White Crow Art Daily

ഗുഹകളിൽ വസിക്കുന്ന…രാജേഷ് വർമ്മ

കാനിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കെപ്പെട്ട ശീതകാലനിദ്ര (വിന്‍റർ സ്ലീപ്പ്) നൂറി ബില്‍ജെ സീലാൻ എന്ന ടര്‍ക്കിഷ് പ്രതിഭയുടെ സങ്കല്പസൃഷ്ടിയാണ്. ആന്തരികവും സാമൂഹികവുമായ മാനസികസംഘട്ടനങ്ങള്‍കൊണ്ട് സങ്കീര്‍ണ്ണമായ, മൂന്നേകാല്‍ മണിക്കൂർ നീളമുള്ള ഈ സിനിമ റഷ്യൻ കഥാസാഹിത്യത്തിന്‍റെ സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നുവെങ്കിൽ അത്‌ യാദൃശ്ചികമല്ല. ഇന്നത്തെ തുര്‍ക്കിയിൽ അരങ്ങേറുന്നതാണെങ്കിലും സീലാന്റെ ചിത്രത്തിന്‍റെ കഥാതന്തു ചെക്കോവിന്റെ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.
കപ്പഡോഷ്യ എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. ഇവിടെ ചരിത്രാതീതകാലംമുതൽ, പാറതുരന്നു പണിഞ്ഞ വീടുകളിൽ മനുഷ്യൻ പാര്‍ത്തുവരുന്നു. പാര്‍പ്പിടങ്ങളുടെ ഈ അസാധാരണത്വമാണ് വിനോദസഞ്ചാരമേഖലയിൽ കപ്പഡോഷ്യയുടെ പ്രശസ്തിക്കു കാരണം. ഇത്തരം ഒരു പാറക്കെട്ടിടത്തിൽ സഞ്ചാരികൾക്കുവേണ്ടിയുള്ള മുന്തിയ ഹോട്ടൽ നടത്തുന്നയാളാണ് ‘ശീതകാലനിദ്ര’യിലെ നായകന്‍. എന്നാൽ കപ്പഡോഷ്യയുടെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പ്രത്യേകതകൾ കൌതുകക്കാഴ്ചകളാക്കുന്നതിലല്ല ഈ ചലച്ചിത്രകാരനു താത്പര്യം. ഇത്തരം പാര്‍പ്പിടങ്ങളിലാണ് ഈ കഥാപാത്രങ്ങൾ താമസിക്കുന്നതെന്നു മനസ്സിലാക്കിത്തന്നതിനുശേഷം, തെല്ലും ആഘോഷമില്ലാതെ, അവയിൽ പാര്‍ക്കുന്ന മനുഷ്യജീവികളുടെ ആന്തരികലോകങ്ങളിൽനിന്നുള്ള ചില അപൂര്‍വദൃശ്യങ്ങൾ പങ്കുവെക്കുക എന്ന ദുഷ്കരമായ ജോലിയിലേക്ക് മുന്നേറുകയാണ് അദ്ദേഹം. സാര്‍വലൌകികവും സാര്‍വകാലീനവുമെങ്കിലും അത്രതന്നെ പ്രാദേശികവും സമകാലീനവുമായ ചില മനുഷ്യാവസ്ഥകളിലേക്കുള്ള ഒരു അന്വേഷണമാണ് തത്ഫലമായി ഉരുത്തിരിയുന്ന ചലച്ചിത്രകൃതി.
നാടകജീവിതത്തില്‍നിന്നു വിരമിച്ച് ചരിത്രരചനയിലും ഹോട്ടൽനടത്തലിലും മുഴുകിക്കഴിയുന്ന സമ്പന്നനായ ഐദീൻ, ദാനധര്‍മ്മങ്ങളിൽ വ്യാപൃതയായ ഭാര്യ, ഭാര്യയുടെ സമൂഹസേവനപ്രവര്‍ത്തനങ്ങളിൽ പങ്കാളിയായ അവിവാഹിതനായ സ്കൂൾ അദ്ധ്യാപകൻ, വിവാഹമോചനം നേടി നായകനോടൊപ്പം കഴിയുന്ന സഹോദരി, ഐദീന്‍റെ പൂര്‍വികർ സമ്പാദിച്ചുവെച്ച അസംഖ്യം വാടകവീടുകളിലൊന്നിൽ കഴിയുന്ന മദ്യപനും അക്രമസ്വഭാവിയുമായ ദരിദ്രൻ, അയാളുടെ പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള മകൻ, കുടിയന്‍റെ കുടുംബത്തിന്‍റെ ചുമതല ഏറ്റെടുത്തു നടത്തുന്ന പുരോഹിതനും അവിവാഹിതനുമായ അനുജൻ തുടങ്ങി ഏതാനും കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

Winter-Sleepശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ഏതാനും പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുവേണ്ടി കഥാപാത്രങ്ങളെ നിര്‍മ്മിക്കുന്ന രീതിയല്ല, സമകാലികയാഥാർഥ്യങ്ങളുടെ രംഗഭൂമിയിൽ ജീവിക്കാനിടയുള്ള ചില കഥാപാത്രങ്ങളെ സങ്കല്പിച്ച് അവരുടെ ജീവിതസന്ദര്‍ഭങ്ങളിലൂടെ ഇന്നിന്‍റെ സമസ്യകളിലേക്കു കണ്ണോടിക്കുക എന്ന മാര്‍ഗ്ഗമാണ് സീലാന്റേത്. അതോടെ, നമ്മുടെ കണ്‍മുമ്പിൽ ഉടലെടുക്കുന്ന ഈ മനുഷ്യർ സങ്കല്പസൃഷ്ടികളായ വെറും കഥാപാത്രങ്ങളല്ലാതായിത്തീരുന്ന അത്ഭുതപ്രതിഭാസമാണ് തിരശ്ശീലയിൽ തെളിയുന്നത്. അവരുടെ ജീവിതത്തെ ആട്ടിയുലയ്ക്കുന്ന ശക്തികളെക്കുറിച്ചുള്ള ആരായലുകൾ വെറും സൈദ്ധാന്തികചര്‍ച്ചകളുടെ നിലവിട്ട് ജീവൽസമസ്യകളായി മാറുന്നതും നാം കാണുന്നു. ദാമ്പത്യത്തിലെ ഹിംസ, അസൂയ, സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ, പ്രതിഭാദാരിദ്ര്യത്തെച്ചൊല്ലിയുള്ള കലാകാരന്‍റെ ഭീതി, ദാനധര്‍മ്മങ്ങളുടെ പ്രസക്തിയും പരിമിതിയും, സംഘടിതമതങ്ങളുടെയും മറ്റു ബൃഹദാഖ്യാനങ്ങളുടെയും ജീര്‍ണ്ണഘടനകൾ തകര്‍ത്തു പുറത്തുകടന്നതിനെത്തുടര്‍ന്ന്‍ ആധുനികമനുഷ്യൻ അനുഭവിക്കുന്ന ആത്മീയമായ ശൂന്യത തുടങ്ങി എണ്ണമറ്റ പ്രമേയങ്ങളിലേക്ക് ചിത്രം വിരല്‍ചൂണ്ടുന്നുണ്ടെങ്കിലും അവയെല്ലാം ഈ മനുഷ്യരുടെ യഥാര്‍ത്ഥപ്രശ്നങ്ങൾ എന്ന മട്ടിലാണ് കാഴ്ചക്കാർ അനുഭവിക്കുന്നത്. ‘നാടകാന്തം കവിത്വം’ എന്ന സൂക്തത്തിന്‍റെ പൊരുൾ ഈ കലാവിദ്യയിൽ നാം അറിയുന്നു.
നാടകത്തിന്‍റെ പ്രത്യക്ഷമായ സ്വാധീനം ‘ശീതകാലനിദ്ര’യിൽ കാണാം. ഷേക്സ്പിയർപരമ്പരയിലുള്ള ബെര്‍ഗ്മാനെ ഗുരുസ്ഥാനത്തുകാണുന്ന ഒരു ചലച്ചിത്രകാരനിൽ അത് യാദൃച്ഛികവുമല്ല. ‘സിനിമ ദൃശ്യകലയാണ്’ എന്ന്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട്, ആശയപരമായും ദാര്‍ശനികമായും അവ്യക്തതയുള്ള ദൃശ്യപരമ്പരകൾ സൃഷ്ടിച്ചുവിടുന്ന നമ്മുടെ സംവിധായകർ സീലാന്‍റെ കലാതന്ത്രം മനസ്സിലാക്കിയെങ്കിൽ. ആന്തരികലോകത്തെ വെളിപ്പെടുത്താൻ ഒരു ശസ്ത്രക്രിയാവിദഗ്ധനെപ്പോലെ അദ്ദേഹം സംഭാഷണത്തെ ഉപയോഗിക്കുന്നത് അവർ ശ്രദ്ധിച്ചെങ്കിൽ.

Winter-Sleep2
‘ഒഥെല്ലോ’ എന്ന പേരിൽ ഒരു ഹോട്ടൽ നടത്തുന്ന നായകനും പ്രായത്തിൽ നല്ല ഇളപ്പമുള്ള ഭാര്യയും അവിവാഹിതനായ മൂന്നാമനും ഉള്‍പ്പെടുന്ന ഇതിവൃത്തത്തെ പഴയൊരു ദുരന്തകഥയുടെ ആവര്‍ത്തനമാക്കാതിരിക്കാൻ സീലാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എളുപ്പവഴിയിൽ സമാധാനം കണ്ടെത്താനുള്ള പ്രലോഭനങ്ങൾ എല്ലാ മികച്ച കലാകാരന്മാരെയും പോലെ അദ്ദേഹം പലവട്ടം ചെറുത്തുതോല്‍പ്പിക്കുന്നത് ചിത്രത്തിൽ കാണാവുന്നതാണ്. ഭാര്യയോടു മാപ്പുപറഞ്ഞ്, അടഞ്ഞ വഴികൾ തുറന്നു മുന്നേറുന്ന നായകനെ കാണിച്ചുകൊണ്ടുള്ള കഥാന്ത്യവും ഇപ്രകാരംതന്നെ സന്ദിഗ്ധതകള്‍ക്ക് ഇടം നല്‍കുന്നു. ആ മാപ്പപേക്ഷ വാസ്തവത്തിൽ സംഭവിച്ചതാണോ അതോ നായകന്‍റെ സ്വയംവഞ്ചനയുടെ പരമ്പരകളിൽ മറ്റൊന്നുമാത്രമാണോ എന്ന സംശയമാണ് കാണിയുടെ മനസ്സിൽ അവശേഷിക്കുന്നത്.
‘ശീതകാലനിദ്ര’ കാണാൻ അവസരം ലഭിച്ചത് കേരളാ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയിലാണ്. മേളയിൽ കാണാനിടയായ ചിത്രങ്ങളിൽ ഭൂരിപക്ഷവും ആസുരമായ ബാഹ്യശക്തികളോടു പൊരുതുന്ന ഒറ്റപ്പെട്ട മനുഷ്യരുടെ കഥകളായിരുന്നു. വംശീയമായ അധിനിവേശം (ഒമർ, ഡാന്‍സിങ്ങ് ആരബ്സ്, കം റ്റു മൈ വോയ്സ്), മുതലാളിത്തഭീകരത (ലെവയത്താൻ, ഫോറിന്‍ ബോഡി), കമ്യൂണിസ്റ്റ് കിരാതവാഴ്ച (റെഡ് അംനീഷ്യ, ഫോറിന്‍ ബോഡി), മതഭീകരത (റ്റിംബക്‌തു, ബ്ലെമിഷ്ഡ് ലൈറ്റ്), ഗോത്രവാഴ്ച (ഡിഫ്രെറ്റ്), ആണ്‍കോയ്മ (ഡിഫ്രെറ്റ്, ആ കപ്പെല്ല), യുദ്ധവും പ്രകൃതിശക്തികളും (കോൺ ഐലൻഡ്), അധോലോകം (മാറ്റിയോ) തുടങ്ങി മനുഷ്യവംശത്തെയാകെ ഗ്രസിച്ചുനിൽക്കുന്ന പ്രചണ്ഡശക്തികളെ ഇരകളുടെ പക്ഷത്തുനിന്നു നോക്കിക്കാണുകയാണ് സമകാലീനലോകസിനിമ. സ്വന്തം ഭാഗധേയത്തിന്മേൽ നാമമാത്രമായ നിയന്ത്രണം മാത്രമുള്ള ഇത്തരക്കാരുടെ കഥകളിൽ ഭാഗഭാക്കാവുന്നതോടെ മധ്യവര്‍ഗ്ഗകേരളത്തിലെ പ്രേക്ഷകവര്‍ഗ്ഗത്തിന് ആ നിസ്സഹായരുടെ ദുരന്തചരിത്രങ്ങളുടെമേൽ ഒരുതരം അവകാശവും കൈവരുന്നുണ്ടെന്നു പറയാം. ഇവരുടെ ദുരിതങ്ങൾ കാണാന്‍ വെയിലത്തു ക്യൂനിന്ന്‍, വിശപ്പും വിയര്‍പ്പും സഹിച്ച് സിനിമകണ്ട്, ഇവര്‍ക്കുവേണ്ടി ഹൃദയം പിടയുന്നതും കണ്ണു നനയുന്നതും അനുഭവിച്ച് കാണികൾ ചരിതാര്‍ത്ഥരാവുന്നു. എന്നാൽ, ഈ ചിത്രങ്ങളില്‍നിന്നു വിരുദ്ധമായി ‘ശീതകാലനിദ്ര’യിലെ കേന്ദ്രസ്ഥാനത്തു വരുന്നത് നിഷ്കളങ്കനെന്ന് വിളിക്കാനാവാത്ത ഒരു ഉപരിമധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ ബുദ്ധിജീവിയാണ്‌. അയാളുടെ കണ്ണുകളിലൂടെത്തന്നെ അയാളുടെ പരിമിതികളും കാപട്യങ്ങളും വെളിപ്പെടുന്നതോടെ, സ്വന്തം നാട്യങ്ങൾ പൊളിഞ്ഞുവീഴുന്ന നഗ്നത നാമും അനുഭവിക്കേണ്ടിവരുന്നു. ലോകത്തെ നിസ്വരുടെമേൽ അവസാനമില്ലാതെ അമര്‍ന്നുകൊണ്ടിരിക്കുന്ന ഈ മര്‍ദ്ദനയന്ത്രങ്ങൾ അപ്രതിരോധ്യരായി തുടരുന്നതിൽ നമുക്കുള്ള പങ്ക് എന്താണ് എന്ന ചോദ്യം സ്വയം ചോദിക്കാൻ നാം നിര്‍ബന്ധിതരാവുന്നു.

കേരളാ സര്‍വകലാശാലയില്‍നിന്ന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും അമേരിക്കയിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ലെറ്റില്‍നിന്ന്‍ ...