാടിന്റെ അതിരിലെത്തി. 
ആദ്യമായൊരു മ്ലാവിനെ കണ്ടു. 
അതിന്റെ മെയ്യ് തിളക്കത്തിൽ 
വെയിൽ നിരത്തിയ ഒരു കുത്തു ചീട്ട്.
ആമകളൊക്കെ 
കഴിഞ്ഞ  ജന്മത്തിൽ 
അമ്മമാരായിരിക്കുമെന്ന് ആത്മഗതം. 
സിഗ്നൽ ലൈറ്റിലെ പ്രമേഹരോഗി 
പലഹാരപാത്രത്തിൽ 
കൈയ്യിട്ട് വലിക്കുന്ന ഒറ്റ മിനുട്ടാണ് 
ജീവിതമെന്നൊരു വരി 
മനസ്സിൽ കുറിച്ചത് പോലെ.
 
രാത്രി 
അവളുടെ തോളിൽ 
കൈയ്യിട്ട് നടന്ന് പോകുമ്പോൾ 
ഉടലിനെ അവിടെ മാറ്റികിടത്തി. 
അയഞ്ഞ കുപ്പായത്തിനുള്ളിൽ 
ആകാശത്തിന്റെ 
വാരിയെല്ലുകൾ ചൂണ്ടി. 
അരുവിയുടെ തൊട്ടിലിലെ 
മീൻകുഞ്ഞുങ്ങളെ 
മക്കളേ ന്ന് കൊഞ്ചി വിളിച്ചു. 
 
അന്ന് 
മഴപെയ്തില്ല 
ഇലകൾ കൂട്ടിയുരുമ്മി 
മരങ്ങളൊന്നും തീകടഞ്ഞില്ല.
മറ്റൊന്നുമുണ്ടായില്ല.
 
അസാധാരണമാം വിധം 
അയാൾ മറ്റൊരാളായി തീർന്ന ആ ദിവസം.
 
ചിത്രമെഴുത്ത് : പ്രേം ആർ നാരായൺ

ആർ. സംഗീത ആനുകാലികങ്ങളിൽ എഴുതുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജ് അധ്യാപിക. ആദ്യ ...