White Crow Art Daily

ട്രമ്പിനെതിരേ സ്ത്രീകള്‍ പടര്‍ത്തിയ കാറ്റ്

ലിൻഡാ സർസൗർ/ ഇഞ്ചിപ്പെണ്ണ്

വാഷിങ്ങ്ടണിലെ  സ്ത്രീകളുടെ  പ്രക്ഷോഭ റാലിയില്‍  സംഘാടകരിൽ ഒരാളായ ലിൻഡാ സർസൗർ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

“എന്റെ പേര് ലിൻഡാ സർസൗർ. സ്ത്രീകളുടെ വാഷിങ്ങ്ടൺ പ്രക്ഷോഭ റാലിയിലെ സംഘാടകരിൽ ഒരാളാണ് ഞാൻ.
ഒട്ടും ക്ഷമാപണമില്ലാത്തൊരു (unapologetically) അമേരിക്കൻ മുസ്ലിം ആയിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഒട്ടും ക്ഷമാപണമില്ലാത്തൊരു അമേരിക്കൻ ഫലസ്തീൻ കാരി. ഒട്ടും ക്ഷമാപണമില്ലാത്തൊരു ബ്രൂക്ക്ലിൻ ന്യൂയോർക്കുകാരി.
സഹോദരി സഹോദരന്മാരെ,
നിങ്ങളാണ് ജനാധിപത്യം.നിങ്ങളാണ് സമൂഹത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ. അമേരിക്കൻ പ്രസിഡൻസിയെ ഞാൻ ആദരിക്കുന്നു.പക്ഷെ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിനെ (ഡോണാൾഡ് ട്രമ്പ്) ഞാൻ ബഹുമാനിക്കില്ല. മുസ്ലീംകളെ, കറുത്തവരെ, രേഖകളില്ലാത്തവരെ, മെക്സിക്കോക്കാരെ, അംഗപരിമിതരെ, സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടും ഭിന്നിപ്പിച്ചുകൊണ്ടും ജയിച്ച ഈ തിരഞ്ഞെടുപ്പിനേയും ഭരണത്തേയും ഞാൻ ബഹുമാനിക്കില്ല.

LONDON, ENGLAND - JANUARY 21: Protesters march from The US Embassy in Grosvenor Square towards Trafalgar Square during the Women's March on January 21, 2017 in London, England. The women's March originated in Washington DC but soon spread to be a global march calling on all concerned citizens to stand up for equality, diversity and inclusion and for women's rights to be recognised around the world as human rights. Global marches are now being held, on the same day, across seven continents. (Photo by Jack Taylor/Getty Images)

മുസ്ലീം സമൂഹം ഉൾപ്പെടെ പല സമൂഹങ്ങളും കഴിഞ്ഞ പതിനഞ്ച് വർഷമായി ,ബുഷിന്റേയും ഒബാമയുടേയും ഭരണങ്ങളുടെ കീഴിൽ, എല്ലാം മൗനമായി സഹിച്ചു പോരുന്നു. നിങ്ങൾക്കിപ്പോൾ അന്യായമെന്ന് തോന്നുന്ന പല കാര്യങ്ങളും — മുസ്ലീം സ്വത്വ രേഖകൾ, മുസ്ലീങ്ങൾക്കെതിരെയുള്ള നിരോധനാജ്ഞകൾ, മുസ്ലീം സമുദായത്തോടുള്ള മനുഷ്യത്വരഹിതമായ വിവേചനങ്ങൾ-ഇവയെല്ലാം പതിനഞ്ച് വർഷമായുള്ള യാഥാർത്ഥ്യങ്ങളാണ്.
സഹോദരി സഹോദരന്മാരെ,
നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വന്നിട്ടുള്ളതെങ്കിൽ, ആദ്യമായിട്ടാണ് ഒരു മാർച്ചിൽ പങ്കെടുക്കുന്നതെങ്കിൽ, ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒപ്പം, ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, നിങ്ങളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങട്ടെ. കറുത്തവർക്ക് വേണ്ടി, അമേരിക്കൻ ഗോത്രവർഗക്കാരികൾക്ക് വേണ്ടി, രേഖകളില്ലാതെ കഴിയുന്ന സ്ത്രീകൾക്ക് വേണ്ടി, LGBT QIA സമൂഹത്തിനു വേണ്ടി, അംഗ പരിമിതർക്ക് വേണ്ടി.
എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. നിങ്ങളുടെ ഈ മുസ്ലീം സഹോദരിയെ. അവളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങുവാൻ, അവളുടെ കാലടികൾ തെരുവിലേക്കിറങ്ങുവാൻ, അവളുടെ ശിരസ്സ് കുനിയാതെയിരിക്കുവാൻ, കാരണം എനിക്ക് ഭയമില്ല.

സഹോദരീസഹോദരന്മാരെ,
ഭയം ഒരു ചോയ്സ് മാത്രമാണ്.നമ്മളാണ് ഭൂരിപക്ഷം. അമേരിക്കയുടെ മനസ്സാക്ഷി നമ്മളാണ്. ഈ രാജ്യത്തിന്റെ ധാർമ്മികമണ്ഠലം നമ്മളാണ്.നിങ്ങൾ ശരിയായ പാതയിലൂടെയാണോ നീങ്ങുന്നത് എന്ന് അറിയണമെങ്കിൽ, വെള്ളക്കാരല്ലാത്ത സ്ത്രീകളെ അനുഗമിക്കുക, സഹോദരീ സഹോദരന്മാരെ.
ഞങ്ങൾക്കറിയാം എവിടെയാണ് പോകേണ്ടതെന്ന്. നീതി എവിടെ ലഭിക്കുമെന്നും.കാരണം, നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം എല്ലാവർക്കും വേണ്ടിയാണ്, എല്ലാ സമൂഹങ്ങൾക്കും വേണ്ടിയാണ്.
നിങ്ങൾ ഇവിടെ പങ്കെടുക്കാനുണ്ടായ കാരണം ഞാൻ ഓർമ്മിപ്പിക്കട്ടെ. അമ്മമാർ, യോഗടീച്ചർമാർ, ബേക്ക്ർമാർ, തുടങ്ങി അങ്ങേയറ്റം സാധാരണക്കാർ കാരണമാണ് ഈ റാലി സംഭവിച്ചത്. ഒരു കമ്പനി ഭീന്മമരുടെയും ചിലവിലല്ലാതെ, അവരുടെ പണമില്ലാതെ, നിങ്ങളുടെ ഡോളറിലാണ് ഈ റാലി നടന്നത്. ഇത് നിങ്ങളുടെ അധ്വാനമാണ്, നിങ്ങളാണ് ഇതിനിടയാക്കിയത്.
ഇന്നിവിടെ ഈ വേദിയിൽ, സംഘാടകരിൽ ഒരാളായ, എന്റെ സഹോദരീതുല്യരായ, സമീക്കയോടൊപ്പവും കാർമെന്നിനോടൊപ്പവും എന്റെ കുടുംബത്തോടൊപ്പവും നിൽക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.

കാരണം, ഞാൻ എന്റെ അമ്മയെയും ഈ പ്രക്ഷോഭത്തിലേക്ക് കൂട്ടിയിരുന്നു. എന്റെ മകൾക്കൊപ്പമാണ് ഞാൻ ഇതിൽ പങ്കെടുക്കുന്നത്. അതിലുപരി, പിടിച്ചെടുക്കപ്പെട്ട ഫലസ്തീൻ ഭൂമിയിലെ എന്റെ അമ്മൂമ്മയോടൊപ്പവുമാണ് ഞാൻ നിൽക്കുന്നത്. അവരുടെ ഭാവനകൾക്കതീതമാണീ പ്രക്ഷോഭം. സഹോദരീസഹോദന്മാരെ. ഇവിടെ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ വളരെ അഭിമാനിക്കുന്നു.
(മുദ്രാവാക്യത്തോടെ) നീതിയെല്ലാർക്കും !”

മലയാളത്തിലും ഇംഗ്ലീഷിലും ബ്ലോഗര്‍. യു. എസ്സില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക