White Crow Art Daily

ഐഡന്റിറ്റി കാര്‍ഡ്

കവിത ഇന്നലെ / എസ്.ജോസഫ്

ഐഡന്റിറ്റി കാര്‍ഡ്

 

പഠിച്ചുകൊണ്ടിരുന്ന കാലം

ഒരു പെണ്‍കുട്ടി ചിരിച്ചുവന്നു.

 

അവളുടെ ചോറിനും ചൂരമീന്‍കറിക്കും മീതേ

ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു.

 

ഞങ്ങള്‍ ഒരു ബഞ്ചില്‍

ഹിന്ദു കൃസ്ത്യന്‍ കുടുംബമായി.

 

ഞാന്‍ നെരൂദയുടെ കവിതകള്‍ വായിച്ചു നടന്നു

അതിനിടെ എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയി.

 

ഞാന്‍ കണ്ടു. കാര്‍ഡ് തന്നിട്ടവള്‍ പറഞ്ഞു,

ചുവന്ന പേനകൊണ്ടതില്‍ കുറിച്ചിട്ടുണ്ടല്ലോ

സ്റ്റെപ്പന്റ് വാങ്ങിച്ച കണക്ക്.

 

ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്ന്

മറക്കുന്നത് നോക്കാറേയില്ല

അല്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്ക്കൊള്ളും

ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല

അവരുടെ ഐഡന്റിറ്റികാര്‍ഡില്‍ ചുവന്ന കുറിക്കലുകള്‍

ഉണ്ടാവില്ല.

ഏറ്റുമാന്നൂരിനടുത്ത് പട്ടിത്താനത്ത് 1965-ല്‍ ജനിച്ചു. കറുത്ത കല്ല്, മീന്‍ കാരന്‍, ഐഡന്റിറ്റികാര്‍ഡ്, ഉപ്പന്റെകൂവല്‍ ...