കവിത സംഗീതം രാഷ്ട്രീയം
ആദരം
കവിത സംഗീതം രാഷ്ട്രീയം
ഭാഷയുടെ ജീവിതം തന്നെയായിരുന്നു ഒ.എന്‍.വിയുടെ കാവ്യജീവിതം .ഐക്യകേരളമെന്ന് ഭാഷാദേശം സ്വതന്ത്രവും വികസ്വരവുമാകുന്ന, പ്രതീക്ഷകള്‍ നിറയുന്ന ഒരു ഘട്ടത്തിലായിരുന്നു അതിന്റെ യൌവ്വനം. അടഞ്ഞ എഴുത്തുമുറിയായിരുന്നില്ല. ക്ലാസുമുറികളും അങ്ങനെയായിരുന്നുന്നില്ല. അരങ്ങുകളിലേയ്ക്കും അടിത്തട്ടിലെ ജീവിതങ്ങളിലേയ്ക്കും ഒരേ ദൂരമായിരുന്നു. ജീവിതം കൂടുതല്‍ ജീവിതയോഗ്യമാകേണ്ടതുണ്ടെന്ന് വിശ്വസിക്കുകയും വ്യവസ്ഥയോട് വിയോജിക്കുകയും സമത്വവും സ്വാതന്തൃവും ആഗ്രഹിക്കുകയും അതിനായുള്ള സംഘടിതശ്രമങ്ങളില്‍ പങ്കുചേരുകയും ചെയ്തു . അതിനപ്പുറം ഒരു യൂറോപ്യന്‍ രാഷ്ട്രീയപ്രത്യയശാസ്ത്രത്തെ മലയാളത്തിന്റെ മണ്‍വാസനകളില്‍ പടര്‍ത്താന്‍ കാണിച്ച ആത്മാര്‍ത്ഥതയാണ് ഒ.എന്‍.വി യുടെ ഓര്‍മ്മയെ ദീപ്തമാക്കുന്നത്.
പലതരം സ്വദേശിജാഗ്രതകളുടെ ഉയിര്‍പ്പിന്റെ കാലത്ത് രാഷ്ട്രീയമാറ്റത്തിനു ശ്രമിക്കുന്ന ഒരു വിശ്വാസസംഹിതയ്ക്ക് ജനകീയമാകാന്‍ ഉള്‍നാടിന്റെ ഈണം നിറഞ്ഞ ഇളയവാക്കുകള്‍ തേടി. നാടകവും സിനിമയും സാഹിത്യവും സംഗീതവുമൊക്കെ ഒന്നിക്കുന്ന ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (IPTA ) ദേശീയതലത്തില്‍ രൂപം കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയായ് തിരുക്കൊച്ചിയില്‍ KPAC – യും.ബംഗാളിലും കേരളത്തിലുമടക്കം ഇതില്‍ അണിനിരന്ന പ്രതിഭകള്‍ ആരൊക്കെയായിരുന്നു എന്നറിയുമ്പോഴാണ് ആ സാംസ്കാരിക നവോത്ഥാനത്തിന്റെ ഊര്‍ജം വെളിപ്പെടുക. ഗാന്ധിജി കോണ്‍ഗ്രസിലേയ്ക്ക് വരുന്നതിനു മുമ്പുതന്നെ സ്വദേശാഭിമാനി രാമകൃഷ്ണ്പിള്ളയിലൂടെ മലയാളത്തിലേയ്ക്ക് മാര്‍ക്സ് വന്നിരുന്നു എന്നത് കേരളത്തിന്റെ സവിശേഷ സാമൂഹികപരിസരവുമായിരുന്നു.
ലളിതകോമളകാന്ത പദാവലികളുടെ രാഷ്ട്രീയശേഷി എല്ലാ ഋതുവിലും ഒരുപോലെയല്ല ഒ.എന്‍ വി കവിതയെ തളിര്‍മൂടിയ ഒരു മരമായാണ് പലരും കാണുക. അതൊരു ഋതുമാത്രം എന്നതാണ് അതിന്റെ പരിമിതി.ഒരത്ഭുതത്തിനും ദീര്‍ഘായുസില്ല, നിലാവും കൊതിക്കും മൃദുത്വം നിനക്കാരുതന്നു എന്ന വിസ്മയത്തിനും. സാഹിത്യഭാഷ,കാവ്യാത്മക ഭാഷ, നേരിട്ട ഇത്തരം പ്രതിസന്ധികളാണ് മലയാളസാഹിത്യത്തിലെ ആധുനികതയുടെ ആമുഖം. പാമ്പ് പടംപൊഴിക്കുന്ന പോലെ ഭാഷ ഉറഊരുകതന്നെ ചെയ്തു.
പാതിവൃത്തവും മുറിഞ്ഞ ഛന്ദസും ഉറച്ച ഗദ്യവും നാടന്‍പാട്ടും അനുഷ്ഠാനസംഗീതവും സംഭാഷണവും ഒരേ കവിതയില്‍ ഒന്നിക്കുന്ന ശാന്ത പോലുള്ള രചനകള്‍ ആധുനികതയുടെ അടയാളമായി. ഇങ്ങനെ മാറാത്ത ഭാഷയും സാഹിത്യവും ഇന്ന് ലോകത്തൊരിടത്തുമില്ല. എന്നാലതിന്റെ യൂറോപ്യന്‍ ബന്ധത്തെ അക്കാലത്ത് സംശയിച്ചവരില്‍ ഒ.എന്‍ വി യും ഉള്‍പ്പെട്ടു. സാംസ്കാരിക രാഷ്ട്രീയം യാഥാസ്ഥിതികവും പൊതുരാഷ്ട്രീയം സാര്‍വ്വദേശീയവും എന്ന വിപര്യയത്തെ അത് മുന്നില്‍ കൊണ്ടുനിര്‍ത്തി. ഐക്യകേരളത്തിന്റെ ഭാഷാവിസ്തൃതി ഇടുങ്ങി. മലയാളത്തെ ഉപജീവിക്കല്‍ സാധാരണ മനുഷ്യര്‍ക്ക് അസാധ്യമാകുകയും അവര്‍ ദേശം വിട്ട് പുറത്തേയ്ക്ക് ഒഴുകുകയും ചെയ്തു. അത് രാജ്യാതിര്‍ത്തി കടന്ന് എല്ലാഭൂഖണ്ഡങ്ങളെയും തൊട്ടുപോകുന്ന പുതിയ ഭാഷാദേശമായി.
ദുഖവും നിരാശയും അതൃപ്തിയും ഒരു കവിയും മറച്ചു വയ്ക്കില്ല. പാടിയതിന്‍ പൊരുള്‍ പാഴായി ഇനിയും പാടണമെന്നോ ? കാക്കയുണര്‍ന്ന് നിലാത്തെളി കണ്ടു കരഞ്ഞതുമാതിരി വന്നെത്താ പുലരിയെ വാഴ്ത്തി പാടണമെന്നോ ? എന്ന് ഒ.എന്‍.വിയും അതെഴുതി. പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാട്ട് താരാട്ടിന്റെയും പ്രാര്‍ത്ഥനയുടെയും ഉറവുകളെക്കൂടി ഓര്‍ക്കാന്‍ തുടങ്ങി. കായികമായി ക്ലേശിക്കുന്നവരുടെ പാട്ട് വിയര്‍ത്തുനില്‍ക്കുമ്പോള്‍ വീശുന്ന കാറ്റെങ്കിലും അതിന്റെ ആയാസത്തെ ഇല്ലായ്മചെയ്യുന്നില്ലെന്ന് അറിയാന്‍ തുടങ്ങി. നിങ്ങളെന്റെ സര്‍വ്വസ്വവും അപഹരിച്ചു എന്ന് അപഹരിക്കപ്പെട്ട ദൈവങ്ങളെ , അശാന്തി പര്‍വ്വത്തെ, ആസന്നമൃത്യുവെ എഴുതി. സാമ്പ്രദായിക ഘടനകളില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ.
ജനപ്രിയതയ്ക്ക് മാറ്റത്തെക്കാള്‍ വ്യവസ്ഥയോടാണ് അടുപ്പം. അതിന്റെ സാമൂഹിക രാഷ്ട്രീയതലം മിക്കപ്പോഴും ദുര്‍ബലമായിരിക്കുകയും ചെയ്യും. ജനപ്രിയതയും ജനകീയതയും തമ്മിലുള്ള ഈ വ്യത്യാസം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഭാഷയുടെ സൂക്ഷ്മ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ഒ.എന്‍.വിയെ അവസാന നാളുകളില്‍ നാം കാണുന്നുണ്ട്. മലയാള സര്‍വ്വകലാശാലയും ശ്രേഷ്ഠഭാഷാപദവിയുമൊക്കെ ഉപരിപ്ലവമാകുമ്പോഴും അധികാരത്തിന്റെ ഭാഷ, ഭരണഭാഷ, മലയാളമാകുന്നത് അടിസ്ഥാനമാറ്റങ്ങളുടെ വാതില്‍ തുറന്നേക്കും. സഹജാതര്‍ തന്‍ മൊഴി സംഗീതമായി തോന്നും നാള്‍വരുമെന്ന പ്രതീക്ഷയെ പിന്തുടര്‍ന്നുകൊണ്ട് സംസാരഭാഷയെ കവിതയിലേയ്ക്ക് ബുദ്ധധ്യാനത്തൊടെ ഇണക്കിയ അമേരിക്കന്‍ യുവകവി ജോര്‍ജ് യാമസോവയുടെ കവിതകളും , കവിതാവതരണവും അഭിമുഖവും പ്രിയ കവിക്കുള്ള ആദരവായി ഇതോടൊപ്പം.