White Crow Art Daily

ഗ്ലോബല് ബിനാലെ പ്രതിഭാസം

അവസാനഭാഗം

ഈ ബിനാലെയുടെ ക്യുറെറ്റര് ജിതീഷ് കല്ലാട്ടിന്റെ കലയുടെ മാത്രമല്ല, ആഗോളവല്ക്കരണകാലത്തെ ഇന്ത്യന് നഗരങ്ങളിലെ കലാപ്രദര്ശനസംസ്കാരത്തിന്റെയും അന്തര്ധാര നഗരമനുഷ്യന്റെ അതിജീവന കടംകഥകളാണ്. ഇതേ പ്രദര്ശനസംസ്കാരത്തിന്റെ തന്നെ പ്രതിനിധികളാണ് ആദ്യത്തെ കൊച്ചി ബിനാലെയുടെയും ബിനാലെ ഫൌണ്ടേഷന്റെയും സാരഥികളായ കൃഷ്ണമാചാരി ബോസും റിയാസ് കോമുവും. ജെ.ജെ.മുതലുള്ള ഇവരുടെ മറ്റൊരു സഹപ്രവര്തകനാണ് കല്ലാട്ട്. ആഗോളവല്ക്കരണകാലത്തെ ഇന്ത്യയില് ഒരുവിധം വ്യാപകമായ ആര്ട്ട് ഗാലറി – മ്യുസിയം കലാപ്രദര്ശനങ്ങള് മൂലധനവിതരണത്തിനും അതിന്റെ മൂല്യവര്ധനതിനും സഹായിക്കുംവിധം സാമ്പത്തികമുതല്മുടക്കുകള്ക്കും ജനപ്രിയതാല്പ്പര്യങ്ങള്ക്കും ഗ്ലോബല് കൂട്ടായ്മക്കും വേണ്ടിയാണ് അടിസ്ഥാനപരമായി പ്രവര്ത്തിക്കുന്നുണ്ടായിരുന്നത്. ഗുണത്തിനായാലും ദോഷത്തിനായാലും അതെല്ലാം കലയോടും കലാപ്രവര്തകരോടും ഉണ്മുഖമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചു.

Biennale kavitha 01എന്നാല് ഗ്ലോബല് സാമ്പത്തിക മാന്ദ്യത്തെ തുടര്ന്ന് 2010 നുശേഷമുള്ള മൂലധനവിപണിയിലെ പതനങ്ങള് ഇന്ത്യയില് പല മുന്നിര ഗാലറികളെയും നിലം പതിപ്പിച്ചു. അതിനു ശേഷമാണ് 2012ല് ആദ്യ കൊച്ചി മുസിരിസ് ബിനാലെ എന്ന പേരിലുള്ള സംഘാടനം നടക്കുന്നത്. സാമ്പത്തിക മുതല്മുടക്ക്, ഭരണകൂടപ്രിയമായ വികസനത്തിലെയ്ക്കുള്ള താല്പ്പര്യം, ഗ്ലോബല് കൂട്ടായ്മ തുടങ്ങിയ പതിവ് ലക്ഷ്യങ്ങളുടെകൂടെ ഒരു പ്രാദേശിക മേഖലയെ കലയുടെ ആഗോളബന്ധത്തിന്റെ ഭൂപടത്തില് കൊണ്ടുവരിക, പ്രദേശത്തെ കലാപ്രവര്ത്തനത്തെ ശക്തിപ്പെടുത്തുക ഇത്യാദി കൂടുതല് ജനപ്രിയമായ മറ്റുചില പ്രത്യയശാസ്ത്ര അജണ്ടകള് കൂടി മേമ്പൊടിക്ക് അവതരിപ്പിച്ച്  ആഗോളവല്ക്കരണകാലത്തെ കലാപ്രദര്ശനസംസ്കാരത്തെത്തന്നെ ഫലത്തില് സംരക്ഷിച്ച് കുറേക്കൂടി മുന്നോട്ടെടുക്കുന്ന മറ്റൊരുതരം പ്രദര്ശനസംവിധാനമാണ് ബിനാലെകള്ക്കുള്ളത്.

‘കലയോടും കലാപ്രവര്തകരോടും ഉണ്മുഖമായ ഒരു സാമൂഹ്യാന്തരീക്ഷം’ കുറേക്കൂടി രാഷ്ട്രീയവല്ക്കരിച്ച് കാണാന് ഇത് പ്രേരിപ്പിച്ചു എന്നത് ഗുണാത്മകമായി കാണാവുന്നതാണ്. പക്ഷേ ഗ്ലോബല് ബിനാലെ പ്രതിഭാസത്തെക്കുറിച്ച് ലഭ്യമായ ഏക ആന്തോളജിയായ ‘The Biennial Reader’ പറയുന്നത്, “ഒരു നൂറ്റാണ്ടിലധികമായി മ്യുസിയങ്ങളിലും ആര്ട്ട് ഗാലറികളിലും നടക്കുന്ന പ്രദര്ശനങ്ങളാണ് മിക്കവാറും ‘കല’യൊക്കെ പ്രദര്ശിപ്പിച്ച് പുറത്തറിയപ്പെടുത്തുന്നതിന്റെ മാധ്യമങ്ങള് എന്നാണെങ്കില്, ലോകത്തെ മിക്കവാറും ‘കണ്ടമ്പററി ആര്ട്ട്’ അറിയപ്പെടുത്താനുള്ള മാധ്യമം ബിനാലെ പ്രദര്ശനങ്ങളത്രേ.”1. അതായത് സമകാലിക കലയിലെ ഏറ്റവും വലിയ അനിവാര്യതയായിട്ടാണ് ഒരു മേഖലയില് ഒരു ബിനാലെ അവതരിപ്പിക്കപ്പെടുന്നത്. മറിച്ചൊരു അനിവാര്യതയ്ക്ക് ഒരു പഴുതും തരാതെ, ജനാധിപത്യരഹിതമായി.

kavitha 2അതുകൊണ്ടാണ് ആദ്യബിനാലെയുടെ ഒറ്റപ്പെട്ട സംഘാടന പരിശ്രമങ്ങള് വിമര്ശിക്കപ്പെട്ടത്. പക്ഷേ ‘സാമ്പത്തികത്തട്ടിപ്പ്’ എന്നൊരു മുഖം മാത്രമേ ആ വിമര്ശ പരിശ്രമങ്ങള് ഉയര്ത്തിയുള്ളൂ എന്നത് ഇവിടെ നിലവിലിരിക്കുന്ന അച്ചടിമാധ്യമസംസ്കാരം അങ്ങനെ ഭാഗികമായേ കലയ്ക്കും അതിന്റെ സംവാദത്തിനും ഇപ്പോഴും സ്ഥാനം കൊടുക്കുന്നുള്ളൂ എന്നത് കൊണ്ടാണ്. വിവാദമാത്രമോഹികള്ക്ക് എന്ത് സംവാദം ! വ്യക്ത്യധിക്ഷേപങ്ങളും വിവാദങ്ങളും മാത്രമാണ് സാധ്യമാകുന്ന രാഷ്ട്രീയം എന്ന ഇവിടത്തെ പ്രാദേശികഅടവുനയം ആണ് ബിനാലെയുടെ വിപുലവും ഫലപ്രദവുമായ സംവാദങ്ങള്ക്ക് ഇവിടെ തടസ്സം സൃഷ്ടിക്കുന്നത്.

Biennial Reader’  പ്രഖ്യാപിക്കുന്ന ആമുഖഉദ്ധരണിയിലെയ്ക്ക് തിരിച്ചുവരാം. ഇരുപതാം നൂറ്റാണ്ടില്ത്തന്നെ ഗാലറിക്കും മ്യുസിയങ്ങള്ക്കും അവയുടെ അധികാര – മൂല്യ ബന്ധങ്ങള്ക്കും പുറത്ത് വികസിച്ചിരിക്കുന്ന കലയുടെ വിമര്ശ പരിസരങ്ങളെ ‘പുറത്തറിയിച്ചതിന്റെ’ അത്രയ്ക്കൊന്നും അറിയപ്പെടാത്ത മാധ്യമങ്ങളും സന്ദര്ഭങ്ങളും ഏതെന്ന ചിന്ത അവരുടെ കണക്കില് പെടുന്നില്ല. രസകരമായ കാര്യം, അങ്ങനെ ‘പുറത്ത് വികസിച്ച അപര മാധ്യമങ്ങള്’ എന്നുപറയുന്നത് ഓരോ സമൂഹത്തിലെയും പ്രത്യേകമായി രൂപം കൊണ്ടിരുന്ന പൊതുവിടങ്ങള്, കലചെയ്യാന് വേണ്ടതായ സൗന്ദര്യശാസ്ത്രപരമായ പിന് തുണയില്ലാതെ തന്നെ കലാകാരന്മാര് യാദൃചികമായി കണ്ടെത്തുന്ന പലതരം സന്ദര്ഭങ്ങള് ഇവയൊക്കെയാണ്. ഇരുപതാം നൂറ്റാണ്ടില് യൂരോപ്പിലും അമേരിക്കയിലും ഇന്ത്യയിലും ഏഷ്യന് നാടുകളിലും ഒക്കെ പറയത്തക്ക പിന്തുണയില്ലാതെ നടന്ന ഇത്തരം ആധുനിക കലയുടെ വിമര്ശ – ഉത്തരാധുനിക മണ്ഡലങ്ങളെ, വഴിയേ മ്യുസിയങ്ങളും ആര്ട്ട് ഗാലറികളും വിടാതെ പിടികൂടി സ്ഥാപനവല്ക്കരിക്കുന്നുന്ടായിരുന്നു. പുതിയത് പലതിനോടും വൈമുഖ്യം കാണിച്ച യൂണിവേഴ്സിറ്റി അക്കാദമിക് സിദ്ധാന്തശാലകള് ആകട്ടെ, കലാകാരന്മാരെ പലപ്പോഴും അകറ്റിക്കളയുന്നവയുമായി. എങ്കിലും ഏറെക്കുറെ ‘അക്കാദമിക്’ എന്നുവിളിക്കാവുന്ന ആശയലോകങ്ങളുടെ രാഷ്ട്രീയപിന്തുണ കൊണ്ടുതന്നെയാണ് കലാകാരന്മാരുടെ വിമര്ശ – ഉത്തരാധുനിക മണ്ഡലങ്ങള് അങ്ങിങ്ങ് നിലവില് വന്നതും.

binale -3ആഗോളവല്ക്കരനത്ത്തിന്റെ ഇക്കഴിഞ്ഞ ഒന്നര ദശകം കൊണ്ട് ലോകത്ത് പൊട്ടിമുളച്ച അനവധി ആര്ട്ട് ഗാലറികളും, മ്യുസിയം പ്രാക്ടിസുകളും, ഇന്സ്റ്റലേഷന്, പെര്ഫോമന്സ് ആര്ട്ട്, പബ്ലിക് ആര്ട്ട് തുടങ്ങിയവയും ‘‘കണ്ടമ്പററി ആര്ട്ട്’ എന്ന വിശാല ക്യുററ്റൊരിയല് സ്ഥാപനപ്രദേശങ്ങള് ആക്കി മാറ്റിയത് ‘വിടാത്ത പിടികൂടലിന്റെ’ ഉച്ചകോടിയിലാണ്. ഇന്ന് കലയുടെ വിമര്ശധാരകളെ ഏകീകരിക്കുന്ന സ്ഥാപന-സമ്പ്രദായങ്ങളുടെ ഒരു കോണ്സുലേറ്റ് ആണ് ഗ്ലോബല് ബിനാലെ പ്രതിഭാസം എന്നു പറയാം.

മുന് കാലങ്ങളിലേതു പോലെയല്ല, സാധാരണയില്കൂടുതല് വലിയ തോതിലുള്ള ഒരു പ്രദര്ശനം (Exhibition) എന്നതേക്കാള് ഒരു മേഖലയില് ‘ഏറ്റവും പുതുത്’, കണ്ടമ്പററി എന്നര്ത്ഥത്തില്, അവതരിപ്പിക്കുന്ന ഒരു ‘ബദല്സ്ഥാപനം’ (Institution) എന്ന നിലയ്ക്ക് പ്രവര്ത്തിക്കാനാണ് മിക്ക പുത്തന് ബിനാലെകളും പരിശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ‘പ്രാദേശികമായ പഴയതുകള്’ ഇവര്ക്ക് വേണം. ‘കല മനുഷ്യന്റെ ഇച്ചാശക്തി കൊണ്ട് നേടുന്ന വിശേഷാധികാരമാണ്’ എന്ന് വേണ്ടത്ര ഫലപ്രദമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന് സാധിക്കാതെ പോയ, കലാകാരനാവണമെങ്കില് ‘നാട് വിട്ടു പോണം’ എന്ന് മാത്രം ചെറുപ്പക്കാര്ക്ക് മനസ്സിലാക്കിക്കൊടുത്ത ഈ പ്രാദേശികമേഖലയിലെ ആര്ട്ട് സ്കൂളുകള്, സാംസ്കാരിക സ്ഥാപനങ്ങള് എന്നിവയെ തങ്ങളുടെ ‘പുത്തന് പ്രവര്ത്തനങ്ങളില്’ നിന്ന് പല വിധത്തില് ഒഴിവാക്കുക എന്നത് തന്നെ വളരെയെളുപ്പം ‘പ്രാദേശികമായ പഴയതുകള്’ നിര്മ്മിക്കുന്നതിന്റെ ഭാഗമാണ്.

അതുപോലെ, കലയില് സ്ഥാപനവല്ക്കരിക്കാതെയുള്ള വിമര്ശപരിശ്രമങ്ങള് ഇരുപതാം നൂറ്റാണ്ടില് അങ്ങിങ്ങ് സാധ്യമായെങ്കിലും, ഇന്ന് അത് ഒരു അസാധ്യത പോലെയാണ് കലാലോകം പൊതുവില് കാണുന്നത്. ഇന്ന് സ്ഥാപിതതാല്പ്പര്യങ്ങളില്ക്കൂടി യുള്ളതല്ലാതെ ഒരു വിമര്ശവും സാധ്യമല്ലാത്തവിധമാണ് കലയുടെ പൊതുബോധം പ്രവര്ത്തിക്കുന്നത്. ഇതിനിടയിലൂടെ കലയെ മനുഷ്യര് ഇച്ചാശക്തികൊണ്ട് നേടുന്ന ഒരു വിശേഷാധികാരമായി പ്രചരിപ്പിക്കുകയാണ് ഒരു ബിനാലെ ഇന്സ്ടിട്യൂഷന് ഏതൊരു സമൂഹത്തിലും ചെയ്യുന്നത്. ഈ ‘പോസിറ്റീവ് മെസ്സേജ്’ / പ്രോപ്പഗണ്ട ആണ് ബിനാലെകള്ക്ക് ജനപ്രിയത കൊടുക്കുന്നത്.

kavitha 4മാത്രമല്ല, പലതരം സാംസ്കാരിക-മത-ലിംഗ-മൌലികവാദങ്ങളില്നിന്നും രക്ഷപ്പെട്ടുകൊണ്ട് ജീവിക്കാന് വ്യക്തികളെ താരതമ്യേന സഹായിക്കുന്ന മറ്റൊരു ‘മാനസഭരണകൂടം’ ആണ് ഇത് എന്നും വരുന്നു. ഇതില് ‘വ്യക്തി രക്ഷപ്പെടല്’ എന്ന അടിസ്ഥാനപരമായ ഘടകത്തിന്റെ തള്ളിച്ച കാരണം പലപ്പോഴും, വ്യക്തമായ ജീവിത സന്ദര്ഭങ്ങളില്, പ്രദേശവും സമൂഹങ്ങളുമായി ദീര്ഘകാലാടിസ്ഥാനത്തില് ഇടപെട്ട് മാറ്റങ്ങള് വരുത്താനുള്ള കലയുടെ വിമര്ശ ശേഷിയെ പലപ്പോഴും ലോകത്തെ ബിനാലെകള് ഫലത്തില് സഹായിക്കാറില്ല. അത്തരത്തില് കലയെ ഉന്നയിക്കുമ്പോള്, കൊച്ചി ബിനാലെയുടെ ഈ എഡിഷനും ഏറെക്കൂടുതലും സ്ഥാപിതതാല്പ്പര്യം മാത്രമായി കാണേണ്ടിവരും. ഒരു മേഖലയുടെ സാംസ്കാരിക വികാസം പോട്ടെ, സാമ്പത്തികവികസനത്തിന് സഹായിക്കുന്നു എന്നൊക്കെ പല ബിനാലെകളും അവകാശപ്പെടുമെങ്കിലും ഫലത്തില് അത് അവിടെ മുന്പേയുള്ള ഉപഭോഗസമ്പ്രദായങ്ങള്ക്ക് ചെറുതായി താല്ക്കാലികമായി ആക്കം കൂട്ടുന്നു എന്നേയുള്ളൂ.

എന്തായാലും കുറെ നിസ്വരായ മനുഷ്യര്ക്ക് ശക്തമായ ഒരു ‘മാനസഭരണകൂടം’ എന്നനിലയിലും, ഒരു അസ്ഥിരഭരണകൂടത്തിന്റെ നിസ്സഹായത വഹിക്കുന്നത് എന്നനിലയിലും കാണപ്പെടുന്നതിന്റെ ഈ വൈരുദ്ധ്യാത്മകപ്രാധാന്യം തന്നെയാണ് ബിനാലെ പ്രതിഭാസത്തെ ഒരു മേഖലയുടെ കലാപ്രവര്ത്തനത്തെ ഒട്ടാകെ രാഷ്ട്രീയവല്ക്കരിക്കുന്ന, നഷ്ടം വന്ന അന്തര്ദ്ദേശീയ സാംസ്കാരികതയെ അതിനകത്ത് തന്നെ ഓര്മ്മിപ്പിക്കുന്ന, ഒന്നാക്കിത്തീര്ക്കുന്നതും.

1 ‘The Biennial Reader’, Ed. Elena Filipovic, Marieke Van Hal, Solveig Ovstebo, Pub: Bergen Kunsthall, Norway, 2010.

ചിത്രകാരി, കവി, കലാഗവേഷക. ആധുനിക കേരളത്തിലെ ചിത്രകലയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അങ്കവാലുള്ള ...