White Crow Art Daily

ഇരപിടുത്തം മറന്ന ഭാഷ

ഫ്യൂഡൽ ഞെരുക്കങ്ങൾ അനുഭവിയ്ക്കുന്ന ഭാഷകൾക്ക് വ്യക്തമായി ആശയം പ്രതിഫലിപ്പിയ്ക്കാൻ സാധിയ്ക്കുകയില്ല. അഥവാ ശ്രമിച്ചാൽ ആവിഷ്ക്കാരത്തിന് സമയവും സ്ഥലവും ധാരാളമെടുക്കുകയും ചെയ്യും. എന്നിട്ടും എന്തോ ചോർന്നു പോയ പോലെ ഭാഷ അന്തിച്ചു നില്ക്കും. വലിയ പഴക്കം പറയാനില്ലാത്ത ഭാഷയായിട്ടും മലയാളം ഇങ്ങിനെയൊരു പ്രശ്നം നേരിടുന്നുണ്ടോ?
പഴക്കം, അല്ലെങ്കിൽ നീണ്ട ചരിത്രകാലം എന്നത് ശരിയ്ക്കു പറഞ്ഞാൽ ഈ പ്രശ്നം ഉണ്ടാക്കുകയില്ല. നാം നേരിടുന്ന ഒരുപാട് പഴയ ഭാഷകൾക്ക് സാധിയ്ക്കുന്ന അനായാസത മലയാളത്തിന് സാധിയ്ക്കുന്നില്ല എന്നെനിയ്ക്ക് വല്ലാതെ തോന്നാറുണ്ട്. അവയിൽ പലതും എന്നല്ല മിക്കവാറും എല്ലാതും നമ്മേക്കാൾ ചരിത്രമുള്ളവയാണ്. ആ ഭാഷകൾക്കും നമ്മുടേതിനുമുള്ള വ്യത്യാസം ഭാഷയിൽ മാത്രം ബന്ധിച്ചു നിറുത്താവുന്നതല്ല. ഭാഷാജനത തീർത്തുമുറിച്ചു കടന്നുപോരുന്ന ചരിത്രകാലം ഭാഷയേയും ബാധിയ്ക്കും. എന്നു പറഞ്ഞാൽ ആ ചരിത്രകാലത്തിൽ അവരനുഭവിയ്ക്കുന്ന സകല സാഹസികാനുഭവങ്ങളും ഭാഷയും ഹാർദ്ദമായി പങ്കുവെയ്ക്കും. അനുഭവമില്ലാത്ത, അതായത് അനക്കമില്ലാത്ത ചരിത്രമേല്ക്കുന്ന ജനതയ്ക്ക് വലിയ ഉടച്ചിലില്ലാത്ത ഭാഷ തുടരേണ്ടിവരും. അതുവെച്ച് ആശയഗാംഭീര്യവും നൂതനത്വവും പ്രതിഫലിപ്പിയ്ക്കാൻ ഭാഷാജനത കഴിവുകേടനുഭവിയ്ക്കും.

language -o k
മാനുഷികാവസ്ഥകൾ ഏറെക്കുറെ ഒരുപോലെയാണ് ഭൂഗോളത്തിലെങ്ങും. അവയെ നേരിടുന്ന രീതിയും പ്രാഥമിക നിലകളിൽ ഒരുപോലെത്തന്നെ. വളരെ പ്രാഥമികവും അത്യധികം സാധാരണതയേയും ചൂഴുന്ന ആ പ്രതികരണ നിലകൾ അനുഭവവൈവിദ്ധ്യതയുടെ അഭാവത്തെ കാണിയ്ക്കുന്നുണ്ട്. ആ അഭാവത്തിൽ നിന്ന് ഉണരുന്ന പ്രതികരണം ഇച്ഛാപൂർണ്ണമായ വരണാധികാരമല്ല. മറിച്ച്, ഒരു ഓപ്ഷൻ ഇല്ലായ്മ തന്നെയാണ്.
ഉദാഹരണത്തിന്, വാഴപ്പഴകൃഷി വെറുതെയൊന്ന് എടുത്തുനോക്കൂ. നാം പഴപ്പടലകളെ മുറിച്ചെടുക്കാനുപയോഗിയ്ക്കുന്ന മൂർച്ചയുള്ള ഉപകരണം സാധാരണ കത്തികളുടെ ഗണത്തിൽ പെടുന്നവയാണ്. നീളത്തിൽ അലകും പിടിയുമുള്ള ആ ഉപകരണം പഴക്കുലയുടെ പടലശ്രേണികളുമായി സ്വാരസ്യപ്പെട്ട കത്തിയല്ല ആ ഉപകരണത്തിലടങ്ങുന്ന പരിണാമപ്രക്രിയ. അങ്ങിനെയൊരു കത്തി കാണണമെങ്കിൽ നമുക്ക് ബനാന റിപബ്ളിക്കുകളിൽ പോവണം. വാഴപ്പഴകൃഷി നിത്യജീവിതത്തെ നിലനിറുത്തുന്ന സ്ഥലങ്ങൾ. കഠിനമായ വിലപേശലുള്ള ജീവിതവൃത്തികൾ. ആ നിവൃത്തികേട് സവിശേഷതയാർന്ന ഒരു ഉപകരണത്തെ ഉണ്ടാക്കുമോ? അങ്ങിനെയുമാവാം എന്ന് നാം പറഞ്ഞുനടന്നിരുന്നു. പരിതഃസ്ഥിതിയാണ് ഓരോ ഉപകരണത്തേയും സാദ്ധ്യമാക്കുന്നതെന്ന്. അങ്ങിനെ പറഞ്ഞ് പറഞ്ഞ് നാം വളരെ യാന്ത്രികമായ ഡ്രിൽ-ഡൌൺ ഉത്തരങ്ങളെ ഇല്ലായ്മകളുമായി, അഭാവങ്ങളുമായി സന്ധിപ്പിച്ചു. ബുദ്ധിയുണരുന്നതു പോലും പരിതഃസ്ഥിതിയിൽ നിന്നാവുകയും അത് മണ്ണിൽ നിന്ന് വെറുതെ വെറുതെ പെറുക്കിയെടുക്കാനാവാത്തതിൽ കുപിതരാവുകയും അതിൽ നിന്ന് മടിയന്റെ പ്രത്യയശാസ്ത്രം കടയുകയും ചെയ്തു.
പക്ഷെ സംഗതി അവിടെ നിന്നില്ല. ഇല്ലാത്തതു ഇല്ലാത്തതു മാത്രമാണ്. അതിനെ ഉണ്ടാക്കാനേ കഴിയൂ –വേണമെങ്കിൽ. അങ്ങിനെയൊരു കത്തി പരിണമിപ്പിയ്ക്കുക എന്ന വിശേഷം മനുഷ്യസാദ്ധ്യതകളിൽ ഒളിച്ചുപാർക്കുന്നതു തന്നെയാണ്. സാദ്ധ്യതയെ സാദ്ധ്യമാക്കുന്ന ഇമാജിനേഷനാണ് ‘പരിതഃസ്ഥിതിയുടെ’ ഉചിതജ്ഞതയെ നിഷ്പ്രഭമാക്കിയത്. ആ സാദ്ധ്യത പല വിധത്തിൽ പല ആവശ്യങ്ങളിലേയ്ക്കായി നമ്മെ കടന്നുപിടിയ്ക്കുകയും ഒപ്പം അത്തരം സാദ്ധ്യതകളുടെ കലവറയായി ആത്മവിശ്വാസത്തെ വിജൃംഭിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പഴക്കുല കാണുമ്പോഴും അതിലെ പഴച്ചീർപ്പുകളെ മുറിയ്ക്കുവാൻ തോന്നുമ്പോഴും, അതുമല്ലെങ്കിൽ മുറിയ്ക്കാൻ ധൃതിപ്പെടുത്തുമ്പോഴും പഴയ കത്തി തന്നെയാണ് സദാ തയ്യാറായി അരികത്തുള്ളത്. ആ പരിചിത-കത്തി ഉപയോഗിയ്ക്കുന്നതിലെ ക്ലിഷ്ടത നാമറിയാത്തവിധം നമ്മുടെ പരിമിതപ്പെടലിൽ സാന്ത്വനം കണ്ടെത്തുന്നു. നാമറിയുന്നതേയില്ല, ആ സാന്ത്വനം പോലും. അതൊരു അനക്കമറ്റ ശീലമാണ്. കത്തി എന്ന് മനസ്സിലുണരുമ്പോൾ ഒരു പരിചിത-കത്തി അടുത്തുതന്നെയിരിയ്ക്കുന്നത് ഭാഷാപ്രശ്നവുമാണ് അങ്ങിനെ. ഭാഷ, സങ്കല്പസാദ്ധ്യതാവിചാരങ്ങൾക്കൊപ്പം നടക്കേണമോ അല്ല ഒരു സ്റ്റെപ് മുമ്പിൽ നടക്കേണമോ എന്നത് ഒരു പിൻചിന്തയാവുമ്പോൾ അതൊരു പ്രശ്നമായി നോവനുഭവിപ്പിയ്ക്കാൻ തുടങ്ങും.

edakkal
ഇതിൽ കത്തിയുടെ പ്രാകൃതാവസ്ഥാ-ഞെരുക്കം ഒരു ഫ്യൂഡൽ മൂല്യമാണ്. അതിന്റെ ആ വിധത്തിലുള്ള പരിമിതപ്പെടലിന് ഒരു ചരിത്രക്കുടുക്കമുണ്ട്. ആ കുടുക്കം, ആ പെടൽ, അത് പരിമിതപ്പെടുത്തുന്ന ആലോചനയുടേയും സങ്കല്പശേഷിയുടേയും ചക്രവാളം, അതിനെയാണ് ഫ്യൂഡൽ എന്ന് വളരെപ്പിന്നീട് നാം വിവക്ഷീകരിയ്ക്കുക. അതിന്റെ കൂടെ പെരുമാറ്റങ്ങളുടെ ഒരു പറ്റം അക്ഷൌഹിണിപ്പട പുറപ്പെടുന്നു –പലവിധത്തിൽ നമ്മെ ഞെരുക്കിക്കൊണ്ട്. അത് നമ്മുടെ ഭാഷാപ്രയോഗത്തേയും അതിൽ നിന്ന് കുതറിപ്പോരുന്നതിൽ നമുക്കുള്ള അശക്തിയേയും കാണിയ്ക്കും.
‘നീ’, അതിന്റെ ബഹുവചനസൂചകമല്ലാത്ത ‘നിങ്ങൾ’, ‘താങ്കൾ’, അവൻ/അവൾ, അവയുടെ ബഹുവചനസൂചകമല്ലാത്ത ‘അവർ’, ‘കൾ’ ചേർത്ത ബഹുമാന സൂചക സർവ്വനാമങ്ങൾ –ഈ ഭാഷാ സങ്കീർണ്ണതകളെ നോക്കിയാൽ നമ്മുടെ ശല്യരഹിത ഭാഷാചരിത്രത്തിലേയ്ക്ക് നടന്നു കയറാം എന്നെനിയ്ക്ക് ഒരു തോന്നലുണ്ട്. അവയെ ഉടയ്ക്കുക എന്നാൽ കൃത്യമായി ഒരു അതിർ-വരയിട്ട് മോഡേണിറ്റിയിലേയ്ക്ക് കടക്കുക എന്നുമാവാം. നമ്മുടെ ക്ഷോഭങ്ങൾ പൊറുതിയില്ലാതെ തണുത്തു പോകുന്നതിനും കാരണമുണ്ടെന്ന് നാം അറിയുന്ന വേളകളാണവ. അതു നമ്മുടെ സകല പെരുമാറ്റങ്ങളിലും — രാഷ്ട്രീയ പ്രതികരണങ്ങളിലും അറിവിനോടുള്ള ജിജ്ഞാസയിലും കാശുണ്ടാക്കുന്നതിലും അവസരം സൃഷ്ടിയ്ക്കുന്നതിലും എല്ലാം കാണാം. അതൊക്കെ തിരിച്ചറിയാൻ ഭാഷയിലെങ്കിലും കൃത്രിമമായ അനുസരണയില്ലായ്മ വരണം.
ചരിത്രവൈവിദ്ധ്യമില്ലാത്തവന് നാവ് ഉളുക്കേണ്ടത് അത്യാവശ്യം.