White Crow Art Daily

കൈവിട്ട് പോയ ഒരു കൂവലിനെപ്പറ്റി

കശാപ്പ് ചെയ്യലും പാകം ചെയ്ത് തിന്നലും അത്ര എളുപ്പമല്ലെങ്കിലും നാട്ടിലൊരു കോഴിക്കുഞ്ഞിനെയും കിട്ടാനില്ലാത്തപ്പോൾ ഇറച്ചിക്കൊതി മൂത്ത ഒരാളെന്ന നിലയിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തോന്നിയില്ല.

അട്, പശു ,മുയൽ, പന്നി അങ്ങനെയൊന്നിനേയും വീട്ടിൽ വളർത്തുന്നുമില്ല

കോഴിക്കൂട് തുറന്നയുടൻ പുറത്ത് ചാടാൻ നിൽക്കുന്ന ഒരിളയ കോഴിയെ ഞെക്കിപ്പിടിച്ചെടുത്തു. എന്തിനാ ചങ്ങായീ ഇമ്മാതിരി ഇറുക്കിപ്പിടിക്കുന്നേ എന്ന വല്ലാത്ത നോട്ടം കൊണ്ട് കോഴി കൈക്കിടയിൽ ഒന്ന് ഇളകിയിരുന്നു

അതിൻ്റെ സഹ കോഴികൾ കൊക്കിപ്പാറി ഓടുന്നത് തലയിളക്കി നോക്കി.

പ്രിയപ്പെട്ട കോഴീ! എന്ന് കൊഞ്ചിച്ചതിനെയൊന്ന് പാട്ടിലാക്കാൻ നോക്കുമ്പോൾ അത്ര പ്രിയപ്പെട്ടതാണെങ്കിലിങ്ങനെ മേശക്കാലിൽ കെട്ടിയിടാതെ തൊറന്ന് വിട്ടൂടേ എന്ന് കോഴിയൊന്ന് ചെറഞ്ഞു.

കോഴിയുടെ വിശപ്പിലേക്ക് വറ്റും വെള്ളവും കൊടുത്ത് അറക്കേണ്ട കത്തി മൂർച്ച കൂട്ടി.

കൂട്ടിലെ ഒറ്റ പൂവനാണ് രാവിലെ വീടിനെ ഉണർത്തുന്നോനാണ്. കൂട്ടിലെ നാല് പിടകളുടെയെന്ന പോലെ അയലോക്കത്തെ മൂന്നെണ്ണത്തിൻ്റെ കൂടി പ്രേമഭാജനമാണ്.

ഇവനെ വിട്ടാലെൻ്റെ എറച്ചിക്കൊതി വയറിൽ കിടന്ന് കൂവുമല്ലോ. അത് ഉറങ്ങാനോ ഉടുക്കാനോ സമ്മതിക്കാതെ ആളെ മക്കാറാക്കുമല്ലോ.

ഉള്ളി അരിഞ്ഞു, ഇഞ്ചി ,പച്ചമുളക്, വെളുത്തുള്ളി എന്നങ്ങനെ കറിക്ക് സാമാനങ്ങൾ നിരത്തുമ്പോൾ പൂവനൊരു കൂക്ക്. വയറ്റീന്നതിനൊരു മറുകൂവൽ.

അവരങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കൂവി കൂവി ചങ്ങാതികളായി. ഒരിമിച്ചിരുന്ന് വിശേഷം പറഞ്ഞ് ചിരിച്ചും കളിച്ചും വേർതിരിച്ചറിയാനാവാത്ത വിധം ഒറ്റക്കൂവലായി.

എത്ര ശ്രമിച്ചിട്ടും എൻ്റെ കൊതിയേതെന്നും അതിൻ്റെ കൂവലേതെന്നും തിരിച്ചറിയാനാവാതെ വലഞ്ഞു.

അന്നേ പിന്നെ ഇറച്ചി തിന്നാത്ത ഞാൻ , ഉണ്ടെന്നടയാളം വക്കാൻ പോലുമില്ലാത്ത എൻ്റെ കൂവൽ തിരിച്ചെടുക്കാൻ പണിപ്പെടുകയാണ്.

തൂവൽ പടർത്തുന്ന വാക്കുകൾ

തൊട്ടപ്പുറത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് ഇപ്പുറത്തെ ബാൽക്കണിയിലിരിക്കുന്ന എന്നെ നീ ഒളിഞ്ഞു നോക്കുന്നത് ഞാ’നും ഒളിഞ്ഞ് കാണുന്നു. ചെടികളെ നനക്കുകയാണെന്ന ഭാവത്തിലാണ് നിൻ്റെ നിൽപ്പ്. ആകാശത്തിൻ്റെ ചെരിവിലേക്ക് തൂവൽ പടർത്തുന്ന പക്ഷികളിൽ നിന്നോ പാറ്റകളിൽ നിന്നോ ഒരു വാക്ക് ശേഖരിക്കാനാണെന്ന മട്ടിൽ ഞാനും. നിന്നെയിപ്പോൾ തൊടുന്ന ചെടിയുടെ തണുപ്പിൽ ഒരു വാക്കുണ്ട്. പരസ്പരം മിണ്ടാത്ത നോട്ടം കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പാകിയിട്ടത്. അതിനെ തോണ്ടിയെടുത്ത് മടിയിലിരുത്തി കളിപ്പിക്കുന്ന നിന്നെ ഇന്നലെക്കൂടി സ്വപ്നം കണ്ടതാണ്. എൻ്റെ ബാൽക്കണിയിൽ നീയിതുപോലെന്തെങ്കിലും വച്ചിട്ട് പൊയ്ക്കാണുമെന്ന പ്രതീക്ഷയിൽ ഞാനിവിടൊക്കെ പരതി നോക്കാറുണ്ട്. ഒന്നുമിതുവരെ കണ്ടുകിട്ടിയിട്ടില്ല. ചെടികളൊക്കെ നനച്ച് നീ അകത്തേക്ക് പോയി. അകത്ത് ഒന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ ഇവിടെത്തന്നെ ഇരുന്നു. വാക്കുകൾ ശേഖരിച്ചു കൊണ്ട്. കുറേ നേരം കഴിഞ്ഞ് നീ ബാൽക്കണിയിൽ വന്നിരുന്നു. കുളിച്ച് ഉടുപ്പുമാറ്റി നന്നായൊരുങ്ങി. കൈയിൽ ഒരു തടിച്ച പുസ്തകമുണ്ട്. അതിൻ്റെ പുറം എനിക്ക് കാണാനാവും. പക്ഷികൾ തീറ്റകളെറിഞ്ഞതിൽ കൊത്തുന്ന ഒരു മനുഷ്യൻ. അതിന് താഴെ എൻ്റെ പേര്. എന്നെ നോക്കി പുസ്തകം ചട്ടമുതലങ്ങളോട്ട് തള്ളവിരലിട്ട് ഓടിച്ചു. താളുകൾ നിറയെ ഞാൻ പാകിയിട്ട വാക്കുകൾ. അത്രയും സന്തോഷത്തോടെ ഞാനകത്തേക്കോടി. ശേഖരിച്ച വാക്കുകൾ കൂട്ടിപ്പിടിച്ച് . അകത്ത് എനിക്കേറെ പണിയുണ്ട്.

 

മലപ്പുറം സ്വദേശി പെരിന്തൽമണ്ണ അൽസലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ അധ്യാപിക ഹരിതം ബുക്ക്സ് ...