കല ഇങ്ങനേയും പ്രവര്‍ത്തിക്കും
മലയാളികള്‍ കൂടിയ കുടുംബക്കാരും അന്തര്‍ജനങ്ങളുമാകയാല്‍ തെരുവെന്നാല്‍ മോശം സ്ഥലമെന്നാണ് വയ്പ്! തെരുവില്‍ നേരിടും എന്ന് പറഞ്ഞാലോ അതൊരു ഭീഷണിയല്ലാതെ മറ്റൊന്നുമല്ല. പ്രകടനം, ധര്‍ണ, കല്ലേറ് , ലാത്തിചാര്‍ജ്, ജലപീരങ്കി,ഗ്രനേഡ് ഇങ്ങനെ പ്രക്ഷോഭങ്ങളിലും; അധോലോകത്തിലേയ്ക്കുള്ള ഇടവഴികള്‍ , അടിപിടി, അക്രമം, ഗുണ്ടാവിളയാട്ടം, ക്വൊട്ടേഷന്‍കൊലാപാതകം ഇങ്ങനെ നിയമത്തെ മറികടന്നും അത് സംഘര്‍ഷഭരിതമാകും. സീസണ്‍ മാറുമ്പോള്‍ ലോറിപ്പുറത്തുപോകുന്ന ആനകള്‍, പ്ലോട്ടുകള്‍, നഗരമധ്യത്തിലെ വെടിക്കെട്ട്, ഓരോരോ പ്രദര്‍ശനം, കാര്‍ണിവലുകള്‍, മരിച്ചവരെ നഗരികാണിക്കല്‍…ഇതുകൂടിയുണ്ട്, തെരുവോരത്ത് നൃത്തം, സംഗീതം ,നാടകം, ദരിദ്രരുടെ സര്‍ക്കസ്, ഇന്ദ്രജാലം, ചിത്രമെഴുത്ത്, പഴയ പുസ്തകങ്ങളും കരകൌശലവസ്തുക്കളും…എല്ലാം നമ്മള്‍ കടന്നുപോകും.പൊതുഇടം മറ്റാരുടെയൊ ഇടമാണ്. നമുക്ക്പിന്‍വാങ്ങാനുള്ളത്.
മലയാള സിനിമക്കാര്‍ മൊത്തത്തില്‍ ഒരു മൈംട്രൂപ്പാകയാല്‍ വേദിയും വെള്ളിത്തിര യുമില്ലെങ്കില്‍ പെരു വഴിയാകും എന്ന് ഭയക്കുന്നവരാണ്. അതേ പെരുവഴിയെ ലോകത്തോളം നീളുന്ന അണിയറവേണ്ടാത്ത അരങ്ങാക്കാം എന്ന് ആത്മവിശ്വാസമുള്ളവരുമുണ്ട്. അവരിലൊരാളാണ് അലന്‍സിയര്‍. തിരുവനന്തപുരത്ത് ചെറിയതുറ ,വലിയതുറ, പെരുമാതുറ ഇങ്ങനെ ഒരുപാട് തുറകളോട് ചേര്‍ന്നുകിടക്കുന്ന പുത്തന്‍തോപ്പുകാരന്‍. അവരോട് നിങ്ങളെന്തിനാ കടലിങ്ങനെ തുറന്നിട്ടിരിക്കുന്നത് എന്തെങ്കിലും കൊണ്ട് മൂടിയിടൂ, എന്ന് പറഞ്ഞാലെന്താവും?അവരുടെപ്രകൃതത്തിന് മരണനിമിഷത്തിലെന്ന പോലെ ശ്വാസം മുട്ടും.
അതുകൊണ്ടാണ് അലന്‍സിയര്‍ കുപ്പായമൂരിമാറ്റിയത്.ലേലത്തിനു വയ്ക്കാനല്ല.പാതിനഗ്നത എന്ന രാഷ്ട്രീയ ആയുധത്തിന്റെ ഇപ്പോഴത്തെ മൂര്‍ച്ച അയാള്‍ പരിശോധിച്ചതാകണം. എന്തുകൊണ്ടു മീശവയ്ക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായി ആ മറ ഒഴിവാക്കിയാല്‍ മുഖത്തിന്റെ വിനിമയം അത്രകൂടി കൂടുമല്ലോ എന്ന മേതില്‍ രാധാകൃഷ്ണന്റെ മറുപടി ഓര്‍ത്താല്‍, ഒരു നടനെന്ന നിലയില്‍ കുറേക്കൂടി വിപുലമായ വിനിമയങ്ങളില്‍ അലന്‍സിയര്‍ ശ്രദ്ധിക്കുന്നുണ്ടാകാം.താരത്തിന്റെ ശരീരം ജിംനേഷ്യത്തിലായിരിക്കുന്ന സമയം തണുപ്പു കുറവുള്ള ഒരു മോര്‍ച്ചറിയിലാണെന്ന ബോധ്യം അയാളെ തെരുവില്‍ നിര്‍ത്തുന്നു. തുറന്ന എതിര്‍പ്പ്, തുറന്ന പ്രകൃതം തന്നെയാകുന്നു.
എഴുപതുകളുടെ തെരുവുനാടക സംഘങ്ങളെക്കുറിച്ച് ആ നൂറ്റാണ്ടുതീരുംവരെ നമ്മള്‍ കേട്ടുകൊണ്ടിരുന്നതാണ്. സംഘങ്ങള്‍ ക്ഷയിച്ച മറ്റൊരു കാലത്തില്‍ പഴയ ഇടത്തില്‍ ഏകാഭിനയത്തിന്റെ കലാസാധ്യത അന്വേഷിച്ച് അയാള്‍ വന്നു നിന്നതല്ല. അങ്ങനെയങ്ങു കടന്നു പോകരുതേ എന്ന് ശ്രദ്ധ ക്ഷണിച്ചതല്ല. കാസര്‍ഗോഡ് നഗരത്തില്‍, ബസുകള്‍ക്ക് കൈകാണിച്ച് ഇത് പാക്കിസ്ഥാനിലേയ്ക്ക് പോകുന്നതോ എന്ന് തിരക്കി അയാളതില്‍ കയറി. അങ്ങനെ നമ്മുടെ ധൃതികള്‍ക്കും തിരക്കുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അലക്ഷ്യങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടയാള്‍ സംസാരിച്ചു.
ബസപ്പോള്‍ ഒരു ടൂറിംഗ് തിയറ്റര്‍. പതിവ് നാടകസാമഗ്രികള്‍ ഇല്ല. കളിപ്പാട്ടങ്ങളില്‍ നിന്ന് ഭാവിയുടെ ശബ്ദം പുറപ്പെട്ടുകൊണ്ടിരുന്നു. വിഭാഗീയതകൊണ്ടും വിദ്വേഷം കൊണ്ടും എത്രത്തോളം ഒറ്റതിരിച്ചാലും കല ഏകാന്തതയെ ചുഴറ്റി എറിയുന്ന ഊക്ക് ചിലപ്പോള്‍ അമ്പരപ്പിക്കും. ദങ്കല്‍ എന്ന സിനിമയിലെ സകല ഗുസ്തികളും ഒരുമിച്ച് നടക്കുന്ന ഒരു ഗോദ കണ്ടിട്ടെന്നപോലെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മലയാളികള്‍ /മനുഷ്യരും കയ്യടിച്ചത് അതിനാലാണ്. പാതിനഗ്നത ഫക്കീറിന്റേതെന്ന പോലെ ഫയല്‍വാന്റേതുമാണെന്ന കാര്യം കണ്ട്രോള്‍ റൂമിലെ പൊലീസുകാര്‍ക്കും അവരുടെ നിരീക്ഷണ ക്യാമറകള്‍ക്കും മനസിലായതേയില്ല.
ദേശഭക്തിമൂത്തു ജനങ്ങള്‍ നാടുവിടാന്‍ തുടങ്ങിയകാലത്ത് പാസ്പോര്‍ട്ടിനും വിസയ്ക്കും ഒന്നും രണ്ടും പടങ്ങള്‍ പോരായിരുന്നല്ലോ.കണ്ണാടിയില്‍ കാണുന്ന നമ്മളെ കൈവെള്ളയില്‍ വച്ചുതന്നത് ഇന്നിപ്പോള്‍ പൊതു ഇടങ്ങളിലേയ്ക്ക് തുറിച്ച അതേ ക്യാമറതന്നെ. മാറാന്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ഇരുട്ടുമുറിയുള്ള ജനതാ ഫോട്ടോസ്റ്റുഡിയോ വന്നു. പിന്നെയാണ് ഉദയാ സ്റ്റുഡിയോ ഉമാസ്റ്റുഡിയോ ഇങ്ങനെ സിനിമകള്‍ നിര്‍മ്മിക്കുന്ന തുറന്ന ജയിലുപോലുള്ള സ്റ്റുഡിയോകളെ കുറിച്ച് കേള്‍ക്കുന്നത്. റ്റെലിവിഷന്‍ സ്റ്റുഡിയോകളും വാര്‍ത്താചാനലുകളും പെരുകിയതോടെ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും വാര്‍ത്താതാരത്തെ നിര്‍മ്മിച്ച് ആദരിക്കാനും തുടങ്ങി.
അത്രയുംകൊണ്ടായില്ല, സ്റ്റുഡിയോരാഷ്ട്രീയം എന്ന വ്യാജരാഷ്ട്രീയം ഇന്ന് പ്രചാരത്തി ലായിരിക്കുന്നു. എന്തും പറഞ്ഞ് നെഗറ്റീവ് ഇമേജ് സൃഷ്ടിച്ച് അതില്‍ അഭിരമിക്കുന്ന വിഷ വാതകക്കുറ്റിപോലുള്ള മനുഷ്യരും പെരുകിയിട്ടുണ്ട്.തോളത്തിരിക്കുന്ന ക്യാമറകളോട് അല്‍പ്പം മാറിനില്‍ക്കൂ എന്നു പറയുന്ന രാഷ്ട്രീയക്കാരിലേയ്ക്കും തെരുവില്‍ വന്നു നില്‍ക്കുന്ന കലാപ്രവര്‍ത്തകരിലേയ്ക്കും ഫോക്കസ് മാറുക സ്വാഭാവികമാണ്. അലന്‍സിയറിന്റേത് ഒരു പ്രതിഷേധം,കലാപ്രകടനം, പ്രതിരോധം എന്നതിനപ്പുറം അസാധാരണമായ സാംസ്കാരിക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ കല കൈവരിക്കുന്ന ഊര്‍ജ്ജത്തിന്റെ വിശേഷ പ്രകാശനമാണ്.
സന്ധ്യയായികഴിഞ്ഞാല്‍ റ്റെലിവിഷന്‍ സ്റ്റുഡിയോകള്‍ ജനപ്രിയ സിനിമകളുടെ ശബ്ദരേഖ അറുത്തുവില്‍ക്കുന്ന കേന്ദ്രങ്ങളാകുന്നതുകൊണ്ടാകണം, അലന്‍സിയറുടെ പ്രവൃത്തിയെ അയാളുടെ തന്നെ സിനിമകളുടെ ശബ്ദരേഖകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ എഴുതിയത്. അത് മറനീക്കുന്ന പ്രതിസന്ധി ആഴമുള്ളതാണ്.
എമ്പതുകളുടെ സാംസ്കാരികരാഷ്ട്രീയത്തില്‍ അടയാളമുള്ള ഒരാളാണ് അലന്‍സിയര്‍. അതുകൊണ്ടുകൂടിയാണ് അയാളിപ്പോഴിങ്ങനെ വന്നു നിന്നത്.എസ് ജോസഫിന്റെ ആദ്യ സമാഹാരമായ കറുത്തകല്ലില്‍ കടല്‍ക്കരയിലെ കൂട്ടുകാര്‍ എന്നൊരു കവിതയുണ്ട്. അവര്‍ പുത്തന്തോപ്പുകാര്‍ കൂടിയാകയാല്‍ ആ കവിതയിലെ വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം..
ഒരിക്കല്‍ തിരയടിയേറ്റിട്ടു-
ണ്ടതിനാല്‍ മുടന്തുണ്ടു നടപ്പില്‍
ഒരുമുള്ളെന്റെ തൊണ്ടയ്ക്കിടയില്‍
കുടുങ്ങിയതിനാലേ ഗദ്ഗദം
തുറകളെന്റെ പേരുപറയും.
കടലില്‍ മഴ, കട്ടമരത്തി-
ലിരുന്നു മാഞ്ഞു മാഞ്ഞു പോയി ഞാന്‍.
കടല്‍ക്കരയില്‍ കൂട്ടുകാരെ കാണുന്നില്ല
അവര്‍തന്‍ മുഖമിതാ പൂഴിയില്‍ വരയ്ക്കുന്നു….
അവരെപ്പറ്റിനൊന്തൊരാള്‍ക്കാരെ വരയ്ക്കുന്നു
മീനുമായ് വഴിനീളെയലയും
സ്ത്രീകളെ വരയ്ക്കുന്നു.
തോണിയില്‍ ചാരിവച്ച തുഴകള്‍ വരയ്ക്കുന്നു
ജനലുകള്‍ തുറന്നിട്ട വീടുകള്‍ വരയ്ക്കുന്നു…