White Crow Art Daily

ഇത്തവണ മുംബൈ യാത്രയില്‍ ദീപക് ഷിന്‍ഡേയുടെ പെയിന്റിങ്ങ് ഷോ കാണാന്‍ സാധിച്ചത് നല്ലൊരനുഭവമായി. മുമ്പൊരിക്കല്‍ രാംകിങ്കര്‍ ബൈജിന്റെ പ്രദര്‍ശനമായിരുന്നു യാത്രയുടെ സാഫല്യം. മുംബൈ ഗാലറികള്‍ സന്ദര്‍ശകരെ – എന്നെപ്പോലെ അപൂര്‍വ്വമെത്തുന്ന യാത്രികരെ- നിരാശപ്പെടുത്താറില്ല എന്നാണനുഭവം. കേരളത്തിലെ ഗാലറികള്‍ക്കുള്ള വിഭവപരിമിതി ഇവിടെയില്ല. ജഹാംഗീറിലോ എന്‍.ജി.എമ്മിലോ മികച്ച ഷോകള്‍ എല്ലായ്‌പോഴും നടന്നുവരുന്നു.

സെലിബറേറ്റിങ് കോ എക്‌സിസ്റ്റന്‍സ് എന്ന ശീര്‍ഷകത്തില്‍ ജഹാംഗീറില്‍ നടക്കുന്ന പ്രദര്‍ശനഹാളിലേക്ക് കയറിച്ചെല്ലുന്നവരെ സ്തബ്ധരാക്കാന്‍ പോന്ന രൂപവര്‍ണ്ണവിന്യാസമാണ് കാന്‍വാസുകളില്‍. മനുഷ്യനും മൃഗവും തമ്മിലുള്ള സഹവര്‍ത്തിത്ത്വത്തിന്റെ വിഭിന്നമുഹൂര്‍ത്തങ്ങളാണ് ആക്രിലിക്കില്‍ രചിച്ച ഈ ചിത്രപരമ്പരയുടെ പൊതു പ്രമേയം. വിശാലമായ അര്‍ത്ഥത്തില്‍ അത് പ്രകൃതിയുമായുള്ള വേഴ്ച്ചയുമാവാം. കടുവര്‍ണ്ണങ്ങളില്‍ ചടുലചലനങ്ങളെ ഉള്ളടക്കിയ ദ്വിമാനരൂപങ്ങള്‍, ഒരു സ്റ്റാമ്പ് പോലെ അങ്ങിങ്ങു കാണുന്ന മുട്ടുകുത്തുന്ന വെണ്ണക്കണ്ണന്‍.

celebrating co-existance-2
celebrating co-existance-1
celebrating co-existance-3
celebrating co-existance-4

കടുവയും സന്യാസിയുമാണ് കഥാപാത്രങ്ങള്‍. ഇരിപ്പ്, നടപ്പ്, കിടപ്പ് തുടങ്ങി എല്ലാ പ്രവൃത്തികളിലും അവര്‍ സമാനമായ കരണങ്ങള്‍ പ്രകടിപ്പിക്കുന്നതുപോലെ. രൂപങ്ങള്‍ക്കു ചുറ്റും ഒരു നാടോടിക്കഥയുടെ നിഗൂഢതകള്‍ നിറഞ്ഞിരിക്കുന്നതുപോലെയും. ഒരു കടുവയും ഒരു മനുഷ്യനും ഒരുമിക്കുമ്പോള്‍ത്തന്നെ അവിടെ ഒരു കഥ ജനിക്കുന്നുണ്ട്. കടുവയോ മനുഷ്യനോ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്ന ഒരു സംഭവപരമ്പര സൃഷ്ടിക്കപ്പെടും. ആരെങ്കിലുമൊരാള്‍ വിഡ്ഢിയാക്കപ്പെടുമ്പോഴാണ് നാടോടിക്കഥകളില്‍ ഒരു ഗുണപാഠം ഉണ്ടാവുന്നത്. ഷിന്‍ഡേയുടെ ചിത്രങ്ങളില്‍ പ്രകൃതിചൂഷണത്തിന്റെ ഫലമായി കടുവയോടൊപ്പം മനുഷ്യനും വിഡ്ഢിയാക്കപ്പെടുന്ന ലോകമാണ് ആവിഷ്‌കരിച്ചതായി തോന്നുക.

ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ നായകനും കടുവയും സമുദ്രമധ്യത്തില്‍ ഒറ്റപ്പെട്ട ഒരു തോണിയില്‍ കഴിയുന്ന ദയനീയത ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയേക്കും. പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യരും സഹജീവികളെപ്പോലെ കൊടുത്തും വാങ്ങിയും കഴിഞ്ഞുപോന്ന ഒരു സംസ്‌കാരത്തിന്റെ ഗൃഹാതുരതയും ഇതുണര്‍ത്തുന്നുണ്ട്.

ദേശാതിര്‍ത്തികള്‍ മായ്ക്കുന്ന സംസ്‌കാരസങ്കലനങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ അതിനെതിരെ പൂര്‍വ്വസംസ്‌കൃതിയെ മുദ്രപ്പെടുത്തിക്കൊണ്ടുള്ള ഈ ദ്യശ്യാഖ്യാനം പാരിസ്ഥിതികസൗന്ദര്യത്തിന്റെ മേഖലയിലും വിലയിരുത്തപ്പെടാവുന്നതാണ്.

Deepak Shinde

Deepak Shinde

 

Share on Facebook0Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page