White Crow Art Daily

എം.പി.പ്രതീഷിൻറെ കവിതകൾ

കളിസ്ഥലം

നമ്മൾ മരങ്ങൾക്കിടയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ ബക്കറ്റുമായി വന്ന്, ഉടുപ്പുകൾ പിഴിഞ്ഞ് വിരിച്ചിടാൻ തുടങ്ങി. നമ്മളിരുന്നു കളിക്കുന്ന പുല്ലിനു മീതെ. നമുക്ക് മീതെ. ഒരു പന്തൽ ഉയർത്തുന്നതു പോലെയായിരുന്നു അത്. നനവ് നമ്മുടെ ദേഹത്ത് പറ്റി. അലക്കു സോപ്പിന്റെ നേർമ്മയുള്ള മണം. അല്ലെങ്കിൽ നീലത്തിന്റെ. അല്ലെങ്കിൽ ഇളം ചൂടുവെള്ളത്തിന്റെ. അതുമല്ലെങ്കിൽ ആ സ്ത്രീയുടെ കൈകളുടേതു തന്നെ. എത്ര നേരമാണു നമ്മൾ തുണിവിരിപ്പിനടിയിൽ നിശ്ശബ്ദരായി ഒതുങ്ങിയിരിക്കുക ? അവസാനം നമ്മളെഴുന്നേറ്റ് ഓടിപ്പോന്നു. അന്നേരം ആ സ്ത്രീ വീട്ടിനുള്ളിൽ നിന്ന് ഓടി വരുന്നുണ്ട്. എങ്ങുമില്ലാത്ത കാറ്റിനെ ചീത്ത പറയുന്നുണ്ട്. പറമ്പിൽ ചിതറിക്കിടന്ന ഉടുപ്പുകളോരോന്നും വാരിയെടുക്കുന്നുണ്ട്.

മുഖം

മരക്കോണിയാണ് കുഴപ്പങ്ങൾക്കു കാരണം. എല്ലാം മുകളിലേക്ക് കയറിപ്പോവുന്നു. കളിപ്പാട്ടങ്ങൾ. കുപ്പായങ്ങൾ. ഉച്ചയുറക്കം. തണുത്ത ചായ. എഴുതിക്കൊണ്ടിരിക്കുന്ന വരികൾ. അല്ലെങ്കിൽ എല്ലാമിറങ്ങി വരുന്നു. മൂർച്ചയുള്ള കൊമ്പ്. വാവലുകൾ. വെളുത്ത മൂടുപടം. പഴകിയ ഇറച്ചിയുടെ ഗന്ധം. വെള്ളം. വക്കുകളില്ലാത്ത ചന്ദ്രൻ. ഈ കോണിച്ചോട്ടിൽ എനിക്കിനി പാർക്കാനാവില്ല. ഭൂമിയിൽ നിന്ന് പോന്ന് ഇത്ര കാലമായിട്ടും ആകാശങ്ങളിലേക്കുള്ള വാതിൽ ഞാൻ കണ്ടെത്തിയിട്ടില്ല. പൂപ്പലും പൊടിയും എന്റെ മുഖം പൊത്തുന്നു.

പുക

പന്നിയിറച്ചി ഉണങ്ങുന്നതാണ് കണ്ടത്. അടുപ്പിന് മീതെ. അലകിൽ വിരിച്ചിട്ട ഇറച്ചി. അവർ അവിടം വരെ വരുന്നുണ്ട്. താഴോട്ടിറങ്ങില്ല. എങ്കിലും ഞാനെല്ലാം അറിയുന്നു. തൊടാനാവാത്ത അകലത്ത്‌. കേൾക്കുന്നു, അവരുടെ എല്ലാ പിറുപിറുപ്പുകളും. തീയണച്ച് വിയർത്ത് കുളിക്കാൻ കിണറ്റുകരയിലേക്ക് നീങ്ങുമ്പോൾ അവർ പുരപ്പുറത്തിരുന്ന് എന്നെ നോക്കുന്നു. ശരീരമില്ലെങ്കിലും അവർ തമ്മിൽത്തമ്മിൽ തൊടുന്നതും ഉമ്മവെക്കുന്നതും എനിക്കു കാണാം. കിണറ്റിൽ എല്ലാ ലോകങ്ങളുടെയും പ്രതിബിംബമുണ്ട്. എന്റെ നനഞ്ഞ ദേഹത്തും മണ്ണിലും.

ഒളി

മുറ്റത്ത് കിടന്ന പ്ലാസ്റ്റിക് പന്ത് മെല്ലെ നീങ്ങിയുരുണ്ട് കുറച്ചു മാറിക്കിടന്നു. അനക്കമറ്റു. ഞാൻ ആ കാറ്റിനെപ്പറ്റി വിചാരിച്ചു. എന്റെ ഉള്ളു വായിച്ചു കൊണ്ട് അവർ കിണറ്റു വക്കിൽ മറഞ്ഞു നിന്ന് ചിരിക്കുന്നു.

സന്ധ്യകൾ

വിരിച്ചിട്ട ഈ തുണിയുടെ ഇപ്പുറത്തു നിന്ന് നോക്കുമ്പോൾ മറുവശത്ത് മനുഷ്യരാരുമില്ല. പ്രേതങ്ങളുമില്ല. ചെടികളും പൂമ്പാറ്റകളും സംസാരിക്കാൻ തുടങ്ങിയ കാലമല്ല. മരങ്ങൾ വിരലുകൾ കൊണ്ട് ഓരോന്ന് പിടിച്ചു വലിക്കാൻ തുടങ്ങിയിരുന്നുമില്ല. തുണിയുടെ ഈ വശത്തു നിൽക്കുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയിരിക്കുമോ എന്ന് ഓർമ കിട്ടാതെയായി. തുണി ഉണങ്ങിക്കൊണ്ടിരുന്നു. നേരമിരുട്ടാൻ തുടങ്ങുകയാണ്. മനുഷ്യർ വരാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി.

 

1987ൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരിയിൽ ജനിച്ച പ്രതീഷ്, കവിയും ഫോട്ടോഗ്രാഫറുമാണ്. ഇംഗ്ലിഷിലും മലയാളത്തിലും ...