White Crow Art Daily

ജിതിന്റെ കവിതകൾ

മിൻസാരം എന്ന കുതിര

ചിത്തരോഗാശുപത്രിയിൽ നിന്ന്
ഇന്നലെയിറങ്ങി.
കാഴ്ചകളും അവയിലെ
രൂപങ്ങളും
പൂക്കളും
പഴങ്ങളും
മേഘങ്ങളും
വാഹനങ്ങളും
മറ്റുമാവുന്നത്
മുഴുവനായി
മാറിയെന്ന്
ഡോക്ടർ പറഞ്ഞു.
അതുപറയുമ്പോൾ
തന്റെ വെളുത്തു-
പതുത്ത താടിയിൽ നിന്ന്
അപ്പൂപ്പൻതാടികൾ
പറന്നുപോയതും
നാഭിയിൽ നിന്ന്
കുപ്പായം തുറന്ന്
സൂചിമുഖിക്കുരുവി
പുറത്തു വന്നു ചിലച്ചു
പറന്നതും
കണ്ടില്ലെന്നു തോന്നുന്നു.
എന്നാലും ഞാനിപ്പോൾ
ചിത്തരോഗിയല്ലാതായി.

ഇനി പ്രതിമാസക്കണക്കുകൾ
എഴുതുമ്പോൾ
അക്കങ്ങൾ ഉറുമ്പുകളായി
നടന്നു പോവില്ലായിരിക്കും
‘ങ്ങ’ എന്നയക്ഷരത്തിൽ-
നിന്നൊരു കുട്ടിയാന
ചിന്നം വിളിക്കില്ലായിരിക്കും.എന്നിട്ടുമെന്തിനോ
ആശുപത്രി പതിവുകൾ
തെറ്റാതെ നടന്നു പോന്നു ഭക്ഷണത്തിനു ശേഷം
ഞാൻ സൂര്യകാന്തി വിത്തുകൾ
തിന്നുപോരുന്നു.
വയറു നിറയെ സൂര്യകാന്തി തോട്ടമായെന്ന്
പറഞ്ഞപ്പോൾ
ഡോക്ടർ
വാൻഗോഗിനെപ്പോലെ ചിരിച്ചു
നഴ്‌സ്
തന്റെ ചിറകിലെ
ഒറ്റത്തൂവൽ കൊണ്ട്
തലയിൽ തഴുകി
ഞാൻ തിരികെ
വീടിനെ തൊട്ടു.


ഏറെ നാളുകൾക്കൊടുവിൽ
രാത്രി
എന്റെ മുറിയിൽ വീണ്ടും
ഓപെറ.
ദിമിത്രിയോസിനു വേഷം
പച്ചയായിരുന്നു
ഹാ
സുന്ദരൻ
മദ്ധ്യവേനൽ സ്വപ്നം
ഉറക്കം വരാത്തപ്പോൾ
ഡോക്ടർ തരുന്ന
മൾബറിപ്പഴങ്ങൾ
തരുന്നു അമ്മ
എന്റെ ‘അമ്മ
മാക്സിം ഗോർക്കിയുടെ
‘അമ്മ.
ഞാൻ
വളരെപ്പെട്ടെന്ന്
ഉറങ്ങിപ്പോയി.

രാവിലെ
ഉണർന്ന് നടന്നു
പ്രഭാതങ്ങളിൽ
ആൾക്കൂട്ടത്തിന്റെ
നിഴലുകളിൽ മേയുന്ന
വരയാടുകളെ കണ്ടു,
കൈവീശി
അവയ്ക്കിടയിൽ പെട്ടു,
സ്നേഹമാവണം
ദേഹം നിറയെ
തെച്ചിപ്പൂക്കൾ വിരിയുന്നു.
കണ്ടു വന്ന
ചേട്ടന്റെ കണ്ണുകളിൽ
നദിയൊഴുകുന്നു
ചുവന്ന നദി

ഞാൻ ചിരിച്ചു ,
ചുറ്റിലും
ലാങ്കി ലാങ്കി മണം
ഒഫീലിയ പൂക്കൾ
മണത്തിനും
നിറത്തിനും
ഇടയിലൂടെ
നടത്തിക്കൊണ്ടു
പോകവേ
മുറിയിൽ
നിന്നിറങ്ങിപ്പോവുന്നു
എന്റെ ബാൻഡ് മേളം
‘നീ വരുമ്പോ തിരിയെ വരാവേ’
എന്ന്എന്റെ സ്വന്തം
ബ്യുഗിളുകാരൻ.

അന്നേരം
കണ്ണിൽ നിന്നൊഴുകുന്നു
നീല നദി.
നടത്തം
അപ്പൂപ്പന്താടിക്കാരൻറെ
വീട്ടിലെത്തി നിൽക്കുന്നു.
കൂടെ നടന്ന മിൻസാരം
എന്ന കുതിര
ഇത്തവണ
നന്നായി നിന്ന് കിതച്ചു
ഞാൻ നോക്കുമ്പോൾ
ചേട്ടൻ
ഡോക്ടറുടെ
പതിവുപുസ്തകത്തിൽ
റംബ്രാന്റിനെ പോലെ
വരയ്ക്കുന്നു. എന്റെ ബാൻഡ് മേളം
തിരികെ വന്നു കേറുന്നു.


മുറിക്കുള്ളിൽ ഇപ്പോൾ
കുട്ടിയാനക്കൂട്ടം
നിശാശബ്ദങ്ങൾ
പർപ്പിൾ ഓർക്കിഡ് പൂക്കൾ
നീല മിന്നാമിനുങ്ങുകൾഹ ഹ !
മനസ്സിലായില്ലല്ലേ ?
ഇതാ
ഇരുട്ടിന്റെ ബാൻഡിൽ നിന്ന്
തെറിച്ചു പോകുന്നു
ഒരേകാകിയുടെ
ബ്യുഗിൾ.

നിന്നെ

ഒഴുകിയൊഴുകിയുലഞ്ഞലഞ്ഞു
വന്നഴിച്ചെടുത്തുകൊണ്ടുപോവുമാ-
ജീവനെ –
ക്കുറിച്ചോർക്കും പാട്ടിനെ –
കൊണ്ടു വന്ന കാറ്റിനെ-
കടത്തി വിട്ട ജനലിനെ –
തഴുകി നിന്നയഴികളെ –
പിടിച്ചുലച്ചഴിച്ചു നോക്കിനിന്ന
മിഴികളിൽ നി-
ന്നൊഴുകിവന്നു ചെന്നുചേർന്ന
നദികളെ, ആ വഴികളെ-
കണ്ടുകണ്ടു വിണ്ടടർന്ന
ചുണ്ടുമായിയൊഴുകിമാഞ്ഞയാ-…

തണലിടങ്ങളുടെ ഭാഷ

1.
പണ്ട് കാലത്തെ ഞാനിരുന്ന വീട്
ഇപ്പോൾ കിടക്കുകയാണ്
തലമുറകൾ താന്തോന്നിത്തരങ്ങൾക്ക്
വഞ്ചി കുത്തിയ തോടായിരുന്നു.
പറവകളും പരുന്തുകളും ചിറകൊതുക്കുകയും പറക്കുകയും ചെയ്തയിടം.
വീടിപ്പോൾ കിടക്കുകയാണ്
ഒന്നിച്ചു പൂത്ത പൂക്കൾക്കടിയിൽ
ചിരിച്ച്.
2.
തിരക്കുള്ളൊരു നഗരത്തിൽ ഞാൻ പാർത്ത ഒരു വീട്
ഇപ്പോൾ ചിത്രം വരയ്ക്കുകയാണ്
ബുദ്ധനും ചാപ്ലിനും
മുഖം നോക്കുന്ന ചുവരുകളുള്ള വീട്
കാഫ്ക
കണ്ണാടി നോക്കി
മുടി ചീകുന്ന
മുറിയുള്ള വീട്
വിഷാദരോഗി
വിതച്ച വിനോദത്തിന്റെ വിത്തുകൾ നിറഞ്ഞു കിടന്നയിടം
ഇപ്പോൾ
മുല്ലൈത്തീവിലെ മുരുഗവേലിന്റെ അനിയന്റെ വെങ്കായ ഗോഡൗൺ ആണ് ഗോഡൊക്കെ എന്നേ ഡൗൺ ആയിപ്പോയവരുടെ കടയ്‌സി കച്ചിത്തുരുമ്പ്.
3.
നഗരത്തിരക്കിന് പിന്നിലെ കീലടിച്ച
വഴിക്കരികിൽ
രണ്ടാം നിലയിലെ
വീട്ടിൽ എനിക്കൊപ്പം
ഇസഡോറ ഡങ്കനും
റോസാ ലക്‌സംബർഗും
ഹമ്മർ സൈക്കിളുമുണ്ടായിരുന്നു.
ഭംഗിയുള്ളൊരു താടിക്കാരൻ സുഹൃത്ത്
തിയറ്റർ പണിതു തന്നയിടം.
ഡ്യൂൺഹിൽ സിഗരറ്റിന്റെ മണമുള്ള മുറികളിൽ  വീരപ്പനും പാബ്ലോ നെരൂദയും
വിൻസെന്റും ബോബ് മാർലിയും  എനിക്ക് മുൻപേ ജീവിതം തുടങ്ങിയിരുന്നു.
റമ്മും വികാരങ്ങളും മാത്രം ജീവിതത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ
നാലാമത്തെ പെഗ്ഗിൽ
പിണങ്ങിപ്പോയൊരിടം
വാട്ടകറുവാട് കൊണ്ടുണ്ടാക്കിയ ശ്രീലങ്കൻ രുചി കൂട്ടി ഞാനാദ്യം ചോറുണ്ടയിടം.
ഇപ്പോൾ
ഗാസയിൽ നിന്ന്
ജീവൻ മിച്ചം കിട്ടിയവരുടെ കുട്ടികളുടെ ചിരികൾ
ധ്വനിക്കുന്നുണ്ടാവണം.
അവർ നമുക്ക് നേരെ വിരൽ ചൂണ്ടുകയില്ല.

4.
ചരിത്രവും സംഗീതവും
കലയും നിറഞ്ഞു തുളുമ്പിയ നഗരത്തിലെ
മറ്റൊരു വീടും ഞാനും
ഒന്നിച്ചു കുറച്ചുകാലം
പരിപ്പ് പാചകം ചെയ്ത് കഴിക്കുമായിരുന്നു. ചുവരിൽ ഈ മഹാരാജ്യത്തിന്റെ
ചരിത്രത്തുണ്ടുകൾ
ഒട്ടിച്ചു വെച്ചയിടം.
കറുത്തനിലമെന്നു
അവളാദ്യം കെറുവിച്ചയിടം
പിന്നെ പ്രണയിച്ചയിടം.
എല്ലാ യാത്രകൾക്കുമൊടുക്കം
വന്ന് വീണയിലകളെ
പച്ചയാക്കി കാത്തയിടം
ബസ് ടിക്കറ്റുകളും
മെട്രോ ബില്ലുകളും
കൂട്ടിവെച്ചയിടം.
ദുഷാമ്പിനെയും
റംബ്രാൻഡിനെയും
ജെറാഡ് റിക്തറേയും
പദ്മിനിയെയും
മറ്റനേകരെയും
പരിചയപ്പെടുത്തിയ,
ആഗ്നസ് വർദയെ
പൊയ്കയിൽ അപ്പച്ചനെ പിന്നെയുമനേകരെ
എമ്മാർ കാണിച്ചു തന്നയിടം.
ബ്രോകോഡ് കുപ്പികൾക്കൊപ്പം വളരെവൈകി നമ്മൾ ഉറങ്ങിയുണരാണ്ടായിരുന്നയിടം.
ഇപ്പോൾ പൗരത്വമില്ലാത്തവരായേക്കാവുന്ന ഇന്ത്യക്കാരിലാരോ
ആയിരിക്കണം
കാലുഷ്യങ്ങളുടെ നഗരത്തിലെ പലായനം ചെയ്തിട്ടില്ലാത്ത അഭയാർത്ഥി.
ബുക്കുകൾ മറിച്ചു നോക്കി ദിനങ്ങൾ
കഴിക്കുന്നവരുടെയിടം.
അവരെക്കൊണ്ട്
നിങ്ങൾ ന്യായമായും
ഭയപ്പെട്ടുതുടങ്ങും.
ഇനി പറയാൻ
എനിക്ക് വീടില്ല.
ദുരിതകാലങ്ങളിൽ തണൽ തന്നയിടങ്ങളുടെ
കുറിപ്പുകളുടെയവസാനത്തിൽ
സത്യത്തിൽ
ഒരിക്കലും എനിക്ക്
വീടുണ്ടായിരുന്നില്ല.

Paintings :Joan Miro

കവിയും ബ്ലോഗറും . തൃശൂർ സ്വദേശി.