White Crow Art Daily

കണ്ണോപ്രേഷന്‍

കവിത /ശ്രീകുമാര്‍ കരിയാട്

കണ്ണോപ്രേഷന്‍ കഴിഞ്ഞതുകൊണ്ടാകാം,
നാലുവിരലുകളും രണ്ടുമുലകളുമായേ കാണാന്‍ പറ്റുന്നുള്ളു
ചിലനേരങ്ങളില്‍ വിരലുകള്‍ക്ക് ക്രമരഹിതമായ എണ്ണക്കൂടുതലുമുണ്ട്.

ഒരു വെള്ളക്കടലാസിലെപ്പോലെ
തെളിഞ്ഞുതെളിഞ്ഞുവരുന്ന പശുവിനൊപ്പം
പാത്രത്തിലേയ്ക്ക് പാലൊഴുകുന്നതും കാണാന്‍ പറ്റുന്നുണ്ട്.

അവ്യക്തതയിലേയ്ക്ക് എല്ലാം പോകുന്നു
ഒന്നുചുറ്റിക്കറങ്ങി
വീണ്ടും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.
അതിനിടെ പാത്രത്തിലെ ശബ്ദം മെല്ലെ
വെളുത്ത ദ്രാവകമായിക്കൊണ്ടിരിക്കുന്നു.

സ്ലോമോഷനിലാണിത് സംഭവിച്ചത്
ജീവിതം മൊത്തം സ്ലോമോഷനാണ്
എല്ലാഗ്രഹങ്ങളും കറങ്ങുന്നത് സ്ലോമോഷനിലാണ്
ജീവനുള്ള ഗ്രഹങ്ങളിലെ പശുക്കളുടെ പാല്‍ ആദ്യം ശബ്ദമാവുകയും
വര്‍ഷങ്ങള്‍ കഴിഞ്ഞ് ദ്രവരൂപം പ്രാപിക്കുകയും ചെയ്യുകയാകാം.

സ്ലോമോഷനില്‍ ചലിക്കുന്ന ഈ ഗ്രഹങ്ങളെല്ലാം
കണ്ണോപ്രേഷനുശേഷം തെളിഞ്ഞുവരുന്നതാണ്
അവയ്ക്കിടയില്‍ പശുവും.

ഇടയ്ക്കെന്തോ
പശുവും മുലകളും വിരലുകളുമെല്ലാം
മാഞ്ഞുപോകുന്നതായും തോന്നുന്നു.
ശബ്ദംകൊണ്ടുള്ള ഒരറിവ് മാത്രമായി ഭൂമിയെപ്പോലും തോന്നിത്തുടങ്ങുന്നു
ഒരാണ്‍കുഞ്ഞായി പതിനെട്ടുകൊല്ലം മുമ്പ് ജനിച്ചത്
ഓര്‍മ്മയില്‍ വരുന്നുണ്ട്.
നഴ്സിന്റെ കയ്യില്‍നിന്ന് മറ്റൊരു നഴ്സിന്റെ കൈകളിലേയ്ക്ക്
വളരെപ്പതുക്കെ പകര്‍ന്ന കുഞ്ഞ്.

കുഞ്ഞിന്റെ മനസില്‍ എന്തെല്ലാം ചിത്രങ്ങളാണ് തെളിഞ്ഞു വന്നത് ?
ആ ചിത്രങ്ങളുടെ ഉറവിടമെന്താകാം?

കൈകളില്‍ കുഞ്ഞുവളകളിടാന്‍ മത്സരിച്ച സ്ത്രീകള്‍
വളകള്‍ക്ക് ഗ്രഹങ്ങളുടെ ആകൃതിയാണെന്ന് കുഞ്ഞ് തിരിച്ചറിഞ്ഞു.

അക്ഷരം പഠിക്കാന്‍ തുടങ്ങിയതോടെ വളകള്‍ മാഞ്ഞു
നിക്കറും ഷര്‍ട്ടുമിട്ട് സ്കൂളിലേയ്ക്ക് നടക്കുമ്പോള്‍
വളകളിട്ട പെണ്‍കുട്ടികള്‍ക്കും വളകളിടാത്ത ആണ്‍കുട്ടികള്‍ക്കുമിടയ്ക്ക്
വഴിവിലങ്ങുന്ന പുള്ളിപ്പശുക്കളേയും വെള്ളക്കാളകളേയും
കണ്ടുപേടിച്ച ദിനങ്ങളുമുണ്ട്.
വീട്ടിലെപ്പശുവിന്റെ ഭാവമല്ല വഴിയിലെപ്പശുക്കള്‍ക്കെന്ന് തോന്നുന്നു
ജീവന്‍ നിലനില്‍ക്കുന്ന പല ഗ്രഹങ്ങളിലെപ്പശുക്കള്‍ക്ക് വെവ്വേറെ ഭാവമാണ്
അതിന്റെ തെളിവുകളുണ്ട്.ആരും രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രം.
ഭൂമിയിലെ കാര്യങ്ങള്‍തന്നെ നാം പഠിച്ചുതീര്‍ന്നിട്ടില്ല അല്ലെ?

ഇപ്പോള്‍ നാലുമുലകളും എല്ലാവിരലുകളും വ്യക്തമായികാണുന്നുണ്ട്
വളകള്‍ കിലുങ്ങിക്കിലുങ്ങി പശുവിനെ കറക്കുന്നു
കറങ്ങിക്കറങ്ങി അത് പോകുന്നു
ഓപ്പറേഷന്‍ കഴിഞ്ഞകണ്ണുകള്‍ അതിന്റെ പിന്നാലെ പോകുന്നു.

അത് എവിടെച്ചെന്ന് നില്ക്കുമെന്നതൊരു പ്രശ്നമല്ല.
നില്‍ക്കുന്ന ഇടങ്ങളില്‍ മനുഷ്യനും ചെല്ലാം.
വളകളിട്ട പെണ്‍കുട്ടികള്‍ക്കും വളകളിടാത്ത ആണ്‍കുട്ടികള്‍ക്കും
സ്കൂളില്‍ പോകാന്‍ കഴിയുന്നതുപോലെ.

കണ്ണുകള്‍ക്ക് പിന്നിലുള്ള വേരുകള്‍
തലച്ചോറിലേക്ക് പടരുന്നതു തടയുവാന്‍
കണ്ണോപ്രേഷന്‍ കൊണ്ടാകണമെന്നില്ല.

Paintings :Van Gogh, Egon Schiele

Share on Facebook42Tweet about this on TwitterShare on Google+0Pin on Pinterest0Buffer this pageEmail this to someonePrint this page

എറണാകുളം ജില്ലയിലെ കരിയാട് അകപ്പറമ്പില്‍ ജനിച്ചു. ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ. മേഘപഠനങ്ങള്‍, നിലാവും ...