White Crow Art Daily

കലയും കോവിഡും

ജൂഡി ചിക്കാഗോ  / വിവർത്തനം -കെ.കെ. ബാബു മോൻ

മാർച്ച് ആദ്യം ഞാനീ ലേഖനമെഴുതാൻ തുടങ്ങുമ്പോൾ ലോകം കീഴ്മേൽ മറിഞ്ഞിരുന്നു. ഇതിൻ്റെ ഒറിജിനൽ ടെക്സ്റ്റ് മാറ്റാനെന്നെ പ്രേരിപ്പിച്ചത് ഒരേയൊരു ചോദ്യമായിരുന്നു. കോവിഡ്- 19 പോലെയൊരു പകർച്ചവ്യാധി ആഗോള പ്രതിസന്ധിയാകുമ്പോൾ കലയ്ക്ക് സ്ഥാനമുണ്ടോ?

തീർച്ചയായും, പ്രശ്നമില്ലാത്ത ഒരു വലിയ കലയുണ്ട്.

ഓരോ വർഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഫൈൻ ആർട്സ് വിദ്യാർത്ഥികളുണ്ട്. ഫോർമലും, കൺസെപ്ചുവലും, തിയററ്റിക്കലുമായി കല പഠിച്ച്‌ ചെറിയൊരു വിഭാഗം ആളുകൾക്ക് മാത്രം കൈകാര്യം ചെയ്യുവാനോ വിശദീകരിക്കാനോ സാധിക്കുംവിധം ഇട്ടാവട്ടത്തിലുള്ള ഒരുവിഭാഗം. മറ്റൊന്ന് ആഗോള കലാ വിപണനമാണ്. അവയിൽ പലതും കലാവസ്തുവിൻ്റെ വിലയ്ക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.മറിച്ച് അതിൻ്റെ ഉള്ളടക്കമോ സംവേദനമോ അല്ല.

Francis Goya-Still life

പക്ഷെ, കല അർത്ഥപൂർണ്ണവും സാധൂകരിക്കത്തക്കതുമാകുമ്പോൾ സംവേദകർ പ്രചോദിതരും പ്രബുദ്ധരുമാവുന്നു. ഈയൊരു മാറ്റമാണ് നമുക്ക് അത്യാവശ്യം.

കലയുടെ അപാരമായ ശക്തി തിരിച്ചറിയുന്നത് 1970-ൽ ആണ്. ഗ്രാൻറ് ഫോക്സിൽ ഞാനൊരു പ്രഭാഷണം നടത്തുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരുമായി ഏകദേശം ഇരുന്നൂറിൽപരം ആളുകൾ എത്തിയിരുന്നു. ‘ഗ്രേറ്റ് ലേഡീസ്’ എന്ന എൻ്റെ അമൂർത്ത പോട്രേറ്റ് ചിത്രപരമ്പരയായിരുന്നു ഞാനവതരിപ്പിച്ചിരുന്നത്. ചരിത്രത്തിൽ മറക്കപ്പെട്ട വനിതകളായിരുന്നു അവർ. സ്വീഡനിലെ രാജ്ഞി ക്രിസ്റ്റീനയ്ക്ക് (17-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ കലയുടെ രക്ഷാധികാരിയായിരുന്നു.) അക്കാലത്തെ യൂറോപ്യൻ കലയിലും സംസ്കാരത്തിലും എറെ സ്വാധീനമുണ്ടായിരുന്നു. വുമൺ സ്റ്റഡീസ് ശൈശവദശയിലായിരുന്ന അക്കാലത്ത്, എനിക്ക് മുൻപ് എന്നെപ്പോലെ ജീവിതത്തിലും തൊഴിൽ മേഖലയിലും ഏറെ കടമ്പകളനുഭവിച്ച വനിതകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു.

പ്രഭാഷണത്തിനു ശേഷം പതിവിനു വിപരീതമായി എൻ്റെ ചിത്രങ്ങളെക്കുറിച്ച് സദസ്യരോടു ചോദിച്ചു. കുറച്ചു നിമിഷങ്ങൾക്കു ശേഷം ഒരാൾ പറഞ്ഞു , താങ്കൾ ചരിത്രത്തിലെ ചില സ്ത്രീകളെ വരച്ചത് രസകരമാണ്. പക്ഷെ, ഒരു വിശദീകരണമില്ലാതെ അവ മനസിലാക്കാൻ സാധിക്കുകയില്ല എന്നതാണു് പ്രശ്നം. ആ ഇൻ്ററാക്ഷൻ എനിക്ക് ഒരു മാർഗ്ഗദർശനമായിരുന്നു. എൻ്റെ ഇമേജറികൾ എങ്ങനെ കൂടുതൽ ശക്തമാക്കാമെന്നു് ആ സംഭവമെന്നെ ഇരുത്തി ചിന്തിപ്പിച്ചു. അങ്ങനെയാണ് ‘ദ ഡിന്നർ പാർട്ടി ‘ യുടെ ഉത്ഭവം – പടിഞ്ഞാറൻ സംസ്കാരത്തിലെ സ്ത്രീകളുടെ പ്രതീകാത്മകമായ ചരിത്രം – 1979-ൽ കലാസൃഷ്ടി കണ്ടതിനു ശേഷം തങ്ങളുടെ ജീവിതം മാറിമറഞ്ഞതായി എണ്ണമറ്റ വ്യക്തികൾ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ ആ വർക്കിൻ്റെ ഘടനയായിരുന്നു ഇത്രയധികം ആളുകളെ ആകർഷിച്ചത്. നിലവിലെ കലയുടെ ചട്ടക്കൂടും, മ്യൂസിയങ്ങളും ഡിന്നർ പാർട്ടിയെ തള്ളിക്കളഞ്ഞെങ്കിലും !.പ്രവർത്തിക്കാനുള്ള കരുത്താണ് കല എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.

Goya

അമേരിക്കയിലും, കാനഡയിലും, യൂറോപ്പിലും, ഓസ്ടേലിയയിലുമുള്ള അസംഖ്യം സംഘങ്ങൾ ( സമുദായങ്ങൾ ) ഗ്രാസ്റൂട്ടിലുള്ള ഈ പ്രതിഭാസപ്രസ്ഥാനത്തിൻ്റെ ഭാഗമായി.ഇത് സംബന്ധിച്ച്, ‘ദ ഡിന്നർ പാർട്ടി : ജൂഡി ചിക്കാഗോ ആൻ്റ് ദ പവർ ഓഫ് പോപ്പുലർ ഫെമിനിസം ,1970-2007 ‘ എന്നൊരു ഗ്രന്ഥം ഡോ.ജെയിൻ ജെറാഡ് രചിച്ചിട്ടുണ്ട്.

ഡിന്നർ പാർട്ടി ചെയ്യുന്ന സമയത്ത് പല പൊതു സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം തേടിയിരുന്നെങ്കിലും, അവയൊന്നും വിജയിക്കാതായപ്പോൾ, പ്രദർശനത്തിനായി മറ്റു സ്ഥലങ്ങൾ തേടി. ലോകത്തിൻ്റെ പല ഭാഗത്തു നിന്നുമുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്. അതുകൊണ്ടുതന്നെ ഇത് യാഥാർത്ഥ്യമായപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കലാസൃഷ്ടി ദർശിച്ചത്. തൊട്ടടുത്ത പ്രൊജക്ടുകളിലും കൂടുതൽ ജനങ്ങളിലേക്ക് വ്യാപരിക്കും വിധം ശ്രമങ്ങൾ തുടർന്നു. ശക്തമായ വിമർശനങ്ങൾക്കിടയിലും ആളുകൾ തുടർച്ചയായി അവ കണ്ടു എന്നതായിരുന്നു ഫലം.

നമ്മെ ഇത്രയധികം ബാധിച്ചിട്ടുള്ള ഈ പകർച്ചവ്യാധിയെ എന്തു ചെയ്യാമെന്നാണ് ചോദ്യം. ഈ വിഷമസന്ധിയിൽ കലയുടെ ശക്തി, പ്രശ്നങ്ങളിൽ എങ്ങനെ വെളിച്ചം വീശാനുപകരിക്കും എന്നതാണ്.

എൻ്റെ കല അഭിസംബോധന ചെയ്യുന്നത് അധികാരത്തിൻ്റെ ദുർവിനിയോഗവും ചില പീഢിത വിഭാഗങ്ങളുടെ പ്രശ്നങ്ങളുമാണ്. ‘പവർ പ്ലെ’ കേന്ദ്രീകരിക്കുന്നത്, ലോകത്തെ തകർക്കും വിധം പുരുഷത്വത്തിൻ്റെ കടന്നുകയറ്റമാണെങ്കിൽ, എൻ്റെ ഭർത്താവ് ഡൊണാൾഡ് വുഡ് മാൻ്റെ സഹായത്തോടെ ചെയ്ത ഹോളോകോസ്റ്റ് പ്രൊജക്ട്: ‘ഫ്രം ഡാർക്ക്നസ് ഇൻടു ലൈറ്റ് ‘ ആഗോള വ്യവസ്ഥിതി സൃഷ്ടിക്കുന്ന അനീതിയും അത് ഉൽപ്പാദിപ്പിക്കുന്ന ഹോളോകോസ്റ്റുമാണ്. വിർജീനിയ വൂൾഫ് ഒരിക്കൽ സൂചിപ്പിച്ചതു പോലെ, ” പുരുഷാധിപത്യം ഒരുതരം ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് പോകുന്നു.”

Kathe Kollwitz

എൻ്റെ കലയും പ്രവർത്തനങ്ങളും ഒരു ആത്മപ്രശംസ എന്ന രീതിയിൽ പറയുകയല്ല, മറിച്ച്, അത് പ്രവർത്തനനിരതമാവാനുള്ള പ്രചോദനം എന്ന നിലയിലാണ്. നാം ആരെന്നും എന്താണ് നാം ചെയ്തു കൊണ്ടിരിക്കുന്നതെന്നും ബോദ്ധ്യപ്പെടുത്താനുള്ള ധൈര്യം കാണിച്ച കലാകാരന്മാർക്കേ സാരവത്തായ മാറ്റങ്ങളുണ്ടാക്കാനാവൂ. ‘യുദ്ധത്തിൻ്റെ ദുരന്തങ്ങൾ ‘ കാണിച്ചുതന്ന ഗോയയും, പാവപ്പെട്ട തൊഴിലാളി വർഗ്ഗത്തെ വരച്ചുകാണിച്ച കാതെ കോൾവിറ്റ്സും നമുക്കു മുൻപിലുണ്ട്. അതെല്ലാം വാക്കുകൾക്ക് അതീതമാണല്ലോ.

ഇന്ന് ഭൂമുഖത്ത് കല ഉയർത്തുന്ന ബോധം പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഡ്യൂക്കോയുടെ സമീപകാല ചിത്രങ്ങൾ സംസാരിക്കുന്നത് ജീവജാലങ്ങളോടുള്ള മനുഷ്യൻ്റെ ക്രൂരതയാണ്. അവ അരികുവൽക്കരിക്കപ്പെടുന്നു. ഈ അടുത്തകാലത്തെ എൻ്റെ പ്രൊജക്ട്, ‘ദ എൻഡ്സ് :എ മെഡിറ്റേഷൻ ഓൺ ഡെത്ത് ആൻറ് എക്റ്റിങ്ങ്ക്ഷൻ’ അഭിസംബോധന ചെയ്യുന്നതും പാർശ്വവൽക്കരിക്കപ്പെട്ട ജന്തുജാലങ്ങളാണ്. നാം പങ്കുവെച്ച് ജീവിക്കേണ്ട ഭൂമിയാണെങ്കിലും.

ഇത്തരത്തിലൊരു കലകൊണ്ടാണ് വിനാശകാരിയായ കൊറോണ വൈറസിനെ നാം പ്രതിരോധിക്കേണ്ടത്. ദാർശനികനായ ഡേവിഡ് ബനാറ്റർ ഈയിടെ ന്യൂയോർക്ക് ടൈംസിലെഴുതിയത് , ഈ പകർച്ചവ്യാധിയുടെ കാരണം മൃഗങ്ങളോടുള്ള നമ്മുടെ തെറ്റായ പ്രവൃത്തിയാണെന്നാണ്. പ്രൈമറ്റോളജിസ്റ്റ് ജെയിൻ ഗുഡ്സാൽ തൻ്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞതുപോലെ, “മനുഷ്യൻ്റെ സുഖജീവിതത്തിനായി ലോകമെമ്പാടുമുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നാം തകർത്തു കൊണ്ടിരിക്കുകയാണ്.”

നാം ഉണർന്നേ മതിയാകൂ. നമ്മുടെ ജീവജാലങ്ങളിൽ നിന്നും നാം കവർന്നെടുത്ത വഴി നാം തിരിച്ചറിയണം. നമ്മുടെ നേതാക്കൾ അത് അഭിമുഖീകരിക്കാൻ ശക്തരല്ല. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള തിരിച്ചടി, അവസാനമില്ലാത്തവിധമുള്ള സംഹാരമായിരിക്കും ഫലം.

എന്നാൽ കലാപ്രവർത്തകർ  അവരുടെ  പാടവം കൊണ്ട് നമുക്കുള്ള വഴി കണ്ടെത്തും.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്ന് BFA. ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് MFA ...