White Crow Art Daily

കവിതയും ജീവിതവും

വായനാദിനം 
കവിതയും ജീവിതവും/പ്രഭ സക്കറിയാസ്

കവിത ഒരു ജീവിതശൈലീരോഗമാണ്. എറിഞ്ഞാല്‍ തിരിച്ചുവരുന്ന റബര്‍ പന്താണ്. കവിത കുര്‍ബാനയും ഒപ്പീസും വണക്കമാസവും വാഴ്വുമാണ്. കവിത വെന്ത കപ്പയ്ക്ക് കാ‍ന്താരിയരച്ചിടുന്ന അരപ്പാണ്. കവിത ഒരേസമയം വിയര്‍പ്പും വെള്ളവും സോപ്പും ഇതിന്റെയെല്ലാം മണവുമാണ്. കവിത കവിതയും ഞാന്‍ ഞാനുമാണ്. ഞങ്ങള്‍ തമ്മില്‍ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ കുറെനാളായി ചേര്‍ന്നുപോകുന്നുവെന്നാണ് കഥ.

എനിക്ക് പരിചയമുള്ള, എനിക്ക് ചുറ്റും ഞാന്‍ കാണുന്ന ലോകവും പരിസരവും എഴുത്തില്‍ അടയാളപ്പെടുത്തുക എന്നതാണ് കവിതയില്‍ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിലും ഒരു കോട്ടയത്തുകാരി എന്ന നിലയിലും ഞാന്‍ അറിയുന്ന ചില ജീവിതങ്ങളും ലോകങ്ങളുമുണ്ട്. റബര്‍ക്കായ തമ്മിലുരസി കവിളില്‍ വയ്ക്കുമ്പോള്‍ അനുഭവിക്കുന്ന ചൂടുപോലെ, മീനച്ചിലാറ് പോലെ, കുടംപുളിയിട്ട മീന്‍കറി പോലെ ചില ചൂടുകള്‍ തണുപ്പുകള്‍ എരിവുകള്‍. കഷ്ടപ്പെട്ട് പണിയെടുക്കുന്ന മനുഷ്യരുടെ പ്രയത്നമാണ് കണ്ടുവളര്‍ന്നത്, ഇതില്‍ നേഴ്സുമാരായി പല രാജ്യങ്ങളില്‍ പ്രവാസപ്പെടുന്ന പെണ്ണുങ്ങളും വീട്ടടുക്കളയകങ്ങളിലും പര്യമ്പുറത്തും പല തരം പാചക-കാര്‍ഷികപ്പണികള്‍ ചെയ്യുന്ന പെണ്ണുങ്ങളും കൊച്ചമ്മമാരായിരിക്കുന്നവരും നേര്സുമാരുടെ പണം കൊണ്ടു മേനിനടിച്ച് നടക്കുന്ന ആണുങ്ങളും എല്ലുമുറിയെ പണിത് മണ്ണിനെ പൊന്നാക്കുന്നവരും ഒക്കെ ഉള്‍പ്പെടും. ഒരു ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തില്‍ കാണാവുന്ന എല്ലാത്തരം ജീവിതാനുഭവങ്ങളും പരിസരങ്ങളും എന്റെ എഴുത്തില്‍ സ്വാഭാവികമായി തന്നെ വരുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എഴുതാനുള്ള ഒരു ഇടം കിട്ടുമ്പോള്‍ നന്നായി അറിയുന്ന ലോകങ്ങളില്‍ നിന്നുള്ള ഭാഷയും അനുഭവലോകവും എഴുത്തിലും വരുമായിരിക്കും. എഴുത്ത് തുടരുമ്പോള്‍ എഴുതിത്തുടങ്ങിയ എന്നിലെ പെണ്‍കുട്ടി സ്ത്രീയാകുന്നതും അമ്മയാകുന്നതും പ്രവാസിയാകുന്നതും ഒക്കെ എഴുത്തിന് മൂര്‍ച്ചയും ഉറപ്പും കൂട്ടുന്നുണ്ട് എന്നാണു തോന്നിയിട്ടുള്ളത്. സ്വകാര്യമായ അനുഭവങ്ങള്‍ നേരിട്ട് എഴുത്തിലെത്തിയില്ലെങ്കില്‍ കൂടി എഴുത്തിന്റെ രാഷ്ട്രീയത്തെ ഇതൊക്കെ പരുവപ്പെടുത്തുന്നുണ്ട് എന്ന് പറയാം.

ജീവിതം ഇതുവരെ

1985ല്‍ കോട്ടയത്ത് ജനിച്ചു. ഇടത്തരം ക്രിസ്ത്യന്‍ കുടുംബം. കോട്ടയം സി എം എസ് കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ്‌ ഫോറിന്‍ ലാന്‍ഗ്വേജസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ സാഹിത്യപഠനം. ഹൈദരാബാദ് കേംബ്രിഡ്ജ് യൂനിവേര്‍സിറ്റി പ്രസ്, ഡല്‍ഹി സേജ് പബ്ലിക്കേഷന്‍സ് എന്നിവിടങ്ങളില്‍ എഡിറ്റര്‍ ജോലി. കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, ജര്‍മ്മനി എന്നിവിടങ്ങളില്‍ ചെറുതും വലുതുമായ പ്രവാസങ്ങള്‍. വിവര്‍ത്തക: ടോണി മോറിസന്റെ സുല, ഡേവിഡ് ടോസ്ക്കാനോയുടെ ലാസ്റ്റ് റീഡര്‍, സ്ലാവന്ക ദ്രാക്കുളിക്കിന്റെ ഫ്രിഡ, വില്യം ഡാല്‍റിംപിളിന്റെ നയന്‍ ലൈവ്സ്‌, ഇസ്മയില്‍ കദാരെയുടെ സ്പ്രിംഗ് ഫ്ലവര്‍സ്, സ്പ്രിംഗ് ഫ്രോസ്റ്റ് തുടങ്ങിയവ. വിവാഹിത: ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യു ജര്‍മ്മനിയിലെ സെന്റര്‍ ഫോര്‍ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസില്‍ ചരിത്ര ഗവേഷകന്‍, ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകന്‍. അമ്മ: മകന്‍ മൂന്നുവയസുകാരന്‍ “ഊ” വരെ എഴുതാന്‍ പഠിച്ച ഡാനിയല്‍. prabha 2

തുടരും

നടന്നുപോകുമ്പോള്‍ പെട്ടെന്ന് വഴി തീര്‍ന്നുപോവുകയാണെന്ന് കരുതുക. നിങ്ങള്‍ എന്തുചെയ്യും എന്നാണെന്‍റെ ചോദ്യം.

ഉദാഹരണത്തിന് ഇക്കഴിഞ്ഞദിവസം കേന്ദ്രകഥാപാത്രം ജര്‍മ്മനിയിലെ തണുത്തുമരവിച്ച ഒരു കൊച്ചുപട്ടണത്തില്‍ അവനവനെ ഡീഫ്രോസ്റ്റ് ചെയ്യാന്‍ വെച്ച് കുത്തിയിരിക്കുകയായിരുന്നു. ഇടയ്ക്കിടെ തൂവിയ മഴ ഇത് സത്യത്തില്‍ ഏറ്റുമാനൂര്‍-കുറുപ്പന്തറ ഭാഗത്തുള്ള ഏതോ കവലയില്‍ നിന്ന് പടര്‍ന്നുകേറിപ്പോയ ഇടവഴിയല്ലേ എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിച്ചു.

വേസ്റ്റ് കളയാനാണ് പോയത്. അരക്കിലോ മത്തി മേടിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇഞ്ചിക്കും വെളുത്തുള്ളിക്കുമൊപ്പം ഒരു പകുതി തക്കാളിയും ഇച്ചിരെ കടുകും കൂടി ചേര്‍ത്ത് അരച്ച് ഒരു പരിപാടിയുണ്ട്. വീടിനുവെളിയില്‍ പക്ഷെ ആരെയും കണ്ടില്ല. കുറച്ചപ്പുറത്തുനിന്നും മീന്‍കാരന്റെ കൂവല്‍ കേട്ടു. അയാളുടെ കൂവല്‍ ഇടയ്ക്കിടെ അകന്നും ഇടയ്ക്കിടെ അടുത്തും വന്നപ്പോഴേ വീട്ടിനകത്തുകയറി വാതിലടച്ച് വല്ല മുട്ടയോ മറ്റോ പുഴുങ്ങിത്തിന്നണ്ടതായിരുന്നു. രണ്ടു ചുവടുനടന്നാല്‍ കിട്ടുമല്ലോ മാരീചമത്തി എന്നായിരുന്നു മനസ്സില്‍.

പൂക്കള്‍ സമൃദ്ധമായി വിടര്‍ന്നുനിന്നിരുന്നു. ജര്‍മ്മനിയല്ലേ, കൊടും ശൈത്യമല്ലെ എന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല. ഒരു തിരിവ്‌ കടന്നതും ഓടിട്ട ഒരു കെട്ടിടം, കടുംമജന്ത നിറത്തില്‍ ബോഗന്‍വില്ല പൂത്തുമറിഞ്ഞുകിടന്നിരുന്നു. വാതില്‍ക്കല്‍ ഇരുന്ന ചേട്ടനും ഒരു പൂത്തുമറിഞ്ഞ ഭാവം.

പിന്നെയാണ് പോര്‍ട്ടിക്കോ മാത്രം വാര്‍ത്ത തൊട്ടടുത്ത ഓടിട്ട വീട്ടിലെ ജനലിനരികില്‍ നിന്ന് കപ്പ വെന്തുവരുന്ന മണം കുമുകുമാന്ന് പുറത്തുവന്നുതുടങ്ങിയത്. അവിടെയുള്ള ചേച്ചിയാണെങ്കില്‍ തണുപ്പുവകവയ്ക്കാതെ ജനലൊക്കെ തുറന്നിട്ട്‌ അതിവേഗത്തില്‍ ഇറച്ചി ഒരുക്കുകയാണ്. കോഴിയുടെ തൊലി ഒരു കുഞ്ഞിന്റെ മൂത്രത്തുണി പൊക്കിനോക്കുന്ന അതേ മുഖഭാവത്തോടെ ഒരു വശത്ത് നിന്നും വിടര്‍ത്തിനോക്കുന്നു. കുറച്ചറപ്പ്, കൂടുതല്‍ ശ്രദ്ധ, അതിലും കൂടുതല്‍ സ്നേഹം എന്നതാണ് രീതി. വിട്ടുപോരുന്നുണ്ട്. അവരുടെ മേശപ്പുറത്ത്

രണ്ടുതാറാവുകളുണ്ടായിരുന്നു. ആടിയാടിവന്ന് നടുവിലെ ഗ്ലാസില്‍ നിന്ന്

ചോരപോലെ ചുവന്ന വെള്ളം കുടിക്കുന്നവര്‍. ഇടയ്ക്കൊന്ന് ഉടക്കിയപ്പോള്‍ കത്തി മെല്ലെ ചെരിച്ച് അവര്‍ ഒന്ന് തട്ടിവിട്ടു. തൊലിയുടെ ഒരറ്റത്ത് പിടിച്ച് അവര്‍ ഒരു വലി വലിച്ചതും ഉരിഞ്ഞിങ്ങുപോന്നു. സന്തോഷം കൊണ്ട് അവര്‍ ഒന്ന് “ഹാ!” വെച്ചു. പുറത്തുനിന്നയാളും “ഹാ!” വെച്ചു.

അത്രയുമായപ്പോഴാണ് അവര്‍ എന്നെ ശ്രദ്ധിച്ചത്.

അവര്‍ ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മുന്നിലെ വഴി തീര്‍ന്നുപോയി.

ചുണ്ടിനോട് ചേര്‍ന്ന് മൂര്‍ച്ചമുറ്റിയ ഒരു കത്തി മിനുങ്ങിമാറിയപ്പോഴാണ് ചാര്‍ജ് തീര്‍ന്നുപോയത്. അടുത്ത എപ്പിസോഡില്‍ രക്ഷപെടുമോ കൊല്ലപ്പെടുമോ എന്നുപോലും അറിയില്ല. മുഖം അടര്‍ന്നു പൊഴിയുന്നതുപോലെ ഒരു തോന്നലുണ്ട്‌. വഴിയാണെങ്കില്‍ കാണുന്നുമില്ല. മീന്‍കാരന്റെ കൂവല്‍ മാത്രം എവിടെനിന്നോ കേള്‍ക്കാം. മൊത്തം ഒരു മഞ്ഞ നിറമാണ്.

prabha 06

കാലിക്കോ കുപ്പായക്കാര്‍

ഇടയ്ക്കിടയ്ക്ക് നില്‍ക്കും.

ആയം കൂട്ടാനോ കുറയ്ക്കാനോ ഒക്കെ.
മുങ്ങിത്താഴുകയോ ഇടിച്ചുനില്‍ക്കുകയോ ഇല്ല.
പക്ഷിയെപ്പോലെയാണ്.
പക്ഷി തന്നെയാണ്.

മെല്ലെപ്പറഞ്ഞാല്‍
കേള്‍ക്കാതെവന്നാല്‍
കടലല്ലേ കപ്പലല്ലേ
മുങ്ങിത്താഴാതെ ഇടിച്ചുനില്‍ക്കാതെ
തെറിപറഞ്ഞ്
മുഷ്ക്ക് മണത്തോടെ
തീരമെന്നോ വണിക്കുകളെന്നോ ലക്ഷ്യമില്ലാതെ
ഇതാ പോകുന്നു നീതിബോധത്തിന്റെ കപ്പല്‍.

വൈറ്റ് നോയിസ്

എന്നിട്ടും നമ്മള്‍ വിരലുകളില്‍ വെളുത്ത ചായം പൂശുന്നു,
മഞ്ഞുകൊണ്ട് മരവിച്ചതെന്ന് നടിക്കുന്നു,
രക്തത്തിന്റെ ചാടിയോട്ടത്തെയും
വിരല്‍ത്തുമ്പിലെ ഏകാന്തതയെയും
വെളുത്തനിറം കൊണ്ട്
പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.
ദൂരക്കാഴ്ചയില്‍ നമ്മള്‍ മരിച്ചുകിടക്കുകയാണെന്നേ ആര്‍ക്കും തോന്നൂ.
നമുക്കുപോലും.
അടുപ്പില്‍ നിന്നും
നമ്മുടെ തീന്മേശയില്‍ നിന്നും ഉയരുന്ന
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട സ്വപ്നങ്ങളുടെ ആവി വീണ്
നിറമിളകിപ്പോകുന്നത് കാണാം.
കൊഴുത്ത വെളുത്ത അക്രിലിക്ക് ഇറ്റുതുള്ളികള്‍.
നീ ചോദിക്കും,
വെളുത്ത നിറത്തെ അങ്ങനെ നിറമെന്നൊക്കെ വിളിക്കാമോ?
ഞാന്‍ വെളുപ്പില്‍ നിന്ന് ചുവപ്പിനെ വേര്‍തിരിച്ചെടുക്കും,
നിന്റെ ഞരമ്പിലേയ്ക്ക് കയറ്റിവിടും.
പതിയെ, നോവാതെ,
വേദനയുടെ ആ ആന്റിബയോട്ടിക്കില്ലേ,
കാനുല ഞെക്കിപ്പിടിച്ചും ഞരമ്പിലൂടെ തിരുമ്മിയിറക്കിയും
നമ്മള്‍ കയറ്റിവിടുന്ന മരുന്ന്,
അതുപോലെ.
ചുവപ്പ്.

prabha 03

ചെറിയ സന്തോഷങ്ങളുടെ രാത്രി

കാല്‍ തട്ടിയാല്‍ നിരങ്ങിനീങ്ങുന്ന കിലുക്കങ്ങള്‍,
കസേരകളില്‍ നിന്നും പുറപ്പെട്ടുപോകുന്ന പന്തുകള്‍,
ഭക്ഷണം കഴിച്ചതിന്‍റെ അടയാളങ്ങള്‍,
ചുരുണ്ടുകൂടിയ പുതപ്പുകള്‍,
നടന്നുതീരാത്ത ചെരിപ്പുകള്‍,
തളര്‍ന്നുറങ്ങുന്ന മനുഷ്യര്‍..
ഉണരുമ്പോള്‍ തനിച്ചല്ല എന്ന വിശ്വാസം.

ഇരട്ടവാലന്‍

പഴയ നോട്ട്ബുക്കുകളില്‍ എപ്പോഴും ഉണ്ടാവും
ധൃതിയില്‍ വലിച്ചുകീറിയെടുത്ത ഒരു താളിന്‍റെ അരിക്.

കുറേ ആലോചിച്ചാലുംകിട്ടില്ല
എന്ത് കുറിപ്പ്, ആരുടെ മേല്‍വിലാസം, ഏതു കണക്ക്, എന്ന്?

അരികുകളില്‍ വിരലോടിച്ചുനോക്കണം,
ചീന്തിയെടുക്കപ്പെട്ടതിന്റെ ബാക്കിക്കെന്തുഭംഗി.
ഒരു മഷിപ്പേന ചെരിച്ചുപിടിച്ച് ഓടിച്ചുപോയാല്‍
അരികില്‍ പടരുന്ന നിറത്തിനെന്തുഭംഗി.

ഒരു പുതിയ മുറിവ് പോലെ
നനഞ്ഞത്,
ഒരു പഴയ കടലാസ് പോലെ
മഞ്ഞച്ചുപോയത്.

ത്ഫൂ

ആകാശത്തെയ്ക്ക് കണ്ണുംനട്ട്
മലര്‍ക്കെ
കിടക്കുകയാണ് ഒരു പുസ്തകം,
മഷി പുരള്ന്നതിന്റെയോ താള്‍ കീറുന്നതിന്റെയോ
ശബ്ദങ്ങള്‍ക്ക് കാതോര്ത്തും,
ചിതലരിക്കാതെയും
കപ്പലായി രൂപാന്തരപ്പെടാതെയും
മലര്‍ന്നുകിടന്നു
വാക്ക് തുപ്പിയും വിഴുങ്ങിയും.

fish-image-1925

ഒരു മീന്‍ ആകുന്നത്…

ഗര്‍ഭ ജലം വാര്‍ന്നു കഴിഞ്ഞ്
ഉള്ളില്‍ കുടുങ്ങിപ്പോയ കുഞ്ഞാകുന്നത്…

സഹിക്കാന്‍ കഴിയാത്ത ശ്വാസം മുട്ടല്‍
എല്ലാവരേയും പുറത്ത് എത്തിക്കുന്നു.

ജലത്തെ ഒഴുക്കായി അറിയുന്നത്…

ഒരിക്കലും വാര്‍ന്നു പോകാത്ത
ഒഴുക്കുകള്‍ എവിടെയാണ്?
ഒരിക്കലും വറ്റാത്ത മുലകള്‍,
ചൂട് മാറാത്ത മടിത്തട്ട്..
അമ്മയുടെ മടിയിലെ മീന്‍കുഞ്ഞായിരുന്നത് എത്ര പണ്ടാണ്?

എപ്പോഴും
തിരിച്ചു പോകാന്‍ തോന്നിപ്പിക്കുന്ന
ഒരിടമേ ഉള്ളൂ ഭൂമിയില്‍.
അവിടെ ചൂടെന്നോ തണുപ്പെന്നോ
ഓര്‍മയില്ല.
സുഖമായിരുന്നു.
അമ്മ വലിയ ഒരു സുഖവാസകേന്ദ്രം തന്നെ ആയിരുന്നു.
രണ്ടു ദിവസം നോവെടുപ്പിച്ചു ചോര വാര്‍പ്പിച്ചു
നിങ്ങളെ ചാകാറാക്കിയത്
അവിടെ തന്നെ ഇരിക്കാനുള്ള കൊതികൊണ്ടായിരുന്നു.
മീന്‍ ആകാനുള്ള കൊതി.
കരയണ്ട കരയണ്ട എന്ന് വെച്ചപ്പോഴാണ് ഡോക്ടര്‍ കൈയ്യില്‍ നുള്ളിയത്.
എന്റെ ചെകിളകള്‍ കൈകളായി മാറിയ നടുക്കത്തില്‍ ആണ്
ഞാന്‍ നിലവിളിച്ചത്.

ഒരിക്കലും പുഴേ,
ഞാനില്ല തര്ക്കുത്തരത്തിന് .
നീന്താന്‍ ഞാന്‍ പഠിക്കുകയേ ഇല്ല.
അമ്മ കടിഞ്ഞൂല്‍ കനത്തില്‍
മുലപ്പാല്‍ തന്നപ്പോഴേ
തീരുമാനിച്ചതാ ഞാന്‍,
മീന്‍ കുഞ്ഞാവണം.
നീന്താന്‍ പഠിക്കില്ല ഞാന്‍.
ചെകിള മുളച്ചു വാല് ഇളകി അങ്ങനെ വരും ഒരു ദിവസം.
നോക്കി നോക്കി ഇരുന്നോ…

Getty Garden (50)-qpr

ഐറിസ്‌

പ്രേമം കൊണ്ടാണ്

പഹാഡ്ഗന്ജിലെ

പാവക്കുട്ടിയുടെ കണ്ണ്

നീലയാകുന്നത്….

കണ്ടില്ല,

അറിയാം.

2015 ജൂലൈ 7 -ന് പ്രസിദ്ധീകരിച്ചത് ഇപ്പോൾ Archive -ൽ നിന്ന്,   വായനാദിനത്തിനു വേണ്ടി.

1985ല്‍ കോട്ടയത്ത് ജനിച്ചു.കവിയും വിവര്‍ത്തകയും.ഇപ്പോള്‍ ഡൽഹി ജെ എൻ യു വിൽ ഗവേഷക ...