ജനല്‍ തുറക്കുമ്പോള്‍ രാത്രിയുടെ സൂക്ഷ്മചലനങ്ങളൊന്നാകെ
അവിനാശിന്റെ കവിതകളെക്കുറിച്ച്
കവിത : ജനല്‍ തുറക്കുമ്പോള്‍ രാത്രിയുടെ സൂക്ഷ്മചലനങ്ങളൊന്നാകെ
”For how hard it is
to understand the
landscape
as you pass in a train
from here to there
and mutely it
Watches you vanish ”
(w G sebald )
സവിശേഷമായൊരു അര്‍ത്ഥത്തിന്റെയോ അനുഭവത്തിന്റെയോ മാത്രം പദസങ്കലനമല്ല കവിത. ഏകതാനമായ പാരായണശീലങ്ങളോടും അര്‍ത്ഥാരോപണങ്ങളോടും സന്ധി ചെയ്യാത്ത വിധ്വംസകത്വം കവിതയില്‍ അന്തര്‍ഹിതമാണ്. കവിത എന്ന രൂപത്തിന്റെ കാലാനുസൃതമായ പരിണാമവഴികളില്‍ ഈ വിസന്ധി പ്രകടമാണ്. അര്‍ത്ഥത്തിന്റെയോ , ഉള്ളടക്കത്തിന്റെയോ കലയല്ല കവിത, കവിത ഒരു അനുഭവത്തിന്റെ ഭാഷയെ ആവിഷ്കരിക്കുന്നു. പരിസരം, കാലാവസ്ഥ , മനോഭാവം എന്നിവ ഈ ആവിഷ്കൃതരൂപത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. കവിത സമാന്തരമായ വഴിയും വിളക്കും സൃഷ്ടിക്കുന്നു. കേവല കാല്പനികമായ വാദമാണിതെന്ന് തോന്നുമെങ്കിലും അത് സൃഷ്ടിക്കുന്ന അപരലോകത്തെ നമുക്ക് വിസ്മരിക്കാന്‍ കഴിയില്ല. ഭാഷയാല്‍ നിര്‍മ്മിക്കുന്ന ലോകമാണിത്. ചരാചരങ്ങളോട് ആത്മത്തെ സാത്മീകരിക്കുന്ന ഭാവനയുടെ ബൃഹത്പദ്ധതിയാണത്.
കവിത കേവല പ്രതിനിധാനമല്ല, ഭാഷയിലൂടെ ജീവിതത്തെ നിര്‍മ്മിക്കുകയാണ്. ഈ ജീവിതം സ്വപ്നം പോലെ ക്രമരഹിതമായി സംഭവിക്കുന്നു. ജീവിതത്തിന്റെ നിയതക്രമങ്ങളില്‍ നിന്നുള്ള വിച്ഛേദം കവിത എന്ന രൂപത്തിന്റെ ചരിത്രത്തിലുടനീളം കാണാം. സാധാരണത്വങ്ങള്‍ക്ക് കവിതയില്‍ സവിശേഷപ്രധാന്യം ലഭിക്കുന്ന രീതിയില്‍ കാവ്യഭാഷ പുനര്‍വിന്യസിക്കപ്പെടുന്നു. സാധാരണത്വങ്ങളെ കലയായി തിരിച്ചറിഞ്ഞ് അവയുമായി വിനിമയത്തിലേര്‍പ്പെടാനായി കവിത ക്ഷണിക്കുന്നു. വിശാലമായ ഭൂമികയായി, ശാഠ്യങ്ങളുടെ സമ്മര്‍ദ്ദമില്ലാതെ വായനയിലൂടെ സ്വയം ആവിഷ്കരിക്കാനുള്ള പ്രതലമായി കവിത മാറുന്നു. സൂക്ഷ്മശ്രദ്ധയാവുന്നു സമകാലീന കവിതയുടെ ആഴം. ഈ പശ്ചാത്തലത്തിൽ അവിനാശ് ഉദയഭാനുവിന്റെ കവിതയെ വായിക്കാം.
ചലനം
അവിനാശ് ഉദയഭാനുവിന്റെ കവിതയില്‍ ‘ചലനം ‘ നാം മനസ്സിലാക്കിയ ഭൗതികശാസ്ത്ര സംവര്‍ഗ്ഗമോ, അനുഭവയാഥാര്‍ത്ഥ്യപദമോ,ഭാവനാഭൂപടത്തില്‍ പല കാലങ്ങളില്‍ പലതായി ഇതള്‍ വിരിഞ്ഞവയോ അല്ല. കവി സൃഷ്ടിക്കുന്ന ഭാഷക്രമത്തിനുളളില്‍ ചലനം പുതിയ ഭാവതലം കൈവരിക്കുന്നു. ചലനം പൂര്‍വ്വനിശ്ചിതമായ ക്രമത്തിനനുസൃതമായല്ല സംഭവിക്കുന്നത്.പക്ഷിയുടെ ക്രമമില്ലാത്ത പറക്കല്‍ പോലെ അത് സംഭവ്യമാകുന്നു. പക്ഷിയുടെ ചലനത്തിന്റെ വിവിധ സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുണ്ട് കവിതയില്‍. ഒരു പറത്തം വിവരിക്കാനുള്ള ശ്രമമാണ്. ചലനം ഭാഷയില്‍ ആവിഷ്കരിക്കുമ്പോള്‍ ഊര്‍ന്നുപോകുന്ന ഘടകങ്ങളെക്കുറിച്ച് ആവലാതിപ്പെടേണ്ടതില്ല. മറിച്ച് ആശയത്തിന്റെ പകര്‍പ്പാണ് കവിത എന്ന കാവ്യചിന്തയെ തിരസ്കരിച്ചുകൊണ്ട് പകര്‍പ്പല്ല,പുതിയൊരു നിര്‍വചനം ചലനം എന്ന പ്രക്രിയയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
”ഇവിടെ ചലനം
നിശ്ചലതയുടെ
വെളിച്ചമുള്ള
നിഴലാവുന്നു ” (ചലനത്തെക്കുറിച്ച് )
കവിതയെയോ, ചിത്രത്തെയോ, പാട്ടിനെയോ നാം ഉള്‍ക്കൊള്ളുന്നത് നമ്മുടെ ആത്മത്തെ അതില്‍ മുദ്രണം ചെയ്തിട്ടാണ്. ആര്‍ജ്ജിതമായ അറിവിന്റെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിലാണ്. സാമൂഹികബന്ധങ്ങളുടെ കണ്ണിയായിട്ടാണ്. ഭാവുത്വത്തെ വികസിപ്പിച്ച ഘടകങ്ങളുടെയെല്ലാം സ്വരച്ചേര്‍ച്ച നമ്മുടെ ഉള്‍ക്കൊള്ളലുകളില്‍ ഉണ്ട്. അതുകൊണ്ട് അര്‍ത്ഥം നിരന്തരസഞ്ചാരത്തിന് വിധേയമാകുന്നു. ഒരു പൊരുളല്ല, ഒന്നിലധികം പൊരുളുകള്‍ എന്ന നില വരുന്നതിനാല്‍ വിവരണം വസ്തുനിഷ്ഠമാണെന്ന് പറഞ്ഞാലും ആത്മനിഷ്ഠമാണ്. നാം വിവരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏതൊരു വിവരണവും സര്‍ഗ്ഗപ്രക്രിയയാണ്.
വിവരണകലയുടെ അപര്യാപ്തയെക്കുറിച്ച് റഷ്യന്‍ കവി ഓസിപ്പ് മാന്‍ഡല്‍സ്റ്റേം എഴുതുന്നുണ്ട്. വിവരണാതീതമായ ചില സന്ദര്‍ഭങ്ങള്‍ ഭാഷയുടെ സഹായമില്ലാതെ തന്നെ കാവ്യാത്മകമായ പ്രതിനിധാനത്തിന് പര്യാപ്തമാണ്. ഭാഷയുടെ ആവശ്യം അവിടെയില്ല. ഘടന സ്വയം സംസാരിക്കും. ചില സന്ദര്‍ഭങ്ങളെ കുറിക്കാന്‍ വിവരണകല വിപുലപ്പെടാത്ത ആശങ്ക മാന്‍ഡല്‍സ്റ്റേമിന്റെ വരികളില്‍ കാണാം. ആശങ്കയ്ക്കപ്പുറം ചില ദൃശ്യങ്ങളുടെ ആഴം ഭാഷയ്ക്ക് സ്പര്‍ശവേദ്യമല്ല എന്ന സത്യത്തെയാണ് ആ വരികള്‍ കുറിക്കുന്നത്. ജോണ്‍ ബെര്‍ജറിന്റെ ഒരു പുസ്തകത്തില്‍ ആല്‍പ്സ് പര്‍വ്വത നിരകള്‍ക്കിടയില്‍ താമസിക്കുന്ന കര്‍ഷകസ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. അവരുടെ ജീവിതനിമിഷങ്ങളുടെ പകര്‍പ്പുകളാണ്, ഫോട്ടോഗ്രാഫുകളാണ് അവരെ വിവരിക്കാനായി ബെര്‍ജര്‍ ഉപയോഗിക്കുന്നത്. ജീന്‍ മൊഹറിന്റെ ചിത്രങ്ങളാണ് ബെര്‍ജര്‍ ആശ്രയിക്കുന്നത്. തന്റെ കാര്‍ഷികവൃത്തിയിലും പശുവിനെ വളര്‍ത്തലിലും ടെലിവിഷന്‍ കാണണലിലും ആനന്ദവും ജീവിതവും കണ്ടെത്തുന്ന കരുത്തയായ , ഏകാകിയായ സ്ത്രീ. ആ ഫോട്ടോഗ്രാഫുകള്‍ക്ക് തൊടുകുറിയായിട്ടാണ് ഓസിപ്പ് മാന്‍ഡല്‍സ്റ്റാമിനെ ബെര്‍ജര്‍ എഴുതിചേര്‍ക്കുന്നത്. ബെര്‍ജര്‍ തന്നെ മറ്റൊരിടത്ത് എഴുതിയ പോലെ കാഴ്ച്ചയും വാക്കും തമ്മിലുള്ള സംഘര്‍ഷം അപരിഹാര്യമായി കവിതയിലും തുടരുന്നു. കാഴ്ച്ചയുടെയും വാക്കിന്റെയും ഇടയില്‍ രൂപപ്പെടുന്ന വിടവിനെ റെനെ മാഗ്രിത്ത് ‘The key of dreams ‘ ഉപയോഗിച്ച് വിശദീകരിച്ചത് ബെർജർ ചൂണ്ടികാണിക്കുന്നുണ്ട്. വാക്കിനും മുമ്പെ പിറന്ന കാഴ്ച്ച ഭാഷയ്ക്ക് പിടിതരാത്ത, വിവരണകലയ്ക്ക് മുന്നില്‍ കീഴടങ്ങാതെ അടുത്തടുത്ത് എത്തുമ്പോള്‍ അകലും വെളിച്ചമായി തെന്നി പോകുന്നു.
” അടിവയറിന്റെ ചൂടിന്
ഗര്‍ഭകാലത്തിന്റെ മണമുണ്ട്
ഗുഹാചിത്രങ്ങളെക്കാള്‍
പ്രാചീനമായ ജ്യാമിതിയിലാണ്
അടിവയര്‍ മടക്കുകളുടെ ആമുഖം ”(ശ്വാസം )
കാഴ്ച്ച അതിന്റെ ആദിമസ്ഥാനങ്ങളിലൊന്നിലേക്ക് നിമിഷമാത്രയാല്‍ സഞ്ചരിച്ച് തിരിച്ചെത്തുന്നു. ഗുഹാചിത്രത്തിന്റെ കാതങ്ങള്‍ക്കപ്പുറത്ത് നിന്നും ആധുനികതയുടെ ജ്യാമിതീയ വ്യവസ്ഥയിലേക്കുള്ള സഞ്ചാരമായും അതിനെ കാണാം. ചലനത്തിന്റെ വേറൊരു വഴിയാണത്. സൂക്ഷ്മമായ ശരീരചലനമാണത്.
” ഓരോ ശ്വാസത്തിലും വികസിക്കുന്ന
രാത്രിയുടെ ബലൂണ്‍
കൈത്തണ്ടയില്‍ നിന്നും ബലൂണിലേക്ക്
മിന്നാമിനുങ്ങുകളുടെ ചരട്
ശ്വാസത്തിന്റെ കാവലില്‍ രാത്രിയുറങ്ങുന്നു.” (ശ്വാസം )
ചലനം ഉടലില്‍ നിന്നുത്ഭവിക്കുന്ന സുഗന്ധപൂരിതമായ കാറ്റിലേക്കും , കാലുതെറ്റി വെള്ളത്തില്‍ വീണ് നീന്തുന്ന നീര്‍നായയിലേക്കും ഉടലുനിറയെ ചുംബനവടുക്കളുമായി മത്സരിച്ചോടുന്ന പുള്ളിമാനിലേക്കും , കനികളിലേക്ക് കഴുത്ത് നീട്ടുന്ന ജിറാഫിലേക്കും ഇഴഞ്ഞിഴഞ്ഞ് ചലനം പരിശീലിക്കുന്ന പാമ്പിന്‍കുഞ്ഞിലേക്കും, കിടക്കവിരിയില്‍ വലകെട്ടുന്ന ചിലന്തിയിലേക്കും , തോരാനിട്ട നനഞ്ഞ ബ്രേസിയറിന് ചുറ്റും പറക്കുന്ന പൂമ്പാറ്റിയിലേക്കും ഞൊടിയിടയില്‍ വ്യാപിക്കുന്നു. ചലനം അവിനാശിന്റെ കവിതകളുടെ ആധാരശ്രുതിയായി മാറുന്നു. സൂക്ഷ്മചലനങ്ങളിലാണ് കവിതയ്ക്ക് ഗാഢതാത്പര്യം.
”പെപ്പില്‍
വെള്ളം നിലയ്ക്കുന്നത് വരെ
കിണര്‍
നൈരന്തര്യമേറിയ ചിന്തയാകുന്നു. ” (കിണര്‍ )
ചലനത്തിന് ചരിത്രപരമായ ആഴവും പരപ്പുമുണ്ട്. ചലനം എന്ന പ്രക്രിയ സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക് ആവിഷ്കരിച്ച് പോകുന്നതായി കാണാം. വളരെ ചെറുതായ പ്രക്രിയയിലേക്ക് ശ്രദ്ധ കൂടുതല്‍ പതിപ്പിക്കുകയും ഭാഷയില്‍ ആ പ്രക്രിയയെ ആവിഷ്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ കവിതയുടെ രൂപഘടനയും പ്രമേയവും ഒന്ന് തന്നെയാണെന്നു വരുന്നു. രൂപം/ഉള്ളടക്കം എന്ന ദ്വന്ദത്തിന്റെ അതിര് മായുകയും രൂപവിന്യാസം തന്നെയായി കവിത മാറുന്നു. ജെയിംസണെ (frderic jameson) കടമെടുത്താല്‍ രൂപം ഊറികൂടിയ ഉള്ളടക്കമാകുന്നു. പക്ഷികളുടെ പറക്കല്‍ നിറങ്ങളുടെ സഞ്ചാരപഥം തീര്‍ക്കലാവുന്നു. മര്‍ത്ത്യ ദൈനംദിനവൃത്തിയില്‍ ആ സഞ്ചാരപഥങ്ങള്‍ക്ക് പ്രസക്തിയില്ല. പക്ഷെ പക്ഷിയുടെ വഴികളില്‍ നാം ആധുനികമനുഷ്യബോധത്തെ ആരോപിക്കുന്നു. സങ്കീര്‍ണ്ണമായ ജീവിതത്തെ ആ പക്ഷിവഴികളിലൂടെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. ഭാഷയില്‍ ചലനത്തെ ആവിഷ്കരിക്കുമ്പോള്‍ ഭാഷയില്‍ ഇന്നോളം ആവിഷ്കരിക്കപ്പെട്ട പക്ഷി ചലനങ്ങളെല്ലാം ഈ ചലനവുമായി കൂട്ടിയോജിപ്പിക്കപ്പെടുന്നുണ്ട്. ഒലാവ് എച്ച് ഹേഗിനെയും ട്രാന്‍സ്ട്രാമറെയും ജയശീലനെയും രാമനെയും ഓര്‍മ്മിക്കുന്നത് കവിതയുടെ ഓര്‍മ്മ അത്രയും വിസ്തൃതമായതിനാലാണ്. ഏതൊരു ആവിഷ്ക്കാരത്തിനും സുദീര്‍ഘമായ ഭൂതകാലവമുണ്ട്. ജരാനാരകള്‍ ബാധികാത്ത ഓര്‍മ്മയുമുണ്ട്.
”വഴിവക്കിലെ
ഉയരമുള്ള മരത്തിന്റെ
മധ്യഭാഗത്തെ പൊത്തുകളിലൊന്നില്‍
ഒരു പക്ഷി തലയിട്ടു.
അതിന്റെ വാലറ്റത്തെ നീലത്തൂവലില്‍ നിന്നൊരു
നദി റോഡിലേക്കിറങ്ങുന്നു
ഞാനെന്റെ കണ്ണുകളെ നദിയിലേക്കിറക്കി
തുഴയുന്നു ”
(പക്ഷികള്‍ പറകട്ടെ )
‘പക്ഷികള്‍ പറക്കട്ടെ ‘ പറക്കലിന്റെ ശ്രേണീശില്പമാകുന്നു. പല ഇടങ്ങളില്‍,പല രീതിയില്‍ ആവിഷ്കരിക്കപ്പെട്ട ഒരു പ്രക്രിയയുടെ ഭാഷയിലൂടെയുള്ള സഞ്ചാരമാകുന്നു. വരച്ച ചിത്രങ്ങളിലേക്കോ,എഴുതിയ വാക്യങ്ങളിലേക്കോ ഉടന്‍ കുതറിമാറാനുള്ള പക്ഷികളുടെ ശ്രമമാണ് കവിതയുടെ ആധാരം.
”ബ്രഷുകളും
പാലറ്റിലെ ചായങ്ങളും
കഴുകി മുറ്റത്തൊഴിച്ചു.
വെള്ളമൊലിക്കുന്ന ഓവുകളില്‍ നിന്നും
പക്ഷികളുയര്‍ന്ന് വന്ന്
ചുവരിലെ ചിത്രങ്ങളില്‍ നിന്നും
പക്ഷികളുയര്‍ന്ന് വന്ന്
ചുവരിലെ ചിത്രത്തില്‍ നിന്നും
അരിമണികള്‍ കൊത്തി
പറന്നുപോയി.
കവിതയിലെ പക്ഷി പക്ഷിയുടെ തനിമയുടെ ആവിഷ്ക്കാരമല്ല. ആഖ്യാതാവിന്റെ ആത്മത്തെ അത് കൂടുതല്‍ തെളിച്ചത്തോടെ പ്രകാശിപ്പിക്കുന്നു
ഓര്‍മ്മ
ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങളുടെ ക്രമരാഹിത്യം തന്നെയാണ് ഉള്ളത്. ഓര്‍മ്മകള്‍ സ്വപ്ന ഘടനയില്‍ നിലകൊള്ളുമ്പോള്‍ ഓര്‍ത്തെടുക്കല്‍ പ്രക്രിയയില്‍ ഒരു പകുതി തഥ്യയും മറുപകുതി മിഥ്യയുമാകുന്നു. ഭൂതകാലം യാഥാര്‍ത്ഥ്യത്തിന്റെ പ്രതലത്തില്‍ തട്ടി ഭാവനയുടെ ആകാശങ്ങളിലേക്ക് പറന്നുയര്‍ന്ന് ഭാഷയില്‍ ഉടല്‍ പ്രാപിക്കുന്നു. മായുന്ന സ്ഥലരാശികള്‍ കണക്കെ ഓര്‍മ്മകളും കൈകളിലൂടെ പതിയെ ഊര്‍ന്ന് പോകന്നു. നിശ്വാസങ്ങള്‍, ഏകാന്തതകള്‍, യാത്രകള്‍, കാമോദ്ദീപനങ്ങള്‍ അങ്ങനെ രേഖപ്പെടുത്താന്‍ കഴിയാതെ പലതും മാഞ്ഞുമാഞ്ഞുപോകുന്നു. കവിതയ്ക്ക് ഓര്‍മ്മയെ ഭാഷയിലേക്ക് മാത്രമല്ല,കവിതയിലേക്കും പരിഭാഷപ്പെടുത്തേണ്ടതുണ്ട്. ട്രാന്‍സ്ട്രോമര്‍ ജീവിതത്തെ ഒരു വാല്‍നക്ഷത്രത്തോടുപമിക്കുന്നു. സാന്ദ്രതയേറിയ ശീരോഭാഗവും, കട്ടികുറഞ്ഞ വാല്‍ഭാഗവുമായി കാലത്തിന്റെ നദിയിലൂടെ അത് നീങ്ങുന്നു.ട്രാന്‍സ്ട്രോമര്‍ പറയുന്നത് ശിരോഭാഗത്തിലൂടെയുള്ള സഞ്ചാരം ദുഷ്കരമാണ്. അപകടകരവുമാണ്. മരണത്തിലേക്കുള്ള നാളുകള്‍ എണ്ണപ്പെട്ടെന്ന് ഭൂതകാലസഞ്ചാരങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കും.വാല്‍ഭാഗത്തെത്തുമ്പോള്‍ കട്ടികുറഞ്ഞ് കാണാം.ചിതറിയ, ഭാഗത്താണ് നാം പാര്‍പ്പുറപ്പിച്ചിരിക്കുന്നത്. തന്റെ കവിതയെ പോലെ തന്നെ ഓര്‍മ്മയെഴുത്തിനെയും കവി സമീപിക്കുന്നു. ഓര്‍മ്മയെഴുത്തിനെ സംബന്ധിച്ച ഉദ്വിഗ്നതകളെ വിവരിക്കാന്‍ രൂപകങ്ങളെ ആശ്രയിക്കുന്നു. ഓര്‍ത്തെടുക്കുന്നതോളം ശ്രമകരമായ പ്രവൃത്തി വേറെയില്ല. ചില സ്മൃതികള്‍ മാഞ്ഞുപോയിട്ടുണ്ടാവും. ചിലത് പൊട്ടിച്ചിതറിയ കണ്ണാടികള്‍ പോലെ നമ്മെ പലതായി കാട്ടും. ആധുനികതയുടെ ഭഗ്നദര്‍പ്പണം പോലെ അതില്‍ ആത്മത്തിന്റെ പലമ ദൃശ്യമാകും. ഓരോ കണ്ണാടിച്ചിലുകളെയും സവിശേഷമായി പരിഗണിക്കുമ്പോള്‍ ഒരോ വിധം ഭാഷവിന്യാസത്തില്‍ അത് കൂട് കണ്ടെത്തുന്നു. ഓര്‍മ്മകള്‍ കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആത്മത്തിന്റെ ചിതറലാണ് സംഭവിക്കുക.
”മണ്‍തരിയിലേക്ക് കണ്ണുകളാഴ്ത്തി
നടന്ന ദൂരങ്ങളെ
ഒരു ദീര്‍ഘനിശ്വാസത്തിലേക്കു
പെറുകി വെച്ചു ”
ഓര്‍ത്തെടുകലാണ് കവിതയുടെ അടിസ്ഥാനവഴികളിലൊന്ന്. പദങ്ങളെ,സന്ദര്‍ഭങ്ങളെ, ചിത്രങ്ങളെ, വഴികളെ . എണ്ണമറ്റ ഓര്‍മ്മകളില്‍ നിന്ന് പദങ്ങളെയും സംയോജിതസ്ഥാനങ്ങളേയും കണ്ടെടുത്ത് രേഖപ്പെടുത്തുന്ന പ്രക്രിയയാണത്. മുന്‍പ് വായിച്ചവയും കേട്ടവയും കണ്ടവയും സ്പര്‍ശിച്ചവും അനുവാദമില്ലാതെ കയറി വന്ന് പാര്‍പ്പുറപ്പിക്കുന്ന നേരത്ത് തിരഞ്ഞെടുപ്പ് പ്രധാന ഘടകമാകുന്നു. തിരഞ്ഞെടുക്കലില്‍ തിരസ്കാരത്തിന്റെയും കറ പുരളുന്നു. തിരസ്കരിച്ച മണ്‍തരിയിലെവിടെയോ രത്നം പൊടിപിടിച്ച് ഇരിപ്പുണ്ടാവും.അടിമടക്കുകളിലെ കുടഞ്ഞ് കളഞ്ഞ മണ്ണില്‍ നിന്ന് നടന്ന് തീര്‍ത്ത ദൂരത്തെ തിരയുമ്പോള്‍ രേഖകകളിലൊന്നും കാണാത്ത ഒരു ഭൂതകാലചിത്രം അവിടെ തെളിയുന്നത് കാണാം. സമാന്തരമായ ഒരു ചരിത്രനിര്‍മ്മാണപ്രക്രിയായി കവിത മാറുന്നതായി കാണാം. ടെറസിലേക്കാടുന്ന ധാന്യമണികളിലേക്ക് പറന്നടുക്കുന്ന പ്രാവുകള്‍ അന്ധയായ വൃദ്ധയ്ക്ക് ഒരു ശബ്ദചലനമാണ്. നിരന്തരം സ്ഥാനാന്തരം സംഭവിക്കുന്ന ശബ്ദമായി അത് മാറുന്നു. അതൊരു തിരയായും നനവായും മാറുന്നു. മലമുകളിലെ അന്ധയായ വൃദ്ധ റേഡിയോ കേള്‍ക്കുമ്പോള്‍ ശബ്ദത്തിലേക്ക്
ഇന്ദ്രിയങ്ങല്ലാം അലിയുന്നു.
”എല്ലാ വെളിച്ചങ്ങളും
എല്ലാ നിറങ്ങളും
ശബ്ദത്തിലലിഞ്ഞു ചേരുന്നു.”
സ്പര്‍ശത്തിന്റെയും കേള്‍വിയുടെയും ലോകത്ത് രൂപത്തിന്റെ വിനിമയരീതി മാറുന്നു. ബഹുസ്വരത എന്നാല്‍ ഈ വിനിമയത്തിന്റെ രീതിയിലെ വൈവിധ്യമാണ്. ഭാഷണത്തിന്റെ അനന്തമായ വൈവിധ്യകളിലൊന്നായി ഈ ചിറകടിയും മാറുന്നു.
”കാറ്റ് വീശുമ്പോള്‍ മാത്രം
വിനിമയം ചെയ്യപ്പെടുന്ന
ചില കാര്യങ്ങളുണ്ട്.” (കാറ്റ് വീശുന്നു)
ഈ പ്രക്രിയ പല പ്രകാരത്തില്‍ തുടരുന്നു.വിനിമയത്തിന് ഒരു രീതി മാത്രമെ പിന്തുടരാവൂ എന്ന ശാഠ്യങ്ങള്‍ ചില നേരങ്ങളില്‍ കടയറ്റ് വീഴുന്നു. ഈ കടയറ്റ് വീഴ്ത്തല്‍ കവിതയിലൂടെ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. കാനോനുകളുടെ നിരാസത്തിലൂടെ നിക്കോനാര്‍ പാര്‍റെ പ്രതികവിത (Anti -poetry ) മുന്നോട്ട് വെച്ചത് ഈ ഭാവുകത്വവിച്ഛേദത്തിന്റെ ഭാഗമായാണ്. ഭാഷയുടെ വിനിമയശേഷി ഇതിലൂടെ കൂടുതല്‍ വിസ്തൃതമാവുന്നു. അനുഭവങ്ങളെയെല്ലാം ഉപ്പിലിട്ട് വെക്കാനുള്ള ചീനഭരണി മാത്രമല്ല ഭാഷ അനുഭവങ്ങളും ഉപ്പും ഭാഷയാകുന്നു .
”അമ്മയുടെ മഴയോര്‍മ്മകള്‍
മാത്രം വെള്ളത്തുള്ളികള്‍
ഇറ്റു വീഴുന്ന,
നനഞ്ഞ തുണികള്‍ വിരിച്ച
അയകള്‍ തിങ്ങിയ
ഇടനാഴിയില്‍ നിന്നും പുറത്ത്
കടക്കാതെ
വീര്‍പ്പ് മുട്ടി നിന്നു. ” (മഴയോര്‍മ്മകള്‍ )
ഭാഷയിലേക്ക് പരിപൂര്‍ണ്ണമായി കുടിയിരിക്കാന്‍ വിസമ്മതിക്കുന്ന ചില ഓര്‍മ്മകള്‍ കാഴ്ച്ചയെ ചിതറിയ അനുഭവമാക്കി മാറ്റുന്നു. ആ ചിതറലില്‍ ഇടപഴകിയ ഓരോരുത്തരും വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഓര്‍മ്മയില്‍ പാര്‍ക്കുന്നു.
”വൃത്തിയായ ചില്ലിനിടയിലൂടെ
പണ്ട് താമസിച്ച വീടിന്റെ
ഒരു കഷ്ണം വെള്ളിപ്പെട്ടു.
ഭൂതകാലം ഒരു നാണയമാണ്
അതെടുത്ത് ടോസ്സ് ചെയ്തു നോക്കി ”
അപ്രതീക്ഷിതമായ വന്നൊരോര്‍മ്മ ഉണങ്ങാത്ത മുറിവായോ, ഈര്‍പ്പമായോ ചലനവേഗം കുറച്ചിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ഇടപെടലിലെല്ലാം അവിഭാജ്യമായി കഴിഞ്ഞ കാലവും മായാതെ തന്റെ വാക്ക് മന്ത്രിച്ച്കൊണ്ടിരിക്കുന്നു. ആഖ്യാനം ഈ അനുഭവത്തിന്റെ വീണ്ടെടുപ്പാണ്. ഭാഷയ്ക്ക് വശംവദമാകാത്ത അനുഭവങ്ങളെ മെരുക്കലാണ്.
പ്രദേശം
സെബാള്‍ഡിന്റെ രചനകളില്‍,പ്രത്യേകിച്ച് കവിതകളില്‍ തെളിയുന്ന യൂറോപ്പിന്റെ ഭൂപ്രകൃതിയുടെ, മനുഷ്യവിന്യാസത്തിന്റെ ചരിത്രം യൂറോപ്പിന്റെ ഔദ്യോഗിക ചരിത്രത്തിലെവിടെയും കാണാന്‍ പറ്റില്ല. അതിര്‍ത്തികളും, യാത്രകളും , ഭൂഭാഗദൃശ്യങ്ങളും, ഓര്‍മ്മയും, മിത്തും , വായനയും ഭാഷയായി മാറുന്നു. അവിനാശിന്റെ കവിതകളിലും പ്രദേശം പല മട്ടില്‍ മാറുന്നുണ്ട്. പ്രദേശം വിനിമയം ചെയ്യുന്ന അനുഭവങ്ങളും തദനുസൃതമായി മാറുന്നു.
”മലകള്‍ക്കിടയില്‍ പാര്‍പ്പ് തുടങ്ങിയന്നു മുതല്‍
ഉയരത്തെക്കുറിച്ചുള്ള എല്ലാ പാഠങ്ങളും തിരുത്തി ”
ഭൂഭാഗദൃശ്യത്താല്‍ രൂപപ്പെടുന്ന ധാരണകളുണ്ട്.കടലും വനാന്തരങ്ങളും പര്‍വ്വതവും വ്യത്യസ്ത ഭാവങ്ങളെയും ധാരണകളെയും ഉത്പ്പാദിപ്പിക്കുന്നു. ‘തിണ ‘യുടെ ഉള്‍പ്പൊരുള്‍ ഈ അനുഭൂതി തലത്തെക്കൂടി ചേര്‍ത്താണ് നിലനില്‍ക്കുന്നത്. സ്ഥലത്തിനൊപ്പം വൈകാരികാവസ്ഥയ്ക്കും സ്ഥാനചലനം സംഭവിക്കുന്നു. മലമുകളില്‍ നിന്നുയരുന്ന റേഡിയോ ശബ്ദത്തിനും ഫ്ലാളിറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഉയരുന്ന പ്രാവിന്റെ ചിറകടി ശബ്ദത്തിലും സ്ഥലം സൃഷ്ടിക്കുന്ന ശ്രുതിഭേദങ്ങള്‍ പ്രകടമാകുന്നുണ്ട്. തുറമുഖദൃശ്യത്തിലേക്ക് ഈ ഭൂഭാഗചിത്രണം മാറുമ്പോള്‍ ഭാവതലത്തിലും ഈ മാറ്റം സംഭവിക്കുന്നു.
”അവയവങ്ങളായ
ദൂരദര്‍ശനികളില്‍ നിന്നും
വെളിച്ചപ്പൊട്ടുകളായ
ദീപസ്തൂപങ്ങളില്‍ നിന്നും
കാഴ്ച്ചയെ പിന്‍വലിച്ചു
നാവികര്‍ പിരിഞ്ഞുപോയി ” (തുറമുഖം )
വീട് ഒരു പ്രധാന ഇടമായി , സ്ഥലപശ്ചാത്തമായി ആവര്‍ത്തിക്കുന്നുണ്ട്. ഏകാന്തത നിത്യപാര്‍പ്പുകാരനായി അവിടെ നിരന്തരം പ്രത്യക്ഷപ്പെടുന്നു. ‘ടെറസ് ‘,’മേല്‍ക്കൂര ‘ ,’രാവിലെ ‘, ‘ചില്ല് ‘, ‘മലമുകളിലെ വീട് , വൃദ്ധ,റേഡിയോ ‘, ‘അകം ‘, ‘കിണര്‍ ‘, തുടങ്ങിയ കവിതകള്‍ ‘വീട് ‘ എന്ന സ്ഥാപനത്തില്‍, അതിന്റെ ക്രമീകൃതമായ അന്തരീക്ഷത്തിലാണ് സംഭവിക്കുന്നത്. പൊതുവിടത്തിൽ നിന്നും വീട്ടിലേക്കും, ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യക്തിയിലേക്കുമുള്ള ചുരുങ്ങല്‍ പ്രക്രിയയില്‍ ദൃശ്യമാകുന്ന കാഴ്ച്ചകളിലേക്ക് ആഴത്തിലുള്ള കടന്ന് നില്‍ക്കലായി ഈ കവിതകള്‍ മാറുന്നു.
ഭൂഭാഗദൃശ്യചിത്രണം ‘The zoo of love ‘ല്‍ ശരീരത്തിലേക്കെത്തുന്നു. ശരീരത്തിലേക്കുള്ള നോട്ടവും ശരീരത്തെ ശരീരബാഹ്യമായതിനോടുള്ള ചേര്‍ത്ത് വെക്കലുമാകുന്നു. ശരീരം പാര്‍ശ്വവത്കരത്തില്‍ നിന്ന് കേന്ദ്രസ്ഥാനത്തേക്ക് മാറ്റപ്പെടുന്നു. സ്ഥൂലതയില്‍ നിന്ന് സൂക്ഷ്മതയിലേക്ക്,സാധാരണത്വത്തിലേക്ക്, സഞ്ചാരം കവിത സാധ്യമാകുന്നു. ഇത് വര്‍ത്തമാന കാല മനുഷ്യഭാവനയുടെ പൊതുസ്വഭാവമാകുമ്പോള്‍ തന്നെ കവിത അതിനോട് ഇടഞ്ഞും ഇണങ്ങിയും ചലിച്ചുകൊണ്ടേയിരിക്കുന്നു.
ഉണ്മ
രാത്രിയില്‍ ജനല്‍ തുറക്കുമ്പോള്‍ വള്ളിപടര്‍പ്പിനിടയില്‍ പാര്‍ക്കുന്ന കുഞ്ഞുചലനങ്ങള്‍ മുറിയിലേക്ക് പടര്‍ന്ന് വെളിച്ചത്തില്‍ പാര്‍പ്പുറപ്പിക്കുന്ന പോലെ സൂക്ഷ്മാനുഭവങ്ങള്‍ ഈ കവിതകളില്‍ വാക്കിലേക്ക് ചേക്കേറുന്നു. അവിനാശിന്റെ കവിത രാത്രിസഞ്ചാരത്തിനിടെ ദൂരെ ഒരു വീട്ടില്‍ നിന്ന് തുറന്നിട്ട ജാലകത്തിലൂടെ തമോഗഹനതയിലേക്ക് പ്രവഹിക്കുന്ന വെളിച്ചമാകുന്നു. വാക്ക് കാഴ്ച്ചയുടെ അദൃശ്യാനുഭവങ്ങളിലേക്ക് വഴി കാട്ടുന്നു. കാവ്യവഴികളില്‍ തിരസ്കൃതമായ ചലനങ്ങളിലേക്ക് സൂക്ഷ്മദര്‍ശിനി തിരിച്ച് വെക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അനുഭവത്തെ ആവിഷ്കരിക്കുക കലയിലൂടെ മാത്രം സാധ്യമാകുന്ന കാര്യമാകുന്നു. കവിതയില്‍ ചെറുചലനമാണ് അഴക്.
സഹായകഗ്രന്ഥങ്ങൾ
- ഏൻ അജയകുമാർ , വാക്കിന്റെ നേരങ്ങൾ , കേരളസാഹിത്യഅക്കാദമി ,ഡിസംബർ 2019
- Berger , John – Mohr, Jean , Another way of Telling , Pantheon Books , 1982
- Berger , John, Ways of Seeing , penguin books
- Transtromer,Tomas , Memories look at me a memoir ,a new dirctions book