White Crow Art Daily

ചുള്ളിക്കാടിന്റെ കവിതയ്ക്ക് വിമര്‍ശനത്തിന്റെ ഒരു പിന്‍കുറിപ്പ്

ഭാഗം 2: കാല്പനിക ജീര്‍ണ്ണത

ബാലചന്ദ്രന്‍ ഒരു ‘ഡീക്കേഡന്‍റാ’ണെന്ന് ഉറപ്പിക്കുന്നതിനു മുമ്പ് ‘ഡീക്കേഡന്‍സി’നെ, കുറഞ്ഞൊന്നു പരിചയപ്പെടെണ്ടതുണ്ട്. കാല്പനികതയുടെ രോഗനിദാനശാസ്ത്രം (pathology) എന്ന്, ഉത്തരകാല്പനികതയുടെ രതിസംവേദന (erotic sensibility)ത്തെ വിശദമായി വിലയിരുത്തുന്ന മാറിയോ പ്രാസി (Mario Praz)ന്‍റെ കാല്പനികയാതന (Romantic, Agony 1930) എന്ന ഗ്രന്ഥത്തെ, ഫ്രാങ്ക് കെര്‍മ്മോഡ് (Frank Kermod) വിശേഷിപ്പിച്ചതില്‍ നിന്ന് തന്നെ രോഗാതുരതയും വിലക്ഷണലൈംഗികതയും ‘ഡീക്കേഡന്‍സി’ന്‍റെ പ്രധാനഭാവമുദ്രകളാണെന്നു വ്യക്തമാകുന്നു. മരണവും ഹിംസാത്മകതയും മൃത്യുദൃശ്യങ്ങളും അവരുടെ പ്രിയപ്രമേയങ്ങളായിരുന്നു. ഇതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ബോദലേറുടെ പ്രിയപ്പെട്ട ചിത്രകാരനായിരുന്ന യൂജീന്‍ ഡെ ലാക്രോ (Eugene Delacroix 1789-1863)വിന്‍റെ ചിത്രങ്ങളെക്കുറിച് പ്രാസി(Praz)ന്‍റെ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ചു കടന്നു വരുന്ന പരാമര്‍ശങ്ങള്‍ക്കൂടി കണക്കിലെടുക്കണം. ‘ഭയമുളവാക്കുന്ന പ്രേതരൂപികളുടെ ഒരു സപത്നീവൃന്ദം മുഴുവന്‍ ഒരു ശവഘോഷയാത്രയിലെന്നപോലെ ഡെലാക്രോവിന്‍റെ ക്യാന്‍വാസിനു കുറുകെ കടന്നു പോകുന്നു.’ (It is a whole harem of ghastly phantoms that move in funeral file across the canvas of Delacroix), എന്ന് ഡെലാക്രോ ചിത്രീകരിച്ചിട്ടുള്ള ഭീഷണദൃശ്യങ്ങളുടെ പരമ്പരയെ, ഇന്ദ്രനീലം പോലെ വെട്ടിത്തിളങ്ങുന്ന വാക്കുകളുപയോഗിച്ച്, പ്രാസ് വിവരിച്ചിട്ടുണ്ട്.

praz

 

സെയിന്‍റ് സെബാസ്റ്റ്യന്‍, സെയിന്‍റ് സ്റ്റീഫന്‍, സ്നാപകയോഹന്നാന്‍, ആര്‍ക്കിമിഡീസ്‌ എന്നിവരുടെ വധദൃശ്യങ്ങളും സെനക്കയുടെയും പ്ലിനി (Pliny)യുടെയും മരണവും ബലാല്‍ക്കാരം ചെയ്യപ്പെടുകയോ അപമൃത്യുവിനിരയാവുകയോ ചെയ്ത സ്ത്രീകളുടെ മൃതമോ മൃതതുല്ല്യമോ ആയ ശരീരങ്ങളുമാണ് ഡെലാക്രോ ചിത്രീകരിച്ചിട്ടുള്ളത്. ‘ഒലീഫിയ’ (ഹാംലെറ്റ്)യുടെ ജലമരണം, ജീവിതകാലം മുഴുവന്‍, ഡെലാക്രോവിനെ വശീകരണശക്തിയോടെ പിന്തുടര്‍ന്ന പ്രമേയമായിരുന്നത്രേ! പ്രപഞ്ചം നിറയെ വേദനയും പീഡാനുഭവവും മാത്രമേയുള്ളൂ എന്ന മട്ടിലാണ് ഡെലാക്രോ പരപീഡാരതി (Sadism)യുടെ ദൃശ്യങ്ങല്‍ക്കൊണ്ട് തന്‍റെ കലാപ്രപഞ്ചത്തെ നിറച്ചതെന്നു മാറിയോപ്രാസ് നിരീക്ഷിക്കുന്നു. എഡ്വേഡ്മുങ്കി (Edward Munch)ന്‍റെ നിലവിളി (The Scream) എന്ന എക്പ്രഷനിസ്റ്റ് ചിത്രം ഇത്തരമൊരു ഭാവബദ്ധതയുടെ തീഷ്ണവും സൗന്ദര്യഭദ്രവുമായ ആവിഷ്കാരമാണ്.

mario 2

മുങ്കിനോടെന്നതിനെക്കാള്‍, നിര്‍ഭാഗ്യവശാല്‍, ഡെലാക്രോവിന്‍റെ ധൂര്‍ത്തമായ ദൃശ്യലോകത്തോടാണ് ബാലചന്ദ്രന്‍റെ കവിതക്ക് കൂടുതല്‍ സാദൃശ്യം. ഡെലാക്രോവിന്‍റെ ചിത്രങ്ങളില്‍ നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ബിംബലോകത്തെത്തിയാല്‍ ഒട്ടും അപരിചിതത്വം തോന്നാനിടയില്ല. സെയിന്‍റ് സെബാസ്റ്റ്യന്‍റെയും സെയിന്‍റ് സ്റ്റീഫന്‍റെയും സ്നാപകയോഹന്നന്‍റെയും രക്തസാക്ഷിത്വത്തിന്‍റെ സ്ഥാനത്ത് അവിടെ പീഡിതനും രക്തസാക്ഷിയുമായ കവിയെ തന്നെ കാണാം. (ബലി, മാപ്പുസാക്ഷി, ദു:ഖവെള്ളിയാഴ്ച മുതലായ കവിതകളോര്‍ക്കുക). പരപീഡാരതിയുടെയും ആത്മപീഡാരതിയുടെയും (sado – masochism) ഗൂഡമായ ആനന്ദം സ്ഫുരിക്കുന്ന യാതനാ ദൃശ്യങ്ങള്‍ക്കുമില്ല പഞ്ഞം.

‘ഇടനാഴിയുടെ ഇരുട്ടില്‍ അകപ്പെട്ടുപോയ കുരുന്നുനിലാവിനെ ബലാല്‍സംഗം ചെയ്യുന്ന ആര്‍ദ്രഹൃദയനായ അന്തേവാസി’ (ഇടനാഴി), ‘ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍ തന്‍ പ്രേതങ്ങള്‍’, ‘മരണമകുടിതന്‍ ഭീകര സംഗീതപീഡയാല്‍ ഊരിയിഴഞ്ഞു തെരുവിലേക്കോടുന്ന നാഡികള്‍’, ‘വാടകക്കാര്‍ വിഷം തിന്നു മരിച്ചൊരു ഭൂതകാലത്തിന്‍ സ്മരണാലയങ്ങള്‍’, ‘നട്ടുച്ചയ്ക്ക് ചാമ്പലും എല്ലും ജലവുമായെത്തുന്ന കൂട്ടകരച്ചിലിന്‍ പ്രേതസഞ്ചാരങ്ങള്‍’, ‘മൂക്കാത്തപുല്ലിന്‍റെ പച്ചയും പ്രാണനുമൂറ്റിക്കുടിക്കുന്ന കാട്ടുദൈവം’, ‘ചത്തപെണ്ണുങ്ങള്‍ തന്‍ ഗര്‍ഭപാത്രങ്ങളില്‍ പൊട്ടിക്കരയുന്ന കാറ്റും മരങ്ങളും (മാപ്പുസാക്ഷി)’, ‘ഉള്ളില്‍ മുളകൊള്ളും തുടിപ്പും ഞരമ്പുകളിലുന്നിദ്രമാളുന്ന നോവുമായാറിന്‍റെ നെഞ്ചുകീറിപ്പിളര്‍ന്നു മറകൊണ്ട (ഒഫീലിയ?) പെങ്ങള്‍’, (യാത്രാമൊഴി), ‘അഴുകിപ്പോയ അനാഥജഡം പോലെ കടല്‍തീരത്തടിഞ്ഞ ജീവിതം’ (പോസ്റ്റുമോര്‍ട്ടം), ‘പുലരിത്തുടുപ്പിനോടൊപ്പം വാതിലിലൊഴുകുന്ന കുഞ്ഞിന്‍റെ ചുടുചോര’ (ഹംസഗാനം), ‘ഒരു കൈകൊണ്ട് കവിത കുറിക്കുമ്പോള്‍ മറുകൈകൊണ്ട് മാറില്‍ കഠാരയിറക്കുന്ന കവി’ (ചാറ്റെര്‍ട്ടണ്‍) (ഹംസഗാനം) ‘വഴിയില്‍ വിഷംതീണ്ടി വീണപെണ്ണിനു ശവപ്പുടവകൊടുത്തന്ത്യചുംബനം കൊളുത്തല്‍’ (അമാവാസി), ‘പൊക്കിളില്‍ പെരുവിരല്‍ക്കത്തിതാഴല്‍’ (ആദ്യരാത്രി), ‘ദാഹിക്കുന്നു, ദാഹിക്കുന്നു ഒരു തുള്ളി വിഷം’ എന്ന ആക്രന്ദനം (ഒന്നാമന്‍റെ പരാജയം), ‘ശത്രുക്കളാല്‍ വലതുകണ്ണും മിത്രങ്ങളാല്‍ ഇടതുകണ്ണും ചൂഴ്ന്നെടുക്കപ്പെട്ട’ കവി (അര്‍ഥം), ‘അപസ്മാരത്തിന്‍ മുള്‍ക്കിരീടം’ (ഒഴിവു ദിവസം), ‘ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടി’, ‘പെറ്റവാറേതള്ള ചത്ത പൈക്കുട്ടി’, ‘ശിരസ്സറ്റ പക്ഷിയുടെ ഗാനം’ (മറവി) ഇവ ഹിംസയുടെ ക്യാന്‍വാസായി ചുള്ളിക്കാടിന്‍റെ കവിതയെ മാറ്റുന്നു.

eugene-delacroix-mort-de-sardanapale

 

‘ഓര്‍മ്മകളുടെ ഓണം’ എന്ന പില്‍ക്കാല കവിതയില്‍ നിന്നുമുള്ള വരികള്‍ ഇവിടെ ഉദ്ധരിക്കാതിരുന്നത് അങ്ങനെ ചെയ്‌താല്‍ ആ കവിത മുഴുവന്‍ ഇവിടെ എടുത്തെഴുതേണ്ടി വരുമെന്നുള്ളതുകൊണ്ടാണ്. ‘ഒന്നാമന്‍റെ പരാജയം’ എന്ന ഉന്മാദനാടക തുല്യമായ കവിതയുടെ നിലയും വ്യത്യസ്തമല്ല. സാഡോ-മസോക്കിസ്റ്റ് ഭാവനയുടെ ഉത്സവഘോഷയാത്രയാണ്, ‘ഓര്‍മ്മകളുടെ ഓണ’വും ‘ഒന്നാമന്‍റെ പരാജയ’വും. ഇത്രയും ദീര്‍ഘമായും സമഗ്രമായും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചത് മന:പ്പൂര്‍വ്വമാണ്. യൗവ്വനസഹജമായ ഇത്തരം ഉഗ്രബിംബങ്ങള്‍ പില്‍ക്കാലത്തും ബാലചന്ദ്രന്‍റെ കവിതയില്‍ നിന്ന് പിന്‍വാങ്ങുന്നില്ല. മറിച്ച്, അവ വ്യാജമായ ഭാഷാഗൗരവത്തിന്‍റെ അകമ്പടിയോടുകൂടി ‘ബാധ’യിലും ഡ്രാക്കുള’യിലും മറ്റും പൂര്‍വ്വാധികമായ ശക്തിയോടുകൂടി കടന്നുവരുന്നതാണ് കാണുന്നത്.

‘പതിനെട്ടുകവിതകളി’ലെ ആദ്യകവിതയായ ‘ഇടനാഴി’ എന്ന ദുര്‍ബല രചനയില്‍,
‘ഇടനാഴിയുടെ തണുത്ത നിലത്ത്
വാര്‍ന്നുപോയ ചോരപോലെ
കവിതകള്‍ കറുത്തുകിടക്കുന്നു.
കഫവും രക്തവും പുരണ്ട ബിംബങ്ങളെ
എറുമ്പുകള്‍ കൂട്ടം കൂട്ടമായി വന്ന്
വലിച്ചുകൊണ്ടു പോകുന്നു.’

എന്നെഴുതിക്കൊണ്ടായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി രംഗപ്രവേശം ചെയ്തത്. കഫവും രക്തവും പുരണ്ട ബിംബങ്ങളുടെ രോഗാലയ (sanatorium) മായിരുന്നു ബാലചന്ദ്രന്‍റെ കവിത, എക്കാലത്തും. അവിടെ ശ്വാസാന്തരങ്ങളില്‍ ശോണകഫം പുഷ്പിക്കുന്നു. ‘നറുചന്ദനത്തിരി’ കൊളുത്തി മണക്കുമ്പോള്‍ കരിയും ശവത്തിന്‍റെ ഗന്ധമുയരുന്നു. ശവകച്ച പോലെ കൊതുകുവല തൂങ്ങുന്നു. മരിച്ചവര്‍ അലര്‍ച്ച നിര്‍ത്താത്ത പ്രേതരാത്രി അതിനെ ചൂഴ്ന്നു നില്‍ക്കുന്നു. ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവരാണവിടെ അധികം. കവിത പ്രേതഭാഷണമായും പ്രേതപീഡയായും ശവരതിയായും (Nerophilia/Necrolatry) രൂപം മാറുന്ന സന്ദര്‍ഭങ്ങള്‍ എത്രവേണമെങ്കിലുമുണ്ട് ബാലചന്ദ്രനില്‍. ‘പ്രേതപീഡയുടെ സത്യം’ എന്ന തലക്കെട്ടിനു കീഴിലാണ് ചുള്ളിക്കാടിന്‍റെ ‘പതിനെട്ടുകവിതകളി’ലെ കവിതകളെ നരേന്ദ്രപ്രസാദ് പഠനവിധേയമാക്കിയത് എന്നത് യാദൃശ്ചികമല്ല. പ്രേതബലി, പ്രേതരാത്രി, പ്രേതവിചാരണ, പ്രേതനക്ഷത്രം, പ്രേതാവതാരം, പ്രേതപ്പെരുമ്പറ, പ്രേതവര്‍ഷങ്ങള്‍ എന്നിങ്ങനെ പ്രേതം പ്രമേയമാകുന്ന വാഗ്സംയുക്തങ്ങളുടെ ഒരു പ്രത്യേക നിഘണ്ടുതന്നെ ചുള്ളിക്കാടിനുണ്ട്.

chulli

‘മരണവാര്‍ഡി’ലെ ആതുരശാലയുടെ ദൃശ്യം ഒരള്‍ത്താരയായും അവിടെ നടക്കുന്നത് പിശാചിന്‍റെ കുര്‍ബാന(Black Mass)യായും ഭാവം മാറുന്ന ഒരു സന്ദര്‍ഭമുണ്ട്.-
‘രക്താര്‍ബുദലഹരിയില്‍
സിരകളില്‍ സ്ത്രോതം പതയുന്നു.
സാത്താന്‍
പുരോഹിതവസ്ത്രം ധരിക്കുന്നു.
പാപവിശുദ്ധിയില്‍ പ്രാണന്‍ പുകയുന്നു.’

ഈ സേറ്റണിസം (Satanisam) തന്നെയാണ് ചുള്ളിക്കാടിന്‍റെ പക്വരചനയായി വിലയിരുത്തപ്പെടുന്ന ‘ഡ്രാക്കുള’യില്‍ മാക്ബെത്തിലെ ദുര്‍മന്ത്രവാദിനികളുടെ കുട്ടകം (Cauldron) പോലെ തിളച്ചു മറിയുന്നത്. വാസ്തവത്തില്‍ മരണവാര്‍ഡില്‍ നിന്ന് ഡ്രാക്കുളയിലേക്കുള്ള ദൂരം ‘സാഡോ-മസോക്കിസ’ത്തില്‍ നിന്നും മോര്‍ബിഡിറ്റി’യില്‍ നിന്നും ‘ബെസ്റ്റ്യാലിറ്റി’യിലേക്കും (Bestiality) ‘സേറ്റനിസ’ത്തിലേയ്ക്കും ‘വാംപയറിസ’ (Vampirism)ത്തിലേയ്ക്കുമുള്ള ഭീകരപരിണാമമത്രേ. സിഗ്മണ്ട് ഫ്രോയിഡ് (Sigmund Fraude) ‘ഡോസ്റ്റോവ്സ്കി’യും ‘ബന്ധുഹത്യ’യും (Dostoevsky, and parricide) എന്ന പേരില്‍ ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. ആ പ്രബന്ധത്തില്‍ സാഡോ-മസോക്കിസവും എക്സിബിഷനിസവും ദൈവനിന്ദന (Profination)ത്തോളമെത്തുന്നതായി അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ഇഡിയറ്റി (Idiot)ലെ സ്റ്റാവ്റോജിന്‍ ക്രൂശിതരൂപം തച്ചുടയ്ക്കുന്ന സംഭവം ഇതിനുദാഹരണമായി ഫ്രോയിഡ് ചൂണ്ടിക്കാട്ടുന്നു. ദൈവനിന്ദക(heretic)നായ ബോദലേറിന്‍റെ മതപരത(Catholicism) പോലെയാണിതെന്നു ഫ്രോയിഡ് പറയുന്നു.

റഷ്യയുടെ ആത്മാവ്, പ്രകൃത്യാതന്നെ സാഡിസത്തിനനുകൂലമാണെന്ന് ഡോസ്റ്റോവ്സ്കിക്കഭിപ്രായമുണ്ടായിരുന്നു. വേദനയെ (Suffering) ഉദാത്തീകരിക്കുന്ന ആത്മീയതയുടെ പവിത്രമാര്‍ഗ്ഗമാണത്. അവിടെ നിന്ന് ഒരു ചുവട് മുന്നോട്ടുവെച്ചാല്‍ എത്തുന്നത് ‘ഡീക്കേഡന്‍റു’കളുടെ ശവരതിയിലും ആത്മപീഡനത്തിലുമൊക്കെയായിരിക്കുമെന്നു ഫ്രോയിഡ് നിരീക്ഷിക്കുന്നു. പ്രേയിങ് മാന്‍റിസ്’ (Praying Mantis) എന്ന ഷഡ്പദത്തിന്‍റെ മാരകദാമ്പത്യ (Murderous Marriage)ത്തെക്കാള്‍ സദാചാരപരമായി അത്രയൊന്നും മികച്ചതല്ല സാഡോ-മസോക്കിസ്റ്റുകളുടെ സദാചാരമെന്നും ഫ്രോയിഡിനഭിപ്രായമുണ്ട്. ‘നാശത്തിലാത്മ സുഖമെന്നുമെനിക്കുശീലം’ (താതവാക്യം) എന്നും പരപീഡനമാത്മലീലയായ് പരിശീലിച്ച പരസ്വഹാരി ഞാന്‍’ എന്നും ഏറ്റുപറയുന്ന കഥാപാത്രങ്ങളെത്തന്നെ ചുള്ളിക്കാടിന്‍റെ കവിതയില്‍ കാണാം. ഇത് ബോദലേറിന്‍റെയും ഡോസ്റ്റോവ്സ്കിയുടെയുമൊന്നും ഭാവനയുടെ മഹാപൗരോഹിത്യം പോലെയല്ല. ‘ഡീക്കേഡന്‍’സിന്‍റെ ഏറ്റവും ദുര്‍ബ്ബലമായ പകര്‍പ്പെഴുത്തുകള്‍ മാത്രമാണ് ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതകള്‍’, ‘ഭ്രൂണഭക്ഷകനായ ഭയത്തിന്‍ പുരോഹിതന്‍’ എന്ന വിശേഷണം, ക്ഷമാപണപൂര്‍വ്വം, ബാലചന്ദ്രന്‍ എന്ന കവിക്കുകൂടി ചാര്‍ത്തിക്കൊടുക്കാവുന്നതാണ്. ‘പിശാചിനോട്‌ പോരാടുന്നവര്‍ സൂക്ഷിക്കുക. കാരണം, അവരും അതായേക്കും!’ എന്ന നീഷേ (Nietsche)യുടെ പ്രവചനം, ബാലചന്ദ്രന്‍റെ പാപ/പ്രേതസ്തവങ്ങള്‍ക്കെതിരായി ഉന്നയിക്കാവുന്ന ഏറ്റവും കരുത്തുറ്റ താക്കീതു കൂടിയാണ്.

unnamed

‘നാളെ കൊലക്കത്തി പാളേണ്ട മാടിന്‍റെ യാതനാരാത്രി’യെക്കുറിച്ച് ബാലചന്ദ്രന്‍ എഴുതി. സ്വന്തം കുരുതിയിലേയ്ക്ക് പോകുന്ന അറവുമൃഗമായി സ്വയം സങ്കല്‍പ്പിക്കുന്ന ഈ കവിയുടെ കൂടപ്പിറപ്പായ ‘മാര്‍ട്ടിയര്‍ കോംപ്ലക്സി’ (Martyor Complex) ന്‍റെ വിളംബരമാണ് ‘ബലി’ എന്ന ആദ്യകാല കവിത. വധശിക്ഷ തൊട്ടുമുന്നില്‍ കാണുന്ന ബന്ദിയുടെ ചിത്ര (ഗോയ)മാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതകളുടെ കവര്‍ചിത്രം എന്നത് യാദൃശ്ചികമല്ല. ബലിമൃഗമായി സ്വയം സങ്കല്‍പ്പിക്കാനും ആസന്നമരണനായ കുറ്റവാളിയുടെ സന്ത്രാസ (anguish) മാവിഷ്കരിക്കാനും ബാലചന്ദ്രന് എന്നും താല്പര്യമായിരുന്നു.
‘സ്വന്തം ശിരസ്സില്‍ നിറയൊഴിക്കുന്നതിന്‍
മുന്‍പുള്ളമാത്രയില്‍ സര്‍വ്വസൈന്യാധിപന്‍
കണ്ടകിനാവിലെ ഭ്രാന്താലയത്തില്‍ ഞാന്‍
നിന്‍റെ നേരം കാത്തുറങ്ങാതിരിക്കുന്നു’ എന്നും
(താതവാക്യം)
‘പലകച്ചുമരില്‍പ്പഴഞ്ചനാം
ഘടികാരക്കിളിനെഞ്ചിടിപ്പിനാല്‍
നിമിഷങ്ങളെയെണ്ണിയെണ്ണി
പുരുഷായുസ്സുകൊറിച്ചൊടുക്കയാം’
(മാനസാന്തരം) എന്നും എഴുതിയ കവിയാണ്‌ ബാലചന്ദ്രന്‍. സ്തോഭതീവ്രത സൃഷ്ടിക്കാനുള്ള താല്പര്യം മാത്രമല്ല ഇതിനു പിന്നില്‍. സങ്കീര്‍ണ്ണമായ ലൈംഗികമന:ശാസ്ത്രത്തിന്‍റെ പ്രച്ഛന്നമായ ആവിഷ്കാരങ്ങളാണിവ. അതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ അടുത്തതായി ചര്‍ച്ചചെയ്യുന്നത്.

 

തുടരും

1974- ല്‍ മൂവാറ്റുപുഴയില്‍ ജനിച്ചു. ഉത്താരാധുനിക നിരൂപകരില്‍ ശ്രദ്ധേയന്‍. വടകര മടപ്പള്ളി ഗവണ്മെന്റ് ...