White Crow Art Daily

കാർത്തിക്കിന്റെ കവിതകൾ

കവിത /കാർത്തിക്.കെ
 
44.8 കിലോ ഉള്ള കഥ
 
 
കാർത്തിക് വെയിങ്മെഷീനീൽ കയറിനിന്നു
 
രണ്ടുമൂന്നു സെക്കന്റ് കഴിഞ്ഞു.
ഇറങ്ങിനിന്നു.
ഗൗരവത്തോടെ പറഞ്ഞു,
 
‘കഴിഞ്ഞയാഴ്ച നോക്കുമ്പോൾ
46 കിലോ ഉണ്ടായിരുന്നു.ഇപ്പോളത് 44.8 ആയി.ഇത് ഒട്ടും നല്ല ലക്ഷണമല്ല.ജോലിയിൽ കുറച്ചു കാലം മെഡിക്കൽലീവിന് എഴുതിക്കൊടുത്ത്, കാര്യമായി വല്ലതുമൊക്കെ തിന്ന് തടി മെച്ചപ്പെടുത്ത്.. ചങ്ങാതി’.
 
വെയിങ്മെഷീൻ മിണ്ടാതെ നിന്ന് കേട്ടു.
ആരോഗ്യസ്ഥിതി വളരെ മോശമായ 
ഒരു മെഷീനോട് 
ഇത്രക്കും പറയേണ്ടിയിരുന്നില്ല
എന്ന് കാർത്തിക്കിനും തോന്നി.
 
യാത്ര ചോദിക്കാൻ നിൽക്കാതെ അവൻ  നാട്ടിലേക്കുള്ള വണ്ടിപിടിച്ചു.
 
 
 
ഇത് സീരിയസായ ഒന്നാണ്
 
 
നോക്കൂ
എന്റെ തലയിലേക്ക് നോക്കൂ
അവിടെ പരന്ന് കിടക്കുന്നത് നോക്കൂ
നിങ്ങളത് ഊതിപ്പറപ്പിക്കാൻ പാടില്ല
 
കാരണം അതെന്റെ മുടിയല്ല.
 
നോക്കൂ
ശ്രദ്ധിച്ച് നോക്കൂ
വെളിച്ചം മറക്കാതെ നോക്കൂ
അത് ഒന്നിന്റെയും നിഴലല്ല
 
കാരണം ഞാനൊരു മൊട്ടത്തലയനല്ല.
 
നോക്കൂ
ഒരളവ് ഭക്തിയോടെ നോക്കൂ
ഇത് സീരിയസായ ഒന്നാണ്
എന്റെ തലയിൽ പ്രണയം വെയിലു കൊള്ളുകയാണ്
 
തെളിച്ചു പറഞ്ഞാൽ
തലയിൽ പാർക്കുന്ന എന്റെ കാമുകി
അവളുടെ തുണികൾ
തിരുമ്പിയുണക്കാനിട്ടിരിക്കുകയാണ് അവിടെ.
 
 
മുടക്കം
 
ഞങ്ങളുടെ വീട്ടിൽ രണ്ടു് പുരാവസ്തുക്കളാണുള്ളത്
ഒന്ന് അരവും മറ്റേത് നാഴിയും
 
കൂട്ടാൻ വക്കാറുള്ള ഞാൻ
എന്നും കറിയ്ക്കരിയും മുമ്പെ
അരം വച്ച് കത്തിമിനുക്കും
 
അമ്മ എല്ലായ്പ്പൊഴും കഞ്ഞിവെക്കാൻ
അതേ നാഴിയിലരിയെടുക്കുന്നു
 
കത്തിക്ക് മൂർച്ചകൂടിയാൽ 
എനിക്ക് ചോര പൊട്ടു-
മെന്ന് പേടിച്ചിട്ടൊരിക്കൽ
അമ്മ അരം എടുത്തുവച്ചു
 
വിട്ടുകൊടുക്കാൻ മനസ്സില്ലാതെ
ഞാനാ നാഴി ഒളിപ്പിച്ചും വച്ചു
 
അന്ന് വീട്ടിലെ കുട്ടികൾ
കഞ്ഞിയും കൂട്ടാനും വെച്ച് കളിച്ചില്ല.
അത്ര തന്നെ
 
 
പരീക്ഷക്കെഴുതാതെ മടക്കിക്കൊണ്ടു പോന്ന് ഇപ്പോൾ വിരലിൽ കിടന്ന് ചൊറിയുന്ന ഉത്തരങ്ങൾ 
 
 
പഠിച്ചിട്ടും പഠിച്ചിട്ടും
എഴുതീട്ടും എഴുതീട്ടും
മറന്നിട്ടും മറന്നിട്ടും
മതിയാകാത്തുത്തരങ്ങൾ
സമയത്തിനെഴുതാതെ
തിരികെ ഞാൻ കൊണ്ടുപോന്നു.
 
തിരികെ ഞാൻ കൊണ്ടുപോന്നു
സമയത്തിനെഴുതാതെ
മതിയാകാത്തുത്തരങ്ങൾ
മറക്കുന്നൂ മറക്കുന്നൂ
എഴുതീട്ടും എഴുതീട്ടും
പഠിച്ചിട്ടും പഠിച്ചിട്ടും.
 
കാട്
 
ഇന്നലെ
ഞങ്ങളമ്മയും മക്കളും
ഇരുന്ന് ചക്ക വെട്ടിപ്പൊളിച്ച് കഴിച്ച സ്ഥലം
തൊട്ടുമുന്നെ നോക്കിയപ്പോൾ
വലിയ പ്ലാവുകളുടെ ഒരു കാടായി
 
വീണ്ടും വിശന്ന്
ഞങ്ങൾ കാട്ടിൽ കയറിയപ്പോൾ
പ്ലാവ് വെട്ടാൻ വന്ന്
ചക്ക തലയിൽ വീണ് ചത്തവരുടെ
ചുടുകാടായിരുന്നു അവിടം.
 
 
 
തിരുവാതിര
 
 
നെയ്യെവിടെ?
തിരുവാതിര വന്നടുക്കളേൽ നിക്കുന്നു
അതിനു വിശന്നിട്ട്.
കൊട്ടത്തേങ്ങ മൂപ്പിക്കാൻ നെയ്യ് കാണുന്നില്ല
കൂവപ്പായസം കൊടുത്തില്ലേൽ അതിപ്പൊ പോവും.
എടാ
ഉമ്മറത്തെ വാതിൽ പൂട്ടി താക്കോലിങ്ങ് താ
ഇവനെ തീറ്റിച്ചിട്ട് വിട്ടാ മതി.
 
നെയ്യെവിടെ?
തിരുവാതിര വന്നടുക്കളേൽ നിക്കുന്നു
അതിനു വിശന്നിട്ട്.
 
 
പുകവലിക്കാരൻ 
 
 
ആനക്കൊമ്പ് ആനക്ക് മാത്രമുള്ളവയല്ല 
 
ആൾക്കാർടെ കൈയ്യിലുമുണ്ട് അത്.
 
ഞാനുംകണ്ടു
ഇന്നുച്ചക്ക്
ഞൊടി നേരത്തിന്
ഒരാൾടെ മൂക്കീന്ന്
രണ്ടാനക്കൊമ്പ്.
രണ്ടാമതൊന്നു നോക്കും മുന്നേ 
കാറ്റ് കൊണ്ടോയ രണ്ട് സ്റ്റൈലൻ കൊമ്പ്.
 
ചിത്രമെഴുത്ത്   – പ്രേം നാരായൺ
 
 
 

2002 ൽ പട്ടാമ്പിയിൽ ജനനം. ഗവ.സംസ്കൃത കോളേജ് പട്ടാമ്പിയിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥി. ...