White Crow Art Daily

ഇസ്തിക് ലാൽ സ്ട്രീറ്റ്

കവിത / ശ്രീദേവി എം മേനോൻ

ഇസ്തിക് ലാ ൽ സ്ട്രീറ്റ്

തക്‌സിം ചത്വരത്തിൽ നിന്ന് കഷ്ടി ഇരുപതടി
മാംസം പൊരിച്ചു വിൽക്കുന്ന ഒന്ന് രണ്ട് കടകൾക്കപ്പുറം
ഇടത്തോട്ടുള്ള വീതിയുള്ള ഒരിടവഴിക്കുമപ്പുറം
ട്രാമിന് കടന്ന് പോകാൻ പാതയൊരുക്കിയ റോഡിനുമപ്പുറം
ഇസ്തിക് ലാൽ സ്ട്രീറ്റ്,
ഒത്ത ഉയരമുള്ള നാലു പേർ
വിലങ്ങനെ കിടക്കുന്നത്ര വീതിയില്‍.

ഇരുവശത്തും കടകൾ നിറഞ്ഞ,
സിനിമാശാലകളും,
ഇടയ്ക്കോരോ വീടുകളുമുള്ള,
വഴിയോരവില്പനക്കാരുള്ള,
ഗായകർ പാടിക്കൊണ്ട് നില്ക്കുന്ന,
ഗിറ്റാറും, വയലിനും, സാക്സോഫോണും സംഗീതം പൊഴിച്ചിടുന്ന,
നാടൻ നൃത്തക്കാർക്കു ചുറ്റും ആളു കൂടുന്ന,
ചില്ലറയും, നോട്ടുമെറിയുന്ന,

turkish painting

വഴിയിൽ ധാരാളം ചെസ്ററ്നട്ട് വിൽപ്പനക്കാർ ഉന്തുവണ്ടികളുമായി നില്ക്കുന്ന,
വിനോദസഞ്ചാരികളും, തദ്ദേശീയരും ഒഴുകി നീങ്ങുന്ന തെരുവ്.
ഇപ്പോള്‍ പോലീസുകാർ കൂട്ടമായി നില്ക്കുന്ന
ഒന്നര കിലോമീറ്ററില്‍ (അത് കൃത്യമല്ല)
ഒരു തെരുവ്.
ഞാന്‍ ഒറ്റയ്ക്കും.

കണ്ണെത്താത്ത ദൂരത്തിൽ
ആളുകൾ ഒഴുകി നീങ്ങി കൊണ്ടിരിക്കുന്ന തെരുവിൽ.
അറിയുന്നവരാരുമില്ല.
തെരുവുപോലെ ആളുകളും ഒലിച്ചുപോയിക്കൊണ്ടിരുന്നു.
ഞാനും.
നൃത്തം വെച്ചു നീങ്ങുന്ന ആഫ്രിക്കൻ പെണ്ണിനൊപ്പം
ഞാനും രണ്ട് ചുവടു വച്ചു.
നൃത്തം ഞാൻ പഠിക്കേണ്ടതായിരുന്നു,
എന്റെ താളം സ്വകാര്യമായി പറഞ്ഞു.
ചെസ്ററ് നട്ടുകൾ പൊരിച്ചെടുത്ത്
കടലാസ് കൊണ്ടുണ്ടാക്കിയ ഉറകളിൽ
“കെസ്റ്റെയ്ൻ കെബാബ്” എന്നുറക്കെ പറഞ്ഞ്
മുന്നിൽ വന്ന ടർക്കിഷ് സുന്ദരനെയും
ഞാൻ നിരാശപ്പെടുത്തിയില്ല.

tuki kabab

ചന്ദനനിറത്തിലുരുണ്ടു ഒരാമയെ ഓർമിപ്പിക്കുന്ന രൂപത്തില്‍
ചെസ്ററ് നട്ടുകൾ മൊരിയുകയും
കറുത്ത പുറന്തോടോടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
തീയും, പുകയും, രുചിയായി വിശേഷപ്പെട്ട ഒരു ഗന്ധം നിറഞ്ഞു.

സങ്കടം കൊണ്ട് തൂങ്ങിയ മുഖമുള്ളവരും,
ചിരിച്ചു ചിരിച്ചു വിടർന്ന മുഖമുള്ളവരും,
പ്രണയിച്ചു ചേർന്ന് ചേർന്നൊന്നായ് നടക്കുന്നവരും,
ജീവിതം ജീവിച്ചു തീർത്തെന്ന് ബോധ്യമുള്ളവരും,
പിരിയാൻ തീരുമാനമെടുക്കാന്‍ ഒരുമിച്ച്
സായാഹ്‌നസവാരിക്കിറങ്ങിയവരും,
വില കൊടുത്താൽ രാത്രി തരാമെന്നു പറയുന്ന
പെൺകുട്ടികളും യുവതികളും മുതൽ
മധ്യ വയസ്സു പിന്നിടുന്നവര്‍ വരെയും,
ആവേശഭരിതരായ സന്ദര്‍ശകരും
ചെസ്റ്റനട്ട് ഉന്തുവണ്ടികൾക്ക് മുന്നിലെത്തുമ്പോൾ നിന്നു

Chestnut still in pod half open in tree

ചിലര്‍ മൊബൈലിലും കാമറയിലും
അയാളെ പകര്‍ത്തി :
ആ ചെസ്ററ്നട്ട് വില്പനക്കാരനെ
ഓര്‍മ്മക്കായാണ്‌ എന്ന് പറഞ്ഞു

എത്ര മൊബൈലുകളിൽ അയാള്‍
എത്ര പേര്‍ അയാളെ ഓര്‍ത്തു
എത്ര പേരെ അയാള്‍ ഓര്‍ത്തു!

ചെസ്ററ് നട്ട് വാങ്ങി നീങ്ങുന്നവരോടൊക്കെ
അഫിയേത് ഒൽസുൻ, ആസ്വദിക്കൂ – എന്നയാൾ പറയുന്നുണ്ട്.

രാത്രിയായി, വഴിയിലെ ആള്‍ക്കൂട്ടം ഏറിവന്നു
വഴിയോരവില്പനശാലകൾക്കുള്ളിൽ നിന്നും
തീയേറ്ററുകളിൽ നിന്നുമൊക്കെ ആളുകള്‍ ഇറങ്ങി വന്നു.

തിരികെ പോകുകയാണവർ .
കൈ കോർത്ത്, ഉറക്കെയുറക്കെ വർത്തമാനം പറഞ്ഞ്,
ചിരിച്ച്, ഇടയ്ക്ക് നിശബ്ദരായ്!

തെരുവിന്റെ പകുതിയിലുള്ള ഇടവഴിയിലൂടെ
ഇടത്തോട്ട് നടന്നാൽ
പാമുക്ക് എന്ന എഴുത്തുകാരൻ സ്ഥാപിച്ച മ്യൂസിയമാണ്
“നിഷ്കളങ്കതയുടെ മ്യൂസിയ”ത്തിനരികിലെ
ഇടവഴിയിലൂടെ പിന്നെയും മുന്നോട്ടു പോയാൽ
ചെറിയ കടകളാണ്.
sree 1

മദ്യം മുതൽ പുസ്തകങ്ങൾ വരെ നിരന്നിരിക്കുന്ന കടകൾ.
പോകുന്ന വഴിക്കിരുവശവും മഞ്ഞ ബൾബുകളാണ്.
വർണ്ണങ്ങളൊന്നുമില്ലാത്ത കൊച്ചിടവഴിയാണിത്
സഞ്ചാരികൾ കുറവുള്ള വഴി

ഞാന്‍ താമസിക്കുന്ന ഹോട്ടലവിടെയായിരുന്നു

ഒന്നൂടെയാ തെരുവിലൂടെ നടന്ന്
ആഭരണങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്
മണ്ണിന്റെ മഞ്ഞപ്പുള്ള കല്ല് പിടിപ്പിച്ച
ഒരു വെള്ളിമോതിരം വാങ്ങണമെന്ന് വിചാരിച്ചു.
ആ ചെസ്റ്റ്‌ നട്ട്കാരന് സമ്മാനിക്കാൻ.

ആ രാത്രിയുടെ
ആ തെരുവിന്റെ
എന്റെ ഏകാന്തതയുടെ ഓര്‍മ്മക്ക്

ഇപ്പോള്‍ പക്ഷെ രാത്രി വളരെ വൈകിയിരുന്നു.
==============================
“പറവകൾ പറക്കുമ്പോള്‍ ചിറകുരയുന്നത്
എന്റെ തലമുടി തുമ്പിലാണ് “
——————————————————-

Picasso's Femme Assise Pres d'une Fenetre (Woman Sitting Near a Window)

കൂടുതലുള്ളത് പൊക്കമാണ്
പിന്നെ ജനാലകളും
ആകാശം ദേ കയ്യൊന്നു
നീട്ടിയാ തൊടാം.

പറവകൾ പറക്കുമ്പോ
(പ്രാവും, തത്തയും, തിത്തിരിപ്പക്ഷിയുമുണ്ട്)
ചിറകുരയുന്നത് എന്റെ തലമുടി തുമ്പിലാണെന്നു തോന്നും!

കൃത്യം 6:45 നു സൂര്യൻ
വന്നെന്റെ അടുപ്പു തൊടും
ക്ലോക്കിപ്പോ അലമാരക്കുള്ളിലാ.

ചെറിയ തീപ്പെട്ടി കൂടുകൾ
നിരത്തി പണ്ട്
കുട്ടൻ കളിക്കുമായിരുന്നു.
അതൊക്കെ ഇപ്പൊ ജാലകം
വഴി കാണാം.
നൂറോ, ആയിരമോ?
എല്ലാ ജനാലയ്ക്കരികിലും
ശൂന്യത എത്തി നോക്കി
നില്ക്കുന്നത് കാണാം
കൊള്ളിയില്ലാത്ത തീപ്പെട്ടി കൂട്
പോലെ തന്നെ.
ഭംഗിയുള്ള പുറമ്പടത്തോട് കൂടി
ചേർത്തു വച്ചിട്ടുണ്ട്.

tuk

രാത്രിയാണെനിക്കിഷ്ടം
കരിമ്പൂച്ചകൾ ഒളിച്ചിരുന്ന്
കണ്ണ് കാട്ടി പേടിപ്പിക്കണ
പോലെയാ വെളിച്ചത്തുണ്ടുകൾ
ചിതറിയലച്ചു കിടക്കുന്നത്.
ഇടയ്ക്കൊക്കെ പൂച്ചകൾ
നടക്കുമ്പോലെ, ഓടുമ്പോലെ
വണ്ടികൾ നിരങ്ങി നീങ്ങും
ആകാശത്തും പൂച്ചകളാ .

വെളിച്ചമുള്ളിടത്തേയ്ക്ക്
നോട്ടം പായിച്ചു പായിച്ചു
ഈയലു പോലാകും എന്റെ ദൃഷ്ടികൾ.

ബുർജിനും, പെട്രോണാസിനും
മീതെ നിന്ന്
തീപ്പെട്ടി കൂടുകൾ എണ്ണണം,
പറ്റിയാൽ ഡിക്ക് ഫോസ്‌ബെറിയെ
പോലെ ഒന്ന് ചാടണം,
എന്നുറപ്പിച്ചാ ഊരു ചുറ്റാൻ പോയത്!
മലയ്ക്കും മരത്തിനും
മീതെ നിന്നൊന്നും ചാടിയാൽ
തീപ്പെട്ടികൂട്ടിൽ പതിക്കാൻ പറ്റില്ലല്ലോ!

ചാടിയാലൊന്നും ഒന്നും തീരി ല്ലെന്നേ.
ശൂന്യമായ ഓരോ ജാലകച്ചോട്ടിലും
താഴേക്ക് പതിക്കാൻ
നോക്കിയിരിക്കുന്ന
ഓരോ ജോഡി കണ്ണുകളെങ്കിലും
ഉണ്ടായിരിക്കും.

തൃശ്ശൂർ സ്വദേശി. ബഹ്‌റൈനില്‍ ജോലിചെയ്യുന്നു.ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതുന്നു. ഫെയ്സ്ബുക്ക്, സൈബർ യുഗത്തിലെ ...