White Crow Art Daily

കലയുലഞ്ഞില്ലുമ്മർ

 
കല ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവിടെയെത്തിയത്. രാത്രി നടക്കാനിറങ്ങിയപ്പൊൾ ഒരു പാലം കണ്ടു.    അവിടം വഴി ഒരു പുഴയൊഴുകുന്നുണ്ടായിരുന്നു.
പുഴ മുറിച്ച് കടക്കാനുള്ള ഒരു യന്ത്രമാണ് പാലം. 
 
കലയെ പാലത്തിൽ കണ്ട കാലം പൂനിലാമഴ പെയ്യാൻ തുടങ്ങി. പൂനിലാമഴ പെയ്യുന്നത് കണ്ട കല മതിമറന്ന് നിന്നു. പാലത്തിനടിയിലൂടെ പുഴ കുതിച്ചു പാഞ്ഞു. മത്തഗ്ഗജംഗജഗജം. 
 
പൂനിലാമഴ പൂണ്ട് വിളയാടുന്ന ആ രാവിൽ ക്രമസമാധാനനിലയും മറ്റും ഓക്കെയാണോ ന്നന്വേഷിക്കാനിറങ്ങിയ ഖലീഫ ഉമ്മർ എന്ന പോലീസ് ഉദ്യോഗസ്ഥൻ അസമയത്ത് പാലത്തെ നിന്ന് പൂനിലാമഴ കൊള്ളുന്ന കലയെ കണ്ട് ഭയന്നു. അയാൾ സഞ്ചരിച്ചിരുന്ന ജീപ്പ് കലയുടെ മുന്നിൽ വന്ന് നിന്നു. 
 
ജീപ്പിലുപവിഷ്ടനായ  ഉമ്മർ പാലത്തെ നിൽക്കുന്ന കലയോട്, “പേര് ഊര് തൊഴിൽ ഇതുകൾ തെളിയിക്കുന്ന കാർഡുകൾ കാണട്ടെ.” എന്ന് പറഞ്ഞു.
 
 ഉമ്മർ കാണട്ടെ എന്ന് പറഞ്ഞ പാടെ കലയുടെ കാർഡുകൾ കണ്ടു. നിയമാനുസൃതമായ കലയാണ്. എങ്കിലും  ഉമ്മർ അവസരോചിതമായ് ഇങ്ങനെക്കൂടി മുരണ്ടു, “കലയൊക്കെയാണ്. നല്ല കലയാണ്. സമ്മതിച്ചു. താഞ്ചാടിച്ചത്തേക്കരുത്.”
 
കലയുടെ ദിവ്യദൃഷ്ടിയുണർന്നു. പുഴയിൽ ചാടി ചത്ത റീന എലിസബത്ത് മാമൻ എന്ന പെൺകുട്ടി യുടെ മൃതദേഹവുമായ് ഇന്നലെ മുതൽ ചുറ്റിസഞ്ചരിക്കേണ്ടി വന്നൊരു സാധരണ ക്കാരനായ മനുഷ്യപ്രാണിയാണ്  ഉമ്മർ. ഔദ്യോഗികവൃത്തിയിലും ചിലപ്പൊൾ ശവം ഒരു ദാർശനികപ്രശ്നം, വൈകാരികപ്രകോപനം, ഭയങ്കരം. അത് കേറി കൊളുത്തിയതാണ്. അയാളെ ഇനിയും വേദനിപ്പിച്ച് കൂട. താനിനിയും ഇവിടെ നിന്നാൽ  ഖലീഫ ഉമ്മർ, രാപ്പകലുകളുടെ കാവൽമാലാഖ, താഞ്ചാടിച്ചാവൊ താഞ്ചാടിച്ചാവൊ എന്ന് പേടിച്ച് ഇന്നൊരു പോള കണ്ണടയ്ക്കില്ല.  ഉമ്മർ, ഒരു നിയമപാലകൻ, ശരിക്കും പാവത്താൻ. 
 
എങ്കിലും ദിവ്യദൃഷ്ടി വേലിയിറങ്ങിയപ്പൊൾ കല സ്വതസിദ്ധധാർഷ്ട്യത്തോടെ തിരിച്ചടിച്ച് പോയ്, “പൊയ്ക്കോളും സാറേ. ഞാനൊന്നും ചാടി ചാവത്തില്ല. സാറൊക്കെ ജീവിതത്തെ സ്നേഹിക്കുന്നതിന്റെ വളരെയധികം ഞാനൊക്കെ എന്റെ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്.”
 
പ്രശാന്തകലയുടെ അസാധരണഗാംഭീര്യം കണ്ട് സാധാരണക്കരനായ  ഉമ്മറിന് ധന്യതയുണ്ടായ്. അയാൾ ഒരിക്കൽ കൂടി, ഒരു പക്ഷെ അവസാനമായ്,  തൊഴിൽസിദ്ധശൈലിയിലിങ്ങനെ മുരണ്ടു, “കൊണ്ട് വിടണൊ.”
 
ഫോമിലായ കലയും ഒട്ടും വിട്ട് കൊടുത്തില്ല, “നടന്ന് വരാനറിയാമെങ്കിൽ തിരിച്ച് പറന്ന് പോവാനുമറിയാം.” 
 
 

കവി, ബ്ലോഗര്‍. ഏ ഗോസിപ്പ് അക്കോര്‍ഡിംഗ് റ്റു ഹരിശങ്കരനശോകന്‍ കവിതാസമാഹാരം