White Crow Art Daily

കേരള ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍

കേരള ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍ / പ്രേം രാജന്‍

ലയില്‍ , സംസ്കാരത്തില്‍, പുരോഗമനരാഷ്ട്രീയത്തില്‍ ബംഗാള്‍ കേരളത്തിനു ഒരിക്കലും പിന്നിലായിരുന്നില്ല. സകല ഭൂഖണ്ഡങ്ങളിലേയ്ക്കും സഞ്ചരിച്ച രവീന്ദ്രനാഥ ടാഗോറും, വിശ്വഭാരതിയായിമാറിയ ശാന്തിനികേതനുമടങ്ങുന്ന വിശിഷ്ടമായ പൂര്‍വാധുനിക സാംസ്കാരിക സമ്പന്നതയും അതിന്റെ തുടര്‍ച്ചയും ബംഗാളിലുണ്ട്. എന്നാല്‍ രണ്ടായിരാമാണ്ടില്‍ മുഖ്യമന്ത്രിപദത്തില്‍ നിന്ന് ജ്യോതിബാസു സ്വയം പിന്‍വാങ്ങുമ്പോഴും മനുഷ്യരെ ഇരുത്തി മനുഷ്യര്‍ വലിച്ചുകൊണ്ടോടുന്ന റിക്ഷകള്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നില്ല.ഇതേ കാലത്തിന് ഏറെ മുന്നേതന്നെ ഇങ്ങനെയൊന്നു സങ്കല്‍പ്പിക്കാനാവാത്ത സമൂഹമനസാക്ഷി കേരളത്തിനുണ്ടായിരുന്നു.
ഇതിന്റെ പലകാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി നമ്മുടെ മുന്നിലേയ്ക്ക് വരിക ഓടയില്‍ നിന്ന് എന്ന നോവലും പി.കേശവദേവ് എന്ന എഴുത്തുകാരനുമാണ്. സംഘാടകര്‍, സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍, അദ്ധ്യാപകര്‍, പ്രസാധകര്‍, പത്രാധിപര്‍ ഇങ്ങനെ എഴുത്തുകാരെന്നും ഒരേപലരായിരുന്നു. ഓ… സോദ്ദേശ സാഹിത്യമോ? എന്ന് നെറ്റി ചുളിയുന്നുണ്ടെങ്കില്‍ സാരമില്ല. ജയമോഹന്റെ നൂറുസിംഹാസനങ്ങള്‍ വായിച്ചാല്‍ മതി. ജാതിവാല്‍ മുറിച്ച് എഴുത്തിലേയ്ക്ക് വന്ന കേശവദേവും, ജയമോഹനും തമ്മില്‍ ഒരു സംവാദത്തിന്റെ തുറസുണ്ട്. അത് ശ്രദ്ധിച്ചാല്‍ സമത്വത്തിന്റെ സങ്കല്‍പ്പങ്ങളില്‍ത്തന്നെ വരുന്ന സൂക്ഷ്മവികാസങ്ങള്‍ നമ്മളറിയും.

Kesavadev_P

കേരളീയ പൊതുചര്‍ച്ച പലപ്പോഴും ശ്രീനാരായണഗുരുവില്‍ തറഞ്ഞ്, തുടങ്ങിയേടത്തു തന്നെ. ഇടയ്ക്ക് ഡോ. പല്‍പ്പുവെന്നോ കുമാരനാശാനെന്നോ ഉച്ചരിച്ചാലായി. പല്‍പ്പുവിന്റെ മകനായ നടരാജഗുരുവിലേയ്ക്ക് , ബൌദ്ധികമോ ദാര്‍ശിനികമോ ആയ വിതാനങ്ങളിലേയ്ക്ക് തെളിച്ചമുള്ള മലയാള വഴികള്‍ തന്നെ ഇല്ലാതായി. നൂറുസിംഹാസനങ്ങള്‍ ബോധാനന്ദനിലൂടെ, പ്രജാനന്ദനിലൂടെ, അങ്ങനെ ഒന്നില്ലെന്ന് തോന്നുംവിധം അടഞ്ഞുപോയ ചിലവാതിലുകള്‍ മലയാളത്തില്‍ തുറന്നിട്ടു.

അമേരിക്കയില്‍ പോയിവന്ന അയ്യപ്പപ്പണിക്കര്‍ മലയാള കവിതയെ ആധുനികവല്‍ക്കരിച്ചു എന്ന് ലളിതമാക്കാനാവില്ല. വിശപ്പിനെന്തുണ്ട് എന്ന് തെരഞ്ഞ എം. എസ്. സ്വാമിനാഥന്‍, കുടിക്കാനെന്തുണ്ട് എന്ന് ആലോചിച വര്‍ഗീസ് കുര്യന്‍ , പതിവ് ജതിയും മുദ്രയും പുരാണഭാരവുമുപേക്ഷിച്ച് കലയെ സമകാലികമാക്കാന്‍ ശ്രമിച്ച മൃണാളിനി സാരാഭായി… ഇങ്ങനെ ശാസ്ത്രവും റ്റെക്നോളജിയും കലയും സംസ്കാരവും കൈകോര്‍ത്ത് നിന്ന് ദേശത്തോടും ലോകത്തോടുമൊപ്പം നമ്മള്‍ ആധുനികമാകാന്‍ ആഗ്രഹിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ കേരളത്തില്‍ പുരോഗമന, ജനാധിപത്യ, സോഷ്യലിസ്റ്റ് ധാരകള്‍ സജീവമായിരുന്നെങ്കിലും നമ്മുടെ രാഷ്ട്രീയം ആധുനികമായില്ല. നമ്മുടെ മാധ്യമങ്ങളും ആധുനികമായില്ല. 1847- ലെ രാജ്യസമാചാരം മുതല്‍ മലയാളത്തില്‍ പിറന്ന എറ്റവും പുതിയ ദൃശ്യമാധ്യമംവരെ ജാതിമത വിഭാഗീയതകളുടെ ജിഹ്വകളായി നിലകൊള്ളുന്നു. മറ്റുള്ളവ കച്ചവടക്കാരുടെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ ജിഹ്വകളാകുമ്പോഴും അവയുടെ സ്വഭാവവും സമീപനവും വ്യത്യാസപ്പെടുന്നില്ല.

klf

സമ്പൂര്‍ണ വാണിജ്യ സംപ്രേക്ഷണങ്ങളായിമാറിയ ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകതരം പൈങ്കിളിരാഷ്ട്രീയം/ സ്റ്റുഡിയോ രാഷ്ട്രീയം , നിര്‍മ്മിച്ചെടുത്ത് വിറ്റഴിച്ചുകൊണ്ടിരിക്കുന്നു. വിഭവശേഷിയോ വിചാരശേഷിയോ ഇല്ലാത്ത കടുത്തവിഭാഗിയതയുള്ള ഒരുവിഭാഗമാളുകളെ രാഷ്ട്രീയ നിരീക്ഷകരെന്നപേരില്‍ കെട്ടിയേല്‍പ്പിക്കുന്നു… പൊതു ഇടങ്ങള്‍ വിട്ടുപോയ മലയാളി എഴുത്തുകാര്‍ അവരുടെ എഴുത്തുമുറി തുറക്കല്‍, ഒന്നിച്ചിരിക്കല്‍ , സ്വയം വിമര്‍ശിക്കല്‍ പുതിയ സംഭാഷണങ്ങള്‍ക്ക് വഴിതുറക്കല്‍ ഒരടിയന്തിര ആവശ്യമാണ്. കേരള ലിറ്റേറച്ചര്‍ ഫെസ്റ്റിവല്‍ അതിന് തുടക്കമാകുമെന്ന് പ്രത്യാശിക്കുന്നു. കേരള ഗ്രന്ഥശാലസംഘത്തിനും , സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനും തുടക്കമിട്ട, നയിച്ച, ഡൊമിനിക് ചാക്കോ കിഴക്കേമുറിയെപോലുള്ളവരുടെ ഓര്‍മയും ഊര്‍ജവും ഇതിന് കരുത്താകുമെന്നും.

jayamohan

സ്വന്തം എഴുത്ത് സാമൂഹികമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു/ സ്വാധീനിക്കുന്നു എന്നതിലെ സംശയമാണ് ജയമോഹന്‍ പത്മശ്രീ നിരസിക്കാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്.ഇങ്ങനെ സ്വയം സംശയിക്കാനുള്ള, സ്വയം വിമര്‍ശിക്കാനുള്ള സന്നദ്ധതയും ജാഗ്രതയുമാണ് പുതിയ എഴുത്തിന്റെ വിശ്വാസ്യത. എല്ലാറ്റിനും പോംവഴിയുമായി കോഴിക്കോട് കടപ്പുറത്ത് ഒരു കപ്പലണയുന്നു എന്നല്ല. നന്നായി വായിച്ചിരുന്ന ഒരാള്‍ വായനാശീലത്തിലേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന,ബി.മുരളിയുടെ ചിലന്തി വിഷം എന്ന കഥയില്‍ നിന്ന് ചിലവരികള്‍ ചേര്‍ത്തുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു… തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടറായ സചിദാനന്ദന്റെ വാക്കുകളും.

b murali
‘’ഒരു കഥ വായിച്ച് പകുതിവരെ വരുമ്പോഴേക്കും ഓ, എന്തോന്നിനാ ഇനിയങ്ങോട്ടു പോകുന്നത് എന്നൊരു ചിന്ത വരും.തെറ്റിദ്ധരിക്കരുത്. എഴുതുന്നവരുടെ ദോഷമാണെന്നു ഞാന്‍ ഒട്ടും ഉദ്ദേശിച്ചിട്ടില്ല കേട്ടോ.പണ്ടു വായിക്കുന്ന കാലത്ത് അല്‍ക്സാണ്ടര്‍ പുഷ്കിന്റെ ഒരു നോവലില്‍ പറഞ്ഞിരുന്ന കാര്യം മനസ്സിലുണ്ട്. അതില്‍ ധനികയായ ഒരു വല്യമ്മക്ക് സുന്ദരിയും പാവപ്പെട്ടവളുമായ ഒരു യുവതി സഹായത്തിനുണ്ടായിരുന്നു. തള്ളയ്ക്കു രാത്രിക്കു രാത്രി ഓരോരോ കഥകള്‍ വായിച്ചു കൊടുക്കണം പെണ്ണ് . എന്നാലോ ഈ എഴുത്തുകാരന്മാരുടെ കഴിവില്ലായ്മകള്‍ വരുന്നേടത്തൊക്കെ തള്ള ദേഷ്യപ്പെടുകയും പാവം പെണ്ണിനെ ഉപദ്രവിക്കുകയും ചെയ്യും. എന്തൊരു കഷ്ടമാണല്ലേ ഇങ്ങനെ തുടങ്ങിയാല്‍? ‘’…

സച്ചിദാനന്ദൻ

ഇന്ത്യയിൽ ഇപ്പോൾ ഒരോ പ്രമുഖനഗരത്തിനും ഒന്നോ രണ്ടോ വീതം വലുതോ ചെറുതോ ആയ വാർഷിക സാഹിത്യോത്സവങ്ങൾ‌ ഉണ്ട്. അവയിൽ ചിലത് പുസ്തകങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളവയാണ്. ചണ്ഢിഗഡിലേതു പോലെ; ചിലവ കവിതയെ മാത്രം കേന്ദ്രീകരിച്ചുള്ളവയാണ്. കൊനാർക്കിലേതു പോലെ, ചിലത് സാഹിത്യത്തിനും അപ്പുറമുള്ള സാംസ്കാരികോത്സവങ്ങൾ തന്നെയായി മാറിയിരിക്കുന്നു. ജയ്‌പൂരിലേതു പോലെ . ഡൽഹിക്കും‌ പാട്നയ്ക്കും ഭൂവനേശ്വറിനും കൊൽക്കത്തയ്ക്കും ബോംബേയ്ക്കും ചെന്നൈയ്ക്കും ഹൈദരാബാദിനും ബാംഗ്ലൂരിനുമെല്ലാം ഒന്നോ അതിലധികമോ സാഹിത്യോത്സവങ്ങളുണ്ട്. സാക്ഷരതയിലും സഹൃദയത്തിലും ഇവയില്‍ പല സ്ഥലങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന കേരളത്തിനു സ്വന്തമായ ഒരു വാർഷിക സാഹിത്യോത്സവം വേണ്ടതല്ലേ? ഈ ആലോചനയിൽ നിന്നാണ് ഡി സി കിഴക്കേമുറി ഫൗണ്ടേഷൻ മുൻകൈ എടുത്ത് മറ്റു പല സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ നടത്തുന്ന ‘കേരള സാഹിത്യോത്സവത്തിന്റെ ആരംഭം.

Satchidanandan

ഒരു സാഹിത്യോത്സവം എന്തെല്ലമായിരിക്കണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണ‌ ഉണ്ട്. ഭിന്നരുചികളായ വായനക്കാരുടെ ഒത്തുകൂടൽ. പല തലങ്ങളിൽ പല വിധങ്ങളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരുടെ പരസ്പര സംവാദവും സഹൃദയരുമായുള്ള സംഭാഷണവും. പുസ്തകങ്ങളുടെ അവതരണവും ചർച്ചയും. ആശയങ്ങളുടെ സംഘർഷസമന്വയങ്ങൾ. സമകാലീന സാഹിത്യപ്രസ്ഥാനങ്ങളുടേയും പ്രവണതകളുടെയും വിലയിരുത്തൽ. സാഹിത്യത്തിന്റെ വർത്തമാനഭാവികളെക്കുറിച്ചുള്ള പ്രത്യാശകളും ആശങ്കകളും. മലയാളഭാഷയുടെ നിലനിൽപ്പിനും വികാസത്തിനുമായുള്ള ഉള്ളുതുറന്ന ആലോചനകൾ. എഴുത്തിലെ പല തലമുറകൾ തമ്മിലുള്ള ആശയക്കൈമാറ്റങ്ങൾ. ഇതര സാഹിത്യങ്ങളുമായുള്ള താരതമ്യങ്ങളും സംവാദങ്ങളും. പരിഭാഷയുടെ ശാസ്ത്രവും പ്രത്യയശാസ്തവും സ്വാധീനവുംമ്പ്രാധാന്യവും. നവീനതയ്ക്കായുള്ള തുറന്ന അന്വേഷണങ്ങൾ. കഥ, നോവൽ, കവിത, നാടകം, സിനിമ, വിമർശനം, വിജ്ഞാനംമിവയുടെ പാരമ്പര്യങ്ങളും ആധുനികമുന്നേറ്റങ്ങളും മുൻനിർത്തിയുള്ള ചർച്ചകൾ. ഒപ്പം കലയും സംഗീതവും സമൃദ്ധമാക്കുന്ന സായാഹ്നങ്ങൾ. അങ്ങനെ വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിവസങ്ങളായാണ് ഞങ്ങൾ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള സാഹിത്യോത്സവത്തെ വിഭാവനം ചെയ്യുന്നത്.
എഴുത്തുകാർക്ക് കഴിയുന്നത്ര വിപുലമായ പ്രാതിനിധ്യം ഞങ്ങൾ നൽകുന്നുണ്ട്. എന്നാൽ കേരളത്തെപ്പോലെ ആയിരക്കണക്കിന് എഴുത്തുകാരുള്ള ഒരു നാട്ടിൽ പൂർണ്ണമായ പ്രാതിനിധ്യമെന്നത് അസാധ്യമാണ്. വരും കൊല്ലങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രത്യാശ.
ഈ ഉത്സവത്തെ സ്വന്തം ദേശത്തിന്റെ സാഹിത്യപ്പെരുമയുടെ ആഘോഷമായി മാറ്റാൻ ഞങ്ങൾ എല്ലാ എഴുത്തുകാരോടും സഹൃദയരോടും സംസ്കാര പ്രണയികളോടും അഭ്യർത്ഥിക്കുന്നു.