ഇരുണ്ട നീലനിറം / എം. പി. പ്രതീഷ്

ആദ്യമുണ്ടായിരുന്നത് ഒരു മുറിവാണ്. അതിന്റെ വേദന. അതിന്റെ ചോര. മുറികൂട്ടിച്ചെടികളുണ്ടാവുന്നത് പിന്നീടാണ്. ഭൂമിയുണ്ടായതിന് തൊട്ടുപിറകേ. അത് വേരാഴ്ത്തി, തെഴുത്ത് വളരാൻ തുടങ്ങി. അത് കഴിഞ്ഞ് പ്രാണികളും പറവകളും ഉണ്ടായി. ഇലകൾ ഇറുത്തെടുത്ത് ഉള്ളംകൈയിൽ വെച്ചു. ഞരടുമ്പോൾ അതിന്റെ നീര് നീലയായി ഒഴുകി. മുറിവിൽ അതു പിടഞ്ഞു. മുറിവിൽ അതു തണുത്തു. മുറിവു കരിയാൻ ഏറെക്കാലം വേണ്ടിവരും. തീയിന്റേയും മഞ്ഞിന്റേയും അഗ്നിപർവ്വതങ്ങളുടേയും കൊടുങ്കാറ്റുകളുടേയും കാലം കഴിഞ്ഞ്, സൂക്ഷ്മാണുക്കളുടേയും ശിലാലിഖിതങ്ങളുടേയും കാലം പിന്നിട്ട്, വാക്കുകളുടേയും കണ്ണാടികളുടേയും പരുത്തിത്തുണികളുടേയും കാലം കഴിഞ്ഞ്, മുറിവ് പതുക്കെ ഉണങ്ങാൻ തുടങ്ങും. അപ്പോഴും കൈവെള്ളയിൽ മണം. ഇരുണ്ട നീലനിറം. മരണം പോലെ വെള്ളത്തിൽക്കലരാതെയും വിട്ടു പോവാതെയും.
ചിത്രമെഴുത്ത് പ്രേം ആർ നാരായൺ