White Crow Art Daily

ഉണക്കാനിട്ട ബാൻഡേജു തുണികൾ

സിനിമ/എ. ഒമർ ഷെറിഫ്

മനുഷ്യനു നേരെയുള്ള ഏറ്റവും വലിയ കുറ്റകൃത്യമായ യുദ്ധത്തെ , പലപ്പോഴും അതിന്റെ എല്ലാ നൃശംസതകളേയും ചായം തേച്ച് പൊലിപ്പിച്ചും ഒളിപ്പിച്ചും നമ്മുടെ സ്വീകരണമുറിയിലെ ഒരു ആസ്വാദന വിഭവമാക്കി മാറ്റാറുണ്ട്. ഹോളിവുഡ് പേർത്തും പേർത്തും ആ ‘കിടിലൻ’ കാഴ്ചകൾ നമുക്ക് വിളംബിക്കൊണ്ടേയിരിക്കുന്നു .ഓരോ തവണയും കൂടുതൽ മിഴിവോടെ സാങ്കേതികത്തികവോടെ. യുദ്ധത്തിന്റെ ദൃശ്യ-ശ്രവ്യ പുനരാവിഷ്ക്കാരത്തിൽ സിനിമ എന്ന മാധ്യമത്തെ സംവിധായകനും ഛായാഗ്രാഹകനും എഡിറ്ററും ഒക്കെ എത്ര ‘ബ്രില്ല്യന്റ്’ ആയി ഉപയോഗിച്ചിരിക്കുന്നു എന്ന് എത്ര നിരൂപിച്ചാലും  മതിവരാതാകുന്നു!

 ഇതിനു  വിപരീതമായി സഞ്ചരിക്കുന്നരുണ്ട്.  1962-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ Ivan’s Childhood-നെക്കുറിച്ച് ആന്ദ്രെ തർക്കോവ്സ്കി പറഞ്ഞത് യുദ്ധത്തിനെതിരെയുള്ള തന്റെ എല്ലാ വെറുപ്പുകളും ആ സിനിമയിലൂടെ പ്രകടിപ്പിക്കാനാണു  ഉദ്ദേശിച്ചത് എന്നാണ്. ബാലനായ ഇവാൻന്റെ അനുഭവങ്ങളിലൂടെ യുദ്ധത്തിന്റെ ഭീതിതമായ മുഖത്തെ  ആ സംവിധായകൻ കാണികളിലേക്ക്  പകർന്നു. അതാകട്ടെ കാര്യമായ വെടിയും പുകയും ഒന്നും ഇല്ലാതെ ആയിരുന്നു എന്ന് പ്രത്യേകം പറയണം.മാനവികമായ കാഴ്ചപ്പാടോടെ യുദ്ധത്തെ പകർത്തിയ മറ്റ് പല സിനിമകളും നമ്മുടെ മുന്നിലുണ്ട്. ചാപ്പ്ലിനെപ്പോലുള്ള വർ തർക്കോവ്സ്കിക്കും വളരെ മുമ്പ് തന്നെ ആ നിലപാടുകൾ  പറഞ്ഞവരാണ്.
 

 

റഷ്യൻ യുവസംവിധായകനായ Alexander Zolotukhin – ന്റെ A Russian Youth എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ  അലക്സെ-യുടെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ മിക്കവർക്കും  ആദ്യം ഓർമ്മ വരിക Ivan’s Childhood-ലെ ഇവാൻന്റെ മുഖാമായിരിക്കും. ഏകദേശ സമാനമാണു കഥാപരിസരവും.

ഇവാൻ കേവലം 12 വയസ്സ് മാത്രമുള്ള ബാലസൈനികൻ ആണെങ്കിൽ അലക്സെ പതിനെട്ടു
വയസ്സോളമുള്ള കഷ്ടിച്ചൊരു യുവാവാണു. അവന്റെ മുഖത്ത് ബാല്യവും കുസൃതിയും  ധാരാളമായി ശേഷിക്കുന്നുണ്ട് താനും. രാജ്യത്തിന്റെ ശത്രുക്കളെ വകവരുത്താനുള്ള ആവേശത്തിൽ മറ്റുസൈനിക രോടൊപ്പം  മുന്നണിയിലേക്ക് നീങ്ങുകയാണു അലക്സെ.മുന്നിൽ കാത്തിരിക്കുന്ന യുദ്ധത്തിന്റെ ദുരന്താനുഭങ്ങളെക്കുറിച്ച് അയാൾക്ക് ഒരു ധാരണയും ഇല്ല.സംഘത്തൊടൊപ്പം തമാശ പറഞ്ഞും കുസൃതികാട്ടിയും നീങ്ങുന്ന  അയാൾക്ക്  നേരിടേണ്ടി വന്ന ആദ്യാക്രമണത്തിൽ തന്നെകാഴ്ച നഷ്ടപ്പെടുന്നു. അംഗപരിമിതനാ യി, യുദ്ധം ചെയ്യാൻ പ്രാപ്തി ഇല്ലാതായ അയാളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള മേലുദ്യോഗസ്ഥരുടെ തീരുമാനത്തെ വളരെ പണിപ്പെട്ട് അലക്സെ മറികടക്കുന്നു. എങ്കിലും സൈനികാശുപത്രിയിലെ അയാളുടെ അനുഭവങ്ങൾ വളരെ കാഠിന്യം നിറഞ്ഞതായിരുന്നു.


നാട്ടിലേക്ക് തിരിച്ചു പോവുക എന്നതാവട്ടെ അയാൾക്ക് താങ്ങാനാവാത്ത കാര്യവും. കുന്നിൻ മുകളിൽ നാട്ടിയ വലിയ ലോഹ കാഹളത്തിൽ ചെവിയോർത്ത് ശത്രുക്കളുടെ  യുദ്ധവിമാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്ന ജോലിയിൽ  അയാൾ നിയോഗിക്കപ്പെട്ടു. താൽക്കാലികമായ ചില വിജയങ്ങൾ അലക്സെയുടെ സന്തോഷത്തിനു കാരണമാകുന്നുണ്ടെങ്കിലും വൈകാതെ അയാളുടെ സംഘം പരാജയങ്ങൾ രുചിക്കാൻ തുടങ്ങുന്നു. ഒടുവിൽ ശത്രുസൈന്യത്തിന്റെ കയ്യിൽ അകപ്പെട്ട് യുദ്ധത്തടവുകാരനായി മാറുന്നു.  (ജീവിതം മിക്കവാറും കൊടിയ ദുരിതമായി മാറിക്കഴിഞ്ഞ താഴ്ന്ന റാങ്കിലുള്ള സൈനികർക്കിടയിൽ രഹസ്യമായി കൈമാറ്റം  ചെയ്യപ്പെടുന്ന ലഘുലേഖകളിലും  അവരുടെ സംസാരങ്ങളിലും വൈകാതെ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ചുള്ള സൂചനകളുണ്ട്…)

സ്ഥല-കാലങ്ങളിൽ അലക്സെയുടെ അനുഭവങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത ചില ദൃശ്യങ്ങൾ സിനിമയിലുടനീളം ഇടകലർന്ന് നമ്മുടെ മുന്നിൽ  തെളിയുന്നുണ്ട്. വർത്തമാനകാലത്തിൽ നടക്കുന്ന ഒരു ഓർക്കെസ്ട്ര പരിശീലന രംഗം ആണത്. നഷ്ടപ്പെട്ട (ഭൂതകാല) കാഴ്ചയും വർത്തമാനത്തിന്റെ കേൾവികളും അനുപൂരകമായി വെക്കുകയാവും സംവിധായകൻ . 

 A Russian Youth എന്ന സിനിമയുടെ  പരിസരം , സംഭവപരമ്പര   ഇങ്ങനെയാണെങ്കിലും മുൻസ്റ്റേജിൽ കാണുന്ന വെടിക്കോപ്പുകളുടെ തിളക്കത്തേയും  സാങ്കേതിക  വിദ്യയിലെ
 മേൽക്കൊയ്മകളേയും സൈനികരുടെ പോരാട്ട വീര്യങ്ങളേയും അങ്കച്ചമയങ്ങളുടെ മിനുക്കത്തേയും എല്ലാം ഞൊടി നേരം കൊണ്ട് കെടുത്തിക്കളയാൻ ആ പിൻതിരശ്ശീല ഒന്നു വലിച്ചു മാറ്റിയാൽ മതിയാവും.യുദ്ധത്തിന്റെ ബാക്കിപത്രമായ ആശുപത്രിക്കൂടാരങ്ങളിലെ ദുരിത ചിത്രങ്ങൾ നമ്മുടെ മുന്നിൽ തെളിയാൻ. Ivan’s Childhood- ലെപ്പോലെത്തന്നെ A Russian Youth -ലും ഏറെയൊന്നും യുദ്ധരംഗങ്ങൾ ഇല്ല. എന്നാൻ കാഴ്ചനഷ്ടപ്പെട്ട അലക്സെ സൈനിക കുടാരങ്ങൾക്കിടയിൽ തട്ടി മറിഞ്ഞ് നീങ്ങുന്ന ദൃശ്യങ്ങൾ അതിനെല്ലാം പകരം നിൽക്കും.   ഉണക്കാനിട്ട ബാൻഡേജ് തുണികളുടെ നീണ്ടനിരകൾക്കിടയിലെ ചില ദൃശ്യങ്ങൾ നിശബ്ദ്ധമായി നമ്മുടെ അകം പൊള്ളിക്കും. നമ്മുടെ നാഗരികതകളുടെ പിൻമുറ്റത്ത് എല്ലാ കാലവും ഉണ്ടായിരുന്നു ഉണങ്ങാത്ത ബാൻഡേജുകളുടെ ആ നീണ്ട അയകൾ. 

 

Best Film -Fajr International Film Festival -IRAN

 
 സിനിമയുടെ മൗലികമായ അസ്ഥിത്വത്തെ ഉയർത്തിക്കാട്ടിയവരാണു പല സോവിയറ്റ്/റഷ്യൻ സംവിധായകരും. Dziga Vertov-നെപ്പോലെയുള്ള കടുത്ത ‘മൗലികവാദികൾ’ മുതൽ സൗമ്യമായി അത് നമ്മളെ അനുഭവിപ്പിച്ച തർക്കോവ്സ്കി വരെയുണ്ട് . ആ നിരയിലെ  പ്രധാനപ്പെട്ട ഒരു പുതുകണ്ണിയാണു യുവാവായ Alexander Zolotukhin. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം ആണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Russian Youth. BRICS-രാജ്യങ്ങളിലെ സിനിമക്കാരുടെ short film anthology-യായ Neighbors ആണു അദ്ദേഹത്തിന്റെ മറ്റൊരു സിനിമ. കഴിഞ്ഞ വർഷം തന്നെയാണു  അതും റിലീസ് ചെയ്തത്. സമകാലിക റഷ്യൻ സിനിമക്കാരിൽ പ്രമുഖനായ സുകോറോവിന്റെ ശിഷ്യനാണു  Alexander Zolotukhin.

 
 
സുകോറോവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഫിലിം സ്കൂളിലാണു  പഠിച്ചത് എന്നത്കൊണ്ടു മാത്രമല്ല അത്. സുകോറോവിന്റെ ‘Mother and Son’ സിനിമയിലൊക്കെ നമ്മൾ പരിചയിച്ച ദൃശ്യഭാഷയുടെ ചില പ്രത്യേകതകൾ  Russian Youth- ലും കാണാം. വിവർത്തനങ്ങൾക്ക് വഴങ്ങാത്ത, സിനിമയുടേതുമാത്രമായ ഭാഷയിലാണ്  ഈ സംവിധായകൻ നമ്മളോട് സംവദിക്കുന്നത്. സിനിമ ഒരു മനുഷ്യനായി രുന്നെങ്കിൽ അതൊരു റഷ്യൻ പൗരൻ ആയേനെ എന്ന് തോന്നാറുള്ളത് എനിക്ക് മാത്രമാവാൻ ഇടയില്ല.
 
 
Dir: Alexander Zolotukhin
Run Time : 70 mnts (approx.)
Country of Origin : Russia
Year of Release : 2019

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനനം. എൺപതുകളിലെ കാമ്പസ് തിയേറ്റർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ...