White Crow Art Daily

ഇരുട്ടിന്റെ കാര്യം

കവിത/ടി.പി. വിനോദ്
 
ലൈറ്റണച്ച്
ഉറങ്ങാൻ കിടന്നപ്പോൾ
അപ്പുറത്ത് നിന്ന്
ചോർച്ചയുള്ള പൈപ്പിന്റേതെന്നോ
ക്ലോക്കിന്റേതെന്നോ
വേർതിരിച്ചറിയാനാവാത്ത
ഒരൊച്ച, അതിന്റെ തുടർച്ച.
 
ഒരുപക്ഷേ,
രണ്ടൊച്ചയുമുണ്ടാവാം;
ഒന്നിടവിട്ടാവാം കാതിലെത്തുന്നത്.
അല്ലെങ്കിൽ,
രണ്ടൊച്ചകൾ കൂടിക്കലർന്ന്
പുതിയൊരൊച്ചയായി
വരുന്നതുമാവാം.
 
ഇതൊന്നുമല്ലാതെ,
ഇരുട്ടിന്റെ ഹൃദയമിടിപ്പുമാവാം.
 

എഴുന്നേറ്റ്
വെളിച്ചമിട്ട് നോക്കിയിട്ട് കാര്യമില്ലല്ലോ?
ഇരുട്ടിന്
വെളിച്ചത്തിൽ ജീവനില്ലല്ലോ?

ഏതായാലും
ഇങ്ങനെ കൃത്യമായി
ഇടവേളകളിൽ വിശ്രമമെടുത്ത്
ജീവിക്കുന്നതുകൊണ്ടാവും
ഇരുട്ടിന്
എപ്പോൾ കണ്ടാലും
ഒരു ഫ്രെഷ്നസാണ്,
പ്രസരിപ്പാണ്.

വെളിച്ചത്തെപ്പോലെ
മങ്ങിയും മുഷിഞ്ഞുമൊന്നും
അതിനെ കണ്ടിട്ടേയില്ല.

1979-ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ടി.പി.ദാക്ഷായണി, കെ.ടി.നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ശ്രീകണ്ഠപുരം ...