White Crow Art Daily

കമറുദ്ദീൻ ആമയത്തിന്റെ കവിതകൾ

കവിതകൾ /കമറുദ്ദീൻ ആമയം

ഒരു.. ഒരു

നിത്യവും ഒരു വാക്ക് വെച്ച് പഠിക്കുക
ഉപദേശിക്കുമായിരുന്നു
പണ്ട് അധ്യാപകൻ

അങ്ങനെയെങ്കിൽ
ഒരു മാസം മുപ്പത് വാക്കുകൾ
കൊല്ലത്തിൽ മുന്നൂറ്റി അറുപത്തിയെട്ടു വാക്കുകൾ
രണ്ടാംശനി ഓണം വിഷു ബക്രീദ്
എത്ര ചേറികൊഴിച്ചാലും പഠിക്കാം
ആണ്ടിൽ പത്തുമുന്നൂറു വാക്കുകൾ

ഇപ്പോൾ നിത്യവും മറക്കുന്നതെത്ര
ചെമ്പോത്ത് ഒരു നല്ല വാക്ക് കൂടിയാണ്
മറന്നിട്ടെത്ര കാലമായി
മെച്ചിങ്ങ മറ്റൊന്ന്
മുരിങ്ങ കലം മുറം വട്ടോറം
കമ്മ്യൂണിസ്റ്റ്പച്ച മൈലാഞ്ചി
കോൽക്കളി തായംകളി
ഉരൽ അമ്മി കുഴഞ്ഞു പോകുന്നു
ഓർമയുടെ കിണറ്റിലേക്ക് ആഴ്ത്തി
പാളയും കയറും
ചുറ്റിപിടിക്കുന്നില്ല പാതാളക്കരണ്ടിയിലും
ഊർന്നുപോയവ

രക്ഷപ്പെട്ടു പോകുന്നു തല്ക്കാലം
അച്ചാറു കമ്പനിക്കാരുടെ കനിവിൽ
കണ്ണിമാങ്ങ
മധുരിപ്പിക്കുന്നു പ്രമേഹം
നെല്ലിക്കയെ പാവക്കയെ
താങ്ങി നിർത്തുന്നു സ്മിർനോഫ്
ചെറുനാരക കാലുകളെ
ഉദ്ധാരണക്കുറവ്
നായ്കൊർണ്ണച്ചെടിയെ

വാക്കുകളാണ്
ഉപ്പ ആദ്യം മറന്നു തുടങ്ങിയത്
പിന്നെ വസ്തുക്കൾ
അവസാനം അവരവരുടെ പേരുകളെന്നു
അനുജനും ഞാനും പോരടിക്കുമ്പോൾ
കിടാങ്ങളെ പോലെ വഴക്ക് കൂടുന്നോ
ഉമ്മയുടെ ശാസനയിൽ
രക്ഷപ്പെട്ടുപോകുന്നു
കുടുംബത്തോടൊപ്പം
രണ്ടു വാക്കുകൾ

വാക്ക് എന്നതിന്
നടത്തം എന്നാണ് അർത്ഥമെന്ന്
മക്കൾ പോരിനു വരുമ്പോൾ
മറവി ഒരു ഇതാണെന്ന്
എന്തോ പറയുമല്ലോ
ഒരു ഇതാണെന്ന്
ഒരു ഒരു..

മാർക്ക്

പാതിപൊട്ടിയ
സ്ലേറ്റ്‌ കാട്ടി 
കുഞ്ഞു കരഞ്ഞു

മറുപാതിയിൽ 
ദൈവത്തിന്റെ 
സ്ലേറ്റ്‌ ഉണ്ടല്ലോ

പൊട്ടലിലൂടെ 
ആകാശം ചൂണ്ടി 
ആമ്മ ആശ്വസിപ്പിച്ചു

രാത്രി 
കുട്ടിവീണ്ടും കരഞ്ഞു
ദൈവത്തിന്റെ സ്ലേറ്റിലെ
വട്ടപ്പൂജ്യം കണ്ട്.

 

  ക്രമം

 

ആഴ്ച്ചയൊഴിവിന്
ആറ്റൂരിനേയും കൊണ്ട്
പാർക്കിൽ പോയി
പണ്ടുതൊട്ടേ
മുൻവിധിയില്ലാ
പിൻമറി വായനക്കാരൻ
ബോബനും മോളിക്കും 
സാഹിത്യ വാരഫലക്കാരനുമുണ്ടതിൽ 
പങ്ക് 

ആരോർത്തു
ഇപ്പുലർച്ചയിൽ
ഏശാ തളർച്ചയിൽ 
താളുകളെ എന്നെ
തുറിച്ചുനോക്കിയിരിക്കും
സീ സീ ടീവിക്കണ്ണിനെ
നിയമച്ചീട്ടുമായ്‌ 
ബൂട്ടുക്കെട്ടിയെത്തി
ചോദ്യംചെയ്യും വരെ
നിങ്ങളെന്തു ചെയ്യുന്നു
വായിക്കുന്നെന്നോ
ഇതോ വായന

അറിയാമല്ലോ 
ക്രമത്തിലല്ലാത്തതൊന്നിനും
അനുവാദമില്ല
ഇവിടെ  പ്രവർത്തിക്കാൻ.

പിഴയിൽ ഒതുക്കുന്നു
തൽക്കാലം.

 

മുതുക്കൻ

ചെറുപ്പത്തിൽ
എനിക്കൊരു വാച്ചുണ്ടായിരുന്നില്ല
വാച്ചില്ലാത്തതിനാൽ
കൈയിൽ ധാരാളം സമയമുണ്ടായിരുന്നു.

മദ്രസ്സയിൽ ബെല്ല് മുഴങ്ങുമ്പോൾ
വറച്ചട്ടിയിൽ കിടന്ന്
റേഷനരി സ്വർണ്ണമാകുന്ന
മാജിക്ക് അരങ്ങേറും

കുണ്ടൻ പാത്രത്തിലെ
വെല്ലച്ചായയിൽ കുതിർന്ന്
വയറ്റിലെത്തി വീർത്ത്
ഞൊടിയിട വിശപ്പ്‌ ചുങ്ങിപ്പോകും.

പാടത്തുപോയ ആണുങ്ങൾക്ക്
കവടി പിഞ്ഞാണത്തിലേക്ക്
കഞ്ഞിപാരാൻകൂടിയുള്ളതാണ്
സ്കൂളിലെ ആദ്യമണി
രണ്ടാമത്തേത്‌
പൂട്ടുകന്നുകൾക്ക്
കാടിവെള്ളം കൊടുക്കാനും.

ബാങ്കുവിളി പരന്നെത്താത്ത
വീട്ടുമുറ്റത്തെ നിഴലളന്ന്
നിസ്ക്കാരപ്പായവിരിക്കും
വല്യുമ്മ.

എന്നും മുടങ്ങാതെ വിരിയും
നാല് മണിപ്പൂവിന്റെ പൽച്ചക്രം
പുഴുങ്ങിയെടുക്കും
ചേമ്പിനെ കാവത്തിനെ

കൈയിലെ മണെണ്ണാ
കന്നാസിലേക്കാണ്
റേഷൻ കടയിൽ
അളന്നെടുക്കുക സമയത്തെ

നൂറു തേയില ഇരുനൂറു പഞ്ചാര
കാക്കിലോ മുളക് മല്ലി റവ തൂക്കി
കടലാസ്സിൽ പൊതിഞ്ഞത്
തൂവി പോകാതിരിക്കാൻ
ചാക്ക് നൂലുകൊണ്ട് 
ഒരു പിരിച്ചു കെട്ടലുണ്ട്
സമയത്തെ

മീനും സമയവും
പച്ചീർക്കിളി കോർമ്പയിൽ
ഒന്നിച്ചാണ് കോർത്ത്‌ തരിക

കൈകാൽ കഴുകാൻ കുളിക്കാൻ
കടവിൽ ഇറങ്ങിയാൽ
കളിതീർന്ന മൈതാനിയിൽ നിന്നും
ആകാശത്തേക്ക് നീട്ടിയടിച്ച
പാണ്ടൻ പന്ത്
മുഴുക്കുടിയൻ കണ്ണുമായ്
നിക്കണോ പോകണോ
ആടി അമാന്തിച്ച്
കാലിൽ തട്ടിമുട്ടും

മിന്നാമിനുങ്ങിനെക്കോർത്ത
വല്ല്യുപ്പാടെ ദസുവിയിൽനിന്നും
ഊർന്നു വീഴുന്നതു കാണാം
ദിക്കറിനൊപ്പം
കൈതോല പായയിലേക്ക്
ഒരു മുതുമുതുക്കൻ പകൽ.

ചിത്രമെഴുത്ത്    പ്രേം ആർ നാരായൺ

പൊന്നാനി താലൂക്കിലെ ആമയത്ത് 1973-ല്‍ ജനിച്ചു. കവിയും വിവര്‍ത്തകനും.ഇംഗ്ഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ...