White Crow Art Daily

ഛോട്ടു , ഒരു തിരക്കാഴ്ച്ച

കൂറ്റന്‍ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍ എഴുന്നുനില്‍ക്കുന്ന കറുത്ത കടല്‍. അന്തരീക്ഷത്തില്‍ ഏറിയും കുറഞ്ഞും നിറയുന്ന ഹെലികോപ്ടറിന്റെ ശബ്ദത്തിനോടൊപ്പം തെളിവാര്‍ന്നു വരുന്ന കാഴ്ച്ചകള്‍. ഭീമാകാരനൊരു പരുന്തിനെപ്പോലെ പറന്നിറങ്ങുകയാണ് കാഴ്ചകള്‍…

കരിങ്കടലിന്റെ തിരയനക്കങ്ങളില്‍ ആടിയുലയുന്ന അവശിഷ്ടങ്ങള്‍. വിവിധ നിറങ്ങളിലുള്ളവ, രൂപങ്ങളിലുള്ളവ, പ്ലാസ്റ്റിക് ബോട്ടുകളുടെ, ചില്‍ഡ്രന്‍സ് പാര്‍ക്കുകളിലെ പലതരം റെയിസുകളുടെ ഭാഗങ്ങള്‍, ഫ്രിഡ്ജുകള്‍, കൂളറുകള്‍, ടി.വികള്‍… തുടങ്ങിയ വീട്ടുസാധനങ്ങള്‍…

ഹെലിക്കോപ്ടറിന്റെ പശ്ചാത്തലസംഗീതത്തിലേക്ക് മൗസിയുടെ മറാഠിയിലുള്ള ശകാരവര്‍ഷം നിറയുന്നു. നേരം വെളുത്തുവരുന്നതേയുള്ളു. പബ്ലിക് ബ്രിഡ്ജില്‍ നിരന്നു കിടന്നുറങ്ങുന്നവര്‍. മുഷിഞ്ഞ പുതപ്പു മാറ്റി ഛോട്ടു തലപൊക്കി നോക്കുന്നു. വീണ്ടും തലവഴി മൂടിപ്പുതച്ചു കിടക്കുന്നു. മൗസിയുടെ പ്രഭാതഭേരി ഛോട്ടുവിനെ ഉദ്ദേശിച്ചുള്ളതാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഭാതകൃത്യങ്ങള്‍ക്കായി തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കിലേക്കു പോയി, അപകടത്തിനിരയായി വീരമൃത്യു വരിച്ച ഛോട്ടുവിന്റെ അച്ഛന്‍, ശേഷം കണ്ടവന്റെ എച്ചിലെടുത്ത് തീട്ടം കോരി മൂന്നു പെണ്ണുങ്ങളടക്കം നാലെണ്ണത്തിനെ വളര്‍ത്തിയുണ്ടാക്കി കെട്ടിച്ചയച്ചതടക്കമുള്ള വീരഗാഥ മറാഠിയും ഹിന്ദിയും തെറിയുമൊക്കെ കലര്‍ത്തിയ പ്രഭാഷണത്തില്‍ മൗസി മാലോകര്‍ക്കായി വിശദീകരിക്കുന്നുണ്ട്.

സ്ഥിരം കലാപരിപാടിയായതുകൊണ്ടാകാം ബ്രിഡ്ജിലൂടെ കടന്നുപോകുന്നവരാരും മൗസിയുടെ പ്രവചനങ്ങള്‍ക്ക് ചെവി കൊടുക്കുന്നതേയില്ല.

മൗസി ആരോടെന്നില്ലാതെ തെറി പറഞ്ഞുകൊണ്ടുതന്നെ പടികളിറങ്ങാന്‍ തുടങ്ങി. ഇളവെയിലിനു മൂര്‍ച്ചയേറുന്നു. ഓവര്‍ബ്രിഡ്ജില്‍ യാത്രക്കാര്‍ ഏറിവന്നു. ഛോട്ടുവടക്കമുള്ള ബ്രിഡ്ജ് വാസികള്‍ എഴുന്നേറ്റ് വിരിപ്പു തട്ടിക്കുടഞ്ഞ് മടക്കാന്‍ തുടങ്ങി. ബ്രിഡ്ജിനടിയിലൂടെ നാലുവരിയിലായി തിമിര്‍ക്കുന്ന ഇലക്ട്രിക് ട്രെയിനുകളുടെ സംഗീതത്തിലേക്ക് നഗരത്തിന്റെ ഒരു ദിവസംകൂടി കലരുന്നു…

പൗരാണികച്ചുവയുള്ള കെട്ടിടങ്ങളുടെ വിശാലമായ ഗലി, കട്ട് ആന്റ് കെയര്‍ എന്ന വിമന്‍സ് ബ്യൂട്ടി പാര്‍ലറിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവിധയിനങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ കഴുകി വൃത്തിയാക്കുന്നവര്‍. ഒരു വിദേശകാറിനുള്ളില്‍നിന്ന് കാര്‍പെറ്റുകള്‍ വലിച്ചു പുറത്തിടുന്ന ഛോട്ടുവിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ച.

പൊരിഞ്ഞ പണിത്തിരക്കിലാണ്. ചുരുട്ടിക്കൂട്ടി മുട്ടുവരെ കയറ്റിവെച്ച മുഷിഞ്ഞ പാന്റ്‌സ് നല്ലൊരു ചരടുവച്ച് ഉണങ്ങിയ ശരീരത്തില്‍ കെട്ടിയുറപ്പിച്ചിരിക്കയാണ്. ഒരു ടി.ബി പേഷ്യന്റേതുപോലുള്ള ശരീരഘടന.

റോഡ് പൂര്‍ണ്ണമായും ഉണര്‍ന്നിട്ടില്ല. ഒരുപാടു പേര്‍ നിരന്നുനിന്ന് വണ്ടികള്‍ കഴുകുന്നു. ബൈക്കുകളും കാറുകളുമുണ്ട്.

$$$

ഏതാണ്ട് അതേ ഏരിയയില്‍ത്തന്നെയുള്ള ഒരു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മുറ്റത്ത് അറ്റം വിടര്‍ന്ന നീളന്‍ ചൂലുമായി അടിച്ചുവാരി നീങ്ങുന്ന ഛോട്ടു. വേഷവിധാനത്തില്‍ തെല്ലു മാറ്റമുണ്ട്. യൂണിഫോമെന്നു തോന്നിക്കുന്ന ഇരുണ്ട ഒരു ഡ്രസ്സ്. തന്നെക്കാളും വലുപ്പമുള്ള ചക്രം ഘടിപ്പിച്ച വലിയൊരു പ്ലാസ്റ്റിക്ക് ബക്കറ്റുമായി ഭാര്യയും കൂടെയുണ്ട്. മുംതാസ് എല്ലാംകൊണ്ടും ഛോട്ടുവിന്റെതന്നെ ധര്‍മ്മപത്‌നി. ദൂരെനിന്നും അരികെനിന്നുമൊക്കെയുള്ള ദൃശ്യങ്ങള്‍. പതിനഞ്ചോളം നിലകളുള്ള കെട്ടിടത്തിന്റെ ഓരോ വാതിലിനുമുന്നിലും ചെന്ന് വെയിസ്റ്റുപാത്രങ്ങള്‍ കളക്ടുചെയ്യുന്ന ഒന്നുരണ്ടു ദൃശ്യങ്ങള്‍.

പുറത്തെ റോഡില്‍ വളരെ വേഗത്തില്‍ പാഞ്ഞുവന്നു നില്‍ക്കുന്ന മുനിസിപ്പാലിറ്റികളുടെ ചാണകപ്പച്ചനിറമുള്ള കൂറ്റന്‍ കച്ചറവണ്ടി. നിന്നപാടെ വാഹനത്തില്‍നിന്നു ചാടിയിറങ്ങി കയ്യിലുള്ള വലിയ ഓട്ടുമണി മുഴക്കി യൂണിഫോമിട്ട ജീവനക്കാരന്‍. മണിശബ്ദം കേട്ടതൊടെ കച്ചറ ബക്കറ്റുകളുമായി വാഹനത്തിനു സമീപത്തേക്കു പോകുന്ന തൂപ്പുകാര്‍. വരിവരിയായി നിന്ന് വാഹനത്തിനു പിന്‍ഭാഗത്തുള്ള ഓട്ടോമാറ്റിക് ട്രോളിയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച് തിരിച്ചുപോരുന്നു.

ദൂരെ ചൂലും ബക്കറ്റുകളുമൊക്കെയായി ഛോട്ടുവും ഭാര്യയും നടന്നുപോകുന്നതു കാണാം.

$$$

വളവുതിരിഞ്ഞ് കട്ട് ആന്റ് കെയര്‍ ഷോപ്പിനുമുന്നില്‍ ഒഴുകിവന്നു നില്‍ക്കുന്ന വലിയ കറുത്ത കാറ്. എയര്‍ഹോസ്റ്റസ്സിന്റേതുപോലുള്ള വസ്ത്രധാരണങ്ങളുമായി ഒരു സുന്ദരി പുറത്തേക്കിറങ്ങി ഷോപ്പിനുള്ളിലേക്ക്. വീണ്ടും ഒഴുകിപ്പോകുന്ന കാര്‍.

എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയ ബ്യൂട്ടി പാര്‍ലറിന്റെ വിശാലമായ ഉള്‍വശം. വ്യത്യസ്തരീതികളിലായി വിന്യസിച്ചിരിക്കുന്ന ഇരിപ്പിടങ്ങളില്‍ വിവിധതരം ജോലികളില്‍ വ്യാപൃതരായിരിക്കുന്നവര്‍. ഇപ്പോള്‍ കടന്നുവരുന്ന സുന്ദരി സ്വീകരണമുറിയിയിലെ സോഫയില്‍ വെയിറ്റു ചെയ്യുകയാണ്. അവിടെ കിടക്കുന്ന ഫാഷന്‍ മാഗസിനുകള്‍ക്കിടയിലൂടെ എന്തോ പരതുകയാണ് അവര്‍.

പാര്‍ലറിന്റെ ഒരു മൂലയില്‍ തന്റെ മനോഹരമായ വിടര്‍ന്ന കൊമ്പുകള്‍ പൊളിഷ് ചെയ്യിപ്പിക്കുകയാണ് ഒരു കലമാന്‍. വളരെ നിസ്സംഗമായി അയവിറക്കിക്കൊണ്ട് കിടന്നുകൊടുക്കുകയാണ്. കാഴ്ച അപരിചിതമാണെന്നാലും ആരും അതിന് പ്രത്യേക പരിഗണനയൊന്നും കൊടുക്കുന്നില്ല. വെയിറ്റിങ്ങിലുള്ളവര്‍ക്ക് മധുരപാനീയങ്ങള്‍ സല്‍ക്കരിക്കുന്ന എയ്പ്രെണ് ധരിച്ച പെണ്‍കുട്ടി. ചിലര്‍ നിരസിക്കുന്നു, ചിലര്‍ സ്വീകരിക്കുന്നു.

മുഖത്തിനു ആവി പിടിപ്പിക്കുന്ന യന്ത്രത്തിനുള്ളില്‍നിന്ന് ചുമ സഹിക്കാനാവാതെ തല ബലം പ്രയോഗിച്ച് പുറത്തേക്കെടുത്ത് ഗത്യന്തരമില്ലാതെ ചുമയ്ക്കുന്ന ഒരുത്തി. ആവി പിടിപ്പിച്ച് വേര്‍ത്തു ചുവന്ന മുഖവും കണ്ണുകളും പെട്ടെന്നുണ്ടായ കോലാഹലങ്ങളും ചെറിയൊരു ഭീകരത സൃഷ്ടിക്കുന്നു.

അവള്‍ നിയന്ത്രണംവിട്ട് ചുമച്ചുകൊണ്ടേയിരിക്കുന്നു. മറ്റു ജോലിക്കാരെല്ലാം പണി നിര്‍ത്തി ചുമയ്ക്കുന്നവളെ പുറത്തു തലോടിയും മറ്റും ആശ്വസിപ്പിക്കുന്നു. ഗത്യന്തരമില്ലാതെ അവള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. ബഹളത്തിനിടയില്‍ ആവിയന്ത്രം മറിഞ്ഞുവീഴുന്നു. ബഹളം കേട്ട് കാതു കൂര്‍പ്പിച്ച് കണ്ണുരുട്ടി വിരണ്ട മാന്‍ പാര്‍ലറിനുള്ളിലൂടെ നെട്ടോട്ടം തുടങ്ങുന്നു. വയറുകള്‍ തമ്മില്‍ പിണഞ്ഞ് കൂടുതല്‍ യന്ത്രങ്ങള്‍ മറിഞ്ഞുവീഴുന്നു. പകുതി മേയ്ക്കപ്പുമായി പെണ്ണുങ്ങള്‍ അലറിവിളിച്ച് പുറത്തേക്കിറങ്ങിയോടുന്നു. ചില്ലുവാതില്‍ തുറക്കുന്നതോടെ കലമാനും പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് ചാടി അപ്രത്യക്ഷമായി.

$$$

പഴയ ഓവര്‍ബ്രിഡ്ജിലേക്കുള്ള ഒതുക്കുകള്‍ കയറുന്നവര്‍. തടിച്ചുരുണ്ട ഒരു കൊച്ചുപെണ്‍കുട്ടിയുടെ കൈ പിടിച്ച് സാവധാനം ഒതുക്കുകള്‍ കയറുന്ന ബുര്‍ക്ക ധരിച്ച മുംതാസിനെ നാം പെട്ടെന്നു തിരിച്ചറിഞ്ഞുവെന്നു വരില്ല. കറുത്ത മുഖമറയ്ക്കുള്ളില്‍ അവളുടെ ശോഷിച്ച മുഖം തികച്ചും അപരിചിതമായി തോന്നും. ബ്രിഡ്ജ് ക്രോസ് ചെയ്ത് റോഡരികില്‍ ആരെയോ തിരയുന്ന മുംതാസിന്റെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തിനുള്ളിലൂടെ. മൊബൈല്‍ ഫോണില്‍ അവള്‍ ആരെയോ വിളിക്കുന്നു. തെല്ലിട ഓവര്‍ബ്രിഡ്ജിലേക്കു നോക്കി, അബ്ബാ അബ്ബാ എന്ന് ഒച്ചവെക്കുന്ന മകള്‍. ആള്‍ക്കൂട്ടത്തിനുള്ളിലൂടെ പടിയിറങ്ങിവരുന്ന ഛോട്ടു. റോഡരികില്‍ ഓരംചാരി നിന്ന് അവര്‍ സംസാരിച്ചു. മടക്കി കയറ്റിവെച്ച ഷര്‍ട്ടിന്റെ കൈ നിവര്‍ത്തി ഒരു നോട്ടെടുത്ത് അവന്‍ മുംതാസിന് കൊടുക്കുന്നു.

മൂവരും ആള്‍ക്കൂട്ടത്തിലൂടെ തൊട്ടടുത്ത ഗോല സര്‍ബ്ബത്തുകടയ്ക്കു മുന്നിലേക്ക്.

വലിയ ഐസ് കഷണങ്ങള്‍ ഒരു കറക്കുയന്ത്രത്തിലിട്ട് പൊടിച്ച് കൈകളിലിട്ട് ഗോള്‍ പരുവത്തിലാക്കി. അതില്‍ മുന്നില്‍ നിരത്തിവെച്ചിരിക്കുന്ന വര്‍ണ്ണക്കുപ്പികളിലൊന്നെടുത്ത് ചെരിച്ചു. വെള്ളാരങ്കല്ലുപോലിരുന്ന ഗോല ചോരനിറത്തിലായി. അതിനൊരു പിടിയും ഫിറ്റ് ചെയ്ത്. ഗോലയും നുണഞ്ഞ് സന്തോഷവതിയായി അമ്മയ്ക്കു പുറകെ മകള്‍ നടന്നുമറയുന്നതും നോക്കി നില്‍ക്കുന്ന ഛോട്ടു. പൊടുന്നനെ അസ്സലാമു അലൈക്കും എന്നു കടക്കാരനെ ഉച്ചത്തില്‍ അഭിവാദ്യം ചെയ്ത് കൈയ്യിലെ ധൂപക്കൂട്ടിലേക്ക് രണ്ടു കരി കര്‍പ്പൂരമിട്ട് അതിന്റെ പുക കടയ്ക്കുള്ളിലേക്കു വീശി. അയാള്‍ കടക്കാരനുവേണ്ടി ഈശ്വരനോടു സംസാരിക്കു്‌നനു.
‘സേഠ്ജീ കി ഹാല്‍ ഔലാത് സലാമത് രഹെ. കാം ദന്തേ മേം ബര്‍ക്കത്ത് ദേ, അള്ളാ’
കടക്കാരന്‍ ധൂപത്തട്ടിലേക്ക് ചില്ലറകള്‍ ഇട്ടുകൊടുത്തു. ലോപാന്‍ ബാബ അടുത്ത കടയിലേക്ക്…

$$$
mumbai_train
ആളുകള്‍ തൂങ്ങി നറഞ്ഞുകവിഞ്ഞ ഒരു ലോക്കല്‍ ട്രെയിന്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിനുള്ളില്‍ വന്നുനില്‍ക്കുന്നു. ആരും ഇറങ്ങുന്നില്ല. നൂറുകണക്കിനാളുകള്‍ കയറാന്‍ തിരക്കുകൂട്ടുന്നു. ചിലര്‍ കയറുന്നു. കൂക്കിവിളികള്‍. കൊലവിളികള്‍. യുദ്ധസമാനമായ അന്തരീക്ഷം. അപ്പുറത്തെ ട്രാക്കുകളിലൂടെ ചിഹ്നം വിളിച്ചുകൊണ്ടോടുന്ന ട്രെയിനുകള്‍

കൊലവിളി പോലുള്ള റെയില്‍വേ അറിയിപ്പുകള്‍ക്കുള്ളിലൂടെ ട്രെയിന്‍ ഇളകിത്തുടങ്ങി. പ്ലാറ്റുഫോമില്‍നിന്ന് പുറത്തേക്കു കടക്കാന്‍ തിരക്കുകൂട്ടുന്ന കാല്‍പ്പാദങ്ങള്‍ക്കൊപ്പം ക്യാമറ. പ്ലാറ്റ്‌ഫോമിനു നടുവിലേക്ക് ഒലിച്ചിറങ്ങുന്ന ചോര. ഒരു ഭാവഭേദവുമില്ലാതെ അതു ചാടിക്കടന്നു പോകുന്ന പാദങ്ങള്‍. കുറച്ചൂ മാറി ഒരു സ്‌ട്രെച്ചര്‍ മുഷിഞ്ഞ ചുവന്നുകുതിര്‍ന്ന മുണ്ടു പുതപ്പിച്ച് ഇട്ടിരിക്കുന്നു. ചോരയുടെ ഉത്ഭവസ്ഥാനം കാലുകള്‍ക്കുള്ളിലൂടെത്തന്നെ തെളിയുന്ന ചിത്രം.

മൊബൈല്‍ഫോണില്‍ കൊഞ്ചിക്കുഴഞ്ഞു കടന്നുവന്ന ഒരു സുന്ദരി ചോരയില്‍ ചവിട്ടി കടന്നുപോകുന്നതോടെ അവസാനിക്കുന്ന ചിത്രം.

$$$

ഓവര്‍ബ്രിഡ്ജിലെ സായന്തനം. ചുവന്നുകലങ്ങിയ പടിഞ്ഞാറിലേക്കു കണ്ണുനട്ട് മങ്ങിയ വെളിച്ചത്തില്‍ കൈവരികളില്‍ ചാരിനില്‍ക്കുന്നവര്‍. ചുണ്ടുകള്‍ തമ്മില്‍ ഒട്ടിപ്പോയ കമിതാക്കള്‍. ഛോട്ടു ഒറ്റയ്ക്കാണ്. തൊട്ടടുത്ത് മുട്ടിയുരുമ്മി നില്‍ക്കുന്ന പ്രണയജോഡികളുടെ അടക്കിപ്പിടിച്ച സംസാരം ട്രെയിനുകളുടെ സംഗീതത്തിനുള്ളിലൂടെ വ്യക്തമായി കേള്‍ക്കാം.

യഹ് സബ് ഗലത് ഹെ. തുമാഹാ ശാദി ഹോ പുക്കാഹെ. ബഡെ ബഡെ ബച്ചേ ഹെ. പരിവാര്‍ ഹെ…
നായകന്‍ : മേം ബീ ഏക് ഇന്‍സാന്‍ ഹൂം. പ്യാര്‍ ചാഹിയേ മുജേ. ക്യാ മേം തുംകൊ വില്ലന്‍ ലഗ്‌തെ ഹെ ക്യാ…
നായിക : ഹീറോ തൊ നഹിം ഹെ.
കൂട്ടച്ചിരിയിലവസാനിക്കുന്ന രംഗം.

ബ്രിഡ്ജിലൂടെ കടന്നുപോകുന്ന ഒരാളുടെ മൊബൈല്‍ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നു.
ചോളി കെ പീച്ചേ ക്യാഹെ
ചുനരികേ പീച്ചെ ക്യാ ഹെ

ആളുകള്‍ ശ്രദ്ധിക്കുന്നു. ഛോട്ടു തിരിഞ്ഞു നോക്കുന്നു. അയാള്‍ ഛോട്ടുവിന്റെ ഫ്രണ്ടാണ്. ഛോട്ടുവിന്റെ വീതികൂടിയ മോണ കാട്ടിയുള്ള ചിരി. അവരിരുവരും തോളില്‍ കൈയ്യിട്ട് ഇരുട്ടിലേക്കു കലരുന്നു.

$$$
ഇതു രാവിലെ കണ്ട ബ്യൂട്ടി പാര്‍ലര്‍ ഗലി തന്നെയാണ്. പൗരാണിക ഘടനയിലുള്ള കെട്ടിടങ്ങള്‍. തിരക്കൊഴിഞ്ഞിരിക്കുന്നു. കലാകാരനെന്നു തോന്നിക്കുന്ന ഒരാള്‍ ഒരു ബില്‍ഡിങ്ങിനു താഴത്തെ നോട്ടീസ് ബോര്‍ഡു ശ്രദ്ധിച്ച് ഒന്നാം നിലയിലെ ആര്‍ട്ട് ഗാലറിയിലേക്ക് ചിത്രപ്രദര്‍ശനം കാണുവാന്‍ കയറുകയാണ്. വെളിച്ചം കുറഞ്ഞ വിശാലമായ മരത്തിന്റെ കോണിപ്പടി കയറി അയാള്‍ ഒന്നാം നിലയിലെ ഗ്യാലറിയിലെത്തുന്നു.

അവിടെ ഗ്യാലറി സൂക്ഷിപ്പുകാരന്‍ മാത്രമേയുള്ളു. ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാലറിയാം ഇതൊരു ഗ്രൂപ്പ് ഷോയാണ്. വിവിധതരത്തിലുള്ള വര്‍ക്കുകളാണ്. ആര്‍ട്ടിസ്റ്റ് സസൂക്ഷ്മം വര്‍ക്കുകള്‍ പഠിക്കുകയാണ്.

ഗ്യാലറി സൂക്ഷിപ്പുകാരന്‍ അസഹിഷ്ണുത പ്രകടമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗ്യാലറി അടയ്ക്കാന്‍ സമയമായിരിക്കുന്നു. രാവിലെ ഛോട്ടുവിന്റെ സ്വപ്‌നങ്ങളിലൂടെ നാം പരിചയപ്പെട്ട അതേ ചിത്രം… കടലില്‍ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍. കൂറ്റന്‍ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍. ആ വലിയ ചിത്രത്തിനുമുന്നില്‍ അയാള്‍ നില്‍ക്കുമ്പോള്‍ രാവിലെ നാം കേട്ട അതേ ഹെലിക്കോപ്ടറിന്റെ പങ്ക കറങ്ങുന്ന ശബ്ദം ഗ്യാലറിക്കുള്ളില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

ക്ഷമകെട്ട ഗ്യാലറിക്കാരന്‍ ആര്‍്ട്ടിസ്റ്റിന്റെ സമ്മതമില്ലാതെ സ്‌പോട്ട് ലൈറ്റുകള്‍ ഒന്നൊന്നായി അണയ്ക്കാന്‍ തുടങ്ങുന്നു. ആര്‍ട്ടിസ്റ്റ് പുറത്തു കടക്കുന്നു. മരക്കോണിയിറങ്ങി റോഡിലേക്കിറങ്ങുന്നു. വല്ലാത്തൊരു ഏകാന്തത. ഇരുട്ട്. സമയം ഏറെ വൈകിയിരിക്കുന്നു.

ഹെലിക്കോപ്ടറിന്റെ പിടച്ചില്‍ നേരിയതോതിലെങ്കിലും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

റോഡ് ശൂന്യമാണ്. വഴിവിളക്കുകള്‍ വേണ്ടവിധം പ്രകാശം ചൊരിയുന്നില്ല. അയാള്‍ മൊബൈല്‍ഫോണില്‍ ആരോടോ അടക്കി സംസാരിച്ചുകൊണ്ട് നടക്കുന്നു. കട്ട് ആന്റ് കെയര്‍ ബ്യൂട്ടി പാര്‍ലറിന്റെ വളവു തിരിഞ്ഞ് അയാള്‍ നില്‍ക്കുന്നു. അപൂര്‍വ്വമായി കടന്നുപോകുന്ന ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും കൈ കാണിച്ച് അയാള്‍ മുന്നോട്ടു നടന്നുകൊണ്ടേയിരിക്കുന്നു.

$$$

പ്രകാശം കുറഞ്ഞ ഒരു വഴിവിളക്കിനു ചുവട്ടില്‍ തെരുവുകുട്ടികളുടെ ഒരു സംഘം കൂട്ടംകൂടി നിന്ന് എന്തോ വിക്രസ്സ് ഒപ്പിക്കുകയാണ്. തീപ്പെട്ടിയുരച്ച് ഈയ്യക്കടലാസ്സിനടിയില്‍ കാണിച്ച് എന്തോ ചൂടാക്കി…. നടന്നുവരുന്ന അയാളെ കണ്ടപാടെ അവര്‍ ഉച്ചത്തില്‍ ബഹളംവെച്ച് തൊട്ടുപിന്നില്‍ ഒഴിഞ്ഞുകിടക്കുന്ന പഴഞ്ചന്‍ കെട്ടിടത്തിന്റെ പുറമേക്കൂടിയുള്ള തകര്‍ന്ന പിരിയന്‍ഗോവണിയിലൂടെ ഉച്ചത്തില്‍ ചിരിച്ച് അപശബ്ദങ്ങളുണ്ടാക്കി കയറിപ്പോയി. മുട്ടിലിഴയുന്ന വികലാംഗനായ ഒരു കുട്ടി ഏറ്റവുമൊടുവില്‍ വളരെ ശ്രമപ്പെട്ട് ഒതുക്കുകള്‍ ഇഴഞ്ഞുകയറിക്കൊണ്ടിരുന്നു. നടത്തത്തിനിടെ കൗതുകത്തോടെ, തെല്ലു ഭയത്തോടെ ആര്‍ട്ടിസ്റ്റ് ആ കാഴ്ച നോക്കിനിന്നു.

മങ്ങിയ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ കാഴ്ചകള്‍ വ്യക്തമാവുന്നില്ല. മഴ ചാറാന്‍ തുടങ്ങി. ചെവിക്കു പുറകില്‍നിന്ന് കേട്ട വികൃതമായ ഒരു ശബ്ദം ആര്‍ട്ടിസ്റ്റിനെ വല്ലാതെ ഭയപ്പെടുത്തുന്നു. അമിതമായി മേക്കപ്പു ചെയ്ത ഒരു ഹിജഡ – പ്രായം തോന്നിക്കുന്ന ഒരു ഹിജഡ – മോളില്‍നിന്നും പൊട്ടിവീണതുപോലെ അയാളുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വികൃതമായ കാമചേഷ്ടകളോടെ അവള്‍ ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പുണരാനായുന്നു. അയാള്‍ റോഡു മുറിച്ചുകടന്ന് തൊട്ടടുത്ത ഗലിയിലൂടെ വേഗത്തില്‍ നടന്നു, ഓടി. അയാള്‍ വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ഹിജഡ തന്നെ പിന്തുടരുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നുണ്ട്. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നുണ്ട്.

മൊബൈല്‍ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. കുറച്ചുമാറി ഒരു വിളക്കുകാലിനു കീഴെ സൗമ്യമായി നിന്ന് ദീര്‍ഘനിശ്വാസം വിട്ട് ചുറ്റുപാടുകള്‍ വീക്ഷിച്ച് അയാള്‍ ഫോണെടുത്തു സംസാരിച്ചു. വീട്ടില്‍നിന്നുള്ള വിളിയാണ്. ഉടനെയെത്താമെന്നു പറഞ്ഞ് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാക്‌സിയുടെ അരികിലേക്കു നീങ്ങി. വെളുത്ത യൂണിഫോമിട്ട ഡ്രൈവര്‍ കയറിയിരിക്കാന്‍ ആംഗ്യം കാണിച്ചു. പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ച് ഉള്ളിലേക്കു പാളിനോക്കുന്നു അയാള്‍.

ഉള്ളിലിരിക്കുന്ന മുല്ലപ്പൂ ചൂടിയ സുന്ദരിയെക്കണ്ട് പതറുന്നു. ഡ്രൈവര്‍ മുഖം തിരിക്കാതെത്തന്നെ അയാളെ ആശ്വസിപ്പിക്കുന്നു.

ഡറോ മത്. സിര്‍ഫ് ഇത്‌നാ തൊ ബോലിയേ. കോന്‍ സാ ഹോട്ടല്‍ മേം ജാനാഹെ. ഡറോ മത് സാബ്. സബ് അപ്‌നാ ഹേ.

സുന്ദരിയായ പെണ്‍കുട്ടി കാറിന്റെ ഗ്ലാസ് താഴ്ത്തി കലാകാരനെ നോക്കി ചിരിക്കുന്നു. അയാള്‍ അവജ്ഞയോടെ ഡ്രൈവറെ നോക്കുന്നു. ഡ്രൈവര്‍ തിരിഞ്ഞുനോക്കി. കറുത്ത വീതികൂടിയ മോണകാട്ടി രാവിലെ മുതല്‍ നമ്മളോടു ചിരിച്ചുകൊണ്ടിരിക്കുന്ന അതേ മുഖം.

ഛോട്ടു.

$$$

ചിത്രകാരനും കവിയും. 1972-ല്‍ അങ്ങാടിപ്പുറത്ത് ജനിച്ചു. ബോംബെയിലും കേരളത്തിലും ചിത്രപ്രദര്‍ശനങ്ങള്‍. നേത്രാവതി, കവിതാസമാഹാരം ...