White Crow Art Daily

ഡിന്നർ പാർട്ടി

ജൂഡി ചിക്കാഗോയുടെ  ദ ഡിന്നർ പാർട്ടി യെക്കുറിച്ച് കെ.കെ. ബാബുമോൻ 
 
1939 ജൂലൈ 20ന് അമേരിക്കയിൽ ജനിച്ച ജൂഡി ചിക്കാഗോ ഫെമിനിസ്റ്റ് കലാകാരികളിൽ പ്രധാനിയാണ്. ലോക പ്രശസ്തമാണ്   അവരുടെ ‘ദ ഡിന്നർ പാർട്ടി’ എന്ന ബൃഹത്തായ കലാസൃഷ്ടി.   സ്ത്രീകളുടെ ചരിത്രത്തിൻ്റെയും നേട്ടങ്ങളുടെയും ഒരു സ്മാരകമായി ‘ദ ഡിന്നർ പാർട്ടി’ ഇൻസ്റ്റലേഷനെ  കരുതാം. ഓരോ ഭാഗവും 48 അടിയോളം നീളം വരുന്ന ഒരു ത്രികോണ രീതിയിലുള്ള മേശയാണിത്. ചരിത്രത്തിലെ ശ്രദ്ധേയരായ 39 വനിതകൾക്ക് ഒരു രൂപകം എന്ന നിലയിൽ സമർപ്പിക്കുന്ന തീൻമേശ. കൂടാതെ, 999 പേരുകൾ കൂടി ആലേഖനം ചെയ്ത, തിളക്കമുള്ള സിറാമിക് കട്ടകൾ പാകിയ തറയിലാണ് മേശ ഒരുക്കിയിട്ടുള്ളത്.
 
സ്ത്രീകൾക്കായുള്ള ഈ സമർപ്പണത്തിൽ, പ്രത്യേകിച്ച് ചരിത്രത്തിലെ പ്രധാന വനിതകളിൽ, മെസൊപ്പൊട്ടോമിയയിലെ ആദിദേവത ഇസ്താർ (യുദ്ധത്തിൻ്റെയും സ്നേഹത്തിൻ്റെയും രതിയുടെയും ദേവത), റോമിലെ ചക്രവർത്തിനിയായിരുന്ന തിയോഡോറ, ഈജിപ്ഷ്യൻ ഫറോവമാരിൽ പ്രധാനിയും ചരിത്രത്തിലെ സ്ത്രീ ഫറോവയുമായിരുന്ന ഹാറ്റ് ഷെപ്സുട്ട്, ആർതെമിസ്യ ജെൻ്റിലക്ഷി (കാരവാജിയോയുടെ സമകാലീനയായിരുന്ന ചിത്രകാരി ), സക്കാ ജാവിയ, സൊജോർണർ ട്രൂത്ത്, സൂസൻ ബി ആൻറണി, എലിസബത്ത് കാഡി സ്റ്റാൻ്റൺ, എമിലി ഡിക്കിൻസൺ, മാർഗരറ്റ് സാംഗർ, ജോർജ്ജിയ ഒ കീഫെ എന്നിവർ ഉൾപ്പെടുന്നു. ഇവർക്കുള്ള സ്ഥാനത്ത് അതിവിശിഷ്ടമായ തുന്നൽവേലകൊണ്ട് അലങ്കരിച്ച വിരി, അവരുടെ ആയുധം അല്ലെങ്കിൽ പണിയായുധം, പാനപാത്രം, പ്ലേറ്റ് എന്നിവയാൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.
 
പവിത്ര സ്ഥാനമെന്ന് തോന്നുമാറ് ഒരു വലിയ മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന മേശയുടെ മുകളിൽ 39 വനിതകൾക്കുള്ള സ്ഥാനം പ്രത്യേക വെളിച്ചവിതാനത്തോടെയാണ് ഒരുക്കിയിട്ടുള്ളത്. സ്വർണ്ണവർണ്ണത്തിലെഴുതിയ 999 വനിതകളുടെ പേരുകൾ മൃദുവായി തിളങ്ങുന്നു. ഏകദേശം നാനൂറോളം ആളുകൾ സ്വമേധയാ അഞ്ചുവർഷത്തോളം (1974-1979) ജോലി ചെയ്താണ് ‘ദ ഡിന്നർ പാർട്ടി’ സാർത്ഥകമാക്കിയത്.ഫെമിനിസ്റ്റ് കാഴ്ചയുടെയും കലാ സംരംഭത്തിൻ്റെയും മകുടോദാഹരണമായി മാറിയ ഈ കലാസൃഷ്ടി ഒരു പുതിയ സംഹിത തന്നെയാണ് കൊണ്ടുവന്നത്. കലയുമായോ കലാ പ്രവർത്തനങ്ങളുമായോ ഇടപെട്ട് മുൻപരിചയമില്ലാത്തവർക്കുപോലും അനുഭവിക്കുവാൻ / സംവേദിക്കുവാൻ പര്യാപ്തമാവും വിധം ജൂഡി ചിക്കാഗോയുടെതന്നെ കഴിവും പ്രഭാവവും തെളിയിക്കപ്പെട്ട പുതിയ സംഹിത തന്നെയാവുകയായിരുന്നു ‘ദ ഡിന്നർ പാർട്ടി’. 1979-ൽ സാൻഫ്രാൻസിസ്ക്കോയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എക്സിബിഷനായി തുറക്കുമ്പോൾ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.
 
എക്സിബിഷനോടൊപ്പം ജൂഡി ചിക്കാഗോയുടെ പ്രഭാഷണമാവട്ടെ നിറഞ്ഞ കരഘോഷങ്ങ ളോടെയാണ് സ്വീകരിക്കപ്പെട്ടത്. മേശവിരിയെ നിരൂപകർ സ്വീകരിക്കുന്നുണ്ടെങ്കിലും ശില്പചാരുതയോടെ നിർമ്മിച്ച സിറാമിക് പ്ലേറ്റുകളെ നിരാകരിക്കുകയോ താഴ്ത്തിക്കെട്ടുകയോ ആണ് ചെയ്തത്.പ്ലേറ്റുകൾ ഒരു ഭാഗത്തുനിന്ന് അനുക്രമമായി പുരോഗമിക്കുമ്പോൾ അവസാനമവസാനം അത് പൂർണ്ണമായും ത്രിമാനരൂപങ്ങളാകുന്നു. ഈ രൂപങ്ങളാവട്ടെ, ചരിത്രാതീതകാലം മുതൽ ഇന്നുവരെയുള്ള വനിതകളുടെ പ്രാതിനിത്യവും ഉയർച്ചയും സർഗ്ഗാത്മകമായി രേഖപ്പെടുത്തുകയാണിവിടെ. അത് പൂക്കൾ വിടരുന്നതുപോലെയോ പൂമ്പാറ്റകൾ പറക്കുന്നതു പോലെയോ തോന്നലുളവാക്കുന്നു. പലരെയും അസ്വസ്ഥരാക്കും വിധം ഈ സിറാമിക് പ്ലേറ്റുകൾക്ക് യോനീ രൂപത്തോടും സാമ്യമുണ്ട്.
 
ഇവ കണ്ട് പ്രശസ്ത എഴുത്തുകാരി ലോലറ്റ് കുബി 1981-ൽ ഒരു ഫെമിനിസ്റ്റ് ജേണലായ ഫ്രണ്ടിയേഴ്സിൽ എഴുതിയത്, സ്ത്രീ ശരീരത്തെ പ്ലെബോയിയോ, പെൻ്റഹൗസോ ഇതിലും ഭംഗിയായി അവതരിപ്പിക്കുമെന്നായിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം ചിക്കാഗോ, ‘ദ ഡിന്നർ പാർട്ടി ‘ കൊളംബിയ യൂണിവേഴ്സിറ്റിയ്ക്ക് സംഭാവന ചെയ്യാൻ തുനിഞ്ഞപ്പോൾപോലും കുബി പ്രകടിപ്പിച്ച അപ്രിയത്തിൻ്റെ അലകൾ പ്രതിധ്വനിച്ചിരുന്നു. കലാസൃഷ്ടി സ്വീകരിച്ചാൽ യൂണിവേഴ്സിറ്റിയ്ക്കുള്ള എല്ലാ ഫണ്ടുകളും മരവിപ്പിക്കുമെന്ന് യുഎസ് സെനറ്റ് ഭീഷണി മുഴക്കി.യൂണിവേഴ്സിറ്റി ഡിസ്ട്രിക്ട് കൊളമ്പിയ പ്രതിനിധി റോബർട്ട് ഡോർമാൻ വിശേഷിപ്പിച്ചത്, ‘3-ഡി പോണോഗ്രഫി ‘ എന്നായിരുന്നു. 2007-ൽ ഫെമിനിസ്റ്റ് ആർട്ടിൻ്റെ ഒരു ഐക്കൺ എന്ന രീതിയിൽ ബ്രൂക്ക്ലിൻ മ്യൂസിയത്തിലെ എലിസബത്ത് എ ഡാക്ലർ സെൻ്റർ ഫോർ ഫെമിനിസ്റ്റ് ആർട്ടിൽ സ്ഥിരമായി പ്രദർശിപ്പിക്കും വരെ ‘ദ ഡിന്നർ പാർട്ടി’യ്ക്ക് ഇത്തരം അവമതികൾ നേരിടേണ്ടി വന്നു.
 
കാൾ ആർട്ടിൽ ഉണ്ടായിരുന്ന സമയത്ത് ‘ദ ഡിന്നർ പാർട്ടി’യുടെ അന്തസ്സാരം ഉൾക്കൊള്ളുന്ന ഇമേജറി എന്തായിരിക്കണമെന്ന് ചിക്കാഗോയും സ്കാപ്രിയോയും ചർച്ചചെയ്യുന്നുണ്ട്.പല വനിതാ ചിത്രകാരികളും അമൂർത്ത രീതിയിൽ പെയ്ൻ്റ് ചെയ്യുന്നത് ആൻറി – ഫാലിക് എന്ന നിലയിൽ ഉപബോധ മനസ്സിൻ്റെ പ്രേരണയാലാണെന്ന് അവർ വ്യാഖ്യാനിക്കുന്നു. ‘ദ ഡിന്നർ പാർട്ടി’യ്ക്കു വേണ്ടി ജോലി ചെയ്യുമ്പോൾ, സ്ത്രീയുടെ ലൈംഗികതയും, പുഷ്കലത്വവും ആഘോഷിക്ക പ്പെടണമെന്നും, സ്ത്രീ, പുരുഷ കേന്ദ്രീകൃത നിർമ്മിതിയ്ക്ക് ബദലാവണമെന്നും ജൂഡി ചിക്കാഗോ കരുതി. പുരുഷനും സ്ത്രീയും തമ്മിൽ ഒട്ടും ലഘൂകരിക്കാനാവാത്ത വ്യത്യാസങ്ങൾ ഉണ്ടെന്നും അത് ജനനേന്ദ്രിയത്തിൻ്റെ വ്യത്യാസത്തിൽ നിന്നും തുടങ്ങുന്നുവെന്നും ചിക്കാഗോ കാണുന്നു. അങ്ങനെയാണ് യോനീ രൂപം ‘ദ ഡിന്നർ പാർട്ടി’യുടെ മുഖ്യ ഇമേജറിയുമാവുന്നത്.ശില്പ സമാനമായ ഇമേജറികൾ നിർമ്മിച്ചിട്ടുള്ളത് യഥാർത്ഥത്തിൽ യഥാതഥമായ പ്രതിനിധാന ങ്ങളായിട്ടല്ല, മറിച്ച് ഒരു രൂപകം എന്ന നിലയിലാണ്.
 
ഉദാഹരണത്തിന് അവസാനം സെറ്റ് ചെയ്തിട്ടുള്ള മേശഭാഗം പ്രശസ്ത അമേരിക്കൻ ചിത്രകാരി ജോർജ്ജിയ ഒ കീഫെയ്ക്കു വേണ്ടിയുള്ള പ്ലേറ്റ് ആണ്. ഈ ഇൻസ്റ്റലേഷനിലെ ഏറ്റവും ശില്പ സ്വഭാവത്തിലുള്ള രൂപവും ഇതാണ്.ഒരു സ്ത്രീയുടെ ജനനേന്ദ്രിയം പോലെ തോന്നിക്കുമ്പോൾ തന്നെ ഇതൊരു വിടരുന്ന പൂവിനെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. പൂക്കളെ പ്രതീകാത്മകമായി വരച്ചിരുന്ന കീഫെയുടെ കലാസൃഷ്ടികളെ ഓർമ്മപ്പെടുത്തുംവിധമാണതിൻ്റെ നിർമ്മിതി.
ചിക്കാഗോ പറയുന്നു, “കലയെന്നത് യഥാർത്ഥ മാനുഷിക വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാകട്ടെ, കലയുടെ സാമ്പ്രദായിക സീമകൾക്കപ്പുറത്തായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വരാഹിത്യത്തിൻ്റെ ഈ ലോകത്ത് പകരം സംവിധാനങ്ങൾക്കായി കഷ്ടപ്പെടുന്നവരെ പുണരുന്നു. മാനവരാശിയുടെ ഏറ്റവും ആദിമവും ആഴത്തിലുള്ളതുമായ ബോധത്തെ ബന്ധപ്പെടുത്തുന്ന തരത്തിലാണ് എൻ്റെ കലയും കലാ പ്രവർത്തനങ്ങളും നിലനിൽക്കുന്നത്. ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ ഞാൻ വിശ്വസിക്കുന്നത് ഫെമിനിസം ഹൂമനിസമാണെന്നാണ്. “

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്ന് BFA. ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് MFA ...