White Crow Art Daily

കോളനിവീട്

കവിത ഇന്നലെ /ആനിക്കാടന്‍

കോളനിവീട്

 

ഇറയത്ത്

ഇടവപ്പാതിയിലേയ്ക്ക്

വായതുറന്ന

വക്കടര്‍ന്ന

മണ്‍കലം പോലെ വീട്.

 

നെടുംചുവരിനാലതിരുകോറി-

യിട്ടിരുകുടുംബ രഹസ്യം

മറയ്ക്കുന്ന വീട്.

 

ഭൂപരിഷ്കരണ വിപ്ലവം വിതറിയ

വീരശൂരപരാക്രമികള്‍

മൂന്നുമുഴം മുമ്പേ എറിഞ്ഞു തന്ന

മണ്ണിലാണീ വീട്.

 

ചുവരിലച്ഛന്റെ ഓര്‍മ്മ മുഖം

രക്തസാക്ഷിയെന്നടിലിഖിതം.

 

പനിമരുന്നുകള്‍

നിരത്തിവെച്ച

പലകത്തട്ടിക്കു താഴെ

പഴമ്പായ വിരിപ്പിലേയ്ക്ക്

പടരുന്ന ചുമയും ചിരങ്ങുമാണ് മക്കള്‍.

 

അടുക്കള വാതിലില്‍പ്പടര്‍ന്ന

റേഷനരിക്കഞ്ഞിയുടെ

ഗന്ധവും

ചാവാലിപ്പട്ടിയുടെ ചൂരും

ഗുനിയയും ഡെങ്കിയും

കുരുന്നുകള്‍ക്ക്

കൂട്ടിനിരുത്തി

സ്മാര്‍ട്ട് സിറ്റിക്ക്

മണ്ണുചുമന്നുവരും

അമ്മയ്ക്കും കൂടാണീവീട്…

 

 

പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വാദേശി . കോളനിവീട് കവിതാസമാഹാരം