White Crow Art Daily

എന്നെ മുഴുവനായും ഞാന്‍ പറയുന്നില്ല

ആക്ടിവിസം, പാസ്സിവിസം എന്നൊക്കെയുള്ള പദങ്ങൾ പരിചിതമാവുന്നതിനും മുൻപ് ഞാനവയെ ക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നു. ചിലർ എല്ലായ്പ്പോഴും എന്തിലെങ്കിലുമൊക്കെ വ്യാപൃതരാവുകയും മറ്റു ചിലർ ഒരു തരം നിസ്സംഗത കലർന്ന വെറുതെയിരിപ്പിൽ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നു. ആദ്യത്തെ കൂട്ടർ മാറ്റം സ്വപ്നം കാണുന്നവരും രണ്ടാമത്തെ കൂട്ടർ മാറ്റം എന്നത് മനസ്സിന്റെ ഒരു കളി മാത്രമാണെന്ന് സൌകര്യപൂർവ്വം വിശ്വസിക്കുന്നവരുമാണ്. ചിന്തകളെ യഥേഷ്ടം അലയാൻ വിട്ടു ഭയമില്ലാതെ കൂട്ട് പോകുന്നവരാണ് ആദ്യ കൂട്ടരെങ്കിൽ രണ്ടാം കൂട്ടർ അവയെ ഒരു കുറ്റിയിൽ കെട്ടിയിട്ട് കയർ ദൂരത്തോളം അലയാൻ വിടുന്നു. കുറ്റി എന്തുമാവാം-ഒരാൾ ,വീട്, സമൂഹം, പൊതു ധാരണ… ഇങ്ങനെയെന്തും. “രണ്ടു തരം മനുഷ്യരെയുള്ളൂ – ചുംബിക്കുന്നവരും
ചുംബിക്കാത്തവരും” എന്നതിനെ അനുകരിച്ചു പറയുകയാണെങ്കിൽ രണ്ടു തരം മനുഷ്യരെ ഉള്ളൂ – ആക്ടിവിസ്റ്റുകളും പാസ്സിവിസ്റ്റുകളും

രണ്ടു ദിവസങ്ങൾക്കു മുൻപ് ടി.വി.യിൽ അജിതയുടെ വാക്കുകൾ കേൾക്കാനിടയായി. ജീവിതം എന്നതിനെ സമരം എന്ന് മാറ്റിയെഴുതാൻ, ക്ഷീണമില്ലാതെ കലഹിക്കാൻ, ഉറക്കെയുറക്കെ സംസാരിക്കാൻ, ‘വേണ്ടാ’ എന്നും ‘വേണം’ എന്നും പറയാൻ ആ സ്ത്രീയെ പ്രേരിപ്പിച്ചത് അവരുടെ ശരികളാണെങ്കിൽ –

   എന്ത് കൊണ്ടാണ് എനിക്ക് എന്റെ ‘ശരികൾ’ ഇല്ലാതെ പോയത്?
   എന്ത് കൊണ്ടാണ് ഞാൻ മൂളിക്കേൽക്കുന്നവൾ ആയത്  ?
   എന്ത് കൊണ്ടാണ് എന്റെ ആക്ടിവിസം എഴുത്ത് മേശയിലൊതുങ്ങുന്നത്?
   എന്ത് കൊണ്ടാണ് ഞാൻ ചുംബനസമരത്തിൽ പങ്കെടുക്കാത്തത്?

അനിതാ പ്രതാപ് അവരുടെ സാഹസിക യാത്രകളെപ്പറ്റിയും അനേകം സമാന്തര ജീവിതങ്ങളെക്കുറിച്ചും, എൽ. ടി. ടി. ഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പറയുമ്പോൾ ഞാനാലോചിക്കുന്നത് – എന്റെ ഇടം എന്നത് ‘ഇവിടെ’ മാത്രമാകുന്നത് എന്ത് കൊണ്ടെന്നാണ്. ജെ. ദേവിക ഫിലിം ഫെസ്റ്റിനെക്കുറിച്ചെഴുതിയത്  വായിച്ച് ആഴ്ചപ്പതിപ്പ് മടക്കി ഞാനാലോചിച്ചതും മറ്റൊന്നുമല്ല – എന്ത് കൊണ്ടെനിക്കൊരു ഫിലിം ഫെസ്റ്റിന് പോവാൻ പറ്റുന്നില്ല.?

ഇത്രയുമധികം ചോദ്യങ്ങൾക്കുള്ള ഒരെയോരുത്തരം – ഞാനൊരു പാസ്സിവിസ്റ്റാണെന്നുള്ളതാണ്. എന്തൊക്കെയോ ‘സംഭവിപ്പിക്കണമെന്ന്’ ആഗ്രഹിക്കുകയും എന്നാൽ ആ സംഭവിപ്പിക്കലിൽ  പങ്കാളിയാവാതിരിക്കുകയും ചെയ്യുന്ന ഒരുവൾ. എന്റെ ചുറ്റും ഇങ്ങനെ അനവധി സ്ത്രീകളുണ്ട്. കൈ കോർത്തു നിൽക്കുന്നവർ.- എന്താണിവിടെ മാറേണ്ടതെന്നു ചോദിച്ചാൽ കൈ മലർത്തുന്നവർ. എന്നാൽ മാറേണ്ടതുണ്ടെന്ന് ഉറക്കെ അലറുന്നവർ.

ഒന്ന് ചുഴിഞ്ഞാലോചിച്ചാൽ കാരണങ്ങൾ പെറുക്കി എടുക്കാവുന്നതെയുള്ളൂ. ഒന്നാമത്തേതിനെ നമുക്ക് വളർത്തു ‘ദോഷം’ ന്ന് പേരിട്ടു വിളിക്കാം. പറഞ്ഞു
കേൾക്കുന്നത്, കണ്ടു പഠിക്കുന്നത്, അനുഭവിച്ചറിയുന്നത്‌  – ഇങ്ങനെയെല്ലാം നമ്മളിലെ കുതിപ്പിന് തടയിടുകയും ഒറ്റക്കുതിപ്പിനു എത്തിപ്പെടാവുന്ന ഇടങ്ങൾ നമുക്ക് അന്യമാവുകയും ചെയ്യുന്നു. “മോളെ, അതാണാകാശം” ന്ന് കൈ ചൂണ്ടുമ്പോഴും മറു ചൂണ്ടലിൽ “നീ നില്ക്കേണ്ടത് ഭൂമിയിലാണെന്ന്” പറഞ്ഞുറപ്പിക്കുന്നു. അതങ്ങനെ പതിഞ്ഞമരുന്നു.

രണ്ടാമത്തേതിനെ നമുക്ക് ശീല’ജ്ജ്വരം’ ന്ന് വിളിക്കാം. മതിൽ ചാടുന്നതുവരെ ഒരു തരം ആക്ടിവിസം ആണെന്നും അവനവന്റെ ശരികളിലേക്കാണ് എടുത്തു
ചാടുന്നതെന്നും അറിയാതെ ഉള്ളിലൊതുങ്ങാൻ പഠിക്കുന്നു. കെട്ടുകൾ മുറുകി കഴിയുമ്പോൾ ‘ഇത് ശീലായി’ എന്ന് പറയുന്ന ശീലാഭിമുഖ്യം. പുതിയതെന്തെങ്കിലും ചെയ്യാനൊരുമ്പെടുമ്പോൾ ഉള്ളിൽ നിന്നൊരു മുഴക്കം-‘ഇതൊന്നും ശീലള്ളതല്ല’. പുതുമ ഭയപ്പെടുത്താൻ തുടങ്ങുമ്പോൾ പഴമയിലേക്കൊട്ടുന്നു – ഞാനും നമ്മളും.

മൂന്നിനെ- അമിതമാകുന്ന ശരീര ബോധംന്നു കാണാം. ഈ മുലയും തലയുമൊക്കെ വല്യേ അപകടങ്ങളാണെന്നും ഇതൊക്കെ നമ്മളെ ചതിക്കുമെന്നുമുള്ള ധാരണ
ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുണ്ട്. ‘Body as a weapon’ ന്നൊക്കെ ചന്തത്തിനു പറയാമെങ്കിലും ആ കല- ശരീരം ആയുധമാക്കുന്ന കല – പിടിയില്ലാത്ത
കൂട്ടത്തിലാണ് ഞാൻ. അത് കൊണ്ട് തന്നെ പൊതുഇടങ്ങളിലെത്തുമ്പോൾ എന്റെ ശരീരം എന്റെ സമ്മതമില്ലാതെ തന്നെ കാൽ ഇഞ്ച് ചുരുങ്ങുന്നുണ്ട്. ആ ചുരുങ്ങൽ എന്നത് സ്വത്വത്തിന്റെ ചുരുങ്ങലാണ്. ‘എന്നെ മുഴുവനായും ഞാൻ ആവിഷ്കരിക്കില്ല’ എന്ന വിളിച്ചു പറച്ചിലാണ്.

നാലാമത്തേത് – അകാരണമായ ഭയമാണ്. ‘ഞാൻ’ എന്നതിൽ നിന്ന് ‘നമ്മൾ’ എന്നതിലേക്ക് വികസിക്കുമ്പോൾ -അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ – ഭയം എന്നെ വിഴുങ്ങുന്നു. എന്നെ ഞാനാക്കുന്നത് എനിക്ക് നഷ്ടപ്പെടുമെന്നും ഒരു ‘കൂട്ട’ത്തിന്റെ രൂപം, ചേഷ്ടകൾ, സ്വഭാവമെന്നിവ എന്നിലേക്ക്‌ ചേക്കേറുമെന്നും ഞാൻ  ഭയക്കുന്നു.

ഇതത്രയും അവനവനിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നതാണെന്നിരിക്കെ മറ്റു ചിലതുണ്ട് – പുറമേ നിന്ന് ആയുധം തൊടുക്കുന്നവ.

ഒന്ന്- ഇടങ്ങളുണ്ടാക്കുന്ന ആശയക്കുഴപ്പമാണ്. ഇടങ്ങൾ കണ്ടെത്തുക ശ്രമകരമാണ്. പ്രവൃത്തി ഇടങ്ങൾ തിരിച്ചറിഞ്ഞു ‘ഇറങ്ങിപ്പുറപ്പെടുക’ എന്നത് ഒട്ടും എളുപ്പമല്ല. ഇതാണെന്റെ ഇടം എന്ന് തിരിച്ചറിയുമ്പോഴും എങ്ങനെ അങ്ങോട്ടെയ്ക്കെത്തും എന്ന അന്തിക്കലുണ്ടാവും ബാക്കി. എന്റെ എഴുത്ത് മേശയിൽ എന്റെ ആക്ടിവിസം ഒടുങ്ങുന്നത് അങ്ങനെയാണ്.

രണ്ട് – വേണ്ടതെന്നോ വേണ്ടാത്തതെന്നോ വേർതിരിക്കാൻ കഴിയാത്ത ചുമതലാബോധമാണ്. “നീ ചുംബന സമരത്തിനിറങ്ങിപ്പോയാൽ കുഴയുന്ന പലതു
മുണ്ടെന്നു”, “നീ ഫിലിം ഫെസ്റ്റിനു പോയാൽതെറ്റുന്നതാണ് താള”മെന്ന്‌ വീട് പറയും. വീട് അങ്ങനെയാണ്. അഭാവങ്ങളെ, അതുണ്ടാക്കുന്ന പോല്ലാപ്പുകളെ
എന്നും മുഴപ്പിച്ചു കാണിക്കും. ഇതത്രയും ‘ശരി’ വെയ്ക്കാൻ പാകത്തിന് നമ്മൾ ചുമതലാ ബോധം ചുമലിലും തലയിലും ഏറ്റിയിട്ടുമുണ്ടല്ലോ  .

ഇനിയൊന്നു അന്ത്രോ ഫോബിയ ആണ്. ഒരു കൂട്ടത്തിന്റെ കണ്ണുരുട്ടൽ, വെറി പിടിക്കൽ, പറത്തി വിടുന്ന അസ്വസ്ഥതകൾ -ഇങ്ങനെ ഓരോന്നിനെയും ഭയന്ന് നമ്മൾ അമർന്നിരിക്കും.

അപ്പോൾ പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ – ഇങ്ങനെയൊക്കെയാണ് എന്നെ പോലൊരുവൽ പാസ്സിവിസ്റ്റാകുന്നത്. സദാചാരം എന്നാൽ എന്ത് തരം
ചാരമാണെന്ന് പോസ്റ്റിടും. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കും. സ്പിവാക്കിനേയും സിമൻ ഡി ബുവറേയും വായിക്കും. ന്നാലും- തെരുവിലേക്കിറങ്ങാൻ, ജാഥ നയിക്കാൻ, ഉമ്മ വെക്കാൻ ഒന്നൂടെ ഒന്ന് ആലോചിക്കണം.