White Crow Art Daily

ഓണ്‍-ലൈന്‍ എഴുത്തും ഇ-എഴുത്തുകാരും

മലയാളത്തിലെ ഓണ്‍-ലൈന്‍ എഴുത്തിനെപ്പറ്റി പി പി രാമചന്ദ്രനും കരുണാകരനും എഴുതിയ രണ്ട് കുറിപ്പുകളാണ്. ഇത് ഞങ്ങള്‍ ചര്‍ച്ചക്ക്‌ വെയ്ക്കുന്നു. പ്രസക്തമെന്നു തോന്നുന്ന അഭിപ്രായങ്ങള്‍, കണ്ടെത്തലുകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക.

 

പി. പി. രാമചന്ദ്രന്‍ എഴുതുന്നു :

ദേശാതിര്‍ത്തികള്‍ ഭേദിച്ച് മലയാളിജീവിതം വ്യാപിച്ചതിന്റെ അനുഭവലോകമാണ് ഇന്ന് നമ്മുടെ സാഹിത്യരചനകളെ പെരുപ്പിക്കുകയും പൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. അറുപതുകള്‍ വരെ കേരളീയമായ ജീവിതാനുഭവങ്ങളാണ് രചനകള്‍ക്കു വിഷയീഭവിച്ചതെങ്കില്‍ അതിനുശേഷം ആധുനികതയോടൊപ്പം മറുനാടന്‍ ജീവിതാനുഭവങ്ങളും നമ്മുടെ സാഹിത്യത്തെ, വിശേഷിച്ച് നോവലിനെ സ്വാധീനിച്ചിരുന്നു. അപ്പോഴും കവിതയില്‍ അതത്ര വ്യാപകമായിരുന്നില്ല. പിന്നീട് ആഗോളവത്കരണവും കമ്പോളവ്യാപനവും തൊഴില്‍മേഖലയുടെ ഒഴുക്കും ത്വരിതഗതിയിലായതോടെ പുതുസഹസ്രാബ്ദം മലയാളസാഹിത്യത്തിന്റെ പ്രമേയത്തേയും രൂപത്തേയും പൊളിച്ചെഴുതാന്‍ തുടങ്ങി. ഇന്റര്‍നെറ്റിന്റെ പ്രചാരം അതിന് വ്യാപ്തിയും കൂട്ടി. അച്ചടിക്കു പുറത്തുള്ള പ്രകാശനസാദ്ധ്യത ഉള്ളടക്കത്തിന്റെ അനിയന്ത്രിതമായ പ്രവാഹത്തിന് കാരണവുമായി.

കവിതയ്ക്കു സഹജമാണെന്നു കരുതിയിരുന്ന രൂപപരമായ കെട്ടുപാടുകള്‍ ആധുനികതയ്ക്കു മുമ്പുതന്നെ പൊട്ടിച്ചെറിയാന്‍ തുടങ്ങിയിരുന്നുവെങ്കിലും അത് തീര്‍ത്തും ഉപേക്ഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ ഇക്കാലത്താണ് സാര്‍ഥകമായി ഭവിച്ചത്. കാവ്യഭാഷയും വ്യവഹാരഭാഷയും ഒന്നായിത്തീരുന്ന ഒരുദാരത പുതിയ ആവിഷ്‌കാരങ്ങള്‍ക്ക് പ്രചോദകമായിത്തീര്‍ന്നു. രചനാപരമായ ശില്പസാങ്കേതികതയുടെ പുറംതോടു പൊട്ടിച്ച് ഉള്ളടക്കം നൈസര്‍ഗ്ഗികമായി പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഇതഃപര്യന്തം ആവിഷ്‌കരിക്കപ്പെടാതെപോയ അനുഭവങ്ങളുടെ അരികുകളും ഉള്ളറകളും കുത്തിയൊലിക്കുന്ന കാഴ്ചയാണ് കവിതയില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

കവിത എന്ന വ്യവഹാരം സാഹിത്യവിദ്യാര്‍ത്ഥികളുടേയും ഭാഷാദ്ധ്യാപകരുടേയും കുത്തകയല്ലെന്നും സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ക്കും മീന്‍വില്പനക്കാരനും ടാക്‌സിഡ്രൈവര്‍ക്കും – അങ്ങനെ പുതുജീവിതത്തിന്റെ ഏതു വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ക്കും – ഇടപെടാവുന്ന ഒരിടമാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിതയിലെ പാരമ്പര്യവഴക്കങ്ങളും സൗന്ദര്യസങ്കല്പങ്ങളും കാലഹരണപ്പെടുകയും ഇലകൊഴിച്ച് വീണ്ടും തളിര്‍ക്കുന്ന പെരുമരം പോലെ മലയാളകവിത പുതുജീവിതാനുഭവങ്ങളെക്കൊണ്ട് അതിജീവിക്കുകയും ചെയ്യുന്നു. പോയകാലങ്ങളില്‍ ഏകമുഖമായി ഒഴുകിക്കൊണ്ടിരുന്ന കവിത ഇന്ന് ബഹുസ്വരതകൊണ്ട് പരക്കുകയാണ് എന്നും പറയാം. പുതുതലമുറയുടെ അഭിരുചി അവഗണിക്കാനാവാത്തവിധം വ്യാപകമായതുകൊണ്ട് പൊതുവേ പ്രശസ്തരെ മാത്രം പരിഗണിക്കാറുള്ള അച്ചടിപ്രസിദ്ധീകരണങ്ങള്‍പോലും കവിതയിലെ നവാഗതരെ സ്വാഗതം ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി.

ഇന്റര്‍നെറ്റ് എന്ന നവമാധ്യമമാണ് കവിതയ്ക്ക് ചങ്ങലയില്ലാത്ത സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇടം. തിരയെഴുത്തില്‍ ശ്രദ്ധേയരായതിനുശേഷം അച്ചടിമാധ്യമങ്ങളിലേക്കു പ്രവേശിച്ചവരും അച്ചടിപ്രസിദ്ധീകരണങ്ങളുടെ നിരന്തരമായ അവഗണനയെ മറികടക്കാന്‍ തിരയെഴുത്തിലേക്കു പ്രവേശിച്ചവരുമായ നിരവധി പുതുനിരക്കവികളെക്കൊണ്ട് സമൃദ്ധമാണ് മലയാളത്തിന്റെ ഈ-ലോകം. അച്ചടിക്ക് പുറത്തുള്ള ദൃശ്യശ്രാവ്യ സാദ്ധ്യതകളെക്കൂടി പ്രയോജനപ്പെടുത്തുന്ന പുതിയ പരീക്ഷണങ്ങളും ഈലോകകവിതയില്‍ ഇന്നു കാണാം. മാധ്യമപരമായ പരിമിതികളെ മറികടന്നും അവയുടെ സങ്കലനത്തിലൂടെ പുതിയ ആവിഷ്‌കാരരൂപങ്ങള്‍ അന്വേഷിച്ചും അത് സദാ പുതുക്കി ക്കൊണ്ടിരിക്കുകയുമാണ്.

 

കരുണാകരന്‍ എഴുതുന്നു :

എഴുത്തും ജീവിതവും അത്രമേല്‍ ‘അടുപ്പ’ത്തിലാണ് എന്ന് തോന്നിപ്പിക്കും വിധമാണ് നമ്മുടെയും ‘ഓണ്‍ -ലൈന്‍ -(സാഹിത്യം)-എഴുത്ത്’ സജീവമായത്. തൊണ്ണൂറുകളിലെ ബ്ലോഗ്‌ എഴുത്തില്‍, രണ്ടായിരത്തിലെ ഫേസ്ബുക്ക് പോലുള്ള പൊതുഇടങ്ങളില്‍ ആ എഴുത്ത് സജീവമായി. കവിതയില്‍,  സാഹിത്യവിചാരങ്ങളില്‍, ചലച്ചിത്രാസ്വാദാനങ്ങളില്‍ ഒക്കെ അത് ‘എഡിറ്റിംഗ്’ ഇല്ലാതെ ഇടപെട്ടു. എഴുത്തിലെത്തന്നെ അധികാരപ്രവര്‍ത്തനങ്ങളെ, അല്ലെങ്കില്‍ എഴുത്തില്‍, ‘എഴുത്ത്’ സ്വത്രന്ത്രമാകുന്ന ഒരവസ്ഥയെപ്പറ്റി ബോധമുള്ളവരാകാന്‍ ഒരവസരം തരുകയായിരുന്നു, ഒരര്‍ത്ഥത്തില്‍ ഓണ്‍-ലൈന്‍-എഴുത്ത്.

അതേസമയം, എല്ലാ ഭാഷാസമൂഹങ്ങളിലും ‘ഇന്റര്‍നെറ്റ്‌’ ഇടപെട്ടപോലെ, ഒരേസമയം പാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയില്‍ നിന്നുകൊണ്ടും  പലപ്പോഴും അതിനെ സംഭ്രമിപ്പിച്ചും ഈ ഓണ്‍-ലൈന്‍ കാലം നമ്മുക്കും മറ്റൊരു ലോകത്തെ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു: കലയുടെ ലോക ജീവിതം, അതിലെ സര്‍ഗ്ഗാത്മകമായ ബഹുസ്വരത, ദേശഭേദങ്ങളിലൂടെ മനുഷ്യസമൂഹത്തിലെ ഒരോ തലമുറകളും കടന്നുപോകുന്നത്തിലെത്തന്നെ വ്യതാസം, അങ്ങനെ പലതും. ഓണ്‍-ലൈന്‍-എഴുത്തിലെ ‘സൃഷ്ടികര്‍ത്താവ്’ (author) എന്ന സങ്കല്‍പ്പത്തെ ഇത് പലവിധത്തില്‍ ഇന്ന് വെല്ലുവിളിക്കുന്നു. ഒരാള്‍ എഴുതുന്ന ഭാഷയെയല്ല, അയാള്‍ പ്രിയത്തോടെ കുടിവെച്ച എഴുത്തുകാരിയെ / എഴുത്തുകാരനെയാണ് ഈ ഓണ്‍-ലൈന്‍ സാധ്യത പിടിച്ചുകുലുക്കിയത്. ഏറ്റവും വെളിപ്പെട്ട ഒരു ലോകത്തെ, അതിലെ പ്രാദേശിക ജീവിതങ്ങളെ കാണാന്‍,  ഈ കാലം എഴുത്തുകാരെ പുറത്തുകൊണ്ടുവന്നു നിര്‍ത്തി. ഏകാന്തത ആ ലോകത്ത്തിന്റെകൂടി മന്ത്രണമായി.

എങ്കില്‍, ഇങ്ങനെയൊരു അവസരത്തെ നമ്മുടെ ഓണ്‍-ലൈന്‍ -എഴുത്ത് എങ്ങനെ അഭിമുഖീകരിച്ചു?

എനിക്ക് തോന്നുന്നത്, നമ്മുടെ ഓണ്‍-ലൈന്‍ സാഹിത്യജീവിതം ഈ ചോദ്യത്തെത്തന്നെ “സ്കിപ്പ്” ചെയ്യുകയാണ് എന്നാണ്‌.

എഴുത്തുകാര്‍ ഓരോനിമിഷവും അനുഭവിക്കുന്ന കാലത്തിന്റെ ദ്രവാവസ്ഥ (liquid form) യുണ്ട്; ആധുനിക സാങ്കേതികവിദ്യ ‘ഈ കാണുന്ന പോലെ’ എന്ന് അതിനെ, സിനിമയിലെ ഒരു ‘ഷോട്ട്’ പോലെ, നിശ്ചലമാക്കുന്നു. നമ്മുടെയും ഓണ്‍-ലൈന്‍ എഴുത്ത് അങ്ങനെ ഒരു ‘ഷോട്ട്’ മാത്രമാവുകയായിരുന്നോ?

ഒരുപക്ഷെ ഇത്തരം ചോദ്യങ്ങള്‍ ആയിരിക്കും ഇനി ഓണ്‍-ലൈന്‍- എഴുത്തും എഴുത്തുകാരും നേരിടുക എന്ന് തോന്നുന്നു.