White Crow Art Daily

ചിത്രകല കൊണ്ടുമാത്രം ഒരാൾ കലാകാരനാവുന്നില്ല

സംഭാഷണം  –  ഭാഗം ഒന്ന്      

ബോസ് കൃഷ്ണമാചാരി / ഹസീന സുരേഷ്, പ്രേം ആർ. നാരായൺ

  ജീവിതം  കലാജീവിതമാകുന്നതിന്റെ  തുടക്കം എപ്പോഴായിരുന്നു ? എങ്ങനെയായിരുന്നു ?

യാദൃശ്ചികമായിരുന്നു അത് . ശ്രീ ശങ്കരാചാര്യ കോളേജില്‍  സയൻസ് ഗ്രൂപ്പ് എടുത്ത്  പഠിക്കുന്ന    കാലം. പലവിധ അസുഖങ്ങള്‍ ബാധിച്ച് പഠനം തുടരാനാവാത്ത അവസ്ഥയിലായി.വായനയിലും സംഗീതത്തിലും ചിത്രകലയിലുമൊക്കെ താത്പര്യമുണ്ടായിരുന്നു. നോക്കി വരയ്ക്കാനും  ഇമിറ്റേറ്റ് ചെയ്യാനുമൊക്കെ നമ്മള്‍ മിടുക്കന്മാരാണല്ലോ, ഞാനുമങ്ങനെ ചെയ്യുമായിരുന്നു. ആയിടയ്ക്കാണ് സംക്രമണം മാഗസിനില്‍ കേരള കലാപീഠത്തെ ക്കുറിച്ച് കെ.എന്‍ ഷാജി എഴുതിയ ഒരു ലേഖനം വായിക്കുന്നത്.

ഇങ്ങനെയൊരു സ്ഥാപനമുണ്ടെങ്കില്‍  ഒന്നന്വേഷിക്കണമല്ലോ എന്ന്തോന്നി. എന്റെ ഒരു സഹോദരനേം കൂട്ടി ചെന്നു. അങ്ങനെ അവിടെ ചേർന്നു പഠിച്ചു, ഒരുവർഷം. അതേ സമയത്തു തന്നെ  ഞാൻ തൃപ്പൂണിത്തുറയിൽ ഫ്ലാഷ് ആർട്ട് എന്ന സ്ഥാപനത്തിലും ജോയിൻ ചെയ്തു.  അധികനാൾ അതു നീണ്ടില്ല. കലാപപീഠം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് . ചിത്രകല പഠിച്ചോ എന്നല്ല അതിനേക്കാളുപരി  അവിടെവെച്ചു പരിചയപ്പെട്ട എഴുത്തുകാർ, കലാകാരന്മാർ, സിനിമാ പ്രവർത്തകർ,  സുഹൃത്തുക്കള്‍   ഇവരൊക്കെചേര്‍ന്ന്     എന്നില്‍  പുതിയ  കാഴ്ചപ്പാടും  ദിശാബോധവും സൃഷ്ടിച്ചു.ചെറിയ നാടകങ്ങൾ, മറ്റ് പെർഫോമൻസ്, സ്കെച്ചിങ് എന്നിങ്ങനെ  പലവിധ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സമയത്താണ് കേരള ലളിത കലാ അക്കാദമിക്ക് ഒരു വർക്ക്‌ അയച്ചുകൊടുത്തത്. ആ രചനയ്ക്ക് എനിക്കൊരു അവാർഡ് കിട്ടി,1985 -ൽ.

ജെ ജെ സ്‌കൂൾ ഓഫ് ആർട്സില്‍ ചേരുന്നതെപ്പോഴാണ് ?

ലളിതകലാ അക്കാദമി പുരസ്കാരം കിട്ടിയതിനെ തുടര്‍ന്ന്  എന്റെ ഒരു സുഹൃത്ത് ജെ ജെ സ്‌കൂൾ ഓഫ് ആർട്സിന്റെ  ഒരു പ്രോസ്പെക്ടസ് അയച്ചു തന്നു. സർ ജാം സേട്ജി  ജെ ജെ ഭായ് സ്‌കൂൾ ഓഫ് ആർട്സ് ബോംബെ. ജയന്തി ജനത പിടിച്ചു ബോംബയിൽ ഇറങ്ങി. സക്കിനോക്കി എന്ന സ്ഥലം  ദുബായില്‍ കറാമ എന്നുപറയുന്ന പോലെ മലയാളികൾ കൂടുതലുള്ള  ഒരു  സ്ഥലം.മലയാളം പറഞ്ഞാൽ മതി. പക്ഷെ ചൊലേറെ എന്ന സ്ഥലത്താണ് ഞാൻ താമസിച്ചത്. എന്റെ റൂമിൽ തന്നെ ഒരുപാട് പേരുണ്ടായിരുന്നു. പത്തു മുപ്പതു ആളുകള്‍,  വന്നും പൊയ്ക്കൊണ്ടുമിരുന്നു. എന്റെ ഒരു കസിൻ  ബ്രദറും കൂടെയുണ്ടായിരുന്നു. സമയത്ത് തന്നെ സ്‌കൂൾ ഓഫ് ആർട്സിൽ ചേരാൻ അപേക്ഷിച്ചു. എന്നാൽ എന്നോട് ഒരു ചോദ്യം. You are already an artist , you got an award form kerala lalit kala academy…why do you want to join. ഒരു ഒഴിഞ്ഞു മാറ്റത്തിന്റെ, ഒരു പ്രാദേശികതയുടെ ഭാഷയാണ് എനിക്ക് അനുഭവപ്പെട്ടത്.അഡ്മിഷൻ കിട്ടിയില്ല.

പക്ഷെ ഞാൻ തിരിച്ചു പോകാൻ ഒരുക്കമായിരുന്നില്ല. അന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ  പോർട്രെയ്റ്റുകൾ ചെയ്തു, മൂവായിരം അയ്യായിരം എന്നവിധത്തിൽ. അങ്ങനെയാണ് ജീവിച്ചു പോന്നത് . അടുത്ത വര്‍ഷം  ഞാൻ അവിടത്തെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു കാര്യം പറഞ്ഞു.  കഴിഞ്ഞ വർഷം കിട്ടിയില്ല, ഞാൻ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാണ് അഡിമിഷൻ കിട്ടിയാൽ നന്നായിരുന്നു എന്നും മറ്റും. എൻട്രൻസ് എഴുതണമെന്ന് അദ്ദേഹം  നിര്‍ദ്ദേശിച്ചു.

 പ്രവേശനം കിട്ടിക്കഴിഞ്ഞു ഒരുദിവസം ഒരു ടീച്ചർ ചോദിച്ചു  -ടെക്സ്റ്റയിൽ പഠിപ്പിച്ചിരുന്ന ഒരുബാനർജി ടീച്ചര്‍-  കഴിഞ്ഞ വർഷം എന്തുകൊണ്ട് ജോയിൻ ചെയ്തില്ല? നിങ്ങളായിരുന്നല്ലോ എന്‍ട്രന്‍സില്‍  ടോപ്പർ.

ജെ ജെ സ്‌കൂൾ ഓഫ് ആർട്സ് മറ്റുള്ള കോളജുകളെപ്പോലെയായിരുന്നില്ല. അത് സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെ വളരെ മനോഹരമാണ്.ഒരു ഭാഗത്തു അപ്ലൈഡ് ആർട്ട്, പ്രിന്റിംഗ്  ടെക്‌നോളജി, മറ്റൊരു ഭാഗത്ത് ആർക്കിടെക്ച്ചർ പിന്നെ ഫൈൻ ആർട്സ് കോളേജ്. ബോംബയിൽ വരുന്ന ആരും വിക്ടോറിയ ടെർമിനൽ, ടൈംസ് ഓഫ് ഇന്ത്യ , എന്ന പോലെ ജെ ജെ സ്‌കൂളും ഒരിക്കലും മറക്കില്ല. ദാദ്രയിലായിരുന്നു  ഹോസ്റ്റൽ, ഒരു ഭാഗത്തു സച്ചിൻ തെണ്ടുൽക്കറുടെ വീട്, ശിവസേനാ മേധാവിയുടെ വീട്, കലാകാരന്മാരും ആർക്കിടെക്ടുകളും താമസിക്കുന്ന ഏര്യയിലാണ് ഈ ഹോസ്റ്റൽ, അവിടെ ഒരുപാട് കലാകാരന്മാർ വന്നു പോയ്ക്കൊണ്ടിരുന്നു, വിവേക് വിലാസിനിയെ പോലുള്ള  നിരവധിയാളുകള്‍.

ജെ ജെ യില്‍ കുറച്ചുകാലം പഠിപ്പിക്കുകയും ചെയ്തു അല്ലേ ?

അതെ , 1991 -ൽ ഞാൻ ഒന്നാം റാങ്കോടെ പാസ്സായി.റാങ്ക് കിട്ടിയപ്പോൾ പൈസ വേണോ പുസ്തകങ്ങൾ വേണോ എന്ന് യൂണിവേഴ്സിറ്റി ചോദിച്ചു. ഞാൻ പുസ്തകങ്ങൾ തെരഞ്ഞെടുത്തു. 16 പുസ്തകങ്ങൾ അതിലെല്ലാം യൂണിവേഴ്സിറ്റിയുടെ ഗോൾഡൻ സ്റ്റാംപ്. ഒന്നാം റാങ്ക് കാർക്ക് ഒരുവർഷം ഫെല്ലോഷിപ് കിട്ടും ജെ.ജെ യിൽ തന്നെ പഠിപ്പിക്കാം.അങ്ങനെ പഠിപ്പിക്കാൻ തീരുമാനിച്ചു.

ഇന്നത്തെ പ്രമുഖ ആർട്ടിസ്റ്റുകള്‍ പലരും അവിടെയുണ്ടായിരുന്നു.ശില്പ ഗുപ്ത, ജിതേഷ് കല്ലാട്ട്, ജസ്റ്റിൻ പൊന്മണി.. റാൻഡോൾഫ് കോറിയ അന്ന് അവിടെ ചിത്രകല പഠിക്കുന്നുണ്ടായിരുന്നു. പിനീടദ്ദേഹം അത് വിടുകയും സംഗീതത്തിൽ ശ്രദ്ധിക്കുകയും ചെയ്തു.മോനിക്കാ ടോഗ്രയുമായി  ചേർന്ന് ഷാ’ഇർ + ഫങ്ക് എന്ന സ്വന്തം ബാൻഡ് തുടങ്ങി. കുറെ പുതിയ ടാലൻഡ്‌സ് … ആനന്ദ് ജോഷി, ഫാലക് കപൂർ, റിയാസ് കോമു. 1992 -ൽ ആണ് ആദ്യമായി റിയാസിനെ കാണുന്നത്.

അവിടെ നിന്ന് പുറത്താകാന്‍ കാരണമെന്തായിരുന്നു ?

ഞാന്‍ വളരെയധികം  പ്രോഗ്രാമുകൾ ചെയ്യാറുണ്ടായിരുന്നു. പൈസ സ്വയം സ്വരൂപിക്കും. കോളജിലൊന്നും കാര്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ഒരു ടാല്കിന് ഇരുനൂറു രൂപയോ മറ്റോ കൊടുക്കും. സംഘടിപ്പിക്കാറുള്ള പരിപാടികൾ പ്രധാനമായും ഫിലിം,  പോയട്രി, ആർക്കിടെക്ച്ചർ എന്നിവയുമയൊക്കെ ബന്ധപ്പെട്ടവയായിരുന്നു. ആ സമയത്താണ് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ ഒരു ഷോ വരുന്നത്. പ്രധാനപ്പെട്ട ഒരു ഷോ ആയിരുന്നു അത്, മുന്നൂറ് കലാകാരന്മാരാണ്. 1  x  1  അടി വർക്കുകളുടെ എക്സിബിഷൻ ആണ് പ്ലാൻ ചെയ്തത്. 20 ബാനറുകൾ അതിൽ ഒരു ബാനർ ഞാനാണ് ചെയ്തത്. ഈ ബാനറുകൾ പ്രധാനപ്പെട്ട ആർട്ടിസ്റ്റുകൾക്കുവേണ്ടി പ്രദർശിപ്പിക്കുകയായിരുന്നു. ശിവാജി പാർക്കിൽ രാത്രിയായിരുന്നു പരിപാടി. കൊളാഷ് ഫൈൻആർട്സ് കോളജിന്റെ ക്യാമ്പസിലും ആർക്കിടെക്ചർ ക്യാമ്പസിലുമായാണ് ഓർഗനൈസ് ചെയ്തത്. ആ സമയത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ഇന്റർവ്യു വന്നു.കോളജിനെകുറിച്ചും എന്റെ ആക്ടിവിറ്റിയെയും കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞ ഉത്തരം എന്നെ  ജെ. ജെയില്‍ നിന്നും പുറത്താക്കുന്നതില്‍ കലാശിച്ചു.

അഭിമുഖത്തില്‍ താങ്കളെന്താണ് പറഞ്ഞത് ?

 ഫെസിലിറ്റിയെ ക്കുറിച്ചു ള്ള   വിമര്‍ശനങ്ങളായിരുന്നു.   ഉദാഹരണത്തിന് ഫോട്ടോഗ്രാഫി സ്റ്റുഡിയോ, ലൈബ്രറിയിലെ പുസ്തകങ്ങൾ, പുതിയ മാസികകൾ … ഇന്ത്യയിലെ മിക്കവാറും എല്ലാ ഫൈൻ ആർട്സ് കോളജുകളും നേരിടുന്ന പൊതു പ്രശ്നവുമാണിത്. അതവര്‍ക്കൊരു പ്രകോപനമായി.

 ഇതിനപ്പുറം പ്രാദേശികത ഒരു പ്രശ്നമായിരുന്നോ ?

 ചെറിയ രീതിയില്‍ ഉണ്ടായിരുന്നിരിക്കണം. അതിനപ്പുറം ഞാൻ ഒരിക്കലും ഒരു നല്ല വിദ്യാർത്ഥി യായിരുന്നിട്ടില്ല. തികച്ചും അക്കാഡമിക്കായി  കാര്യങ്ങളെ കാണാൻ ആഗ്രഹിച്ചിട്ടുമില്ല. ചോദ്യം ചെയ്യൽ എപ്പോഴും ഉണ്ടായിരുന്നു. കോളേജിൽ ഞാൻ പാദസരം ഇട്ടു നടക്കുമായിരുന്നു. ആൺകുട്ടികൾ പാദസരമിട്ടാൽ എന്താ എന്ന തോന്നല്‍.

 പഠിപ്പിന് വേണ്ട പൈസ കണ്ടെത്താന്‍   വൈകുന്നേരം  ഞാന്‍ സ്കെച് ചെയാൻ പോകുമായിരുന്നു, 10 രൂപയ്ക്ക്. മേള റെസ്റ്ററന്റ് എന്ന സ്ഥലത്താണ്, ഒരു  പാംസ്റ്റർ ഒരു ജോക്കർ പിന്നെ  മൈലാഞ്ചിയിടുന്ന സ്ത്രീ, ഒരു സ്കെച്ചിഗ് ആർട്ടിസ്റ്റ്,  ഞാനായിരുന്നു ആ ആർട്ടിസ്റ്റ്.

 ആര്‍ട്ടിസ്റ്റുകള്‍ക്ക്  ഇത്  അക്കാലത്തൊരു ജീവിത  വഴി ആയിരുന്നോ ?

സ്ട്രീറ്റിൽ  ഉണ്ടായിരുന്നു. എന്റെ സമയം 7. 30 മുതൽ 1. 30 വരെയായിരുന്നു. അതുകഴിഞ്ഞു ഹോസ്റ്റലിൽ എത്തുമ്പോൾ സമയം 2.30. അതുകഴ്ഞ്ഞു വരയ്ക്കാനോ വായിക്കാനോ ഉണ്ടാവും. മൂന്ന് മണിക്കുർ ഉറക്കം. പക്ഷെ എനിക്ക് സന്തോഷമാണ്. ആദ്യത്തെ വിദ്യാർത്ഥിയായി കോളേജിൽ എത്തും. 10 രൂപയ്ക്കുള്ള  സ്കെച്ചായി  ആയിരക്കണക്കിന് ആളുകളെ ഞാൻ വരച്ചിട്ടുണ്ട്. അത്രയും ക്യാരക്ടേഴ്സ് പഠിക്കാൻ അവസരം ലഭിച്ചു, ഒരാൾ എങ്ങിനെയാണ് സംസാരിക്കാൻ പോകുന്നതെന്ന് എനിക്ക് പ്രവചിക്കാൻ സാധിക്കും. അത്രയ്ക്ക്ക് നിരീക്ഷണത്തിലാണ് ഓരോ സ്കെച്ചും ചെയ്യുന്നത്. അഞ്ചു മിനിറ്റിനുള്ളിൽ വരയ്ക്കണമെങ്കിൽ ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കണം. അതൊരു കോൺഫിഡൻസ് ആണ്.

85 കാലയളവിൽ ഇന്ത്യയിൽ വളരെ പ്രശസ്തമായ മറ്റു കോളേജുകളുണ്ടായിരുന്നല്ലോ ഡൽഹി, ശാന്തി നികേതൻ, ബറോഡ എന്നിങ്ങനെ ?

പറഞ്ഞല്ലോ അതൊരു  നിമിത്തം. എനിക്ക് മറ്റുള്ളതിനെകുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. പ്രോസ്‌ പെക്ടസിന്റെ രൂപത്തിൽ വന്ന  ജീവിതത്തിന്റെ വിളി. ജീവിതം പഠിക്കുന്നത് ഒരുപക്ഷെ ബോംബെയിൽ നിന്നാണ്. ഞാൻ ഒരു ബോംബെകാരൻ മല്ലുവാണ്.

മുംബൈയിൽ ഇല്ലാത്തതു കുറെ കേരളത്തിലുണ്ട്. ബോംബേക്കാർക്ക് പൊതുവെ രാഷ്രീയ ബോധം കുറവ്, സാമൂഹ്യ ബോധവും.ന്യൂസ് പേപ്പർ നോക്കുന്നുവെങ്കിൽ ക്രിക്കറ്റ് പേജാവും പ്രധാനം. പുസ്തകവായനയൊക്കെ നഷ്ട്ടപ്പെട്ട ഒരു സ്ഥലമായി എനിക്ക് തോന്നിയിട്ടുണ്ട്.

ജെ ജെ യില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള കാലം  ?

92 – ലെ എന്റെ പുറത്താക്കപ്പെടൽ എനിക്ക് ശക്തിയാണ് നൽകിയത്. ആരെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുകയോ തകർക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ വിശേഷ ശക്തിയോടെ  അതിനെ നേരിടാനാകാറുണ്ട് . അതെന്റെ കുറേറ്ററിയൻ റോളിൽപോലും ഞാനങ്ങനെ കൊണ്ടു വന്നിട്ടുള്ളതാണ്. ഉത്തരങ്ങളെല്ലാം പ്രവൃത്തിയിൽ കൊണ്ട് കാണിക്കണമെന്നാണെനിക്ക്. തർക്ക വിതർക്കങ്ങളോട് ഇതുവരെ താല്പര്യം തോന്നിയിട്ടില്ല. എന്നോട് തന്നെ ഞാൻ തർക്കിക്കും. എന്തുകൊണ്ടില്ല ഞാൻ അവിടെ ?. അതിന്റെ ഉത്തരങ്ങളാണ് ഇന്നത്തെ ഞാൻ.

ഒരിക്കലും ചിത്രകല കൊണ്ടുമാത്രം ഒരാൾ കലാകാരനാവുന്നില്ല. കലാപ്രവര്‍ത്തകര്‍ക്ക് ജീവിതമറിയല്‍ പ്രധാനമാണ്. ജീവിതം  കല എന്ന് ഞാനും വിശ്വസിക്കുന്നു. എല്ലാ കലകളും ഒരാളിൽ സംഗമിച്ചില്ലെങ്കിൽ അയാൾ  ആര്‍ട്ടിസ്റ്റാവുന്നില്ല.  ചിത്രമെഴുത്തുകാരാവാം, പാട്ടുകാരാവാം, എഴുത്തുകാരാവാം.   എന്നാല്‍ ആര്‍ട്ടിസ്റ്റാവല്‍ മറ്റൊന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തെക്കുറിച്ചുതന്നെയും  ബോധമുണ്ടാവണമെന്നാണ്. എന്നുവെച്ചു ഞാൻ ഒരു ആൾറ്റിമേറ്റിസ്റ്റ്  അല്ല. അറിവ് എന്നിൽ ആത്മധൈര്യം നൽകിയ ഒന്നാണ്,  അതിനാണ് എന്റെ യാത്രകൾ . വിദ്യാഭ്യാസം അറിവ് മാത്രമല്ല .

 ലണ്ടനിലേക്കുള്ള  മാറ്റം, അവിടെത്തെ കലാപഠനം ബോസിലെ കലാകാരനെ എങ്ങനെ സ്വാധീനിച്ചു?

ആദ്യത്തെ യാത്ര 1993 യിൽ ആയിരുന്നു. ബ്രിട്ടി ഷ്  കൗൺസിലിന്റെ സ്‌കോളർഷിപ്പിൽ രണ്ടാഴ്‍ചത്തെ സന്ദർശനം. മ്യൂസിയങ്ങൾ കാണുക, കലാകാരന്മാരെ കാണുക, സ്റ്റുഡിയോകൾ കാണുക എന്നൊക്കെയായിരുന്നു പ്രധാന ആഗ്രഹങ്ങൾ. അനീഷ് കപൂറിനെ ആദ്യമായി കാണുന്നത് 93 ൽ ആണ് . അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ചെന്ന് കാണുന്നു. അന്ന് ബോംബയിൽ ഏറ്റവും വലിയ സ്റ്റുഡിയോ എന്നുപറഞ്ഞാൽ 200 സ്‌ക്വയർ ഫീറ്റ് അല്ലെങ്കിൽ 300 സ്‌ക്വയർ ഫീറ്റ്. അക്ബർ  പദംസി അല്ലെങ്കിൽ അതുപോലുള്ള അവരൊക്കെ ആ വലുപ്പത്തിലുള്ള സ്റുഡിയോവിലാണ്. അനീഷ് കപൂറിന്റെ സ്റ്റുഡിയോയിൽ ക്രയിൻ ആണ് വർക്കുകൾ എടുക്കാനും മാറ്റാനും. 10 – 15 പേര് ജോലിക്കാരാക്കിയിട്ടുണ്ട്. ആ രീതിയിലുള്ള   സ്റ്റുഡിയോ. ആദ്യമായി Serpentine Galleries ൽ Julia Peyton-Jones നെ കാണുന്നു, അതിനുള്ള ധൈര്യവും മറ്റും സമ്പാദിച്ചത് ബോംബെയിൽ വച്ചാണ്. അതൊരു കോൺഫിഡൻസ് ആണ്

ആ സമയത്താണ് ഞാൻ അറിയുന്നത് എന്റെ വർക്കുകൾ അതേ ഫിലോസഫിയിൽ ജോൺ ലാതം  (John Latham) എന്ന സാംബിയയിൽ ജനിച്ച ബ്രിട്ടിഷ് ആർട്ടിസ്റ്റ്   കുറേമുമ്പ് -ഇരുപതു വര്ഷങ്ങള്‍ക്കു   മുമ്പ് -ചെയ്തിട്ടുണ്ട് എന്നത്. ഞാൻ സത്യത്തിൽ ചൂളിപ്പോയി. പക്ഷെ എനിക്കത് കുറവായിട്ടൊന്നും തോന്നിയില്ല. പിന്നീട് ആലോചിച്ചപ്പോൾ ഒരുപാട് പേർ അതുപോലെ സമാനമായി ചിന്തിച്ചിട്ടുണ്ട്. ഞാൻ അറിഞ്ഞിരുന്നെങ്കിൽ അതുപോലെ ചെയ്യുമായിരുന്നില്ല. I never interested to follow anybody. എന്റെ വളർച്ചയുടെ കാരണങ്ങൾ അതെല്ലാം ആയിരിക്കും.സ്വന്തം വഴി തെരഞ്ഞെടുത്തു.   I don’t believe in rules.

 ലണ്ടൻ ഏതു തരത്തിലുള്ള തെരഞ്ഞെടുപ്പിനും സാധ്യതയുള്ളയിടമായിരുന്നു. ഫോട്ടോഗ്രാഫി വേണമെങ്കിൽ അത്, ക്യാമറ മാമിയ വേണമെങ്കിൽ അങ്ങനെ . ഞാൻ പ്രിന്റ് പോലും ചെയ്തിട്ടുണ്ട്. ലണ്ടൻ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയില്‍ ഒരു വർഷത്തെ സ്കോളർഷിപ്പായിരുന്നു.  ആരൊക്കെ എവിടെയൊക്കെയാണെന്ന് എനിയ്ക്കു അന്നേ അറിയാമായിരുന്നു. അതിനാലാണ് ഗോൾഡ്സ്മിത്ത് തന്നെ ഉറപ്പിച്ചത്. Grace Martin നെ ക്കുറിച്ചും മറ്റും ഒരു പൊതു അറിവു ണ്ടായിരുന്നു.ഗോൾഡ്‌സ്‌മിത്തിന്റെ ഏറ്റവും നല്ല കാര്യമെന്നു പറഞ്ഞാൽ നമുക്ക് ഒൻപത് ട്യൂട്ടേഴ്‌സിനെ ക്ഷണിക്കാം നമ്മുടെ വർക്ക്‌ കാണിക്കാൻ.

ഞാൻ ക്ഷണിച്ചത് വളരെ പ്രധാനപ്പെട്ട ആർട്ടിസ്റ്റുകളെ, കുറേറ്റർമാരെ അതായത് ചാൾസ് എക്സില്ലെ, നിക്കോസ് പുപ്പേർ ബിയാട്രിസ്, ശരത് മഹാരാജ് …ശരത് മഹാരാജ് documenta 11ന്റെ ഓ-ക്യൂറേറ്റർ ആയിരുന്നു. അവിടെത്തെ ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ തലവൻ ആയിരുന്നു.കുറേ സുഹൃത്തുക്കളെ അദ്ദേഹം പരിചയപ്പെടുത്തി.ആ പരിചയങ്ങൾ എല്ലാം ഞാൻ കാത്തുസൂക്ഷിക്കുന്നു. പതിവായി വിളിക്കാറൊന്നുമില്ല. പക്ഷെ ഇന്നലെ വിളിച്ചതുപോലെ അവരോട് സംസാരിക്കാം.

(തുടരും)

 

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് ബിരുദം. വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് എം. ...