White Crow Art Daily

ചിതാഭസ്മം കൊണ്ടുള്ള ദാനം

Fb Notes / ഡോ. നസീന മേത്തല്‍

ചിതാഭസ്മം കൊണ്ടുള്ള ദാനം

ഇംഗ്ലണ്ടിൽ ആദ്യത്തെ ജോലിക്കു കയറിയ സമയം. പാലിയേറ്റിവ് കെയറിൽ ആണ് ജോലി. മരണങ്ങൾ കാണാത്ത ദിവസങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഇവിടെ ഡോക്ടർമാർ മരണം നിശ്ചയപ്പെടുത്തി അപ്പോൾ തന്നെ മരണ സർട്ടിഫിക്കറ്റു എഴുതി ബന്ധുക്കളെ ഏല്പിക്കുകയാണ് പതിവ്. അവർ അത് രജിസ്ട്രാർ ഓഫീസിൽ കൊണ്ടു പോയി രജിസ്റ്റർ ചെയ്യും.

മൃതദേഹം സൂക്ഷിച്ചു വെക്കാനായി എല്ലായിടത്തും ഫ്യുനറൽ ഡയറക്ടർസ് ഉണ്ട്. കുടുംബക്കാർ അറിയിക്കുന്നതിന്  അനുസരിച്ചു അവർ വന്നു മൃതദേഹം കൊണ്ടു പോയി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു സൂക്ഷിച്ചു വെക്കും.മൃദദേഹത്തെ കുളിപ്പിച്ചു ഒരുക്കുന്നതും ഇവരുടെ ജോലിയാണ്.

അടുത്ത പടി, മൃതദേഹം മറവ് ചെയ്യണോ അതോ ദഹിപ്പിക്കണോ എന്ന തീരുമാനമാണ്. ഇതെല്ലാം മരിക്കുന്നതിന് മുൻപേ തന്നെ ഭൂരിഭാഗം പേരും തീരുമാനിച്ചു, അതിനുള്ള ഏർപ്പാടുകൾ സ്വയം തന്നെ ചെയ്തു വെച്ചിട്ടുണ്ടാകും !

ഇവിടെ ജീവിതം പോലെ തന്നെ മരണവും വളരെ പണച്ചിലവുള്ള കാര്യമാണ്.

മൃതദേഹം മറവ് ചെയ്യാനാണ് തീരുമാനമെങ്കിൽ നേരത്തെ തന്നെ അതിനായുള്‍ള സ്ഥലം വാങ്ങി ഏർപ്പാടാക്കണം. അതിനു നല്ല ചിലവ് വരും.

 

താരതമ്യേന ചിലവ് കുറഞ്ഞ പരിപാടിയാണ് ദഹിപ്പിക്കൽ. എന്നാൽ ദഹിപ്പിക്കുന്നതിനു മുൻപ്, മരണത്തിൽ അസ്വാഭാവികത ഒന്നുമില്ല എന്നു രണ്ടു ഡോക്ടർമാർ ഒപ്പിട്ട ഫോം ഫ്യുനറൽ ഡയറക്ടർക്കു സമർപ്പിക്കണം ! ഇങ്ങിനെ ഫോം ഒപ്പിടാൻ ഓരോ ഡോക്ടർക്കും ഗവണ്മെന്റ് നിശ്ചയിച്ച ഫീസ് ഉണ്ട്. അന്നത് ഓരോ ഡോക്ടർക്കും ഓരോ ഫോമിനും 70 പൗണ്ട് ആയിരുന്നു. ഇതു കൂടിക്കൂടി ഇപ്പോൾ 83 പൗണ്ടിൽ എത്തി നിൽക്കുന്നു. ഇതു ash cash എന്ന ഓമനപ്പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.

മരണം ഉറപ്പിച്ചു മരണ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ തന്നെ ആയിരിക്കും ഈ ഫോമിൽ ഒപ്പിടുന്ന ഒന്നാമത്തെ ഡോക്ടർ. രണ്ടാമത്തേത് ഒരു സ്വതന്ത്രൻ, എന്നു വെച്ചാൽ രോഗിയെ നേരിട്ടു പരിചയമില്ലാത്ത ആൾ ആയിരിക്കണം എന്നതാണ് നിയമം. അതുകൊണ്ടു തന്നെ അതേ ഹോസ്പിസിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ഈ രണ്ടാമൻ ആകാൻ യോഗ്യതയില്ല.

ഞാൻ ജോലി ചെയ്യുന്ന ഹോസ്പിസിൽ സ്ഥിരമായി സ്വതന്ത്രൻ ആയി വരുന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു. നോർത്ത് ഇന്ത്യൻ ആണ്. അദ്ദേഹം എന്റെ ഒരു സീനിയർ ഡോക്ടറുടെ അടുത്ത സുഹൃത്തും ആയിരുന്നു.

മരിച്ചു പോയ എന്റെ രോഗികൾക്ക് വേണ്ടി ഫോം ഒപ്പിടാൻ ഞാനും അദ്ദേഹത്തെ തന്നെ വിളിച്ചു തുടങ്ങി.

അങ്ങിനെയിരിക്കുമ്പോൾ ആ ഡോക്ടർ ഹോളിഡേയ്ക്കു പോയി. ഇനി ഫോം ഒപ്പിടാൻ ആരെ വിളിക്കും എന്നോർത്തു വിഷമിച്ചിരിക്കുമ്പോൾ എന്റെ കൂടെ ട്രെയിനി ആയി ഉണ്ടായിരുന്ന ഒരു ഡോക്ടർ, സുന്ദരനും, സുമുഖനും സർവോപരി ചെറുപ്പക്കാരനുമായ ഒരു സായിപ്പിനെ എനിക്കു പരിചയപ്പെടുത്തി തന്നു. ഇനി മുതൽ ഫോം ഒപ്പിടാൻ ആ സായിപ്പിനെ വിളിച്ചാൽ മതിയെന്ന് തീരുമാനിക്കാൻ എനിക്ക് വേറെ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു !

ഹോളിഡേ കഴിഞ്ഞു തിരിച്ചെത്തിയ ഹിന്ദിവാല എന്റെ തീരുമാനം അറിഞ്ഞു കോപാകുലനായി.

ഉടനെത്തന്നെ അദ്ദേഹം എന്നെ കാണാനായി ഓടിയെത്തി.

ഫോം ഒപ്പിടാൻ വേറെ ആരെയും വിളിക്കരുത്, അദ്ദേഹത്തെ തന്നെ വിളിക്കണം, അദ്ദേഹം കൊല്ലങ്ങളായി ചെയ്തു വരുന്ന കാര്യമാണിത് എന്നൊക്കെ എന്നെ ഉപദേശിച്ചു. അതിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യം കേട്ടു ഞാൻ ഞെട്ടിപ്പോയി.. അദ്ദേഹം ഈ ഫോമിന്റെ ക്യാഷ് എല്ലാം എടുത്തു പോക്കറ്റിൽ ഇടുന്നില്ലെന്നും അതിൽ ഓരോഹരി ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നും  പറഞ്ഞു വെച്ചു. അതുകൊണ്ടു ഇന്ത്യക്കാരിയായ ഞാൻ അദ്ദേഹത്തെ അല്ലാതെ വേറെ ആരെയെങ്കിലും വിളിച്ചാൽ അത്രയും ക്യാഷ് ഇന്ത്യയിൽ എത്തുന്നത് ഇല്ലാതാകും പോലും !

അദ്ദേഹവും ഭാര്യയും സ്വന്തമായി രണ്ടു പ്രാക്ടിസ് ഒക്കെയുള്ള പൂത്ത പണക്കാരാണ്. മക്കൾ രണ്ടും മെഡിസിന് പഠിക്കുന്നു. എന്നിട്ടാണ് സായിപ്പിന്റെ ash cash എടുത്തു ഇന്ത്യ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത് !

അന്നത്തെ സംഭവത്തോട് കൂടി കലി കയറിയ ഞാൻ, ഇനി മുതൽ ഫോം ചെയ്യാൻ അദ്ദേഹത്തെ വിളിക്കുന്ന പ്രശ്നമില്ല എന്നു ഉഗ്രശപഥം ചെയ്തു !

മാത്രമല്ല, മാനേജ്‌മെന്റിൽ കംപ്ലൈന്റ് ചെയ്തു ash cash നു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്ഥിരമായ ഹോസ്പിസ് വിസിറ്റിന് അറുതി വരുത്തുകയും ചെയ്തു.

ഇനി.. ഇതു വായിച്ചിട്ട് കുറെ പേര് ചോദിക്കും. എന്തായാലും ഒരു ഡോക്ടർക്കു കിട്ടാനുള്ള ക്യാഷ് അല്ലേ അത് ? അതു അദ്ദേഹം ഇന്ത്യയിൽ കുറെ നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്ന് ?

അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ.. ഈ ash cash നു വേണ്ടി ആർത്തി പിടിച്ചു ഓടി നടക്കുന്ന ഡോക്ടർമാരെ കണ്ടാൽ മെഡിക്കൽ കൗണ്സിലിൽ വിവരം അറിയിക്കണം എന്നതാണ് ഞങ്ങൾക്കുള്ള നിർദ്ദേശം. Ash cash നു വേണ്ടി നൂറുകണക്കിന് രോഗികളെ കൊന്നൊടുക്കിയ ഹാരോൾഡ്‌ ഷിപ്മാൻ എന്നൊരു ഡോക്ടർ കുറെ വർഷങ്ങൾക്കു മുന്പിവിടെ ജീവിച്ചിരുന്നു.അതുകൊണ്ടു തന്നെ എന്റെ രോഗികൾ മരിച്ചിട്ടു കിട്ടുന്ന ക്യാഷ് കൊണ്ടു വേണം ഇന്ത്യ നന്നാക്കാൻ എന്ന തത്വശാസ്ത്രം എനിക്കത്ര നിഷ്കളങ്കമായി തോന്നിയില്ല.

ഇനി വ്യക്തിപരമായി പറഞ്ഞാൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനും, ദാനം ചെയ്യാനുമെല്ലാം നമുക്ക് ജോലി ചെയ്തു കിട്ടുന്ന ക്യാഷിൽ നിന്നും ഒരു ഷെയർ മാറ്റി വെക്കുന്നതിനോടാണ് എനിക്ക് താത്പര്യം. അല്ലാതെ, ചുറ്റുമുള്ള മനുഷ്യർ മരണപ്പെട്ടിട്ട് അവരുടെ ചിതാഭസ്മത്തിൽ കയ്യിട്ടു വാരിയിട്ടു വേണം ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. പ്രത്യേകിച്ചും അതൊരു അവകാശം പോലെയും ഭീഷണിയുടെ രൂപത്തിലും അവതരിപ്പിക്കുമ്പോൾ.

(എഫ്. ബി  കുറിപ്പില്‍ നിന്നുള്ള ഭാഗം )

 

ഇംഗ്ലണ്ടില്‍ പാലിയേറ്റിവ് കെയർ കൺസൾടെന്റ്