White Crow Art Daily

ഡി.അനിൽകുമാറിന്റെ കവിതകൾ

ഡി.അനിൽകുമാറിന്റെ കവിതകൾ

 പാട്ടയുരുട്ടികൾ

മുറ്റം വെടിപ്പാക്കുമ്പോൾ
കുറ്റിപ്പുല്ലിനും
പോച്ചയ്ക്കുമിടയിൽ
ഒരു മലമുരുട്ടി പ്രാണി

ചുടുമണൽ കൂമ്പാരത്തിൽ പുതഞ്ഞും
ക്രീ ക്രീയെന്നൊച്ചയെടുത്തും
ഇടയ്ക്കിടെ മലമുരുട്ടി പോകും
ഞങ്ങട കഥയിലെ പാവത്താൻ

മലത്തിൻ മോളിൽ നാട്, വീട്
ഉരുട്ടുന്നത് ലോകമാണെന്ന് അവരറിഞ്ഞോ ?

മലമുരുട്ടിപ്രാണികളെ കണ്ടു കണ്ട്
നാലരവെളുപ്പിന് പാട്ടയുരുട്ടാൻ പോകും
വിണ്ട കൈകൾ കണ്ടത്
മഞ്ഞിൻ കവലയിൽ
ലോറിവെട്ടത്തിൽ
ഇടംവലം തെറ്റാതുരുട്ടും പാട്ടകൾ.

അവരുറങ്ങും പകലിൽ
കെട്ടിനിൽക്കും പൂഴിവാട
പ്രാണികളിലെ മലമുരുട്ടിയാരെന്നാൽ
മനുഷ്യരിലെ പാട്ടയുരുട്ടിയെന്നാക്കി

കുറ്റിക്കാടുകൾ തെളിച്ച്
പഴയ പാട്ടകൾ തൂക്കി വിറ്റ്
ഉദ്യാനവും ടാങ്കറും വന്നപ്പോ

കുറ്റിയറ്റല്ലോ മലമുരുട്ടി
കുറ്റിയറ്റും മുളയ്ക്കുന്നല്ലോ പാട്ടയുരുട്ടി

വംശങ്ങളുരുട്ടിയ പാട്ടത്തഴമ്പുമായ് ഇന്നലെയൊരാൾ കവല കടക്കുന്നത് കണ്ടു
ഇന്നിപ്പോ മലമുരുട്ടി പ്രാണിയും.

* മണ്ണെണ്ണ ബാരൽ. മണ്ണെണ്ണ ബാരൽ ഉരുട്ടി ജീവിക്കുന്ന പ്രത്യേക വിഭാഗം തന്നെ തെക്കൻ തുറകളിലുണ്ട്.

 അമ്മേടപ്പൻ
                
അമ്മേടപ്പന് ഒരു വെപ്പാട്ടിയുണ്ടായിരുന്നു
ഞങ്ങളറിയാത്ത അവർക്കായ്
അമ്മേടപ്പൻ എടയ്ക്കിടെ വണ്ടിക്കേറി
എല്ലാ തെര്നാളിനും പോയി
കോനംക്കുപ്പ പുളിയംപ്പെട്ടി ഒവരി
പിന്നാലെ പാഞ്ഞു ഞങ്ങട കണ്ണുകൾ
പല ഊരുകളിൽ പല പേരുകളിൽ

അമ്മേടപ്പൻ എടയ്ക്കിടെ തിരിച്ചു വന്നു
രാത്രിയിൽ വെറച്ച് വെറച്ച്
പകൽ സ്നേഹവും പലഹാരവുമായി

നട്ടുച്ചയ്ക്ക്
കാറ്റാടിമരങ്ങൾക്കിടയിൽ ഉറങ്ങി
ചൊരിമണൽ തലയിണയായ് കൂമ്പി
അമ്മേടപ്പൻ എടയ്ക്കിടെ പുലമ്പി

മറുത്തിണയിൽ എനിക്കുണ്ട് പെണ്ണ്
ചിപ്പി,യുപ്പ് ആമത്തോടുമായ് ഒരുവൾ
ഉമ്മണർ ചാർത്തർക്കുലം
പരതവനെൻ അൻപ്

അവൾ മുറുക്കും
ഓട്പായ് വേഗത്തിൽ മിണ്ടും
അവളോടൊപ്പം ഞാനലഞ്ഞു
പലമരക്കാടുകളിൽ
പാലൈയിൽ കുറിഞ്ചിയിൽ മുല്ലയിൽ

അമ്മേടപ്പൻ എഴുന്നേറ്റ് പോകും
ദൂരെയിരുന്ന് അക്കരച്ചായും
സൂര്യനെ നോക്കും

അവൾക്ക് പനിയൊണ്ട്
വെറയൊണ്ട്
ഏങ്ങല് കേൾക്കാം
ഇത്രടം വരെ

പിറ്റേന്ന് പുറപ്പെടും അമ്മേടപ്പൻ

 ഓടം
 

കുട്ടികൾ കളിക്കുന്ന മുറ്റത്ത്
വല വിരുത്തിയിരുന്നു ഒരമ്മാമ്മ
‘ഇപ്പോ വന്നതേയുള്ളൂ’
കേറ്റിവച്ചിരിക്കുന്ന ഓടം ചൂണ്ടി അവർ പറഞ്ഞു.

ഇമ്മാതിരി ഓടം 850 കൊല്ലം മുമ്പുള്ളതാണ്
85 വയസുള്ള ഈ അമ്മാമ്മ ഇതിലെപ്പോ പോയി വന്നു ?

അപ്പോഴാണറിഞ്ഞത് അവർ ആ വീട്ടുകാരിയല്ല
സഞ്ചാരിണിയാണ്
പുറപ്പെട്ടിട്ട് 850 കൊല്ലമായി
അറബിയായി
ലന്തകാരിയായി
പരന്ത്രീസുകാരിയായി
ഇപ്പോൾ ഈ കുടിൽ മുറ്റത്ത്
ഒരു മുക്കുവത്തിയാകണം

കുറെ കഴിയെ
ഓടം തള്ളി പോകുന്നു അവർ
85 വയസുള്ള
850 കൊല്ലം മുൻപേ പുറപ്പെട്ട
ഒരമ്മാമ്മ.

 ചേട്ടത്തി
         

മരിച്ചവർ തിരിച്ചു വരും
അവർക്ക് കൂടിയുള്ളതാണ് ഈ ലോകം
വൈകുന്നേരങ്ങളെ നോക്കൂ
മരിച്ചുപോയ ഏട്ടത്തിയല്ലേ വരുന്നത്
അവരുടെ മക്കളെ വാരിയെടുക്കുന്നു
ഉമ്മ വയ്ക്കുന്നു
കൊഞ്ചിക്കുന്നു
മാമൂട്ടുന്നു
പതുപതുപ്പ് താളത്തിൽ
അടുത്തു കിടത്തുന്നു.

കുടിച്ചു വരുന്ന അണ്ണന് വിളമ്പുന്നു
കുളിപ്പിക്കുന്നു
അവർ രമിക്കുന്നതിൻ നിശ്വാസം
കാറ്റിൽ കലരുന്നു

രാവേറെ കഴിയുമ്പോൾ
കണ്ണു തുറക്കൂ
മരിച്ചവർ ചരിക്കുന്നത്
നിങ്ങൾക്ക് കേൾക്കാം
അവർ അതിനിശബ്ദരെങ്കിലും

മരിച്ചവരെ ഇനിയെങ്കിലും
വാനിലൊരു പൊട്ടായി
ഉറക്കത്തിൽ പിറുപിറുപ്പായി
ഒരുപിടി മണ്ണും പൂവുമായി
ചുമരിൽ തൂക്കിയ ചിരിവറ്റിയ പടമായി
ഏഴാം നാളോർമ്മയായി
ഓർമിക്കാതിരിക്കൂ
അവർക്ക് കൂടിയുള്ളതാണ് ഈ ലോകം

അല്ലെങ്കിൽ ഈ കുട്ടികളെ കേൾക്കൂ
അവർ പറയും ഇതൊന്നും തോന്നലല്ലെന്ന്
അവരുടെ അമ്മ അടുത്തിരിക്കുന്നത്
അവരിൽപരം ആരറിയും ?

ചിത്രമെഴുത്ത് : പ്രേം ആർ നാരായൺ

കവി, ഗവേഷകൻ ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ, അവിയങ്കോര എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ...