White Crow Art Daily

ദശാബ്ദങ്ങളിലെ സഹയാത്ര:എം.ജി രാധാകൃഷ്ണന്‍

എം. ജി  രാധാകൃഷ്ണന്‍

ഗോപനെക്കുറിച്ചുള്ള എന്റെ ഏറ്റവും ആദ്യത്തെ ഓര്‍മ്മ കിഴക്കേ കോട്ടയിലെ സിറ്റി ബസ് സ്റ്റാന്റില്‍ നിന്നുള്ളതാണ്.വര്‍ഷം 1978 ആകണം. സാധാരണ സൈക്കിളില്‍ കോളെജിലേക്ക് പോകാറുള്ള ഞാന്‍ അന്ന് എന്തുകൊണ്ടോ കിഴക്കേ കോട്ടയില്‍ നിന്ന് ബസ്സില്‍ പോകാന്‍ തീരുമാനിച്ചു. ബസ്സ് കാത്തു നില്‍ക്കുമ്പോഴാണ് വെളുത്ത് ഉയര്‍ന്ന് തോളറ്റം മുടിയുള്ള വിദ്യാര്ത്ഥി എന്നോട് യൂണിവേഴ്‌സിറ്റി കോളെജിലേക്കല്ലേ എന്ന് ചോദിച്ചത്. അയാളെ ഞാന്‍ കോളേജില്‍ വെച്ച് കണ്ടിട്ടുണ്ടായിരുന്നു. അയാള്‍ എന്നെയും.

അന്ന് ഒന്നിച്ച് ബസ്സില്‍ കമ്പിയില്‍ തൂങ്ങി നിന്ന് പോയവഴിക്ക് ഞങ്ങള്‍ പരിചയപ്പെട്ടു. ബി എ എക്കണോമിക്‌സ് അവസാനവര്‍ഷക്കാരനായിരുന്നു ഞാന്‍. ഗോപന്‍ എം എ ഇംഗ്ലീഷ് ഒന്നാം വര്‍ഷത്തിലും. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ എന്റെ സീനിയറും സ്ഥിരം റാങ്കു ജേതാവും ഇന്ന് മുതിര്‍ന്ന ഐ എ എസുകാരനുമൊക്കെയായ എസ് എം വിജയാനന്ദിന്റെ ക്ലാസിലാണോ എന്നായിരുന്നു എന്റെ ആദ്യ ചോദ്യമെന്നാണ് ഓര്‍മ്മ.

പക്ഷേ കോളേജ് കാലത്ത്  ഞങ്ങള്‍ അടുത്ത സുഹൃത്തു ക്കളൊന്നുമായില്ല. വ്യത്യസ്ത സുഹൃദ് സംഘങ്ങളിലായിരുന്നു ഞങ്ങള്‍. ഗോപന്‍ കോളെജിലെ പ്രവര്‍ത്തനങ്ങളിലൊന്നും അധികം ഭാഗഭാക്കായിരുന്നില്ല. എന്റെ പ്രിയ സങ്കേതമായിരുന്ന കോഫീ ഹൗസിലും ഗോപന്‍ പതിവുകാരനായിരുന്നില്ല.

കവിയും എസ് എഫ് ഐ നേതാവും ഒക്കെയായിരുന്ന യു ജയചന്ദ്രന്‍, വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനായിരുന്ന മുരളീധരന്‍, രാഘവന്‍ എന്നിങ്ങനെ ഗോപന്റെ സഹപാഠികള്‍ എന്റെയും കൂട്ടുകാരായിരുന്നു. മരിക്കും വരെയും ഇവരൊക്കെ ഗോപന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ജനുവരി 30 ന് പേട്ടയിലെ അനിതാ പാര്‍ക്ക് ഫ്‌ലാറ്റില്‍ ഗോപന്റെ മൃതദേഹം കിടത്തിയിരിക്കുമ്പോള്‍ പുറത്തിരുന്ന് മുരളിയും രാഘവനും ഒന്നിച്ച് ഞങ്ങള്‍ പഴയ ഓര്‍മ്മകള്‍ പങ്കിട്ടു.

1982 ജനുവരിയില്‍ ആയിരുന്നു മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനില്‍ ഞാന്‍ ജേണലിസ്റ്റ് ട്രെയ്‌നിയായി ചേര്‍ന്നത്. അന്ന് ജേക്കബ് ജോര്‍ജ്ജ്, സണ്ണിക്കുട്ടി എബ്രഹാം, ശശിമോഹന്‍, എം ഹരി തുടങ്ങിയവരൊക്കെ എന്റെ തൊട്ട് സീനിയര്‍മാരായി അവിടെയുണ്ട്. കോട്ടയ്ക്കകത്തെ ചരിത്രപ്രസിദ്ധമായ തഞ്ചാവൂര്‍ അമ്മവീട്ടിലായിരുന്നു 1979 മുതല്‍ തിരുവനന്തപുരത്ത് എഡിഷനാരംഭിക്കുമ്പോള്‍ മാതൃഭൂമി പ്രവര്‍ത്തിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് രണ്ട് പേര്‍ കൂടി ട്രെയ്‌നികളായി എത്തി. ടി എന്‍ ഗോപകുമാറും കെ ജി ജ്യോതിര്‍ ഘോഷും. ഗോപനുമായി ബന്ധം പുനസ്ഥാപിക്കുന്നത് അതോടെയാണ്.

അമ്മവീടിന്റെ നടുമുറ്റത്തിനു ഇരു വശത്തുമായായിയിരുന്നു എഡിറ്റോറിയല്‍ ഡസ്‌ക്. ഒരു വശത്ത് മാതൃഭൂമി, ഗൃഹലക്ഷ്മി, ചിത്രഭൂമി എന്നീ ആഴ്ച്ചപ്പതിപ്പുകള്‍. മറുവശത്ത് ദിനപത്രം. ദിനപത്രത്തിന്റെ നീണ്ട ഡസ്‌കിന്റെ ഒരു വശത്ത് അടുത്തടുത്ത കസേരകളിലായിരുന്നു ഞങ്ങള്‍ ട്രെയ്‌നികള്‍. സീനിയര്‍മാര്‍ ജി വേണുഗോപാല്‍, ശ്രീകുമാരമേനോന്‍, കരൂര്‍ ശശി, പി ബാലകൃഷ്ണന്‍, പി കെ ഹരികുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍. എല്ലാവരുടെയും നായകനായി തൊട്ടപ്പുറത്ത് ഒരു ക്യുബിക്കിളില്‍ ടി വേണു ഗോപാലന്‍ എന്ന വേണുവേട്ടന്‍.

ഗോപന്‍ മാതൃഭൂമിയില്‍ ചേരുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഗോപന്‍ വന്ന ഉടന്‍ ഞങ്ങള്‍ അമ്മവീടിന്റെ വരാന്തയില്‍ പോയി നിന്ന് സിഗരറ്റ് വലിച്ചുകൊണ്ട് ആ സന്ദര്‍ഭം ആഘോഷിച്ചു. തിരിച്ചുവന്ന് കസേരകളില്‍ ഇരുന്നശേഷം ഞങ്ങള്‍ ചില എജന്‍സി റിപ്പോര്‍ട്ടുകള്‍ തര്‍ജ്ജമ ചെയ്യാനുള്ള പണിയില്‍ ഏര്‍പ്പെട്ടു. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാന്റീനില്‍ നിന്ന് പതിവ് ചായയും പരിപ്പുവടയും എത്തി. അത് കഴിച്ചശേഷം ഗോപന്‍ എന്റെ ചെവിയില്‍ പറഞ്ഞു. ‘എനിക്ക് സിഗരറ്റ് വലിക്കണം. പുറത്ത് പോകണോ, അതോ ഇവിടെ ഇരുന്ന് തന്നെ വലിച്ചാലോ?’

ഇന്നത്തെ പോലെ ‘നോ സ്‌മോക്കിങ്ങ് മേഖലകളൊന്നുമായിരുന്നില്ല പത്രമോഫീസുകള്‍. സിഗരറ്റിന്റെയും ബീഡിയുടെയും പുക നിറഞ്ഞവയായിരുന്നു അവ. പക്ഷേ മാതൃഭൂമി ഡസ്‌കില്‍ അന്ന് നിരന്തരം സിസ്സര്‍ വലിച്ചുതള്ളിയിരുന്ന ന്യൂസ് എഡിറ്റര്‍ ടി. വേണുവേട്ടന്‍ അല്ലാതെ ആരും വലിച്ചിരുന്നില്ല. ഞങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരായ ട്രെയ്‌നികള്‍ പുറത്ത് പോയി മാത്രമേ വലിച്ചിരുന്നുള്ളൂ. അതുകൊണ്ട് ഗോപന്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ തൊട്ടു മുന്നില്‍ഇരുന്ന ജി വേണുഗോപാലിന് (അത് ജി. വേണുവേട്ടന്‍ ) പിടിക്കില്ലെന്ന് സൂചിപ്പിച്ചു. ജി വേണുവേട്ടന്‍ വളരെ സീനിയര്‍ ആണെന്നതിനു പുറമേ ആര്‍ എസ് പിയുടെ സ്ഥാപകനേതാക്കളിലൊരാളും സര്‍ സിപി വിരുദ്ധ സമരസേനാനിയും സര്‍വോപരി ഹൃദ്രോഗിയുമായിരുന്നു. കേരളകൗമുദിയിലെ വലിയ സമരനായകനായിരുന്ന ജി. വേണുവേട്ടന്റെ ദേഷ്യം കുപ്രസിദ്ധവും.

പിന്നെ ഗോപന്‍ ചെയ്തത് ഞങ്ങളെയൊക്കെ ഞെട്ടിച്ചു.ജി.വേണുവേട്ടനോട് ഗോപന്‍ ചോദിച്ചു; ‘ഏട്ടാ, ഞാന്‍ ഒരു സിഗരറ്റ് വലിച്ചോട്ടേ?’ ഇപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിക്കുമെന്ന് കരുതി ഞങ്ങള്‍ സ്തബ്ധരായി ഇരുന്നു. ഒരു നിമിഷം അദ്ദേഹം ആ ക്രോധം സ്ഫുരിക്കുന്ന വലിയ കണ്ണുകള്‍ കൊണ്ട് ഗോപനെ ഒന്നുഴിഞ്ഞു. എന്നിട്ട് പതിവുപോലെ ആ കട്ടി മീശ ഒന്ന് തടവിയ വേണുവേട്ടന്റെ മുഖം പെട്ടെന്ന് ഒരു മനോഹരമായ മന്ദഹാസത്താല്‍ വിടര്‍ന്നു.

ഞങ്ങള്‍ ശ്വാസം വിട്ടത് അപ്പോഴാണ്. ‘നിന്റെ തുറന്നുള്ള ആ ചോദ്യമുണ്ടല്ലോ, അത് എനിക്ക് ഇഷ്ടപ്പെട്ടു. ചുമ്മാ വലിക്കെടേ… ‘ ആ പ്രസിദ്ധമായ തിരുവനന്തപുരം ശൈലിയില്‍ വേണുവേട്ടന്‍ പറയേണ്ട താമസം ഗോപന്‍ മാത്രമല്ല ഞങ്ങള്‍ ട്രെയ്‌നികളെല്ലാവരും കൂടെ അധികം വൈകാതെ ഡസ്‌ക് പുകപ്പുരയാക്കിമാറ്റി. അതോടെ അവിടെ സിഗരറ്റിനുള്ള (അന്ന് ദിനേഷ് ബീഡിയും ധാരാളം) അപ്രഖ്യാപിത വിലക്ക് അവസാനിച്ചു.

രണ്ട മുന്ന് ദിവസം കൂടി കഴിഞ്ഞപ്പോഴാണ് സഖാവ് പി കൃഷ്ണപിള്ളയുമായുള്ള തന്റെ ബന്ധം ഗോപന്‍ വെളിപ്പെടുത്തിയത്. ഞാന്‍ അന്തം വിട്ടു പോയി. അക്കാര്യം എനിക്ക് അറിയുകയേ ഇല്ലായിരുന്നു. ഐതിഹാസികനായിരുന്ന കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ എന്ന പേര് ഞങ്ങളുടെ കുടുംബത്തില്‍ പണ്ടുമുതല്‍ തന്നെ വളരെ സ്‌നേഹത്തോടെ പരാമര്‍ശിക്കപ്പെടുന്ന ഒന്നായിരുന്നു. ഞങ്ങളുടെ കാരണവര്‍ എം എന്‍ ഗോവിന്ദന്‍ നായരുടെ അടുത്ത സുഹൃത്ത്. മാത്രമല്ല എം എന്റെ അമ്മ ആസ്പത്രിയിലായിരുന്നപ്പോള്‍ പല തവണ അവരെ കാണാന്‍ വന്ന ‘സഖാവിന്റെ ഭാര്യ’യെ ഞങ്ങളൊക്കെ ഒരു ഇതിഹാസകഥാപാത്രത്തെപ്പോലെ നോക്കിനിന്നിരുന്നു.

അന്ന് തന്നെ ഞാന്‍ ഗോപനെ മാതൃഭൂമിക്ക് തൊട്ടടുത്ത് സുഭാഷ് നഗറിലെ എന്റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ എപ്പോഴും പരാമര്‍ശിച്ചി രുന്ന ‘തങ്കമ്മയുടെ’ മകനെ എന്റെ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒക്കെ പരിചയപ്പെടുത്താനുള്ള ആവേശമായിരുന്നു. പിന്നെ ‘തങ്കമ്മയുടെ മകന്‍’ എന്ന വിലാസം ഉപയോഗിച്ച് എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും സ്‌നേഹപാത്രമായതും അങ്ങിനെ ഞങ്ങളുടെ വീട്ടില്‍ നിന്ന് സൗകര്യം കിട്ടുമ്പോഴെല്ലാം ഊണ് തരപ്പെടുത്തിയതും ഒക്കെ ഗോപന്‍ തന്നെ എഴുതിയിട്ടുണ്ട്.

മാതൃഭൂമിയിലെ ഞങ്ങളുടെ ജീവിതം അവിസ്മരണീയമാണ്. കോളേജ് കാമ്പസുകളില്‍ നിന്ന് നേരെ ഓഫീസിലെത്തിയ ഒരു വലിയ യുവസംഘമായിരുന്നു ഞങ്ങളുടേത്. ഞങ്ങളേക്കാള്‍ ഏറെ മുതിര്‍ന്നതെങ്കിലും മനസ്സ് കൊണ്ട് ഞങ്ങളേക്കാള്‍ ചെറുപ്പമായ ടി. വേണുവേട്ടന്റെ നേതൃത്വം. മാതൃഭൂമിയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ തന്നെ ഈ യുവസംഘം വലിയ ഊര്‍ജ്ജം കൊണ്ടുവന്നു. ഞങ്ങള്‍ രാവും പകലുമില്ലാതെ ഓഫീസില്‍ തന്നെ ജീവിതം. ജോലിയും ഒപ്പം ഒരുപാട് തമാശകളും ചേര്‍ന്നൊഴുകിയ കാലം. മത്സരിച്ച് റിപ്പോര്‍ട്ടിങ്ങ്. സാധാരണ എല്ലാവര്‍ക്കും തലവേദനയായ രാത്രി ഡ്യൂട്ടിക്കായും ഞങ്ങള്‍ മത്സരിച്ചു. പേജ് ഒരുക്കുന്നതിലും അര്‍ദ്ധരാത്രി പുതിയ വാര്‍ത്ത വരുമ്പോള്‍ അതുള്‍പ്പെടുത്തി പേജ് പൊളിച്ചടുക്കാനും ആവേശം, മത്സരം.

കേരള സര്‍വകലാശാല യുവജനോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങളുടെ സംഘം ഒന്നിച്ച് പട പോലെ ഇറങ്ങി. പേജ് വിന്യാസത്തില്‍ അഗ്രഗണ്യനായ വേണുവേട്ടന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടുകളും രാജന്‍ പൊതുവാളിന്റെ ഉഗ്രന്‍ ചിത്രങ്ങളും കൊണ്ട് ആഘോഷിച്ചു. ആദ്യമായി തലസ്ഥാനത്ത് ഓഫ് സെറ്റ് പ്രിന്റിംഗ് കൊണ്ടുവന്നത് മാതൃഭൂമിയിലായിരുന്നതിനാല്‍ ചിത്രങ്ങള്‍ക്ക് കണ്ട അന്നുവരെ കാണാത്ത മിഴിവ് വായനക്കാര്‍ക്ക് ഹരമായി. കലാശാല യുവജനോത്സവം വലിയ വാര്‍ത്തയാകുന്നതുതന്നെ അന്നാദ്യം. തിരുവനന്തപുരത്ത് വന്നപ്പോള്‍ ഒരിക്കല്‍ ഗോപന്‍ ബുള്ളറ്റിന്റെ പിന്നില്‍ തന്നെ കയറ്റി യുവജനോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊണ്ടുപോയ കഥ പ്രശസ്ത കഥാകൃത്ത് സി വി ബാലകൃഷ്ണന്‍ ഗോപന്റെ മരണശേഷം വിളിച്ചപ്പോള്‍ പറഞ്ഞു.

പത്രപ്രവര്‍ത്തനത്തിന്റെ ആവേശത്തിന് പുറമേ സാമ്പത്തികമായ പ്രചോദനവും ഞങ്ങര്‍ക്ക് അന്ന് ഉണ്ടായിരുന്നു. 575 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് മാത്രമുള്ള ട്രെയ്‌നികള്‍ക്ക് അല്‍പ്പം കാശുണ്ടാക്കാനുള്ള വഴി ചിത്രഭൂമിയ്ക്കും ഗൃഹലക്ഷ്മിക്കും അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളും ഒരുക്കുക ആയിരുന്നു. അത് സംഘടിപ്പിക്കാന്‍ മത്സരമായിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന സകല സെലബ്രിറ്റികളെയും അഭിമുഖത്തിനു പിടി കൂടാന്‍ ഞങ്ങള്‍ മത്സരിച്ചു. ‘സൂര്യ’യുടെ അതിഥികളെ ഞങ്ങള്‍ ഓടിച്ചുപിടിച്ചു. ഇതിന്റെയെല്ലാം ഫലമായി ഒരു വര്‍ഷം കൊണ്ട് തന്നെ മാതൃഭൂമി തിരുവനന്തപുരം മാധ്യമലോകത്തെ കേരള കൗമുദിയുടെ പരമ്പരാഗത കുത്തക തകര്‍ത്തു.

ശുചീന്ദ്രം സ്വദേശിയായിരുന്ന ഗോപന് തമിഴിനോട് ഉത്കടമായ ആത്മബന്ധമായിരുന്നു. ഭാരതിയാരുടെ തമിഴ് കവിതകള്‍, ശിവാജി ഗണേശന്റെയും കമലഹാസന്റെയും സിനിമകള്‍ ഒക്കെ ഹരം. ഗോപന്റെ ഈ തമിഴ് പ്രണയവും സംസാരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെട്ട തമിഴ് ചുവയും ചൂണ്ടിക്കാട്ടി തമിഴനോടുള്ള മലയാളിയുടെ പതിവ് പുച്ഛത്തോടെ ഗോപനെ ഞങ്ങള്‍ കളിയാക്കിയിരുന്നു. ഗോപന്‍ ഒട്ടും വിട്ടുതരാതെ തമിഴിനു വേണ്ടി ശക്തമായി വാദിച്ച് മലയാളിയുടെ തലക്കനത്തെ കശക്കിവിടും.

അക്കാലത്ത് ശ്രീലങ്കയിലെ തമിഴ് തീവ്രവാദം വളരുന്ന കാലമായിരുന്നു. തമിഴ് നാട്ടില്‍ നിന്ന് നെടുഞ്ചേഴിയന്‍ തലൈ മണ്ണാറില്‍ നിന്ന് സിംഹള മേധാവിത്വത്തിനെതിരെ കടലില്‍ പ്രതിഷേധയാത്ര നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകണമെന്ന് ആവേശപൂര്‍വം ആവശ്യപ്പെട്ട് ഗോപന്‍ ആണ് പൊതുവാളിനൊപ്പം പോയത്. പൊതുവാളിന്റെ വലിയ ചിത്രങ്ങള്‍ക്കൊപ്പം ‘നെടുംചെഴിയന്റെ നെടും പയണം’ എന്ന തലവാചകത്തില്‍ ഗോപന്റെ ഗംഭീര റിപ്പോര്‍ട്ട് ഒന്നാം പേജില്‍ വലുതായി അടിച്ചു വന്നത് ഞങ്ങളില്‍ അല്പ്പം അസൂയയും സൃഷ്ടിച്ചു.

രണ്ടുപേര്‍ മാത്രമുള്ള ഡെസ്‌കിലെ എണ്ണമറ്റ നൈറ്റ് ഡ്യൂട്ടി രാവുകളില്‍ ആണ് ഗോപന്‍ തന്റെ ആ കഥ എന്നോട് പറഞ്ഞത്. സഖാവ് കൃഷ്ണപിള്ള തന്റെ ജീവിതത്തില്‍ സൃഷ്ടിച്ച ‘ആഘാതങ്ങളെ’ പറ്റി.

കൃഷ്ണപിള്ളയെപ്പോലെയൊരു അമാനുഷനായ നേതാവ് പാമ്പ് കടിയേറ്റ് മരണപ്പെട്ട ശേഷം ഭാര്യ തങ്കമ്മ പ്രസ്ഥാനവുമായി ബന്ധമില്ലെന്ന് മാത്രമല്ല അതിന്റെ എതിര്‍ ധ്രുവത്തിലുള്ള ബ്രാഹ്മണയാഥാസ്ഥിതികതയുടെ പര്യായമെന്ന് കരുതപ്പെട്ട ശുചീന്ദ്രം ക്ഷേത്ര സ്ഥാനികന്‍ നീലകണ്ഠ ശര്‍മ്മയെ വിവാഹം ചെയ്തത് പാര്‍ട്ടിയെ വല്ലാതെ ഞെട്ടിച്ചിരുന്നു. തങ്കമ്മ ചെയ്തത് ഒരു വലിയ വഞ്ചന ആയാണ് പല സഖാക്കളും കണ്ടത്. തങ്കമ്മയെ വ്യക്തിപരമായി ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും പോലും എന്തുകൊണ്ട് അവര്‍ അത് ചെയ്‌തെന്ന് അറിയില്ലായിരുന്നു. പക്ഷേ ഡെസ്‌കിലെ ആ രാത്രികളില്‍ ഗോപന്‍ ആ കരള്‍ നുറുങ്ങുന്ന കഥ എന്നോട് പറഞ്ഞു.

അപായകാരിയായ ഒരു കമ്യുണിസ്റ്റ് തടവുകാരനായിരുന്ന കൃഷ്ണപിള്ളയെ പ്രണയിക്കാന്‍ ഒരു സാധാരണ നായര്‍ കുടുംബക്കാരിയായിരുന്ന തങ്കമ്മ കാണിച്ച അസാമാന്യ ചങ്കൂറ്റം, അദ്ദേഹത്തിന്റെ അപ്രതീക്ഷിതമരണം സൃഷ്ടിച്ച ആഘാതം, അതോടെ അമ്മയും മൂന്ന് അനിയത്തിമാരും അടങ്ങിയ തങ്കമ്മയുടെ ജീവിതത്തില്‍ നിറഞ്ഞ അന്ധകാരം, ഈ ദുരന്തമറിഞ്ഞ് തങ്കമ്മയുടെ അമ്മ ഭ്രാന്തിയായത്, മൂന്ന് അനിയത്തിമാരെ വളര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെപോയ തങ്കമ്മയുടെ നിസ്സഹായവസ്ഥ., അതിനിടയില്‍ രക്ഷകനെപ്പോലെ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന നീലകണ്ഠ ശര്‍മ്മ. ശുചീന്ദ്രത്തെ ക്ഷേത്ര സ്ഥാനികനും ആഢ്യബ്രാഹ്മണനുമായ അദ്ദേഹം ഒരു മടിയും കൂടാതെ കമ്യുണിസ്റ്റ് വിപ്ലവകാരിയുടെ വിധവയ്ക്ക് അരുളിയ അഭയം. അവസാനം വരെ അമ്മയെ ഒരിക്കല്‍ പോലും പഴയ ബന്ധം പറഞ്ഞ് വേദനിപ്പിച്ചിട്ടില്ലാത്ത ശര്‍മ്മയുടെ വലിയ മനസ്സ്, തുടര്‍ന്നും കമ്യൂണിസ്റ്റ് പാര്ട്ടിയുമായും നേതാക്കളുമായും അമ്മ പുലര്‍ത്തിയ സൌഹൃദം, അതും സ്വാഗതം ചെയ്ത ശര്‍മ്മ, കൃഷ്ണപിള്ളയോട് പോലും ശര്‍മ്മ പുലര്‍ത്തിയ ആദരം, അത് കൃഷ്ണപിള്ളയെപ്പറ്റി തന്റെ മനസ്സിലും സൃഷ്ടിച്ച മാറ്റം ഇതൊക്കെ അന്ന് ഗോപന്‍ പറഞ്ഞു.

ഒപ്പം പാര്‍ട്ടിയുടെ ലോകത്ത് നിന്നും ശുചീന്ദ്രത്തെ ആഢ്യബ്രാഹ്മണ സമൂഹത്തില്‍ നിന്നും ഒരുപോലെ പുറത്ത് നിര്‍ത്തപ്പെട്ട സ്വന്തം അസ്തിത്വത്തെപറ്റിയും പലപ്പോഴും ഇതിനിടയില്‍ അമര്‍ന്ന് അമ്മയോടും കൃഷ്ണപിള്ളയോടും ഒക്കെ കടുത്ത രോഷം തോന്നിയതിനെപ്പറ്റിയും മുതിര്‍ന്നപ്പോള്‍ അതെല്ലാം എത്ര ബാലിശമെന്ന് മനസ്സിലാക്കിയതുമൊക്കെ ഗോപന്‍ പിന്നീട് തന്റെ ‘ശുചീന്ദ്രം രേഖകളിലും’ ‘കാലച്ചിറകുകളിലും’ എഴുതിയിട്ടുമുണ്ട്.

സൌഹൃദത്തിന്റെ ഭാഗമായിത്തന്നെ അന്ന് ഡസ്‌കില്‍ കടുത്ത വാദപ്രതിവാദങ്ങളും നടന്നിരുന്നു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഡെസ്‌കിലെ ഏക വലതുപക്ഷ വിശ്വാസിയായിരുന്നു പില്‍ക്കാലത്ത് ഉറച്ച ഇടതുവിശ്വാസിയായിത്തീര്‍ന്ന ഗോപന്‍. ശുദ്ധ മുതലാളിത്തത്തിന്റെ ആരാധകന്‍. അക്കാലത്ത് പാശ്ചാത്യലോകത്ത് നവ മുതലാളിത്തത്തിന്റെ തുടക്കമായിരുന്നിട്ടേ ഉള്ളൂ. സോഷ്യലിസത്തിന്റെ ശത്രുവും വ്യക്തിവാദത്തിന്റെ വലിയ പ്രചാരകയുമായ എഴുത്തുകാരി അയന്‍ റാന്‍ഡിന്റെ (Ayn Rand) ആരാധകനായിരുന്നു ഗോപന്‍. അന്ന് അധികമാരും കേട്ടിട്ടു പോലും ഇല്ലാത്ത റാന്‍ഡിന്റെ നോവലുകള്‍ അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്, റൊമാന്റിക് മാനിഫെസ്റ്റോ എല്ലാം അന്ന് ഗോപന് മനപ്പാഠം. ഓരോ വ്യക്തിയും അവനവനെ തന്നെ സ്‌നേഹിക്കുകയും വളര്‍ത്തുകയും ചെയ്താല്‍ സമൂഹം മുഴുവന്‍ രക്ഷപ്പെടുമെന്ന മുതലാളിത്ത സങ്കല്‍പ്പത്തില്‍ ആണന്ന് അദ്ദേഹം വിശ്വസിച്ചത്.

അന്താരാഷ്ട്ര അയന്‍ റാന്റ് ഫോറം എന്നൊരു സംഘടന പോലും അന്ന് ഗോപന്‍ രൂപീകരിച്ചു. ഇന്ത്യയില്‍ ആദ്യമായിരുന്നു അതെന്ന് അവസാനം വരെ അദ്ദേഹം അഭിമാനിച്ചു. അന്ന് പാല്‍കുളങ്ങരയിലായിരുന്നു ഗോപന്റെ താമസം. ഇന്റര്‍നാഷനല്‍ അയന്‍ റാന്ഡ് ഫോറം, കോഴിയൂട്ട് വിള ലെയ്ന്‍, പാല്‍കുളങ്ങര എന്ന വിലാസത്തില്‍ സ്ഥാപിച്ച ‘ആഗോള സംഘടന’ഞങ്ങള്‍ക്ക് പരിഹസിക്കാന്‍ വക നല്‍കി. ഇതിന്റെ പേരില്‍ ഞങ്ങള്‍ പരസ്പരം കൈ വെയ്ക്കുന്നതു വരെ എത്തുന്ന തര്‍ക്കങ്ങള്‍ നടത്തിയിരുന്നു. പലപ്പോഴും ടി വേണുവേട്ടന്‍ തന്റെ മുറിയില്‍ നിന്ന് ഇറങ്ങി വന്ന ശാസിച്ചാണ് ഈ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചത്.

അന്ന് ഫോക്ക് ലാന്റ്‌സ് ദ്വീപുകള്‍ക്ക് വേണ്ടി അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ നടന്ന യുദ്ധമായിരുന്നു അക്കാലത്തെ ഞങ്ങളുടെ വലിയ തര്‍ക്കവിഷയം. ഞങ്ങളെല്ലാം അര്‍ജന്റീനയ്‌ക്കൊപ്പവും ഗോപന്‍ മാത്രം ബ്രിട്ടന്റെ കൂടെയും. എജന്‍സി റിപ്പോര്‍ട്ടുകള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഞങ്ങളുടെ പരസ്പരവിരുദ്ധമായ രാഷ്ട്രീയ ഊന്നലുകളുടെ പേരില്‍ വലിയ തര്‍ക്കം. ഞങ്ങള്‍ എല്ലാവരും അര്‍ജന്റീന ആ ദ്വീപുകള്‍ക്ക് നല്കിയ മല്വിനാസ് എന്നാ പേരെഴുതുമ്പോള്‍ ഗോപന്‍ മാത്രം ഫോക് ലാന്റ് എന്നെഴുതും.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒരു കുട്ടി ജനിച്ചപ്പോള്‍ ‘ബക്കിംഗ് ഹാം കൊട്ടാരത്തില്‍ ഉണ്ണി പിറന്നു’എന്ന തലവാചകമെഴുതി ‘ആഘോഷിച്ചെന്നും’ ഞങ്ങള്‍ ഗോപനെ പരിഹസിച്ചു. പക്ഷേ സാമ്പത്തികവലതുപക്ഷത്തെ അനുകൂലിക്കുമ്പോഴും മതനിരപേക്ഷതയില്‍ ഉഗ്രവിശ്വാസിയായിരുന്നു അദ്ദേഹം. ഹൈന്ദവ തീവ്രവാദം തല പൊക്കിയ കാലം മുതല്‍ അതിന്റെ നിശിത വിമര്‍ശകനായിരുന്ന ഗോപന്‍ ന്യൂനപക്ഷ അവകാശങ്ങളുടെ ശക്തനായ അനുകൂലിയായിരുന്നു.

പില്‍ക്കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രം വന്നപ്പോള്‍ ദില്ലിയില്‍ സകല സഹായവും ചെയ്തുകൊടുക്കാന്‍ ഗോപന്‍ മുന്നിലുണ്ടായിരുന്നത് ഈ താല്‍പ്പര്യം മൂലമായിരുന്നു. പക്ഷേ ദില്ലിയില്‍ നിന്ന് മടങ്ങിവന്നപ്പോഴേക്കും അദ്ദേഹം ഇടതുപക്ഷ അനുകൂലിയായി. ഇടതുപക്ഷമായിരുന്നു അവിടെ അദ്ദേഹത്തിന്റെ ബീറ്റ്. ‘ഒരു സാമ്പത്തിക ശാസ്ത്രമെന്ന നിലയ്ക്ക് ഞാന്‍ ഇന്നും കമ്യൂണിസത്തെ അംഗീകരിക്കുന്നില്ല. പക്ഷെ മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇന്ത്യയിലെ ഇടതുപക്ഷചരിത്രത്തെ ഏറ്റവും മാനിക്കുന്നു. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ട് മാത്രം’ ഗോപന്‍ വിശദീകരിച്ചു. തന്നോട് പ്രത്യേക വാത്സല്യം പുലര്‍ത്തിയ ഇ എം എസ് ആയിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രം.

മാതൃഭൂമിയിലെ ‘ബാല്യകാലത്ത്’ ഒരു ഇംഗ്ലീഷ് ലേഖനത്തിന് ജപ്പാനില്‍ നിന്നുള്ള 25000 രൂപ (അന്നത്തെ വമ്പന്‍ തുക) സമ്മാനമുള്ള ഒരു വലിയ അവാര്‍ഡ് നേടിക്കൊണ്ട് ഗോപന്‍ ഞങ്ങളെ ഞെട്ടിച്ചു. അവാര്‍ഡ് വിവരം വാര്‍ത്താ എജന്‍സി വഴി ഓഫീസിലെത്തിയപ്പോള്‍ ഗോപന്‍ ഓഫീസിലില്ല. ആവേശം കൊണ്ട് അതറിയിക്കാന്‍ കൊടും മഴയത്ത് ഞാന്‍ ഗോപന്റെ അഗ്രഹാരത്തിലേക്ക് പാഞ്ഞതും സന്തോഷം കൊണ്ട് മതി മറന്ന ഗോപന്‍ മഴയത്ത് തന്നെ ബുള്ളറ്റില്‍ പാഞ്ഞെത്തിയതും ഒക്കെ ഓര്‍മ്മിക്കുന്നു. പിറ്റേ കൊല്ലം വീണ്ടും ഇതേ അവാര്‍ഡ് നേടി ഗോപന്‍ എല്ലാവരെയും ഒന്ന് കൂടി അമ്പരപ്പിച്ചു.

അന്ന് പദ്മതീര്‍ത്ഥത്തിനടുത്ത് ഒരു അഗ്രഹാരത്തിലെ ചെറിയൊരു മുറിയിലായിരുന്നു ഗോപന്റെ താമസം. ഞങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നു അത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ പത്രം നേരത്തെ അച്ചടി അവസാനിക്കുന്നതോടെ ലഭിക്കുന്ന ഒഴിവുവേളകള്‍ വേണുവേട്ടന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നത് അവിടെ ആയിരുന്നു. ഒരിക്കല്‍ പിറ്റേന്ന് പുലരും വരെ ആഘോഷം നീണ്ടപ്പോള്‍ അച്ഛന്‍ എന്നെ അന്വേഷിച്ച് അഗ്രഹാരത്തില്‍ എത്തിയതും അദ്ദേഹത്തിന്റെ അടുത്ത മിത്രമായ വേണുവേട്ടനെ കണ്ട് സമാധാനമായി പോയതും ഓര്‍ക്കുന്നു.

അക്കാലത്തെ ഏറ്റവും അവിസ്മരണീയം ഗോപന്റെ കാമുകിയും പിന്നീട് ഭാര്യയുമായ ഹെതറിനെ ‘തട്ടിക്കൊണ്ട് വരാന്‍’ ഞങ്ങള്‍ നടത്തിയ ഗൂഢാലോചന ആയിരുന്നു. അന്ന് കാര്‍ എന്റെ വീട്ടില്‍ മാത്രമേ ഉള്ളൂ. ഞങ്ങളുടെ പഴയ അംബാസഡര്‍. ഞാനും ഗോപനും ആ കാറില്‍ അതിനു മുമ്പും ചെന്നൈയില്‍ നിന്ന് തീവണ്ടിയിലെത്തുന്ന ഹെതറിനെ സ്വീകരിക്കാന്‍ ഒക്കെ പോയിട്ടുണ്ട്. സിനിമയിലും നോവലിലും ഒക്കെ കണ്ട സാഹസികത നിശ്ചയിച്ച ദിവസം നാഗര്‍കോവിലില്‍ എത്തി ഹെതറിന്റെ വീട്ടില്‍ നിന്ന് അല്‍പ്പം മാറ്റി പാര്‍ക്ക് ചെയ്തു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ ഉടന്‍ പുറത്തുപോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഹെതറിനെയും കൊണ്ട് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പാഞ്ഞു.

അന്ന് ഗോപനും ജേക്കബ് ജോര്‍ജും പാല്‍കുളങ്ങരയിലെ ഒരു ഇരട്ടവീട്ടില്‍ ആണ് താമസം. സാഹസികമായി പെണ്‍കുട്ടിയെയും കൊണ്ടെത്തിയ ഞങ്ങള്‍ക്ക് ജേക്കബിന്റെ ഭാര്യ ജാനിസ് കേക്കും ഐസ് ക്രീമും ഒക്കെയായി പാര്‍ട്ടി ഒരുക്കിയിരുന്നു. ആംഗ്ലോ ഇന്ത്യനായ ഹെതറിന്റെ മൂത്ത സഹോദരന്‍ നോര്‍മന്‍ ഗോപന്റെ ക്രിക്കറ്റ് ചങ്ങാതി ആയിരുന്നു. ആ സൗഹൃദത്തിലൂടെയുണ്ടായ പ്രണയമായിരുന്നു അത്.

ഞങ്ങള്‍ അഞ്ചാറ് വര്‍ഷം മാത്രമേ ഒന്നിച്ച് പ്രവര്‍ത്തിച്ചുള്ളൂ. കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പോകണമെന്ന് ആഗ്രഹിച്ച ഗോപന്‍ എം ഡി നാലപ്പാട് പത്രാധിപരായി വന്നപ്പോഴായിരുന്നു ദില്ലിക്ക് ആവശ്യപ്പെട്ട് മാറ്റം നേടിയത്. അതില്‍ പിന്നെ ഗോപന്‍ തിരുവനന്തപുരത്ത് വരുമ്പോഴും ഞാന്‍ ദില്ലിയില്‍ ചെല്ലുമ്പോഴുമായി ഞങ്ങളുടെ കൂടിക്കാഴ്ച്ചകള്‍ ചുരുങ്ങി. ദില്ലിയിലെ പത്രക്കാരുടെ ഇടയിലും ചുരുങ്ങിയ കാലം കൊണ്ട് ഗോപന്‍ പേരെടുത്തു. ദില്ലി പ്രസ് ക്ലബ്ബില്‍ പ്രമുഖനായി. ദേശീയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാടാകെ സഞ്ചരിച്ചു.

ഇന്ത്യാടുഡേയുടെ കേരള ലേഖകനായായിരുന്നു തിരുവനന്തപുരത്തേക്കുള്ള മടക്കം. പക്ഷേ അന്ന് തന്നെ അതിനകം ആലോചനാവസ്ഥയിലായിരുന്ന ഏഷ്യാനെറ്റിനൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. ഏഷ്യനെറ്റിന്റെ ബിജാവാപകരായിരുന്ന ശശികുമാര്‍, വി കെ മാധവന്‍ കുട്ടി, സക്കറിയ തുടങ്ങിയവര്‍ക്കാപ്പം ഗോപനും ഉള്‍പ്പെട്ടിരുന്നു.

ഗോപന്റെയും എന്റെയും ജീവിതയാത്രയില്‍ യാദൃശ്ചികമായി ചില പൊതുഇടങ്ങള്‍ പലപ്പോഴും കടന്നുവന്നു. കോളേജില്‍, മാതൃഭൂമിയില്‍ പിന്നീട് ഇന്ത്യാ ടുഡേയില്‍. ‘ഇന്ത്യടുഡേ’യില്‍ ഗോപനൊഴിഞ്ഞ സ്ഥാനത്താണ് ഞാന്‍ വന്നത്. അവസാനം ഒരു വര്‍ഷം മുമ്പ് വീണ്ടും ഞങ്ങള്‍ ഏഷ്യനെറ്റ് ന്യൂസില്‍ ഒന്നിച്ചു. ഗോപന്റെ നിര്‍ബന്ധമായിരുന്നു ഏഷ്യനെറ്റ് ന്യൂസിലേക്കുള്ള എന്റെ പ്രവേശത്തിന്റെ മുഖ്യ കാരണം.

പരമ്പരാഗത ചിട്ടകളെയൊക്കെ ലംഘിച്ച് എത്രയൊക്കെ അരാജകമായി ജീവിക്കുമ്പോഴും ഗോപന്റെ ഇച്ഛാശക്തിയും സ്വന്തം ജോലിയില്‍ പുലര്‍ത്തിയ പ്രതിബദ്ധതയും അവിശ്വസനീയമായിരുന്നു. മൂന്നാലു വര്‍ഷം മുമ്പ് കരളില്‍ ഗുരുതരമായ അര്‍ബുദരോഗമാണെന്ന് അറിഞ്ഞപ്പോഴെന്തായിരുന്നു തോന്നിയതെന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. ‘സ്വാഭാവികമായും ഞെട്ടിപ്പോയി. പക്ഷേ പിന്നെ നേരെ മസ്‌കറ്റ് ഹോട്ടലില്‍ പോയി രണ്ടെണ്ണം അടിച്ചു’. റേഡിയേഷനോ, കീമോതെറാപ്പിയോ, ശസ്ത്രക്രിയയോ ഒന്നും സാധ്യമല്ലാത്ത തരം ആണ് രോഗമെന്നും കൂടി അറിഞ്ഞപ്പോഴും ഗോപന്‍ തളര്‍ന്നില്ല. മറ്റാരായാലും ഭയന്ന് തളരുമായിരുന്ന ഈ സാഹചര്യത്തില്‍ ഗോപന്‍ ചെയ്തത് ലോകത്തെവിടെയെങ്കിലും എന്തെങ്കിലും ചികിത്സ ലഭ്യമാണോ എന്ന വ്യാപകമായ അന്വേഷണം ആയിരുന്നു. ബാംഗ്ലൂരിലെ ‘ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍’ എന്ന ആധുനിക ആസ്പത്രിയിലെ ‘സൈബര്‍ നൈഫ്’ എന്ന ‘റോബോട്ടിക് ചികിത്സാരീതി’ അദ്ദേഹം തന്നെ കണ്ടു പിടിച്ചതായിരുന്നു.

ഡോ. ശ്രീധറുടെ ദീര്‍ഘമായ ചികിത്സ കൊണ്ട് കാര്യമായ ഗുണം ഉണ്ടായെങ്കിലും അത് ഗോപനെ വല്ലാതെ തളര്‍്ത്തി. പിന്നീട് മുംബൈയിലെ ലീലാവതി, തിരുവനന്തപുരത്തെ കിംസ് എന്നീയിടങ്ങളിലൊക്കെയായി ചികിത്സ നീണ്ടു. എല്ലാം കഴിഞ്ഞ് 2015 ആദ്യം ഓഫീസില്‍ വന്നപ്പോള്‍ പഴയ ഗോപന്റെ നിഴല്‍ മാത്രം ആയിരുന്നു അദ്ദേഹം. എങ്കിലും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം നടത്തിയ പോരാട്ടം അമാനുഷികമായിരുന്നു.

ഓഫീസിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനാരംഭിച്ചു. രാവിലെയും വൈകീട്ടും ഓഫീസിലെത്തി. ആ പുരുഷസൌന്ദര്യവും ഘനഗംഭീരശബ്ദവും വല്ലാതെ മങ്ങിപ്പോയതിനാല്‍ അല്‍പ്പമൊന്ന് വൈകിയെങ്കിലും ‘കണ്ണാടി’ പുനരുജ്ജീവിപ്പിച്ചു. 22 വര്ഷം കൊണ്ട് 984 എപ്പിസോഡ് പൂര്‍ത്തിയാക്കിയ ഗോപന്റെ ‘കണ്ണാടി’ വല്ലാതെ രോഗബാധിതനായപ്പോള്‍ മാത്രമേ മുടക്കിയിരുന്നുള്ളൂ. മനുഷ്യപ്പറ്റുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ മാതൃക ആയി അത്. സമകാലികമാധ്യമലോകത്തിന്റെ വിപണിയും സെന്‍സേഷണലിസവുമൊന്നും ‘കണ്ണാടി’യെ ബാധിച്ചില്ല. നിരാശ്രയര്‍ക്കും നിത്യരോഗികള്‍ക്കും അഭയമായി അത്. ‘സഹായാഭ്യര്‍ത്ഥന പരിപാടി’ എന്ന പരിഹാസത്തെ അദ്ദേഹം അവഗണിച്ചു.

ഈയ്യിടെ വീണ്ടും രോഗം പ്രത്യക്ഷമായപ്പോള്‍ ബാംഗ്ലൂരില്‍ ചികിത്സയ്ക്ക് പോയപ്പോഴും പകല്‍ മുഴുവന്‍ നീണ്ട റേഡിയേഷനു ശേഷം കണ്ണാടിക്ക് വേണ്ടി ടി ജെ എസ ജോര്‍ജ്ജിനെ അഭിമുഖം ചെയ്തു. ‘ലോകത്താദ്യമായിരിക്കും റേഡിയേഷനു വിധേയമായിരിക്കുന്ന രോഗി മറ്റൊരാളെ ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന’ എന്ന സന്ദേശം സ്വതസിദ്ധമായ നര്‍മ്മത്തോടെ അയക്കാന്‍ ഗോപന് മാത്രമേ കഴിയൂ. അവസാനം കിംസില്‍ ഐ സി യുവിലേക്ക് പ്രവേശിപ്പിക്കുന്നതിനു തൊട്ട് മുമ്പ് 3 ആഴ്ച്ചയ്ക്ക് കൂടിയുള്ള കണ്ണാടി ഒരുക്കിവെച്ചു!

അതിനിടയില്‍ കഴിഞ്ഞ തവണ ഐ സി യുവില്‍ പീഡാഭരിതവും ഏകാന്തവുമായ ദിവസങ്ങള്‍ തള്ളിനീക്കാന്‍ ഭാവനയില്‍ കണ്ട നോവല്‍ ‘പാലും പഴവും’ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കാനാരംഭിച്ചിരുന്നു. മറ്റൊരു ‘കാന്‍സര്‍ ഡയറി’ എഴുതാന്‍ ആരംഭിച്ചിരുന്നു. ‘കലാകൗമുദി’യിലെ ‘ശംഖുംമുഖം’ കോളം പുനരാരംഭിച്ചു. ആരും ദൈവത്തെ വിളിച്ചുപോകുന്ന വിഷമകാലത്തും ഒരു അതീതശക്തിയിലും വിശ്വസിക്കാത്ത യുക്തിവാദത്തില്‍ നിന്ന് അണുവിടെ മാറാനും ആ ധീരന്‍ തയ്യാറായില്ല.

എല്ലാ അവയവങ്ങളും പ്രവര്‍ത്തനരഹിതമായി ഐ സി യുവിലെ വെന്റിലേറ്ററി ല്‍ കിടക്കുന്ന വേളയിലും കുറേശ്ശെ ഗോപന്റെ അവസ്ഥ ഭേദപ്പെടുന്നതുകണ്ട് ഡോക്ടര്‍മാര്‍ അന്തം വിട്ടു. ഉടനെ അവര്‍ അടിയന്തിരമായ, 5 മണിക്കൂര്‍ നീണ്ട ഒരു ജീവന്‍ രക്ഷാ ശസ്ത്രക്രിയക്ക് വിധേയനാക്കി. രാത്രി കിംസില്‍ വിളിച്ചപ്പോള്‍ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നായിരുന്നു മറുപടി. പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കിംസ് ഉടമ നജീബ് വിളിച്ചു. ‘ടി എന്‍ ജിക്ക് കടുത്ത ഹൃദയാഘാതം.’ കോഡ് ബ്ലൂ’ പ്രഖ്യാപിച്ചു. ഇനി ശരീരത്തില്‍ മര്‍ദ്ദം പ്രയോഗിച്ച് ശ്വാസം നല്കാന്‍ ശ്രമിക്കുകയാണ്’. അപ്പോള്‍ അതിനോട് പോലും അനുകൂലമായി പ്രതികരിച്ച് ഗോപന്റെ നിന്നുപോയ ശ്വാസം തിരിച്ചുവന്നു.

രാത്രി കിംസില്‍ ഐ സി യുവിന്റെ മുന്നിലെത്തിയപ്പോള്‍ ഇളയ മകള്‍ കാവേരി നിറകണ്ണുകളോടെ പറഞ്ഞു; ‘ഇല്ല അങ്കിള്‍. അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടിയെങ്കിലും മരണത്തോട് പോരാടും. ഇത് എത്ര തവണ ഞാന്‍ കണ്ടിരിക്കുന്നു’. അവശയായ അമ്മയെയും ചേച്ചിയെയും ഗോപന്റെ സഹോദരനെയും ഒക്കെ സമാധാനിപ്പിക്കുന്നതും ഏറ്റവും ഇളയവളായ അവളാണ്. 2014 ല്‍ രോഗം കലശലായപ്പോള്‍ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് എത്തി സദാനേരം പരിചരിച്ച് അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നവളാണ് കാവേരി. ഗോപന്റെ അസുഖം മിക്കവാറും മാറിയതിനുശേഷം 2015 ഫെബ്രുവരിയിലായിരുന്നു അവളുടെ വിവാഹം.

പക്ഷെ പുലര്‍ച്ചെ നാലുമണിയോടടുത്തപ്പോള്‍ മരണം സ്ഥിരീകരിക്കപ്പെട്ടു.മരണം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഫ്‌ലാറ്റില്‍ പോയപ്പോള്‍ കാവേരിയുടെയും ഭര്‍ത്താവ് വിനായകിന്റെയും ഒന്നാം വിവാഹവാര്‍ഷികദിനമായിരുന്നു. അസുഖം ബാധിച്ചപ്പോള്‍ കാവേരിയുടെ വിവാഹത്തെ (മൂത്ത മകള്‍ ഗായത്രി വിവാഹിതയും അമ്മയുമാണ്) പറ്റിയായിരുന്നു ഗോപന്റെ ഉത്കണ്ഠ. ഗോപനേറ്റവും ആഗ്രഹിച്ച ആ ദിനത്തിന്റെ വാര്ഷികമായപ്പോഴേക്കും പോയതിനെപ്പറ്റി കാവേരി പറഞ്ഞു;
‘ഒന്നാം വാര്‍ഷികദിനമാകുമ്പോഴേക്കും അച്ഛന്‍ ആസ്പത്രിയില്‍ നിന്ന് വരുമെന്ന് ഉറപ്പായിരുന്നു. വലിയ ആഘോഷങ്ങള്‍ അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു. ആസ്പത്രിയില്‍ കിടക്കുമ്പോള്‍ അച്ഛന് പാട്ട് കേള്‍ക്കാന്‍ ഞാന്‍ ഒരു എം പി ത്രീ പ്ലെയറും കൊണ്ടുവന്നിരുന്നു. ബോധമില്ലാതിരുന്നതുകൊണ്ടാണ് അച്ഛന്‍ കീഴടങ്ങിയത് അങ്കിള്‍. അതുകൊണ്ട് അച്ഛനെ അബോധാവസ്ഥയില്‍ നിന്ന് മാറ്റണമെന്ന് ഞാന്‍ ഡോക്ടര്‍മാരോട് അപേക്ഷിച്ചു നോക്കി. അല്‍പ്പമെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ വിട്ടുകൊടുക്കുമായിരുന്നില്ല’.
ശരിയാണ്. ഗോപന്‍ കീഴടങ്ങുമായിരുന്നില്ലെന്ന് ഉറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍. ദംഷ്ട്രയും നെറ്റിക്കണ്ണും തെളിയുമ്പോള്‍, ഭയം പ്രേമം സംഗീതം, ഇങ്ങനെ ...