White Crow Art Daily

എം.പി. പ്രതീഷിന്റെ കവിതകള്‍

കവിത

വാതിലുകൾ

രണ്ടറ്റവും മനുഷ്യരെക്കൊണ്ട് മുറുക്കിയടച്ച ഒരു കുഴലാണ്

ഓടുന്ന എലിയുടെ പാർപ്പിടം

എലിയകത്തൂടെയോടുന്നതിന്റെ

പ്രയാസത്തോടെയുള്ള അനക്കം

ഭൂമിയുടെ ഈയറ്റത്തു നിന്നു കൊണ്ട് ഞാൻ കണ്ടു

ഭൂമിയുടെ അങ്ങേയറ്റത്തുള്ള ഞാനതു കണ്ടു കാണുമോ?

മാളത്തിന്റെ ഈയറ്റത്ത്

കിഴങ്ങുചെടികൾക്കിടയിൽ

തൂമ്പയുമായി നിൽക്കുന്ന ഞാൻ

മാളത്തിന്റെയങ്ങേയറ്റത്ത്

കിഴങ്ങു ചെടികൾക്കിടയിൽ

തൂമ്പയുമായി നിൽക്കുന്ന

ഞാൻ തന്നെയായിരിക്കുമോ?

2

ഇല്ല

വെള്ളമൊക്കെയും

തോരയിട്ട തുണിയുടെ

കീഴറ്റത്തേക്ക് നീങ്ങുന്നു

ആളുകൾ പുറംവാതിലിനടുത്തേക്ക്

ലിംഗാഗ്രത്തിലേക്ക്

മുടിയുടെയും

നഖങ്ങളുടേയും വക്കിലേക്ക്

ഇവിടെ ഗുരുത്വാകർഷണമൊട്ടുമില്ല

എത്ര ശ്രമിച്ചിട്ടും

ഞാൻ തറയിലെത്തുന്നില്ല.

3

ഇല്ല

റീസൈക്കിൾ ബിന്നിലെ

ചുരുട്ടിയെറിഞ്ഞ കടലാസുകൾ

കൈയോടിച്ച് നിവർത്തിനോക്കി

വായിക്കാനാവുന്ന ഒരു ഭാഷ

ഒന്നോ രണ്ടോ വരികൾ

ഒന്നുമുണ്ടായിരുന്നില്ല

എഴുതിയിട്ടില്ല

മഷിപോലുമായിട്ടില്ല

തൊട്ടതിന്റെ

ചുരുട്ടിയതിന്റെ അടയാളമില്ല

ഞാനതു പിന്നെയും ചുരുട്ടിയെറിഞ്ഞു

വീഴുന്നതിന് ഒരു റീസൈക്കിൾ ബിൻ

ആ മൂലയിലുണ്ടായിരുന്നില്ല.

4

സമയം

ക്ലോക്കിലാകെപ്പൊടി

സ്റ്റൂളു വെച്ച് കേറി, എടുത്തിറങ്ങി

തുണികൊണ്ട് തൂത്ത്

തിരികെക്കേറിക്കൊളുത്തുന്നു

ആണിയില്ല

ചുമരുള്ളതായി തോന്നുന്നില്ല

സമയം നീങ്ങുന്നതിന്റെ

ഒച്ച കേട്ടു.

5

അറ്റം

മുറിക്കുള്ളിൽ ചാടി നടക്കുന്ന

പച്ചപ്പയ്യിനെ

മരപ്പെട്ടിയിലടച്ചു വെച്ചു

ചുമരിലും കുപ്പായങ്ങളിലും

നെറ്റിയിലും കോപ്പയിലും

അമ്മയുടെ മുതുകത്തും

അതിന്റെ കാലറ്റങ്ങളുടെ വിറയുണ്ടായിരുന്നു

കുറേക്കാലം കഴിഞ്ഞ് തുറന്നു നോക്കിയപ്പോഴാണോ

തീർച്ചയില്ല, ഞാൻ മരിച്ചു പോയിരുന്നു,

ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റമട്ടിൽ അത്

ഭൂമിക്കു താഴെ ഞാനഴുകി

നനഞ്ഞ ദേഹത്ത്

കാലുതൊട്ടു ചെന്നു.

അവിടിരുന്നു.

6

അടുത്ത്

പശക്കുപ്പി

അലമാരക്കുള്ളിൽ

ചെരിഞ്ഞു വീണു.

ആ മുറിയുടെ പുറംചുമരിൽ ഒട്ടിപ്പിടിക്കുന്നു പെയ്ത്തു വെള്ളം

കുപ്പി നിവർത്തി വെച്ച്

പൊളിയടച്ചു

വെള്ളം ചുമരിനെ വിട്ടു പോയി.

7

ഇടം

പക്ഷികളൊക്കെയും വന്നിരിക്കുന്ന കമ്പി

പൊട്ടിച്ചുരുണ്ടു കിടന്നു

പാടത്ത്

പുല്ലിൽ

വെള്ളത്തിൽ

രാത്രി ,ചൂട്ടു കത്തിച്ച് വരമ്പു കേറി വരുമ്പോഴുമുണ്ട്

പക്ഷികൾ ഉയരത്തിൽ

അതേ സ്ഥാനങ്ങളിൽ

അടുത്തടുത്തിരിക്കുന്നു

കമ്പിയില്ലാക്കമ്പിയിൽ

 

8

പുക

പഴയ പാർപ്പിടത്തിൽ നിന്ന്

പഴയ വണ്ടിയകന്നു പോവുന്നു

പുരയിടത്തെച്ചുറ്റിച്ചുറ്റി നീണ്ട്

പുകയുയർത്തി, പറക്കുന്നവയെ മറച്ച്

കാറ്റുപോലെപ്പരന്ന്

മരങ്ങൾക്കപ്പുറമെങ്ങോ കാണാതായി.

എന്നിട്ടത് തിരിച്ച് വന്ന് ഗാരേജിൽ നിൽപ്പായി

ദേഹം നനഞ്ഞിരുന്നു.

പൊടിയലിഞ്ഞ് പോയിത്തെളിഞ്ഞ തൊലി

കണ്ണാടിയിലീർപ്പം

എവിടെ വെച്ചാണ് മഴയുണ്ടായതെന്ന ആശ്ചര്യത്തിൽ ഞാൻ നിരത്തിറങ്ങി നടന്നു

വീടിനെ, പ്പുരയിടത്തെ, ചുറ്റുവട്ടത്തെയെല്ലാം നടന്നു നോക്കി

അപ്പോഴും പുക തങ്ങിനിൽക്കുന്ന

ചെരിവിനപ്പുറമെങ്ങോ എന്നെ കാണാതായെന്നുതോന്നി.

9

ശ്വാസം

ജനാലവക്കിൽ ഒരു ചെടിച്ചട്ടി കൊണ്ടു വെക്കുന്നതു പോലെ

പുറംകൈ കൊണ്ട് പൊടി തൂത്ത്

ഇളകുമോ

ചെരിയുമോ

വെളിച്ചം മതിയാകുമോ

എന്നുറപ്പു വരുത്തി

അവിടെ

വെച്ചു,

 

ആ കല്ല്

വെള്ളത്തിനും

നീല നിറത്തിനും

മീനുകൾക്കും

അടിയിൽ

മരണം പേടിച്ച് നീ

ശ്വാസത്തിനൊപ്പം

വലിച്ചെടുത്ത

കുഴഞ്ഞ ചേറിൽ ചെന്ന് വീഴുന്നത് ഇവിടെ നിന്ന് ഞാൻ കേട്ടു

ശരിക്ക് പറഞ്ഞാൽ

ദിവസങ്ങൾ നീണ്ടുപോയ

ആ കിടപ്പിൽ

നിന്നെ മലർത്തിവെച്ച് കത്തിത്തലപ്പു കൊണ്ട് വരച്ചുകീറി

ഇരുൾ നിറമായ ഉടലിൽ കൊത്തി

ഇടംവലം പിളർത്തി ഉള്ളിലേക്ക്

ഉറഞ്ഞ പടവുകൾക്കുമടിയിലേക്ക്

ആ കല്ല് ഇറക്കി വെച്ചത് ഞാൻ തന്നെ ആയിരുന്നോ?

10

നിഴലിൽ

ഏണി ചാരിവെച്ച്

മുളകുപറിക്കുമ്പോൾ

മുകളിലൊരു കിളിക്കൂട് കാണുന്നു.

ഉള്ളിലൊരു ചെറിയ മുട്ട .

അകത്തു വലുതാവുന്ന കുഞ്ഞിനെയവൾ മേക്സിക്കു

മീതേക്കൂടിത്തൊട്ടു. ഏണിക്ക് നാലഞ്ചു കെണിപ്പു കൂടിയുണ്ട്.

തികയാനൊന്നു രണ്ടു മാസം .

അവൾ കുഞ്ഞിനെക്കൂട്ടിലിട്ട്

മുട്ടയുള്ളംകൈയിൽ ചുരുട്ടിപ്പിടിച്ച് താഴേക്കിറങ്ങിപ്പോരുന്നു

കിളി പാറി വരുന്ന നിഴലിൽ.

1987ൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരിയിൽ ജനിച്ച പ്രതീഷ്, കവിയും ഫോട്ടോഗ്രാഫറുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും ...