White Crow Art Daily

ഏത് ബാറിലും ഒരു മേശയെങ്കിലും വി.കെ എന്നായിരുന്നു

അടഞ്ഞബാറുകൾ വീണ്ടും തുറന്നു.ചിരിയും കരച്ചിലും കളിയും പാട്ടും കൂത്തും ഓണവും പെരുന്നാളും പിറന്നാളും ഹർത്താലും പൂർവ്വാധികം മടങ്ങി വന്നു. പ്രായം പ്രായത്തെ മറന്നു. ലോകത്തിലെല്ലാവർക്കും പ്രായമൊപ്പമാണല്ലോ എന്ന വിവേകവും പരക്കെ ഉദിച്ചു.

ബാറുകളിൽ നിന്ന് ബോറടിച്ച് ചാടിപ്പോയത് വി.കെ.എന്നാ യിരുന്നു. ഏത് ബാറിലും ഒരു മേശയെങ്കിലും വി.കെ എന്നായിരുന്നു അതുവരെ ടച്ചപ്പ്. വി.കെ. എൻ പരിചയപ്പെടലിനിടെ മമ്മൂട്ടിയോട് പേരു ചോദിച്ചത്. കാണാൻ വന്നതാണ് എന്ന് പരുങ്ങിയ ആരാധകനോട് എന്താണ് തനിക്കിത്ര കാണുവാനുള്ളത് എന്ന് പതിന്മടങ്ങായി വളർന്ന് പെരുമ്പടപ്പ് സ്വരൂപം പോലെ ആ പടുകൂറ്റൻ എണീറ്റ് നിന്നത്…

ബാറിൻ്റെ ആകർഷണം കൊണ്ടാണ് മൂത്താര് ശിഷ്ടകാലം മലബാറിൽ കഴിക്കാമെന്ന് വച്ചതെന്ന് ഭാവനാശാലിയായൊരു വി.കെ എൻ ആരാധകന് പറയാവുന്നതാണ്. കൃഷണൻ നായർ മരിച്ചു ഇനി പച്ച ഗോപ്യായി ! എന്ന്  പറഞ്ഞത് വി കെ എന്നാവണമെന്നില്ല.പക്ഷേ വി.കെ. എന്നിൽ വിശ്വരൂപം കാട്ടിയ ഒരു പാരമ്പര്യം ചെറുതായൊന്ന് തിരനോക്കിയത് തന്നെയാണ് അത്.

മദ്യപിക്കാതെ മത്തരാവുന്ന ചില പ്രതിഭകൾ പറയുന്നു: മദ്യം ഒഴിച്ച് നേർപ്പിക്കാതെ  നാല് പെഗ്ഗ് വി കെ എൻ നീറ്റായി ചെലുത്തിയാൽ തുറന്നു പ്രവർത്തിക്കാത്ത ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസുകളില്ല എന്ന്.ദൂരെ നിന്ന് കണ്ടാൽ വിഷാദവാനായ ഒ.വി വിജയൻ്റെ കാരിക്കേച്ചറുകൾ പോലെ തോന്നിക്കുന്ന ഏകാകികളും ഒറ്റത്തടികളുമായ കരിമ്പനകളിൽ നിന്ന് മദ്യം പോലെ ഇരമ്പുന്ന വസ്തു ഉണ്ടാക്കാൻ കഴിയുന്ന പാലക്കടൻ മണ്ണിനെ നോക്കിയാണ്
വള്ളത്തോൾ മറ്റെന്തതിൻ നേർക്ക് നമസ്കരിക്ക
എന്ന് പറയേണ്ടി യിരുന്നത്.എഴുത്തച്ഛൻ,നമ്പ്യാർ,വി.കെ.എൻ,മേതിൽ എന്തൊരുത്തേജകങ്ങൾ!ആലീസിൻ്റെ അറയിലെ കേക്കായിരിക്കാം അസത്തുക്കൾ നാലുനേരവും  മൃഷ്ടാന്ന മുണ്ടത്.

വി. കെ എന്നിൽ ഒരു നീരാട്ട്

കൽപ്പറ്റ നാരായണൻ  ഭാഷാപോഷിണി വാർഷികപ്പതിപ്പ് 2018