White Crow Art Daily

എം.നന്ദകുമാറിന്റെ കവിതകള്‍

കവിത / എം. നന്ദകുമാര്‍

ഗോതീശ്വരം ബീച്ചിലെ ഒരു വസ്തു

സായാഹ്നങ്ങൾ തകർന്നടിഞ്ഞ
കടൽപ്പാലത്തിന്റെ മുനമ്പിലേക്കു
നാം കൈകോർത്തു നടക്കുന്നു.

കുടുംബങ്ങൾ, കമിതാക്കൾ
കപ്പലണ്ടി കച്ചവടക്കാരൻ,
ചില്ലുഭരണികളിൽ ഉപ്പിലിട്ട
നെല്ലിക്ക, കൈതച്ചക്ക.

ആടുകൾക്കു ചോളപ്പൊരി നീട്ടുന്ന
ചെറിയ പെൺകുട്ടി.
പാലിയേറ്റിവ് കെയർ സംഘടന
ഉന്തിക്കൊണ്ടു പോകുന്ന
വീൽ ചെയറിലെ വൃദ്ധൻ.

എരുന്തിനു വല വീശുന്നവർ,
തിരയിൽ കാൽ നനയ്ക്കുന്നവർ,
ദൂരെ ബോട്ടുകൾ …
ഇരുളുന്നു
കര, കടൽ, കാഴ്ചകൾ.

അപ്രകാരം സൂര്യന്റെ
പതിവു മരണം ഉറപ്പാക്കി
ആളുകൾ പിരിയുന്നു
മടങ്ങാം നമുക്കിനി.

കടൽപ്പാലത്തിൽ അങ്ങോട്ടുമിങ്ങോട്ടും
നടക്കുമ്പോൾ കണ്ട വസ്തുവിനെ
നമ്മൾ ശ്രദ്ധിക്കരുത്.

കനത്ത പാറക്കെട്ടുകൾക്കിടയിൽ
ക്ഷോഭത്തിനു ശേഷം
കടൽ തിരിച്ചുതന്ന
പൊളിഞ്ഞ തോണിയെ.

പച്ചച്ചായത്തിൽ എഴുതിയ
‘ഖൈറുന്നീസ’ എന്ന പേരിനെ
നോക്കരുത്.

എല്ലാവരുടെ കഥകളും
എല്ലാവർക്കും അറിയാനുള്ളതല്ല.

ഇപ്പോൾ, ഓരോ കറക്കത്തിലും
ദീപശിഖയുടെ കരം
ആ വസ്തുവിനെ
തഴുകുന്നുണ്ടെങ്കിലും.

ഉദാരവത്കൃത സാമ്പത്തികകാവ്യം (No Sales Tax!)

റിലയൻസ്തൊട്ടു പതഞ്‌ജലിവരെയുള്ള
അവസാനത്തെ പെട്ടിക്കടയും
അടച്ചുപൂട്ടിയതിനു ശേഷമുള്ള
സുന്ദരസായാഹ്നത്തിൽ

Wal-Mart Stores, The Kroger Co., Costco,
The Home Depot, Macy’s , Target Corporation
എന്നീ Retail ചെയിനുകളുടെ
എസ്കലേറ്ററുകളിൽ മന്ദമന്ദം നീങ്ങി…

സോപ്പ്,ചീപ്പ്, കണ്ണാടി, ചാന്തുപൊട്ട്,
ടിന്നിലടച്ച ഗോമാംസം, ഗോമൂത്രം, ചാണകം
സാനിറ്ററി നാപ്കിൻ, ഹൃദ്രോഗമരുന്നുകൾ
എന്നിവ നിറച്ച ഇക്കോ സൗഹൃദപരമായ
ക്രാഫ്റ്റ് പേപ്പർ ബാഗുകൾ താങ്ങി…

ബേസ്‌മെന്റിലെ കാർപാർക്കിലേക്കു നടക്കുമ്പോൾ

എന്റെ ദേശസ്നേഹം കരകവിഞ്ഞും
ഇന്റർനാഷണൽ ബൗണ്ടറികൾ ഭേദിച്ചും
അന്തർദേശീയസ്നേഹമായി കുതിച്ചൊഴുകുമ്പോൾ…

ഞാൻ ആവേശത്തോടെ മുഷ്ടിചുരുട്ടും:
“യു.എസ് മാതാ കീ ജെയ്!”

അന്നേരം, പ്രാണപ്രേയസി വൃഥാ…
ReDeReConstructed അസ്തിത്വവ്യഥയിൽ
വേപഥുകൊള്ളും.
സ്റ്റിയറിങ് വീലിൽ അവള്‍
സൈക്കഡലിക് പോപ്‌ താളംപിടിക്കും:
“The Future Is Boring…”

കലാപങ്ങളുടെ തെരുവിലേക്ക്
അഗ്നിശമനവണ്ടികൾ കൂട്ടിയിട്ടു കത്തിച്ച
തീയിലേക്ക്…
ഞങ്ങൾ ധൃതിയില്ലാതെ കാറോടിച്ചുപോകും

Share on Facebook28Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page

പാലക്കാട്ട് ജനിച്ചു. ബി.ടെക് ബിരുദം. വായില്ലാക്കുന്നിലപ്പന്‍ എന്ന കഥാസമാഹാരത്തിലൂടെ ശ്രദ്ധേയനായി. ടാന്‍സാനിയയില്‍ ഐടി ...