ഇന്ത്യയെ കണ്ടെത്തല്‍ : ഒരു ചെന്നൈ ചേരിയില്‍ നിന്ന്
no images were found
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്നു പറഞ്ഞത് നമ്മുടെ ആദ്യകാല സ്വാതന്ത്ര്യ സമര നേതാക്കളാണ്. നമ്മുടെ ഗ്രാമങ്ങളെ നഗരങ്ങള്‍ വളഞ്ഞിട്ടില്ല അപ്പോള്‍. എന്നാല്‍ ആദ്യം പതുക്കെ, പിന്നെ വളരെ വേഗത്തില്‍, ഗ്രാമങ്ങളില്‍ നിന്നും ഇന്ത്യയുടെ പ്രധാന നഗരങ്ങളിലേക്ക് ഗ്രാമീണര്‍ എത്താന്‍ തുടങ്ങി, തങ്ങളുടെ ഗ്രാമങ്ങളെ നിറങ്ങളിലും വിശ്വാസങ്ങളിലും കൂടെ നിര്‍ത്തിക്കൊണ്ടുതന്നെ.
നഗരവാസികളായ ആളുകള്‍ക്ക് ഇന്ന് നഗരത്തിന്റെതായ ഒരു സാംസ്കാരികജീവിതവും രാഷ്ടീയവും ഉണ്ട്. നമ്മുടെ മധ്യവര്‍ഗ്ഗത്തെ വലിയ തോതില്‍ ഇന്ന് നഗരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ കലരാതെ, എന്നാല്‍ അതേ നഗരങ്ങളില്‍ ജീവിച്ചുകൊണ്ടുതന്നെ അവിടത്തെ ചേരികളില്‍ ഇന്ത്യയുടെ വേറെയൊരു ജീവിതവും നുരഞ്ഞു. നമ്മുടെ ‘ചേരി’കള്‍ അങ്ങനെയാണ് : ഒന്നിലും ലയിക്കാതെ എങ്കിലും എല്ലാറ്റിലേക്കും “ഒഴുകി നില്‍ക്കുന്ന” ഒരു ജീവിതം. നഗരം ഇപ്പോള്‍ ഇത്തരം ചേരികള്‍കൊണ്ടുകൂടിയാണ്. നഗര-ആധുനികത ഇത്തരം ചേരികളുടെ സംസ്കാരത്തെയും പേറുന്നു.
ചെന്നെയിലെ ഒരു ചേരിയില്‍ നിന്നുള്ള ചില ഫോട്ടോകളാണ് ഇതോടൊപ്പം. ഇന്ത്യന്‍ ജീവിതത്തിന്റെ ഓരോ ഹ്രസ്വാഖ്യാനങ്ങള്‍ ഇവയിലുണ്ട്. ഇത് ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ ഫോട്ടോകളാണ്. സോനു സുരേന്ദ്രന്റ്
കേരളത്തിനു പുറത്ത് ഇന്ത്യയില്‍ പലയിടത്തുമായി നമ്മുടെ ഏറ്റവും പുതിയ തലമുറയിലെ ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കാനായി ഇന്ന് വിവിധ കാമ്പസ്സുകളില്‍ ഉണ്ട്. അവരില്‍ എഴുത്തുകാരും ചിത്രകാരും ഫോട്ടോഗ്രാഫര്‍മാരും നര്ത്തകരും ഉണ്ട് – മലയാളഭാവനയുടെ നമ്മുക്ക് പരിചിതമായ സ്ഥലത്തുനിന്നും വേറിട്ട ഒരു ലോകം അവിടെയുണ്ട്. അവര്‍ ഇന്ത്യയെ കണ്ടുമുട്ടുന്ന സ്ഥലം. അവരില്‍ ഒരാളാണ് ഞങ്ങള്‍ക്ക് താന്‍ ചെയ്ത ചില ഫോട്ടോകള്‍ അയച്ചു തന്ന സോനു സുരേന്ദ്രന്‍. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു വിദ്യാര്‍ത്ഥി. “ഒരു ദിവസം ഞാന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു” എന്നാണ് സോനു സുരേന്ദ്രന്‍ ഈ ഫോട്ടോകള്‍ക്ക് ഒപ്പം എഴുതിയത്.
ഒരു സമയം നമ്മള്‍ ഒരു ജീവിതം ജീവിക്കുക മാത്രമല്ല കുറെ ജീവിതങ്ങള്‍ കാണുകയും ചെയ്യുന്നു. നമ്മുടെ കുട്ടികള്‍ അവയും പകര്‍ത്തുന്നു.
— കരുണാകരന്‍