White Crow Art Daily

കപ്പ വാട്ട് കല്യാണം കൂടിയിട്ടുണ്ടോ?

ജെബിൻ ജെസി തോമസ്

കാലാവസ്ഥ കാലുവാരാതെ കൃത്യത കാണിച്ചിരുന്ന കാലത്ത് കുംഭത്തിൽ കപ്പയിട്ടാൽ ഡിസംബർ മുതൽ തെളിച്ചം നോക്കി കപ്പവാട്ടു തുടങ്ങുകയായി. തയ്യാറെടുപ്പുകൾ നേരത്തെ നടത്തും,അളവ് വല്ലങ്ങളും,ചുമടുവല്ലങ്ങളും കോരു കുട്ടകളും ഈറ്റവെട്ടി കെട്ടിവെച്ചി രിക്കും.തലേ വർഷങ്ങളിലെ നല്ല വല്ലങ്ങളും കൊട്ടകളും വീണ്ടും ഉപയോഗിക്കാം,പോരാത്തത് എണ്ണമനുസരിച്ച് കെട്ടും.വാട്ടാനാവശ്യമായ വിറകുകൾ ശേഖരിച്ചുവെക്കും.സ്വന്തമായി വട്ടാനുള്ള ചെമ്പില്ലെങ്കിൽ അതിൻ്റെ ലഭ്യതക്കനുസരിച്ചും തിയതിയിൽ മാറ്റങ്ങൾ ഉണ്ടാവും.മാറ്റാൾ പണിയായിരുന്നു ആദ്യ കാലത്തൊക്കെ,കൂടാതെ കപ്പയില്ലാത്ത വീടുകൾ കൈവിരലിൻ്റെ എണ്ണത്തിനും താഴെയാണ്. സ്വന്തമായി കപ്പയിടാൻ സ്ഥലമില്ലെങ്കിൽ പാട്ടത്തിന് സ്ഥല മെടുത്തിടും.കപ്പ വില്പ്പന ക്കായിരുന്നില്ല ഉല്പാദിപ്പിച്ചിരുന്നത്,ഓരോ വീട്ടുകാരുടേം ഉപയോഗത്തിന് മാത്രമായി രുന്നു.കുടിയേറിയ കാലത്ത് വീടുകളിൽ പത്തായം കാലിയാക്കാൻ പോന്ന തീറ്റക്കാരായ എട്ടും പത്തും പന്ത്രണ്ടും പതിനഞ്ചും പേരെങ്കിലും കാണും.ഒരുപാടാളുകൾ ആവശ്യമായ കപ്പവാട്ടുകൾക്ക് കാർന്നോന്മാർ തമ്മിൽ മാറ്റാൾ പണിക്കും കപ്പവാട്ടിൻ്റെ തിയതിക്കും ധാരണയുണ്ടാക്കും.ചെത്തിനും വാട്ടിനും ചുമടിനുമായി ആളെണ്ണം തീരുമാനിക്കും. ഇന്നും നാളെം നമ്മുടെ വീട്ടിൽ കപ്പവാട്ടാ ണെങ്കിൽ കുന്നത്തുനിന്നും അഞ്ചു പേരും വെട്ടത്ത് നിന്ന് നാലുപേരും കൂടും. അതിനടുത്ത ദിവസങ്ങളിൽ ആ വീട്ടുകാരും കപ്പ പറിക്കാൻ തീരുമാനിക്കും, അപ്പൊ നമുക്ക് സഹകരിച്ച ആളെണ്ണത്തിൽ നമ്മൾ അങ്ങോട്ടും പോകും,കൂടും.

വാട്ടാനാവശ്യമായ വെള്ളമുള്ളിടത്താണ് അടുപ്പ് കൂട്ടുന്നത്,അത് സാധാരണ അടുപ്പല്ല താനും. ചെമ്പടുപ്പെന്നാണ് വിളിക്കുക, ചെമ്പുകൾ പല അളവിലുള്ളതുണ്ട് രണ്ടര വല്ലം കപ്പ കൊള്ളുന്ന ചെമ്പുണ്ട്,നാല്‌ വല്ലം കൊള്ളുന്നതുണ്ട്,ചെമ്പിൻ്റെ അളവനുസരിച്ച് അടുപ്പും കൂട്ടും.ചെമ്പടുപ്പ് റ യുടെ രൂപത്തിലാണ്, തുടക്കത്തിലും നടുക്കും ഒടുവിലും മൂന്ന് കല്ലുകൾ നന്നായി ഉറപ്പിക്കും അതിൻ്റെ ഇടഭാഗം ചെറിയ കല്ലുകളും മണ്ണും കൊണ്ട് അടയ്ക്കും,ഓരോ സൈഡിലും തീ കത്താനുള്ള ചെറിയ തുളകൾ ഇട്ടേക്കും, അതനുസരിച്ചാണ് കപ്പയിടലും ,ഇളക്കലും, കോരലും.അടുപ്പ് കൂട്ടിയതെയുള്ളു ഇനിയതിൽ ആവേശം കത്തിക്കും, അവസാനംവരെ കെടാത്ത ആവേശം.

കപ്പവാട്ട് കല്യാണമെന്നായിരുന്നു പറഞ്ഞു പോന്നിരുന്നത്,ഒരു കല്യാണത്തിനുള്ള ഒരുക്ക ങ്ങളും കാത്തിരിപ്പു മുണ്ടായി രുന്നു.കപ്പ വാട്ടിനുള്ള വിളികൾ പോലും ആ കണക്കി നായിരുന്നു.ഒപ്പം കാര്യത്തിൻ്റെ ഗൗരവവും അങ്ങനായിരുന്നു,ഓരോ കുടുംബത്തിൻ്റെം പട്ടിണി അകറ്റിയിരുന്നത് ഈ പറങ്കി പീസായി രുന്നു.കപ്പ കൊടുക്കു മ്പോൾ പകരം നെല്ലും തേങ്ങയും എണ്ണയുമൊക്കെ കിട്ടിയിരുന്നു. ആവശ്യത്തിന് കഴിക്കാവുന്ന ഏക ആഹാര മായിരുന്നു കപ്പ,അരി ചാക്കിൻ്റെ അളവ് കപ്പ ചാക്ക് കൺട്രോൾ ചെയ്തിരുന്നു.വേറൊരു കാര്യം പറയാം,കപ്പ വാട്ടിയിട്ടിരുന്നത് പുഴയിലേം തോട്ടിലേം പറമ്പിലേം വലിയ പാറകളി ലായിരുന്നു,മുൻപ് പറഞ്ഞ തിയതി തീരുമാനി ക്കലിൽ പാറയുടെ ഒഴിവും കാണണമായി രുന്നു,കാരണം ഒരു പാറേൽ തന്നെ ഒന്നിലധികം വീട്ടുകാർ കപ്പയിടു മായിരുന്നു. മണ്ണിലൊ പ്ലാസ്റ്റിക്ക് പായകളിലൊന്നും ഈ നാട്ടുകാർ കപ്പയുണങ്ങാനിടാറില്ല

പിന്നീട് വാർക്കപ്പുറങ്ങളിൽ കപ്പവാട്ടിയിട്ടു, അന്നൊന്നും വാർക്ക വീടുകളൊ കെട്ടിട ങ്ങളൊ ഇല്ലല്ലോ.ങാ എന്നിട്ട്, കണക്കു കൂട്ടലുകൾ കയ്യീന്ന് പോയ കപ്പ വാട്ടുകൾ ഉണ്ടായിട്ടുണ്ട്,ഒരു നാടിൻ്റെ ദുരന്തകഥകളുടെ കൂട്ടത്തിൽ കെട്ടി കാട്ടിലു പേക്ഷിച്ച കഥകൾ. കല്യാണ ങ്ങൾക്കായി വീട്ടുകാർ ഒരുങ്ങുന്നത് കാണാറില്ലേ? ഇച്ച പിഴച്ചാൽ പരിപാടി പാളും,അതിപ്പൊ പന്തലു മുതൽ പായസം വരെയും അച്ചാറു മുതൽ ആദ്യരാത്രി വരെയും അടിപൊളിയാവണം. അങ്ങനെ തന്നെയാണ് കപ്പ വാട്ടും,കപ്പ ചെത്തി,വാട്ടി, ഉണക്കി ചാക്കിലാക്കി പത്തായത്തിലെത്തും വരെ വീട്ടുകാരുടെ ഉള്ള് വേവും.കല്യാണം കുളമാകുന്ന പോലെയാണ് കപ്പ വാട്ടും,ഏക്കറ് കണക്കിന് സ്ഥലത്തെ കപ്പ ഒരു വർഷത്തെ അധ്വാനത്തിൻ്റെ അവസാനം മഴ കൊണ്ടോ കുന്ന കെട്ട അവസ്ഥ.വാട്ടി പുഴയിൽ ചിക്കിയ കപ്പ നല്ല വെയിലുണ്ടെങ്കിൽ നാലാം പക്കം കപ്പ വരാം,പക്ഷേ രണ്ടാം ദിവസം മഴ പെയ്താൽ കപ്പ പുഴയ്ക്ക് സമർപ്പിച്ച് കഴിഞ്ഞത് മറന്ന്,മറ്റൊരു മാർഗ്ഗവുമില്ലാതെ മടങ്ങാം.കപ്പ വാട്ടിന് മഴ പെയ്യുന്നത് മരണത്തിൻ്റെ ദെണ്ണത്തി നോളമുണ്ടായിരുന്നു.ആ വീട്ടുകാരുടെ പേര് നാടിൻ്റെ കഥകളിലെ നീറുന്ന മുറിവാകും.

ചാര വെള്ള,സുന്ദരി വെള്ള,കൊടൂരൻ,റൊട്ടി കപ്പ, അയ്യാറെട്ട്,കട്ടൻ കപ്പ ഇങ്ങനെ യൊക്കെ യായിരുന്നു അന്നത്തെ കപ്പകളുടെ പേരുകൾ. വാട്ടുന്നേൻ്റെ തലേന്ന് തന്നെ കപ്പ പറിച്ച് പറമ്പിലൊരു സ്ഥലത്ത് മല പോലെ കൂട്ടിയിടും, ആ കപ്പമലേടെ ഒരു വശത്തിരു ന്നാൽ മറുവശത്തിരിക്കുന്നവരെ കാണത്തില്ല.കപ്പയുടെ തണ്ടുകൾ തൊലി കളയാതെ വീണ്ടും നടാനായി വെട്ടി എടുത്ത് വെക്കും.അത് വെട്ടാൻ പ്രത്യേക രീതികൾ തന്നെയുണ്ട്,പറിക്കാനും.നാല് വശങ്ങ ളീന്നും ഇളക്കി മോളിലോട്ട് പൊക്കണം,ഒരു കിഴങ്ങ് പോലും പൊട്ടി മണ്ണിൽ പെടരുത്,കപ്പ മൂട് പൊക്കി നോക്കും കിഴങ്ങ് പോയത് പിടിക്ക പ്പെടും,പറിക്കല്കാരൻ്റെ പിടിപ്പു കേടായി കാണുമത്.ആ കൂടത്തേൽ കപ്പ കമ്പ് അടയാള മായി വെക്കും,മൊത്തം കപ്പ പറി കഴിഞ്ഞിട്ട് തൂമ്പയുപയോഗിച്ച് ഒടിഞ്ഞ ഓരോ കിഴങ്ങും മാന്തിയെടുക്കും,കളയില്ല.അങ്ങനെ രാത്രിയോടെ കപ്പ പറിക്കൽ കഴിയും.കപ്പ കാലായിലിരുന്ന് കട്ടൻ കാപ്പീം അവില് നനച്ചതും കഴിച്ച് അന്നത്തേക്ക് പിരിയും. പിറ്റേന്ന് പെലകാലെ വീട്ടുകാരെണീറ്റ് കപ്പ ചെത്തി തുടങ്ങും,മറ്റാളുകൾ എത്തുമ്പോ ഴേക്ക് ആദ്യ വാട്ടിനുള്ള കപ്പയാ യിരിക്കും,ആ കാലത്തൊക്കെ കപ്പ വാട്ടിൽ കൃത്യമായ തൊഴിൽ വിഭജനം ഉണ്ടായി രുന്നു.സ്ത്രീകൾ കപ്പ ചെത്തുകയും പ്രായമുള്ള പുരുഷന്മാർ അരിയുകയും ആരോഗ്യമുള്ള മറ്റ് പ്രായക്കാർ വാട്ടുകയും ചുമക്കുകയും ചെയ്യും.വാട്ടുന്ന വീട്ടിലെ കുട്ടികൾക്ക് വീട്ടുകാർ അന്ന് അവധി നല്കും,കാപ്പി കൊടുക്കുക,കപ്പ തിരയുക, അരിഞ്ഞ കപ്പ വല്ലങ്ങളിൽ നിറയ്ക്കുക തുടങ്ങി പണികൾ പലതും അവർക്കു മുണ്ടായിരുന്നു.വാട്ടാനായി പ്രത്യേക പദവിക്കാരും കയ്യാൾമാരും ഉണ്ടാ യിരുന്നു, അരിയാനും അങ്ങനെ തന്നെ.ഇത്തരക്കാർക്ക് കപ്പ വാട്ടിൽ മുന്തിയ സ്ഥാനമു ണ്ടായിരുന്നു. കപ്പ വാട്ടിനായി കന്നാസ് കണക്കിന് റാക്ക് കരുതിയിട്ടു ണ്ടാവും,രണ്ടും മൂന്നും ദിവസം രാവെളു ക്കുവോളം നീണ്ട് നിക്കുന്ന കപ്പ വാട്ട് കല്യാണത്തിന് ഇന്ധനം ഇഷ്ടം പോലെയു ണ്ടായിരുന്നു.ചുമട്ടുകാർകാരുടെ ചുമ്മാടിന് വാഴക്കച്ചി ഒരാഴ്ച മുന്നെ വെട്ടി നനച്ച് പാകത്തിന് കെട്ടിയൊരുക്കി യിട്ടുണ്ടാവും, രാത്രി ചുമടിന് വഴി കാട്ടാനുള്ള സുറുക്കു റ്റിയും മണ്ണെണ്ണ നിറച്ച് വെച്ചിട്ടുണ്ടാവും.കപ്പ ചിക്കാനുള്ള പാറയടി ക്കാൻ പ്രത്യേക ചൂലും കപ്പ തോണ്ടി കൂട്ടാൻ പ്രത്യേക പാളകഷ്ണവും.

കപ്പ അരിയാനുള്ള കത്തിയെ അടയ്ക്കാ കത്തി യെന്നാണ് പറയാറ്.പാക്ക് അരിയാ നുപയോഗി ച്ചിരുന്ന കത്തിയുടെ കുഞ്ഞേട്ടാ യാണ് ഈ കത്തി, ഉള്ളവരും, ഉപയോഗി ക്കാനറി യാവുന്നോരും കുറവാ രുന്നു. പലയിടങ്ങളിലും കപ്പയ രിയാനായി പ്രത്യേക നമ്പക്കത്തിയാണ് ഉപയോഗി ച്ചിരുന്നെ .പക്ഷേ അത് കപ്പയരിയാൽ മാത്രമേ എടുക്കു, കൊടും മൂർച്ചയിൽ ചുണ്ട് വളഞ്ഞ കത്തി. വട്ടത്തിലും നീളത്തിലും കപ്പ അരിയാം, കപ്പത്തൊലി ചെത്താം, ചിരണ്ടാം, പൊളിക്കാം.

കപ്പ വാട്ട് ദിവസമുള്ള ഭക്ഷണങ്ങളിലാണ് മറ്റൊരു കല്യാണസാദൃശ്യം, ഇറച്ചിയോ മീനോ മിക്കവാറും കാണും, ഉച്ചയ്ക്ക് സാമ്പാറും തോരനും പപ്പടവും മീനുമെല്ലാമടങ്ങുന്ന വിശദമായ വിഭവങ്ങൾ കാണും.ഇടയ്ക്കിടെ കട്ടനും,കളളും.രാവിലെ കാപ്പിയ്ക്ക് കപ്പേം ഉണക്ക മത്തിക്കറീം മിനിമത്തിൻ്റെ മാക്സിമമാണ്.ഏഷണി പരദൂഷണം , പരിഭവം, പരാതി,വിലാപം,പല്ലുകടി,കൊതിക്കെറുവ്, കുത്തിത്തിരുപ്പ് മുതൽ കലാപം വരെ കപ്പവാട്ട് കല്യാണങ്ങളിലെ കലാപരി പാടികളായിരുന്നു.

സിനിമയിലെ പാട്ടുസീനിൽ സെക്കൻ്റുകളിൽ മിന്നി മറയുന്ന ഒന്നല്ല മൺമറഞ്ഞേക്കാവുന്ന ഒരു സമൂഹത്തിൻ്റെ കാർഷിക സംസ്കാരം.ഒന്ന് റീക്രിയേറ്റ് ചെയ്യാന്ന് കരുതിയാൽ തെറ്റി, ചിലതങ്ങനെയാണ് കൂട്ടിയാൽ കൂടില്ല, അതുകൊണ്ടാണ് ഞാനിതൊക്കെ രേഖക ളാക്കുന്നത്.എൻ്റെയൊരാഗ്രഹമാണ് ഒരു കപ്പ വാട്ട് ഡോക്യുമെൻ്ററി ചെയ്യണമെന്നത്,ഇത് അതിനുള്ള അബ്സ്ട്രാക്റ്റാണ്.അന്ന് ആ കപ്പ വാട്ട്‌ കല്യാണത്തിന് നമ്മുക്ക് കൂടാം

കോഴിക്കോട്, കരിമ്പ് സ്വദേശി.ഹൈദ്രബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. ...