White Crow Art Daily

ജീവന്റെ തൃഷ്ണകൾ

സിന്ധു കെ. വി യുടെ കവിതകളെക്കുറിച്ച് വിജു നായരങ്ങാടി     

എഴുത്തിൽ നിന്ന് ജീവിതത്തെ വേർതിരിച്ചെടുക്കുന്ന പ്രക്രിയ കവിതയെ സംബന്ധിച്ചെങ്കിലും അർത്ഥശൂന്യമായിട്ടുണ്ട്. കുഞ്ഞിരാമൻ നായരുടെ ജീവിതമെന്നോ വൈലോപ്പിള്ളിയുടെ ജീവിതമെന്നോ പറയുമ്പോലെ ഇന്നൊരാളുടെ ജീവിതം എന്ന് കവിതയെച്ചൂണ്ടി വ്യതിരിക്തമായി പറയുക വയ്യ. കാരണം, ജീവിതമെന്നത് ഏറ്റക്കുറച്ചിലുകളില്ലാത്ത ഒന്നായിത്തന്നെ ഏതൊരെഴുത്തുകാരനേയും ചൂഴ്ന്നു നിൽക്കുന്ന വർത്തമാനമാണിത്. ഒരാളെ ഒറ്റക്ക് വളഞ്ഞു പിടിക്കുന്ന ഒന്നും തന്നെ ഇന്ന് ജീവിതത്തിന്റെ കൈയ്യിലില്ല. അങ്ങനെ വളഞ്ഞു പിടിക്കുന്നുണ്ടെങ്കിൽ അത് ഏകാന്തത മാത്രമാണ്. കഠിനവും തീവ്രവും വിഷാദിയുടെ വിഷം നിറച്ച കോപ്പയുമായി വന്ന് വിരൽ മുട്ടി വിളിക്കുന്ന ഏകാന്തത .ആൾക്കൂട്ടത്തിന്റെ മഹാബഹളത്തിനു നടുവിൽ ചിരിച്ചും പറഞ്ഞും ഉടലിളക്കിയും പ്രസന്നത നടിച്ചു കഴിയുമ്പോഴും ആണും പെണ്ണും ഒരുപോലെ അവനവളെ വന്നു പൊതിയുന്ന ഏകാന്തതയുടെ തണുപ്പറിയുന്നുണ്ട്.

ഏകാന്തത സംസാരിച്ചു തുടങ്ങുന്ന നേരം കവിത പ്രവർത്തിച്ചു തുടങ്ങുന്ന നേരമായി സിന്ധു.കെ.വി യുടെ കവിതകളെ കാണാമെന്നു തോന്നുന്നു. കവിതയിൽ കവിയുടെ ബോധമണ്ഡലത്തിന് എത്രമാത്രം ഇടപെടൽ സ്വാതന്ത്ര്യമുണ്ട് എന്ന ഒരു ചോദ്യം ഈ സന്ദർഭത്തിൽ ഉയരുന്നുണ്ട്‌. ബോധ മണ്ഡലത്തെ ചുറ്റി നിൽക്കുന്ന അനേകായിരം അറിവുകളുണ്ട്. അറിവുകളെത്തന്നെ ഉറച്ച അറിവുകളെന്നും സന്ദിഗ്ദ്ധതകളെന്നും വേർതിരിക്കുന്ന അതിർവരകളുമുണ്ട്. ഉറച്ച അറിവുകൾ പലപ്പോഴും എഴുത്തിൽ , വിശേഷിച്ച് കവിതയിൽ കവിയെ സഹായിക്കാതെ മാറി നിൽക്കുമ്പോൾ സന്ദിഗ്ദ്ധതകളെയാണ് കവിതയിലേക്ക് കവിയുടെ ബോധമണ്ഡലം പ്രക്ഷേപിക്കുന്നത്. അപ്പോൾ അതോ ഇതോ എന്ന ചോദ്യം എപ്പോഴും എഴുത്തിന്റെ മുഹൂർത്തത്തിൽ നിരന്തരം രൂപപ്പെടും . അപ്പോൾ എഴുത്ത് ആവശ്യപ്പെടുന്ന സൗന്ദര്യം ‘അതിനാണെങ്കിൽ അതിന് ‘ ‘ഇതിനാണെങ്കിൽ ഇതിന് ‘ എന്ന് വലിയൊരു തെരഞ്ഞെടുപ്പിന്റെ സാദ്ധ്യതയിലേക്കൊന്നും പോകാൻ കവിക്ക് സാധിക്കാതെ വരും. കയ്യിൽ കിട്ടിയത് ചേർത്തു പിടിക്കും. എങ്കിലും കവി തെരഞ്ഞെടുത്ത ആ ‘വസ്തുത ‘ കവിതയുടെ മർമ്മത്തിൽ തന്നെ സ്പന്ദിക്കുകയും ചെയ്യും .

ഏകാന്തത ഒരു നല്ല ഉപദേശികൂടിയാണ്. ‘അതെടുത്തോളൂ ,ഇതെടുത്തോളൂ ‘ എന്ന് ഞൊടി നേരം കൊണ്ട് കവിയുടെ പ്രജ്ഞയെ ഉൻമിഷിത്താക്കും. ഏകാന്തത തന്നെയാണ് പ്രജ്ഞയുടെ ആഹാരം. കൂടെ ആരുണ്ടായിട്ടും എന്തുണ്ടായിട്ടും കാര്യമില്ല. ‘ഏകാന്തം വിഷം’ തൊണ്ടയിൽ പൊള്ളുകയും ‘അമൃതാക്കുന്ന ‘ പ്രക്രിയ ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. സിന്ധു.കെ.വി ഏകാന്തതയുടെ വിഷം കടയുന്ന കവി ജൻമമാണ് .വാക്കുകളെ ഏകാന്തതയിൽ നിന്നു മോചിപ്പിച്ച് സ്വരവിതാനത്തിലേക്കയക്കുന്ന കർമ്മമാണ് സിന്ധുവിന് കവിത.

മനസ്സിലുള്ളത് വാക്കാവണേ എന്ന് ഇന്നൊരു കവിയും കരുതുന്നില്ല. മറിച്ച് വാക്കിനുള്ളിൽ മനസ്സ് പ്രവർത്തിക്കണേ എന്നാണ് വിചാരം .ഈ വിചാരതലത്തെ വാക്കു കൊണ്ടു പരിചരിക്കാൻ വേണ്ടുന്ന പ്രജ്ഞാബലം കണ്ടെടുക്കാനാവാത്തതാണ് ആവർത്തിച്ചെഴുതിയിട്ടും രൂപ ശിൽപത്തെ ഭാവത്തിനനുസൃതമായി മോചിപ്പിക്കാനാവാതെ പലരും കുഴങ്ങിപ്പോകുന്നത്. എന്നാൽ സിന്ധുവിനത് നിഷ്പ്രയാസം സാധിക്കുന്നുണ്ടെന്ന് കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയിലെ കവിതകൾ പറയുന്നുണ്ട്.

വാക്കുകൾക്കിടയിൽ നിരത്തിയിട്ടിരിക്കുന്ന ശൂന്യതയെ കവിതയെന്ന് വിളിക്കേണ്ടി വരുമ്പോഴാണ് കവിത വായനയുടെ വസന്തമാവുന്നത്. താളുകളിൽ നിറയുന്ന നിതാന്ത ശൂന്യതയുടെ ധവള മുഖത്ത് ആ രചന ഉന്നയിക്കുന്ന കാലവും കാലത്തിന് അനുസൃതമായ ചിത്രങ്ങളും സ്വാഭാവികമായി, വായന, വായിക്കുന്ന ആളുടെ ഉള്ളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കും. കാവ്;കുളം;അരയാൽ എന്ന സിന്ധുവിന്റെ കവിത അങ്ങനെ ഒരെണ്ണമാണ്‌. ഒരു പക്ഷേ സിന്ധു എഴുതിയ ഏറ്റവും സാന്ദ്രമായ ഒരു രചന .സ്വന്തം ഗ്രാമത്തെ അപരത്വമില്ലാത്ത സ്വന്തം ഇടമായി കാണുന്ന ഒരൽഭുതവിദ്യയാണ്

‘എല്ലാ ഗ്രാമത്തിലും കാവുണ്ടാവുമെന്നായിരുന്നു

അക്കാലത്ത് ഞങ്ങളുടെ വിചാരം’

എന്ന ഒരൊഴുക്കൻ പ്രസ്താവനയിലൂടെയുള്ള കവിതയുടെ ആരംഭം .തുടർന്നങ്ങ് ഒരു കാലഘട്ടം, ആ കാലഘട്ടത്തിലെ പ്രത്യക്ഷമനുഷ്യ ജീവിതത്തിനു പുറകിൽ ഒളിപ്പിച്ചു കടത്തിയ യഥാർത്ഥ ജീവിതത്തിന്റെ നുള്ളു നുറുങ്ങുകൾ, ജീവിതത്തെ ജീവിപ്പിച്ചു നിർത്തുന്ന തരത്തിലുള്ള ‘അഹമ്മതി’കൾ. ഏതു കാലത്തും കൗമാരക്കാരുടെ ശത്രു അവരുടെ മുതിർന്നവർ തന്നെ.എന്നാൽ മുതിർന്നവരെ അവരറിയാതെ തന്നെ ‘കൊന്നു ജീവിച്ച’വരാണ് ഗ്രാമങ്ങളിലെ കൗമാര യൗവ്വനങ്ങൾ .അങ്ങനെയാണവിടെ ജീവിതമുണ്ടായതെന്നും അങ്ങനെയാണ് അവിടെ കാവും കുളവും അരയാലുമുണ്ടായതെന്നും കവിത പറയും. കാവും കുളവും അരയാലും ദൃശ്യപ്രധാനമാണ്. കണ്ണിലും മനസ്സിലും വന്നു നിറയുന്നവയാണ്.കവിതയിൽ അവ നിറഞ്ഞ് കവിയുന്നു .

പുതിയ കവിതയുടെ സാംസ്കാരിക വിവക്ഷകളിൽ ഉപരി സംസ്കാരവും ജനപ്രിയ സംസ്കാരവും തമ്മിലുള്ള വേർതിരിവുകളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കയില്ലായ്മ ശ്രദ്ധേയമായ വസ്തുതകളിലൊന്നാണ്. ഇവിടെയാണ് വൈലോപ്പിള്ളിയുടെ സർപ്പക്കാടിന്റെ വന്യ നിശ്ശബ്ദതയിൽ നിന്നും ഏക വ്യക്തി കേന്ദ്രീകൃതമായ കാഴ്ചകളിൽ നിന്നും സിന്ധുവിന്റെ കാവിലേക്കുള്ള ദൂരം ചെറുതല്ലെന്ന് വ്യക്തമാവുന്നത്. ഉന്നത സംസ്കാരത്തിന്റ സാദ്ധ്യതാ നിശ്ശബ്ദതകളിൽ നിന്ന് ജനകീയ / ജനപ്രിയ സംസ്കാരത്തിന്റെ ബഹുതലസ്പർശിയും ശബ്ദമുഖരിതവും ദൃശ്യ വൈവിധ്യ സമ്പന്നവും ജീവിത ബന്ധം നിറഞ്ഞതുമായ ഒരാവിഷ്കാരത്തിലേക്കാണ് ഇവിടെ കാവ് പടർന്നു കയറുന്നത്.അതാവട്ടെ തന്റെ തൊട്ടു പിന്നിൽ വെടിഞ്ഞു പോയ കാലം അപ്പാടെ കവർന്നു കടന്നുകളഞ്ഞതുമാണ്.

ഗൃഹാതുരത എന്നും കവിതക്ക് ഇന്ധനമായിട്ടുള്ളതിന്റെ ഒരു കാരണം കാല്പനികമാണ് നമ്മുടെ മനസ്സുകൾ എന്നതു തന്നെയാണ്. അതു കൊണ്ടു തന്നെ കവിക്ക്, പുതിയ കാലത്ത് പ്രത്യേകിച്ചും, വൈകാരികാന്തരീക്ഷത്തെ കൂട്ടുപിടിച്ചു കൊണ്ടു തന്നെ തന്റെ ജീവിതത്തെ മുൻനിർത്തി സാമൂഹ്യ ജീവിതത്തിൽ നിന്ന് കടലെടുത്ത വസ്തുതകളെക്കുറിച്ച് പറയേണ്ടി വരും. അതൊരു കടുത്ത വെല്ലുവിളിയാണ്. അവിടെ അപ്പോൾ ക്രാഫ്റ്റിന്റെ സാദ്ധ്യതകൾ മുഴുവൻ ഉപയോഗിച്ച് സമീപഭൂതകാലം മനസ്സിൽ ചിത്രപ്പെടുത്തിയതിനെ, ആ കാലത്തിന്റെ നാട്ടുപച്ചയിൽ ചുവടുറപ്പിച്ചു നിന്ന് കാവ്യാത്മകമായി ഉച്ചരിക്കേണ്ടിയും വരും.

ആഖ്യാനം എന്ന പദം ഇവിടെ ഉപയോഗിക്കാൻ കൂടിവയ്യാത്ത വിധം സൂക്ഷ്മമാണ് ഈ സന്ദർഭം. കാവ് കുളം അരയാൽ എന്നീ സംജ്ഞാനാമങ്ങൾ തന്നെ ഈ മുഹൂർത്തത്തെ ഏറ്റെടുക്കുകയും സമീപഭൂതകാലത്തിലേക്ക് വ്യത്യസ്ത സൂക്ഷ്മജാലകങ്ങൾ തുറക്കുന്നതു പോലെ പദസന്നിവേശം സംഭവിക്കുകയും , ഓരോ വാക്ക് അവസാനിക്കുന്നതും ഓരോ ചിത്രം തെളിയുകയും തന്റെ തൊട്ടടുത്ത ഭൂതകാലത്തിൽ ജീവിച്ച സമൂഹ മനുഷ്യനോട് ആ ചിത്രങ്ങൾ സംസാരിച്ചു തുടങ്ങുകയും ചെയ്യും. മറവിയുടെ ഇരുട്ടിലേക്ക് പാഞ്ഞു വന്നു വീഴുന്ന വെളിച്ചത്തിന്റെ തുള്ളികളായിട്ടാണ് ഇവിടെ വാക്ക് പെരുമാറുന്നത്.വെളിച്ചം എന്നെഴുതിയപ്പോഴാണ് സിന്ധുവിന് സൂര്യനല്ല പ്രിയം പാതിരാ സൂര്യനാണല്ലോ എന്നോർത്തത്.

പാതിരാസൂര്യൻ എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പിൽ സിന്ധു എഴുതും ‘ഇടവഴിയിലരമ്പം കേൾക്കുന്നില്ലേ, നമ്മൾ കുടഞ്ഞെറിഞ്ഞ ചോണനുറുമ്പുകളുടെ കുളമ്പടിയാണ്. ‘

കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയിലും പാതിരാ സൂര്യനിലും സിന്ധു പ്രണയമാണ് എഴുതുന്നത്. പ്രണയത്തിന്റെ വ്യത്യസ്തങ്ങളായ പ്രൊഫൈലുകളായി കവിതകൾ മാറിമറിയുന്നതു കാണാം. പ്രണയ ശ്വാസം രണ്ടിൽ നിന്ന് ഒരാളിലേക്ക് സംക്രമിക്കും വരെ നീറിപ്പിടുത്തവും കൂട്ടിപ്പിടുത്തവും കടുംപിടുത്തവും ഉണ്ടാവും . എന്നാൽ രണ്ട് എന്നത് രണ്ടും ചേർന്ന് ഒറ്റയാൾ എന്നായാൽ ,ശ്വാസഗതിയിൽ തന്നെ കവിത സംഭവിക്കും. ആ കവിത ആർക്കെങ്കിലും തിരുത്താൻ തോന്നിയാൽ ‘നമ്മൾക്കെന്താണ് ‘ എന്ന് നിസ്സംഗരാവുന്നത്ര അന്യപ്പെടലാണ് സിന്ധുവിന്റെ കവിത ചെന്നു നിൽക്കുന്ന മണ്ണ്; സ്ഥലി. പലപ്പോഴും സിന്ധു സൃഷ്ടിക്കുന്ന പ്രണയ സ്ഥലികൾ മലയാളിയുടെ അനുഭവപരിചയ സീമയിൽ നിന്ന് കണ്ടെടുക്കുക പ്രയാസമാകും. അത് പലപ്പോഴും ഉത്തമഗീതത്തിന്റെ സ്ഥലിയാണ്, ഷാരോൺ താഴ്വര പോലെ അത്ര പരിചിതമല്ലാത്തതും ഏറെ മുഗ്ദ്ധവുമാണ്. അവിടെ നിൽക്കുന്ന തന്റെ ഉള്ളിലുള്ള ‘അവളെ ‘ അവളുടെ മനസ്സിനെയും ശരീരത്തെയും പരിചരിക്കാനുള്ള സന്ദർഭമാണ് സിന്ധുവിന് കവിത.

വലുതാവും വരെ, കുട്ടികൾ, ഒരു സംഘം മാത്രമാണെന്നും അവർക്കായി ഒന്നുമില്ലെന്നും, വലുതാവുമ്പോൾ മുതിർന്നവരുടെ ‘തോന്നിയ ‘ലോകങ്ങളിലേക്ക് ‘വളർന്നു’ പോകുന്നവരാണ് അവരെന്നും ‘ അതിനാണ് ഓരോരുത്തരും വലുതാവുന്നതെ’ന്നു വരെ സിന്ധു നിരീക്ഷിച്ചു വെക്കും. അത്തരമൊരു ‘വലുതാവലല്ല’ മറിച്ച് തന്നെ സുതാര്യമാക്കാവുന്നതിന്റെ പരമാവധിയിൽ സുതാര്യമാക്കുമ്പോൾ കാണാനും ആ സുതാര്യസ്വത്വത്തിലേക്ക് ചേർത്തുവെക്കാൻ പാകത്തിൽ ലിംഗനിരപേക്ഷമായ ഒരു നിത്യസാന്നിധ്യം ആവശ്യമുണ്ടെന്നുള്ള പരസ്യപ്പെടുത്തലിൽ വരെ ആ മനോനില എത്തുന്നുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ വ്യഥ ശരീരത്തെ ഒട്ടും സുതാര്യമാക്കാനാവില്ലെന്ന ,അതുവഴി മനസ്സിനെ പൂർണ്ണമായും വെളിപ്പെടുത്താനാവില്ലെന്ന വ്യഥ തന്നെയാണ്. എന്നാൽ മനസ്സും ശരീരവും ചേരുന്ന ഘടനയെ മറ്റൊരാളിലേക്ക് ( അതൊരിക്കലും അനേകരാവില്ല, ഒരാൾ, ഒരാൾ മാത്രമാവും .ആ ഒരാൾ ‘ മാറി മാറി ‘ വരുന്ന വ്യക്തി സ്വത്വങ്ങളാവാം. അത് പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും മറിച്ചും ആവാം. ഒപ്പം തന്നെ ട്രാൻസോ, ലസ്ബിയനോ, ബൈസെക്ഷ്വലോ, ഗേയോ, ക്വീറോ ഏതുമാവാം) എയ്തയക്കാൻ കഴിയില്ലെന്നതു തന്നെയാണ്. അവിടെ ഒരേയൊരായുധവുമായി മനുഷ്യകുലം കണ്ടെത്തി ഉപയോഗിച്ചു പോന്നത് കവിതയെ മാത്രമാണ്. ഉത്തമ ഗീതത്തിലെ ‘പച്ചയല്ലോ നമ്മുടെ കിടക്ക’ എന്ന വരി ഓർത്തു പോകുന്നു. ഇവിടെ ചേർത്തുവെക്കുന്നു.

‘ഏതിലേ നടന്നാലും ഒരേ കാറ്റു വീശുന്ന ആകാശം’ എന്നൊരു നിരീക്ഷണം ജീവിതത്തെ ചേർത്ത് സിന്ധു ഒരു കവിതയിൽ എഴുതുന്നുണ്ട്. എല്ലാ സഞ്ചാരങ്ങളും ‘ ഉൻമാദത്തിന്റെ രുചി തേടുന്ന ‘ സന്ദർഭങ്ങളാവുന്ന ഒരു കാവ്യജീവിതവും അടവുകൾ പിഴച്ച് ഒറ്റയാവുന്ന വ്യക്തി ജീവിതവും തമ്മിലുള്ള പിളർപ്പുകൾ ഉള്ളിലുണ്ടാക്കുന്ന സംഘർഷങ്ങളെയാണ് കവിതയിൽ സിന്ധു നിരന്തരം നേരിടുന്നത്. എന്നാൽ അതീവസൂക്ഷ്മമായ മെയ്യൊതുക്കത്തിൽ ഈ സംഘർഷത്തിൽ നിന്ന് വ്യക്തിയെ ചോർത്തിക്കളയാനും കവിവ്യക്തിയെ മുൻനിർത്തി സംവദിക്കാനുമാവുന്നുണ്ട് എന്നതാണ് ഈ കവിതകൾ മുന്നോട്ടു വെക്കുന്ന സാധ്യത . ‘ കെട്ട ജീവിതം ‘ എന്നെഴുതുമ്പോൾ വൈലോപ്പിളളിക്ക് തന്റെ കാലവും ആ കാലത്തെ നിയന്ത്രിച്ച ഉപരിസംസ്കാരവും നൽകാതിരുന്ന സ്വാതന്ത്ര്യത്തെ ‘ഒരു ഹൈപ്പർ അറിവാകാൻ മാത്രം നിർവ്വികാരത’ എന്ന് പോപ്പ് കൾച്ചറിന്റെ ടൂൾ ഉപയോഗിച്ച് സിന്ധു മറികടക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.അങ്ങനെ മറികടന്നെത്തുമ്പോൾ ‘തൊട്ടറിയുന്നു പിന്നെയും കാട്ടുതീ പോലുള്ള ജീവിതം’ എന്ന ഉറച്ച ഉത്തരങ്ങളും കൂടെ വരുന്നുണ്ടെന്ന വിസ്മയം കൂടി അറിയുക .

ലോകം മുഴുവൻ എന്നിലേക്കു വരുന്ന ആരവം’ ജീവിതത്തിലേക്ക് പരാവർത്തനം ചെയ്യാനുള്ള കവിതയുടെ സാദ്ധ്യതകളാണ് സിന്ധു അന്വേഷിക്കുന്നത്. അത്തരമൊരു ലോകത്ത് തന്നിൽ നിന്നും ഒട്ടും ഭിന്നമാവാത്ത, ഒട്ടും അപരമല്ലാത്ത ഒരു ജൈവസത്തയെ എഴുത്തിൽ എപ്പോഴും സിന്ധു കൂട്ടുപിടിക്കുന്നുണ്ട്. അപ്പോഴാണ് ഈ ‘എനിക്കും നിനക്കു ‘മിടയിൽ ചലിക്കുന്നത് നൂറ്റിപ്പത്തു കെ.വി.കറന്റാണെന്ന വല്ലാത്തൊരു തിരിച്ചറിവിലേക്ക് ഈ കവിതകളെത്തുന്നത്. സമകാലിക സ്ത്രീ എഴുത്തിൽ ഇത്തരമൊരു അന്യോനതീവ്രത രതിസന്ധിക്കുന്ന നേരങ്ങളെ എഴുതിയവരുടെ രചനകളിൽ മാത്രമെ കണ്ടുമുട്ടിയിട്ടുള്ളൂ. രതിയും പ്രണയവും വേറെ വേറെ തട്ടുകളിൽ പ്രവർത്തിക്കുന്ന ഇടമാകുന്നു അവയിൽ പലതും. അങ്ങനെയല്ലാതെ ശ്രദ്ധയിൽ പെട്ട ഒരു രചന ദേവസേനയുടേതാണ്. അത്തരം സൂക്ഷ്മ നേരങ്ങളിൽ ‘ അത് നീയാകയാൽ ‘ എന്ന് സിന്ധു പലവട്ടം പലതിലേക്ക് ആരോപിച്ചു പോകും. ‘ഒന്നും ജയിക്കാനില്ലാഞ്ഞ് തിരിച്ചു പോരികയും ചെയ്യും’ .എന്നും കതകടച്ച് പുറത്താക്കാൻ അവനവൻ മാത്രമേയുള്ളുവെന്ന് ഉള്ളു കലങ്ങുകയും ചെയ്യും.

പ്രസവത്തെ ചൂണ്ടി ‘നീ പറിഞ്ഞു പോരുന്നൊരീ നുരയുന്ന വേദന / പ്രാണൻ പറിഞ്ഞപരമാകുന്നൊരീ വേദന’ എന്നെഴുതുമ്പോൾ പോലും മാതൃസഹജമല്ല മറിച്ച് സ്ത്രീ സഹജവും പ്രണയപർവ്വസമാനവുമാണ് സിന്ധുവിന്റെ എഴുത്ത്.അപരമാക്കാനാവാത്ത ജീവന്റെ തൃഷ്ണ .’അപ്പുറം / വേറെ നീ. ‘ എന്ന് നാം അത് വായിച്ചവസാനിപ്പിക്കുന്നു. പക്ഷേ, ആ അവസാനത്തെ മൂന്നു പദങ്ങളിൽ , ആവർത്തിച്ച വായനകളിലൊന്നിൽപ്പോലും ഞാൻ വിശ്വസിക്കുന്നില്ല. അത് സിന്ധുവിന്റെ മുദ്രാപദമാവുമ്പോഴും വിരലറ്റത്ത് കണ്ണീർ പൂത്തു നിന്ന നേരത്താവാം അതെഴുതിയിട്ടുണ്ടാവുക എന്ന് കരുതാനാണ് എനിക്കിഷ്ടം.

ശവമുറിയിൽ ബോധത്തിന്റെ നാളം ശിരസ്സിനു മുകളിൽ മുനിഞ്ഞു നിൽക്കുന്ന ഒരു ശവത്തെ സിന്ധു എഴുതുന്നുണ്ട് . പോസ്റ്റുമോർട്ടം ടേബിളിലെ ആ പെണ്ണിനെ, അവളുടെ മനോസഞ്ചാരഗതികളെയാണ് എഴുത്ത് പിൻപറ്റുന്നത്. ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഈ കെട്ടഴിഞ്ഞകാലത്ത് നാമോരോരുത്തരും ശവമുറിയിൽ കിടക്കുന്ന ശീരരത്തിനു മുകളിൽ മുനിഞ്ഞു കത്തുന്ന പ്രാണനാളങ്ങളാണ്. അവനവന്റെ കണ്ണിനു പോലും വെളിച്ചമാകാത്തവർ ,കവിത കൊണ്ട് പുതച്ചിട്ടും തണുപ്പകന്നു പോകാത്തവർ.

തണുപ്പു മാത്രം പുതക്കുന്നവൾ എഴുതുന്ന കവിതയിൽ നിന്ന് പിന്നെങ്ങനെയാണ് ഭൂമി ചൂടിലേക്ക് തിടം വെച്ചു വളരുന്നത് , അപൂർവ്വമായെങ്കിലും ഒന്നു വിയർക്കുന്നത്?

സ്വദേശം പൊന്നാനി. അദ്ധ്യാപകനും നിരൂപകനും. ഇപ്പോള്‍ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളജ് ...