White Crow Art Daily

ഞങ്ങൾ ചൂടുന്ന പൂവിന്റെ മണം

സംഭാഷണം: കെ. എം. രശ്മി/സിന്ധു കോറാട്ട് (ഭാഗം ഒന്ന്)

ഇന്ന് കേരളീയ ജീവിതത്തിന് പകരം പറയാവുന്ന ഒരു വാക്കല്ല മലയാളി ജീവിതം. അത് കേരളീയ ജീവിതത്തിന്റെ വിപുലീകരണമാണ്.ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളിലുമുള്ള മലയാളി ഉപസമൂഹങ്ങളെക്കൂടി അതുൾക്കൊള്ളുന്നുണ്ട്. പുരുഷന്മാരെക്കാൾ  കൂടുതൽ സ്ത്രീകൾ വിദേശത്ത് ജോലി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളുണ്ട്.ദേശാന്തരങ്ങളിൽ നിലയുറപ്പിച്ച മലയാളി സ്ത്രീകൾ കേരളത്തിന്റെ ആധുനിക, ആധുനികാനന്തര ഘട്ടങ്ങളെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ സാംസ്കാരിക രേഖകൾ വെളിപ്പെട്ടുതുടങ്ങിയത്  രണ്ടായിരത്തിനു ശേഷമാണ്.ജീവിതം കൊണ്ടും സർഗ്ഗാത്മകതകൊണ്ടും  അതിൽ പങ്കാളികളായ രണ്ടുകവികൾ സംസാരിക്കുന്നു.

സിന്ധു എനിക്ക് രശ്മിയുടെ കവിതകളിൽ  ആദ്യം ഓർമ വരിക  ഒരു പെണ്ണിന്റെ കഥയാണ് .   സ്വയം വിൽക്കുന്ന  ഒരുവളുടെ കഥ, എന്നെ ഒരുപാട് ചിന്തിപ്പിച്ചത്.. എന്താണ്  അങ്ങനെ ഒരു കവിത  എഴുതാനുണ്ടായ  പശ്ചാത്തലം ? കവിതയുടെ തുടക്കകാലങ്ങൾ എങ്ങനെയായിരുന്നു?

രശ്മി -നമ്മുടെ സംഭാഷണം തുടങ്ങും മുൻപ് ഒരു സംഗതി പറയാനുണ്ട്. ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ല. എഴുത്തും വായനയും എൻ്റെ ജീവിതത്തിൻ്റെ ഭാഗമേയല്ലെന്ന് പറയാൻ എനിക്ക് ലജ്ജയുണ്ട്. പക്ഷെ സത്യമാണ്.

കവിത ഒരു പക്ഷേ എൻ്റെ കൂടെ ജനിച്ചു വളർന്നതാണ്.  എല്ലാ ഇഷ്ടപ്പെട്ട പ്രവൃത്തികളും ഞാൻ കവിതയുടെ ക്യാൻവാസിലാണ് ചെയ്യുന്നത് എന്നു തോന്നുന്നു. പാത്രം കഴുകുമ്പോഴും രുചികളെ സമ്മേളിപ്പിക്കുമ്പോഴും കാറോടിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും കേസു നടത്തുമ്പോഴും സ്വപ്നം കാണുമ്പോഴും ഞാൻ കവിതയുടെ താളവും ഭാഷയുമാണ് ഉപയോഗിക്കാറ്. എന്നെ സംബന്ധിച്ച് ഹൃദ്യമായതെന്തെങ്കിലും മറ്റൊരാൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഞാൻ ചൂടിയിട്ടുള്ള ആ പൂവിൻ്റെ സുഗന്ധം മാത്രമാണ്.

കവിതയെഴുതുകയെന്നത് ഒരിക്കലും ഒരു അത്യാവശ്യകാര്യമായി വിചാരിച്ചിട്ടില്ല. പക്ഷെ ഞാൻ നിരന്തരം സ്വയം ഭാഷണം ചെയ്യുന്നയാളാണ്. ചെറുപ്പം മുതൽ തന്നെ നിലയ്ക്കാത്ത സ്വപ്നങ്ങൾ കാണുകയും എന്നോടു തന്നെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഓരോ പ്രവൃത്തികൾക്കിടയിലും എൻ്റെ പിന്നാമ്പുറത്ത് ആത്മഭാഷണങ്ങൾ കിലുങ്ങിക്കൊണ്ടിരുന്നു. എന്നെങ്കിലും ഒരു ശാസ്ത്രജ്ഞയാവാൻ ഇടവന്നാൽ ഈ വിചാരങ്ങളെ സമാന്തരമായി പകർത്തിയെഴുതുന്ന ഒരു യന്ത്രമായിരിക്കും ഞാൻ കണ്ടുപിടിക്കുക എന്ന് വിചാരിച്ചിട്ടുണ്ട്. എന്നിൽ നിന്ന് വഴുതിപ്പോയ ഓരോ കവിതാചഷകത്തേയും  തിരിച്ചുപിടിക്കണം. അവയെ ഉമ്മ വച്ച് അടയാളപ്പെടുത്തണം.

ഈ ആത്മഭാഷണ പരമ്പരകളുടെ ഭാഗമായി എനിക്ക് നിരന്തരം എഴുതുന്ന പതിവുണ്ടായിരുന്നു. കഥയെന്നോ കവിതയെന്നോ പേരിടാൻ കഴിയാത്ത ദീർഘമായ വിചാരങ്ങളും തോന്നലുകളും നോട്ടുപുസ്തകങ്ങളിൽ എഴുതിക്കൂട്ടി. പുസ്തകങ്ങളുടെ എണ്ണക്കൂടുതലും ഉള്ളടക്കത്തിൻ്റെ സ്വകാര്യതയും അക്കാലത്ത് വലിയ ബാധ്യതയായിരുന്നു. കിട്ടുന്ന നോട്ടീസുകളുടെ മറുപുറത്തെല്ലാം രാഷ്ട്രീയ ലേഖനങ്ങൾ (ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത) എഴുതി നിറയ്ക്കുമായിരുന്ന അച്ഛനല്ലാതെ എന്നെപ്പോലെ രഹസ്യഭാഷണം ചെയ്യുന്നവർ എൻ്റെ അറിവിൽ ഉണ്ടായിരുന്നില്ല. അതു കൊണ്ട് കാലാകാലങ്ങളിൽ ഈ പുസ്തകങ്ങളെ പുതുക്കി പണിയേണ്ടത് ഒരു ആവശ്യമായിത്തീർന്നു. സൂക്ഷിക്കണമെന്ന് തോന്നുന്നവ മാത്രം പകർത്തിയെടുത്ത്, ബാക്കിയുള്ളവയെ നിഗ്രഹിക്കുകയായിരുന്നു പതിവ്. 

2000 ൽ ഞാൻ ദുബയിൽ എത്തുമ്പോൾ എൻ്റെ നോട്ട് പുസ്തക പരമ്പരയിലെ അവസാനത്തെ താൾ കയ്യിലുണ്ടായിരുന്നു. ഏതോ കാലത്ത്, ഏതോ ഞാൻ, എന്തോ വിചാരിച്ച് എഴുതിയ “ഒരു പെണ്ണിൻ്റെ കഥ ” അവസാനത്തെ അരിപ്പയായ ആ പുസ്തകത്തിലുണ്ടായിരുന്നതാണ്. അത് എഴുതിയ എന്നെ എനിക്ക് ഓർമ്മയില്ല. അതിൻ്റെ പിന്നിലെ വിചാരമോ സാഹചര്യമോ ഓർത്തെടുക്കാൻ പറ്റുന്നില്ല.

രശ്മി സിന്ധുവിൻ്റെ ”സാൻ്റ് വിച്ച് ” പുറത്തിറങ്ങിയ കാലത്താണ് നമ്മൾ തമ്മിൽ കാണുന്നത്. നിറങ്ങൾ വാരിയണിഞ്ഞ, ഉല്ലാസവതിയായ ഒരുവൾ. റഷീദിയായിലെ സായാഹ്നങ്ങൾ. ഞാൻ ചോദിക്കട്ടെ, ഈ കവിത സിന്ധുവിൻ്റെ ആരായിട്ടു വരും?

സിന്ധു -നിറങ്ങൾ ഇല്ലാത്തതായിരുന്നു ജീവിതം. എവിടെയും ഒരു വെളുപ്പ്  . മ്ലാനത ഉണ്ടായിരുന്നു. വളരെ കുറച്ചു സംസാരങ്ങൾ. നിശബ്ദത, നിർവികാരമായ അന്തരീക്ഷം.ഗൾഫ് അതിന്റെ ആഴം കൂട്ടി എന്ന് വേണമെങ്കിൽ പറയാം. കവിത ഉള്ളിന്റെയുള്ളിൽ എവിടെയോ ഉണ്ടായിരുന്നിരിക്കണം.  അത് കണ്ടെത്തിയത് വളരെ വൈകിയാണ്. ആദ്യമൊക്കെ ചിത്രം വരയായിരുന്നു.കവിത എഴുത്ത് എനിക്ക് കഴിയുമെന്ന് കരുതിയതേയില്ല. സ്വപ്നം കണ്ടു നടക്കുന്ന പ്രകൃതമായിരുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ വരകൾക്കൊപ്പം കുത്തിക്കുറിക്കുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ കവിത എഴുതാൻ ശ്രമിച്ചിട്ടുണ്ട്. വിജുമാഷിന്റെ                  ക്ളാസ്സിലിരുന്ന് ചില പോസ്റ്റ്‌ മോഡേൺ കവിതകളൊക്കെ കേട്ടതിന്റെ ആവേശത്തിൽ.  വിജു മാഷ് (വിജു നായരങ്ങാടി )എഡിറ്റർ ആയ കോളേജ് മാഗസിനിൽ ഒരു കവിത വന്നിരുന്നു. പിന്നെ വിവാഹം കഴിഞ്ഞു. എഴുത്തുമായുള്ള  ബന്ധം ഏറെക്കുറെ ഉപേക്ഷിച്ചതായിരുന്നു. ഗൾഫിൽ എത്തിയപ്പോൾ കവിത കൂട്ടായിവന്നു. ശരിക്കും പറഞ്ഞാൽ  ഞാൻ ആഗ്രഹിക്കുന്ന തുറന്ന് പറച്ചിലുകളുടെ മറയില്ലാത്ത ഒരു ജീവിതം എഴുത്തിലൂടെ നിറവേറുന്നു.

സിന്ധുമരുഭൂമിയിലെ ജീവിതത്തേയും അന്നത്തെ എഴുത്തിനെയും സൗഹൃദങ്ങളെയും കുറിച്ച് എന്താണ് പറയാനുള്ളത്?   ഒരു വേദിയിൽ അന്ന് നമ്മൾ ഒരുമിച്ചു പങ്കെടുത്തതായി ഓർക്കുന്നു.

രശ്മി -മരുഭൂമിയെന്നു പറയാമെന്നേയുള്ളൂ. എഴുത്തും സൗഹൃദങ്ങളും ആഘോഷങ്ങളു മെല്ലാം  വെള്ളച്ചാട്ടം പോലെ അനുഭവിച്ചത് അക്കാലത്താണ്. മറ്റാരുടേതോ ആയ ഇടത്തിൽ രൂപപ്പെട്ട മൂന്നാമിടങ്ങൾ.പൊലിപ്പിച്ചെടുത്തിരുന്ന  ഒഴിവു നാളുകൾ ഓർമയിലുണ്ട്. കേരളത്തിലേക്ക് മടങ്ങിയപ്പോൾ എനിക്ക് നഷ്ടബോധം തോന്നിയ ഒരേ ഒരു സംഗതിയും അതാണ്. കലയെ അതിൻ്റെ പൂർണ്ണമായ ഉന്മാദത്തിൽ അതിനു മുമ്പോ പിൻപോ ഞാനറിഞ്ഞിട്ടില്ല.

പത്തു വർഷത്തോളം ദുബായിൽ ഉണ്ടായിരുന്നു. ഞാൻ കവിതാ രൂപത്തിൽ ഇതുവരെ എഴുതിയവയിൽ എൺപതു ശതമാനവും  ആ പത്തു വർഷങ്ങളുടേതാണ്. ‘മൂന്നാമിടം’ എന്ന സാഹിത്യ കൂട്ടുചേരലിൽ എത്തപ്പെട്ടില്ലായിരുന്നെങ്കിൽ പ്രസിദ്ധപ്പെടുത്തിയ കവിതകൾക്ക് പകരം പഴയ നോട്ടുപുസ്തകം തന്നെ ഇപ്പോഴും കയ്യിലിരുന്നേനെ.

 പി പി രാമചന്ദ്രൻ മാഷിൻ്റെ ഓൺലൈൻ കവിതാജേണലായ     ”ഹരിതക ” ത്തിലാണ് എൻ്റെ ഒന്നു രണ്ടു കവിതകൾ ആദ്യമായി പുറത്തു വരുന്നത്. നോട്ടുപുസ്തകത്തിൽ ഉണ്ടായിരുന്ന ആ കവിതകൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് ഹരിതകത്തിന് അയച്ചുകൊടുക്കാൻ സഹായിച്ചത് കവി ടി. പി. അനിൽ കുമാറാണ്. പിന്നീട് ഞാൻ ‘സ്വപ്നാടക’യെന്ന പേരിൽ ബ്ലോഗ് തുടങ്ങുകയും എഴുതിയ കവിതകൾ അതിൽ പോസ്റ്റുചെയ്യുകയും ചെയ്തു.എൻ്റെ ഓരോ കവിതകൾ പിന്നീട് മലയാളം വാരിക, ദേശാഭിമാനി, മാതൃഭൂമി തുടങ്ങിയവയിൽ അച്ചടിച്ചു വന്നിട്ടുണ്ട്. കാവ്യജീവിതത്തിൻ്റെ വ്യാപ്തി അത്രയുമേ ഉള്ളൂ.

രശ്മിരണ്ടു വർഷത്തിനു മുമ്പാണ് മാധ്യമം പുതുവർഷപ്പതിപ്പിൽ സിന്ധുവിന്റെ അലിഫ് എന്ന കവിത വായിച്ചത്.

കുട്ടി നോട്ടുബുക്കിൽ
അലിഫ് വരക്കുന്നു
അവൻ അമ്മയുടെ
നീ‍ണ്ടവിരലുകളെ
ഓർമ്മിക്കുന്നു….

അവനെ പഠിപ്പിക്കുന്നത് പാകിസ്ഥാനി ടീച്ചർ
നോക്കുന്നത് ഫിലിപ്പീനി ആയയും
വീട്ടിൽ ഇന്ത്യക്കാരി അമ്മയും.
എങ്കിലും അവർക്ക് മൂന്നാൾക്കും ഒരേ ഗന്ധമാണ്.

അവൻ ഏത് മണ്ണിലും പൂക്കുന്ന ചെടി
മൂന്നു ഭാഷയിലും കരയും, വഴക്കടിക്കും…(അലിഫ്)

വിദേശത്ത് ദീർഘനാൾ ജീവിച്ചാലും ദേശ-വിദേശ സംഘർഷം ഇല്ലാതാവുന്നില്ല. അതൊരുപക്ഷേ ഉള്ളിൽ നേർത്തു വന്നേക്കാം.എന്നാൽ ഈ കവിതയിലെപ്പോലെ ബഹുദേശ, ബഹുഭാഷാ സംസ്കാരത്തിന്റെ ആദ്യപാഠങ്ങൾ കുട്ടികൾ ഉത്സാഹത്തോടെയാണ്ഉരുവിടുന്നത്. ഇതെന്ത് കൊണ്ടാകാം?

 സിന്ധു–     മുതിർന്നവരിലെപ്പോലെ ഒരു പൂർവ്വദേശമോ അതിന്റെ അദൃശ്യഭാരമോ                   കുട്ടികളില്ലല്ലൊ.  അവർ ചുറ്റുപാടുകളോട് സ്വഭാവികമായി ഇണങ്ങുകയും ഇഴുകിച്ചേരുകയും ചെയ്യുന്നു.നമ്മുടെ പതിവ് ഇടുക്കങ്ങൾ  ആനിലയിൽ അവരെ ഞെരിക്കുകയില്ല. പുതിയ പിള്ളാരെ നോക്കൂ ഈ മാറ്റം പ്രകടമാണ്. നമ്മുടെ വിഷയങ്ങളും ആശങ്കകളുമല്ല അവരുടേത്. ഏത് മണ്ണിലും പൂക്കുന്ന ചെടി എന്നെഴുതിയത് അതുകൊണ്ടാണ്.

സിന്ധു -സോഷ്യൽ മീഡിയയുടെ സ്വാധീനം എഴുത്തിലും പെൺജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെ രശ്മി  എങ്ങനെയാണ്  നിരീക്ഷിക്കുന്നത് ?

രശ്മി -മൊബൈൽ ഫോൺ എന്ന അവതാരമാണ്  പെൺജീവിതങ്ങളിലുണ്ടായ ഏറ്റവും വലിയ ലിബറേറ്റിങ് ടൂൾ എന്ന് ഞാൻ വിചാരിക്കുന്നു. നമ്മെ മുരടിപ്പിച്ചു നിർത്തിയിരുന്ന എത്രയെത്ര ഡോഗ്‌മകളെയാണ് രഹസ്യമായും പരസ്യമായും നമ്മൾ പൊളിച്ചടുക്കിയത്. സ്ത്രീകൾക്ക് മാത്രമായി പണി കഴിപ്പിച്ചിട്ടുള്ള സാമൂഹ്യാചാരങ്ങളുടെ രൂപക്കൂട്ടിൽ നിന്ന് നമ്മുടെ ആത്മാക്കൾ പുറത്തിറങ്ങി. ഉറക്കെ പൊട്ടിച്ചിരിച്ചു. നെഞ്ചു നിറയുവോളം ശ്വസിച്ചു. കൂട്ടുകൂടി. പ്രണയിച്ചു. നൃത്തം ചെയ്തു. 

കലുങ്കിൻ വക്കിലും കോളേജ് ക്യാമ്പസിലും സമയ ബോധമില്ലാതെ വാചകമേളകൾ നടത്തിയിരുന്ന ആൺകുട്ടികളോടുള്ള അസൂയ ഒടുങ്ങിയത് ഈ സോഷ്യൽ മീഡിയക്കാലത്താണ്. തീരാത്ത ചർച്ചകളിൽ നമ്മളും കൂടി .ചിന്തകളുടെ മാറ്റച്ചന്തകളിൽ ലാഭമുണ്ടാക്കി.

ഒറ്റയാൾ വിപ്ലവങ്ങൾ നടത്തിയ സ്ത്രീകൾ എന്നും ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ അഭിനവ ലോകത്ത് നാം കുറെയൊക്കെ കൈകോർത്തു നിന്നു. നമ്മുടെ കൂവലുകൾക്ക് ഒട്ടനവധി പ്രതിശബ്ദങ്ങളുണ്ടായി. വാസ്തവത്തിൽ എന്തുമാത്രം കരുത്താണ് ഈ പുതിയ കാലത്ത് നാം കടം വാങ്ങിയതും തിരിച്ചുനൽകിയതും. നമ്മുടെ കുരുത്തം കെട്ട കുസൃതികളെ ഉപാധികളേതുമില്ലാതെ ആഘോഷിക്കാനുള്ള ഇടങ്ങൾ നാം പണിതെടുത്തു. ആൺ കൂട്ടങ്ങൾ മെനഞ്ഞിരുന്ന പെൺകഥകൾക്ക് ബദലുകളുണ്ടാക്കി. നമുക്കു മേൽ നാം പണിതുണ്ടാക്കിയ ആ അദൃശ്യവിസ്മയങ്ങളാണ് ഈ ജീവിതകാലത്ത് അടയാളപ്പെടുത്താവുന്ന ഏറ്റവും മികച്ച അനുഭവങ്ങൾ എന്നു പറയാം.

രശ്മി -ചിന്തിക്കാനും എഴുതാനുമുള്ള ശേഷി ഒരു പെൺകവിയെന്ന നിലയിൽ ഭാരമായി അനുഭവപ്പെട്ടിട്ടുണ്ടോ? കവിതകൊണ്ട്   പരിക്കുപറ്റിയിട്ടുണ്ടോ?

സിന്ധു -തീർച്ചയായും ഉണ്ട്. അത് മാത്രമായിരുന്നു എന്നെ ഞാനാക്കിയിരുന്നത് എങ്കിലും  അത്  സാധാരണ വീട്ടമ്മ ജീവിതത്തിനു തീരെ യോജിക്കുന്നതായിരുന്നില്ല. ഞാൻ കയറി ചെന്ന വീട്ടിൽ പത്രം ഒഴികെ ഒരു മാഗസിൻ പോലും കണ്ടിട്ടില്ല.  വായിക്കുന്ന സ്ത്രീ /എഴുതുന്ന സ്ത്രീ എന്ന      നിലകളിൽ  അവിടെ പരിഗണനയോ പ്രോത്സാഹനമോ ഉണ്ടായിരുന്നില്ല. മുറിവിനൊപ്പം അപമാനിക്കപ്പെടുകയും ചെയ്തിട്ടൂണ്ട്. വർഷങ്ങളോളം മൗനം ഭജിച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ പിന്നെയും ജീവിക്കാനും ഉയിർത്തെഴുനേൽക്കാനുമുള്ള പ്രചോദനം കവിതയിൽ നിന്ന് തന്നെയാണ് ലഭിച്ചത്.ഇന്ന് അതൊക്കെ ജീവിതത്തിലെ ഒരു ഫേസ് ആയി എടുക്കാൻ കഴിയുന്നുണ്ട്.

സിന്ധുഅടുത്തയിടെ നടന്ന ചില സംഭവങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ കഴിയുന്നത് സ്ത്രീയെ  പിറകോട്ടു വലിക്കാൻ, പഴയതിൽ നിന്നുള്ള  മോചനം തടയാൻ    ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നാണ്.  ആചാരാനുഷ്ടാനങ്ങളൊക്കെ സ്ത്രീയുടെ  ചുമതലകൾ ആണ് എന്ന അടിച്ചേൽപ്പിക്കൽ,  കുലസ്ത്രീ പ്രയോഗങ്ങൾ, അസ്തമിക്കുന്നസൂര്യ വലിപ്പത്തിലേയ്ക്ക് വളരുന്ന സിന്ദൂരപ്പൊട്ടൊക്കെ  ആശങ്കയോടെയാണ്  ഞാൻ നോക്കിക്കാണുന്നത്. നടന്നു തീർത്തു എന്ന് കരുതിയ ദൂരങ്ങൾ പിന്നെയും പിന്നിലേക്ക് വലിക്കുന്ന മാതിരി. ഇതിനെ രശ്മി എങ്ങനെ നോക്കിക്കാണുന്നു. 

രശ്മി -വാസ്തവമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം യാന്ത്രികമാണ്. യുക്തിബോധങ്ങളും മാനവിക മൂല്യങ്ങളും വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന് എന്തെങ്കിലുമൊരു പങ്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മതവിശ്വാസങ്ങളാണ് ഇവിടെയുള്ള തലച്ചോറുകൾ പ്രോഗ്രാം ചെയ്തിരിക്കുന്നത്. വിക്ഷേപിക്കും മുൻപ്  റോക്കറ്റിൽ കെട്ടിത്തൂക്കുന്ന നാരങ്ങയും ഹൃദയം മാറ്റിവച്ച ശേഷം ദൈവത്തിൻ്റെ ലീലാവിലാസമായി വർണ്ണിക്കുന്ന  ഡോക്ടർ പെരിയപ്പുറവും  വിദ്യാഭ്യാസം  നമ്മെ സ്വതന്ത്രരാക്കുന്നതിനുപകരം ചവിട്ടീക്കുഴച്ച് പരുവപ്പെടുത്തുകയാണെന്ന ചിന്ത ബലപ്പെടുത്തുന്നുണ്ട്.

   ഇന്ത്യയെ നമ്മൾ മതേതരത്വത്തിൻ്റെ ഒരു കുപ്പായമിടുവിച്ചിട്ടുണ്ട്. കുപ്പായം മാറ്റിയാൽ താഴെ പുളച്ചു മദിക്കുന്ന ജാതിയും മതവും കാണാം. മതം ഒരിക്കലും സ്ത്രീയ്ക്ക് അനുകൂലമായിരുന്നിട്ടില്ല. സ്ത്രീയെ ഒരു പൂർണ്ണ വ്യക്തിയായി അംഗീകരിച്ചിട്ടുള്ള ഒരു മതവുമില്ല.  മതാത്മക തലച്ചോറുകൾ കൊണ്ട് സ്ത്രീ ജീവിതങ്ങളിൽ ഇടപെടുന്നവർക്ക് ഒരിക്കലും അവരോട് ജനാധിപത്യ മര്യാദകൾ പുലർത്തുക സാധ്യമല്ല. തങ്ങൾ മൂടിവയ്ക്കപ്പെടേണ്ടവരാണെന്നും പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ആർത്തവത്താൽ അശുദ്ധരാണെന്നും രാത്രികളെ ഭയക്കേണ്ടവരാണെന്നും അതേ പ്രോഗ്രാം ഉപയോഗിച്ച് അവർ സ്ത്രീകളെക്കൊണ്ടു തന്നെ വിളിച്ചു പറയിക്കും.

വഴിമാറി നടക്കുന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ അനുഭവിക്കുന്ന കല്ലേറുകൾ നമ്മുടെ സമൂഹത്തിൻ്റെ മനോരോഗത്തിനു  തെളിവാണ്. ഹനാൻ എന്ന പെൺകുട്ടിയെ മോബ് ലിഞ്ച് ചെയ്തു കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് നാമിത് സംസാരിക്കുന്നത്. അതിനു മുമ്പിലത്തെ ദിവസം മരണപ്പെട്ട അഞ്ജനയായിരുന്നു അവരുടെ ഇര. അതിനു മുൻപ് മറ്റൊരുവൾ. എല്ലാവരും ചെയ്ത കുറ്റം ഒന്നു തന്നെയാണ്. അവർക്ക് അനുവദിക്കപ്പെട്ട ചതുരങ്ങളിൽ നിന്ന് മാറി നടന്നു. അതുവരെ അത്യധികം രതിജന്യയായി പരിഗണിക്കപ്പെട്ടിരുന്ന ഒരുവൾ അതേ അവയവങ്ങളുടെ  അധിക്ഷേപങ്ങളിൽ മൂടിപ്പോവുന്നു. പിതൃശൂന്യയായി ഭവിക്കുന്നു. ബീജമില്ലാതെ പ്രസവിക്കാനാവുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് മാതാവിനു മാത്രം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.

എങ്കിലും പറയട്ടെ, പുതിയ തലമുറയിലെ പെൺകുട്ടികളെക്കുറിച്ച് എനിക്ക് പ്രതീക്ഷയുണ്ട്. മതത്തിൻ്റെ ചൂണ്ടക്കൊളുത്തു വിഴുങ്ങിയവരിൽപ്പോലും ആത്മാഭിമാനത്തിൻ്റെയും നിശ്ചയദാർഢ്യങ്ങളുടേയും കണ്ടീഷനിങ് കാണാം. നമ്മുടെ സമൂഹ വ്യവഹാരങ്ങളേയും സാഹിത്യ മണ്ഡലങ്ങളേയും അവർ ഉഴുതുമറിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്.

രശ്മിസാൻവിച്ചിൽ സ്വാതന്ത്ര്യ ചിന്തകളുടെ ഉന്മാദ താളങ്ങളും മൂർച്ഛകളുമുണ്ട്. പ്രണയത്തിൻ്റെ ഉയർത്തിപ്പിടിച്ച പതാകകളുണ്ട്. വഞ്ചനയുടെ വടുക്കളുണ്ട്. കന്തുറയും ഒട്ടകങ്ങളുമുണ്ട്. വീട്ടകത്ത് ഊർദ്ധ്വം വലിച്ച് ഒടുങ്ങിപ്പോകുന്ന സ്വപ്നങ്ങളും കവിതകളുമുണ്ട്. പ്രവാസ ജീവിതത്തിൻ്റെ പൊടിമണത്തെ അപ്പാടെ ആവാഹിച്ചെടുക്കുന്ന രുചിയാണ് സാൻ്റ് വിച്ചിൻ്റേത്. അതിലെ എഴുത്തുകാരിയെ  ഓർത്തെടുക്കാമോ?

സിന്ധു . ശരിക്കും പറഞ്ഞാൽ ആ ആൾ ഇന്നില്ല. അത്രയും മൂർച്ചയും അസഹിഷ്ണുതയും  ഒന്നും ബാക്കിയില്ല. കാലം  ഉരച്ചുരച്ചു എല്ലാം മയപ്പെടുത്തിയിട്ടുണ്ട്.പിണങ്ങുന്ന വാശിക്കാരിയായ ആ പ്രണയിനിയും  എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. ചുവന്ന ബാദാമിലകൾ വീണു കിടക്കുന്ന റാഷിദിയയിലെ വില്ലയും ജോലിയില്ലാത്ത വീട്ടമ്മയുടെ ഒറ്റപ്പെടലുമൊക്കെ ആയിരുന്നു എന്നിലെ എഴുത്തുകാരിക്കു വളമായത്. അത്രയും നന്നായി കൂട്ടുകൂടി നടന്ന സാഹസികമായ  ഒരുകാലം ജീവിതത്തിൽ പിന്നീട് ഉണ്ടായിട്ടില്ല. കൗമാരം അപഹരിക്കപ്പെട്ടു  എന്നൊക്കെ മാധവിക്കുട്ടിയുടെ ഭാഷയിൽ പറയാം.വളരെ ചെറുപ്പത്തിലെയുള്ള കല്യാണം കോളേജ് കാലഘട്ടത്തിലെ കടും നിറങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും എന്നെ പറിച്ചെറിഞ്ഞു. മണലിൽ മാറ്റി നട്ടു. അനി, ജ്യോതി, മെഹറൂഫ് ,അഞ്ജലി  അങ്ങിനെ കുറെ കൂട്ടുകാരെ ഇവിടെ വന്നിട്ടാണ് ലഭിച്ചത്. അനൂപിനെപോലെ  എപ്പോഴും ആശ്രയിക്കാവുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സർജു,  കമറുദീൻ,  രാംമോഹൻ, അനൂപ് ചന്ദ്രൻ, കുഴൂർ  വിൽസൺ, ടി പി  അനിൽ കുമാർ,… അങ്ങനെ ആ കാലം ദുബായിലെ കവിതയുടെ നല്ല കാലം കൂടിയായിരുന്നു.   സൗഹൃദങ്ങളെ  അറിയുകയും ആസ്വദിക്കുകയും ചെയ്ത   ഒരു രണ്ടാം പെൺകുട്ടിക്കാലം എന്നൊക്കെ പറയാം. സാന്ഡ്വിച്ചിലും കാണാം തീവ്രമായ അത്തരം  ബന്ധങ്ങളുടെ  പ്രതിഫലനങ്ങൾ.

 

നാലാമിടം-എഡിറ്റർ : കെ.സച്ചിദാനന്ദൻ (ഡി.സി.ബുക്സ്), ഡയസ്പോറ- എഡിറ്റർ ഉമർ തറമേൽ (ഹരിതം ബുക്സ്), ഗൾഫ് മലയാളി കവിതകൾ – എഡിറ്റർ : രാവുണ്ണി (കേരള സാഹിത്യ അക്കാദമി), മൂന്നാമിടം – എഡിറ്റർ : കെ.സച്ചിദാനന്ദൻ(കറന്റ് ബുക്സ് –തൃശൂർ)

 

 

സിന്ധുരശ്മി കൂടുതൽ കവിതകൾ എഴുതിയത്  ഇവിടെ എത്തിയതിനു ശേഷം ആണെന്ന് പറഞ്ഞിരുന്നു. ആൺമരം, ചർമ്മ രോഗങ്ങൾ , ഗന്ധങ്ങൾ , കുളവാഴകൾ, പറയാൻ മറന്ന,ശരീരമേ ശരീരമേ…സ്വാഭാവികമായി വന്നു നിറയുന്നവയാണ് രശ്മിയുടെ കവിതകൾ. എന്നൽ ഇടവേളകൾ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ  സ്ത്രീകൾ പണ്ടത്തേക്കാൾ സജീവം ആയ ഈ കാലത്ത് കുറേക്കൂടി തുടർച്ച കണ്ടെത്താനാവില്ലേ ?

രശ്മി -കവിത വരാത്തതു കൊണ്ടു തന്നെയാണ് എഴുതാത്തത്. എഴുത്തുകാരിയാകാൻ പാകത്തിനുള്ള ഗുണം  എന്നിൽ ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പണ്ട് ഹോസ്റ്റലിൽ നിന്ന് വീട്ടിലേയ്ക്ക് അയച്ചിരുന്ന കത്തുകൾ അച്ഛൻ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. എനിക്ക് എഴുതാനുള്ള പ്രാപ്തിയുണ്ടെന്ന്  അദ്ദേഹം വിശ്വസിച്ചു. അത് എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തു.

ഒരു പക്ഷേ ഫിക്ഷനെ വെല്ലുന്ന ജീവിതങ്ങൾ വിങ്ങുന്ന തൊഴിലിൽ 2010 നു ശേഷം എത്തിപ്പെട്ടത് എൻ്റെ ഭാവനകളെ ബാധിച്ചിരിക്കാം. നിയമം, രാഷ്ട്രീയം, സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലേക്ക് എൻ്റെ അഭിരുചികൾ കൂറു മാറിയത് ചിലപ്പോൾ കാരണമാവാം.

എൻ്റെ കവിത വായിച്ച് കുറച്ചു പേർ സന്തോഷിച്ചിരിക്കാം. അവരുടെ നല്ല വാക്കുകളിൽ ഞാൻ ആഹ്ളാദിച്ചിരിക്കാം. അതു കൊണ്ട് എന്തു  ഗുണം എന്നും തോന്നുന്നുണ്ട്.. മനുഷ്യോപകാരപ്രദമായ ഒരു തൊഴിലാണ് ചെയ്യുന്നത്.   സ്വാഭാവികമായും മുൻഗണനയുടെ പ്രശ്നങ്ങളുണ്ടാകാം. കവിതയിലേയ്ക്ക് നമ്മളെ നയിക്കുന്ന സാഹചര്യങ്ങളുടെ പ്രശ്നങ്ങളുണ്ടാകാം. ഞാൻസോഷ്യൽ മീഡിയ സാധ്യമാകുന്നത്ര ഫോളോ ചെയ്യുന്നയാൾ തന്നെയാണ്. കവിതകൾ പലപ്പോഴും  ചോയ്സ് അല്ലാതെ പോകുന്നതിൻ്റെ പ്രശ്നമാണ് എൻ്റെ അസാന്നിധ്യം.

സിന്ധു – വിദേശ ജീവിതം എഴുത്തിനെ കൂടുതൽ തുണയ്ക്കുന്നതാണെന്ന് തോന്നിയിട്ടുണ്ടോ ?

രശ്മി -വിചാരങ്ങളുടെ സാമ്രാജ്യത്തിലൂടെയുള്ള വിക്ഷുബ്ധമായ യാത്രകളാണ് എഴുത്ത് എന്ന് തോന്നിയിട്ടുണ്ട്. പ്രവാസിയായിരുന്നപ്പോൾ ഒരു തുരുത്തിൽ അകപ്പെട്ട മട്ടായിരുന്നു. വേണ്ടതിലേറെ ഏകാന്തമായ ജീവിതം. വീട്ടുകാരൊഴിഞ്ഞ, കൂട്ടുകാർ മാത്രമുണ്ടായിരുന്ന കാലദൈർഘ്യം.  പ്രകൃതിയിൽ നിന്നു വേറിട്ട, ചുവരുകൾ വളഞ്ഞുവച്ച ഒറ്റമുറി വീടുകളിലെ തണുപ്പും ശൂന്യതയും. മടങ്ങാനായുന്ന മനസിനെ തളയ്ക്കാൻ എഴുത്തു വഴങ്ങുന്നവർ എഴുതിയൊഴിക്കുന്നു. മനസ്സിലെ ഉപ്പും ഉഷ്ണവുമായിരിക്കണം പ്രവാസിയുടെ എഴുത്തിനെ ആളിപ്പിടിപ്പിച്ചിട്ടുള്ളത്. പൊട്ടിയ വേരിൻ്റെ അറ്റങ്ങൾ കൂർപ്പിച്ച് എഴുതാൻ തുടങ്ങുമ്പോൾ പലപ്പോഴും അത് മികച്ച എഴുത്തായിത്തീരുകയായിരിക്കണം.

സിന്ധു –സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ വന്ന വർദ്ധന കവിതയിൽ വരുത്തിയ മാറ്റങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു. അത് കവിതയ്ക്ക് ഗുണം ചെയ്തിട്ടുണ്ടോ?. കൂടുതലാളുകൾ എഴുത്തുകാർ ആയത്  കവിതയുടെ നിലവാരം കുറയാൻ കാരണമായി എന്ന് പറയുന്നതിൽ കാര്യമുണ്ടോ ?

രശ്മി -ഈ ലോകം ഒന്നാമൻ മാരുടേതു മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. ഒന്നാമൻ മാരെയാണ് പൊതുവിൽ നമുക്കിഷ്ടമെങ്കിലും. ഏറ്റവും നന്നായി എഴുതുന്നവർ, ചിത്രം വരയ്ക്കുന്നവർ, പാട്ടു പാടുന്നവർ, പഠിക്കുന്നവർ എന്നിങ്ങനെയാണ്: നമ്മുടെ പരിഗണനകൾ ഫിക്സു ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ, റേറ്റിങിൽ അവസാനക്കാരനും എഴുതാൻ ചിലപ്പോൾ ഒരു കവിത കാണും. മൂളാനൊരു പാട്ടും കാണും.  നമുക്ക് അഭിപ്രായം പറയാം. അയാളെ വായിക്കാതെയോ കേൾക്കാതെയോ ഇരിക്കാം. പക്ഷെ, അയാൾക്കു കവിത പാടില്ലെന്നു പറയാൻ, അത് കവിതയല്ലെന്നു പറയാൻ നമ്മളാരാണ് എന്നെനിക്ക് സംശയമുണ്ട്. അവരുടെ മൂർഛകൾ കൂടി ആവിഷ്ക്കരിക്കാനുള്ള സാധ്യതകൾ  സോഷ്യൽ മീഡിയ വർദ്ധിപ്പിച്ചു എന്നത് സത്യമാണ്. കടലും കായലും മാത്രമല്ല, കൈത്തോടുകളും കുളങ്ങളും മഴക്കുഴികളുമടക്കം കവിതയുടെ നീർ ഞരമ്പുകൾ തന്നെ. 

തുടരും.

 

 

രശ്മിയുടെ കവിതകള്‍