White Crow Art Daily

ഡെറക് വാല്‍ക്കോട്ടിന്റെ കവിതകള്‍

ദ്വീപസമൂഹം

വാക്യത്തിന്റെ ഒടുവില്‍ ഒരു മഴ തുടങ്ങും
ആ മഴയുടെ വക്കത്ത്ഈ ഒരു നൌക കാണാം.

ദ്വീപുകളെല്ലാം
പതുക്കെപതുക്കെ കണ്ണില്‍ നിന്നു മറയും
നൌക സഞ്ചരിച്ചുകൊണ്ടിരിക്കും
തുറമുഖങ്ങളെക്കുറിച്ചുള്ള
ഒരു വംശത്തിന്റെ വിശ്വാസം
മൂടല്‍മഞ്ഞില്‍ പെട്ടുപോകും.

പത്തുകൊല്ലക്കാലത്തെ അങ്കംവെട്ടല്‍
തീര്‍ന്നിരിക്കുന്നു
ഇപ്പോള്‍ ഹെലന്റെ കാര്‍കൂന്തല്‍
ചെമ്പിച്ച മേഘമാണ്
ചാറ്റല്‍മഴ വീഴുന്ന കടലിന്നരികെ ട്രോയ്
ഒരു വെണ്ണീര്‍ക്കുഴിയാണ്.

സാരംഗിയുടെ തന്ത്രികള്‍ പോലെ
മഴയുടെ നീര്‍ക്കമ്പികള്‍
മുറുകിക്കൊണ്ടിരിക്കുന്നു.

മേഘാവൃതമായ കണ്ണുകളോടെ
ഒരു മനുഷ്യന്‍
അതില്‍ ‘ഒഡീസി’യിലെ ആദ്യത്തെ വരി
വായിച്ചുകൊണ്ടിരിക്കുന്നു.

മധ്യവേനല്‍

എന്റെ അരികത്ത്
പൂച്ചയുടെ കോട്ടുവായിട്ട്
മധ്യവേനല്‍ നിവര്‍ന്നുകിടക്കുന്നു
മരങ്ങളുടെ ചുണ്ടുകളില്‍
മണ്‍പൊടി നിറഞ്ഞിരിക്കുന്നു
കാറുകള്‍ തീച്ചൂളയില്‍ ഉരുകുന്നു
സങ്കരവര്‍ഗക്കാരായ നാടോടിനായകള്‍
ചൂടില്‍ ഇടറുന്നു

സമ്മേളന സ്ഥലത്ത്
വീണ്ടും റോസ് ചായം പൂശിയിരിക്കുന്നു
വുഡ് ഫോഡ് സ്ക്വയറിലെ
റെയിലുകള്‍ക്ക് ഇപ്പോള്‍
രക്തം തുരുമ്പിച്ചതുപോലുള്ള നിറമാണ്.
ആറ്ജന്റീനിയന്‍ മനസുമായി
കാസറോസഡ
ബാല്‍ക്കണിയിലിരുന്ന് മൂളിപ്പാട്ടുപാടുന്നു.

അതാ ഈറന്‍ മേഘങ്ങള്‍-
ചൈനീസ് കച്ചവടസാമഗ്രികളില്‍ പതിച്ച
പരുന്തുചിത്രങ്ങളെപ്പോലെ,
കുന്നുംപുറത്തെ ഏകതാനമായ
അരണ്ട കുറ്റിച്ചെടികള്‍ അവയെ
തൊട്ടും തുടച്ചും നില്‍ക്കുന്നു.
തീയടുപ്പുപോലുള്ള പാതകള്‍
ശ്വാസം മുട്ടിക്കുന്നു.

ബെല്‍മോണ്ടില്‍
ദു:ഖിതരായ തയ്യല്‍ക്കാര്‍
തുന്നല്‍മെഷീനു മീതെ എത്തിനോക്കുന്നു-
ജൂണും ജൂലൈയും, വ്യത്യാസമില്ലാതെ,
യാതൊരു തയ്യല്‍പ്പാടുകളും ശേഷിക്കാതെ
അവര്‍   ഒന്നിച്ചു തുന്നിച്ചേര്‍ക്കുകയാണ്.

മുനിഞ്ഞും മുഷിഞ്ഞും
കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍
ഒരു വെടിയൊച്ച കേള്‍ക്കാന്‍
കൊതിക്കും പോലെ
ഈ മധ്യവേനലില്‍
ഒരു ഇടിമിന്നലിനാ‍യി
ആളുകള്‍ കാത്തിരിക്കുകയാണ്.
ഈ മധ്യവേനലിന്റെ പൊടിപടലത്തിലും
അതിന്റെ സാധാരണതയിലും
പ്രവാസങ്ങളെ ഭയചകിതമാക്കുന്ന
വിശ്വാസത്തിലും
ധൂളീധൂസരമായ ഓറഞ്ചുവിളക്കുകള്‍ നിറഞ്ഞ
സായാഹ്നത്തിലെ കുന്നിന്‍പുറങ്ങളിലും
ദുര്‍ഗന്ധം വമിക്കുന്ന തുറമുഖത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന
‘പൈലറ്റ് ലൈറ്റി’ല്പോലും
എനിക്കു ജീവിക്കാന്‍ കഴിയുന്നു.

ചുരുങ്ങിയ പക്ഷം,
അതത് സ്ഥലത്തെ ആശ്രയിച്ചാണ്
ഭീതിയുടെ വരവ്-
മഗ്നോളിയാപ്പൂക്കളുടെ
പുലയാടിത്തുപ്പല്‍  പോലെ.

എല്ലാരാത്രിയിലും ഒരു കരടിയുടെ
വിപ്ലവക്കുരകള്‍ കേള്‍ക്കാനുണ്ട്
നഷ്ടപ്പെട്ടുപോയ കുപ്പായകുടുക്കുപോലെ
ചന്ദ്രന്‍ തിളങ്ങിക്കിടക്കുന്നുണ്ട്.

തുറമുഖത്ത്
മഞ്ഞയായ സോഡിയം വിളക്കുകള്‍.
തെരുവുകളില്‍
മങ്ങിയ ജനാലകള്‍ക്കുപിറകില്‍
കിണ്ണങ്ങള്‍, പിഞ്ഞാണങ്ങള്‍
ഈ രാത്രിക്ക് ചങ്ങാത്തക്കുറവില്ല.
നാളത്തെ സൂര്യനെപ്പോലെ
ഭാവി എവിടെയും ഭയാനകം.

ബ്യൂനസ് അയേഴ്സ് എന്ന സ്ഥലത്തിനോട്
ബോര്‍ഹസ് എന്ന എഴുത്തുകാരന്
ഇത്രയും അന്ധമായ സ്നേഹം
എങ്ങനെയുണ്ടായി എന്ന്
എനിക്കിപ്പോള്‍ മനസിലാകുന്നു

തന്റെ ഉള്ളംകൈയില്‍
ഒരു നഗരത്തിന്റെ തെരുവുകള്‍
വീര്‍ത്തുവരുന്നതായി മനുഷ്യന്
അനുഭവപ്പെടുന്നതെങ്ങനെയെന്നും
ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.

നാവികന്‍ കാറ്റാടിമരങ്ങളോട് എതിര്‍പാട്ട് പാടുന്നു

കാണുക,
കാറ്റിനെ തടുക്കും മരങ്ങള്‍പോലെ
കൊടുങ്കാറ്റിനുനേരെ സൂചികള്‍ പോലെ
പായ്മരങ്ങള്‍ പോലെ
ബാര്‍ബ ഡോസിന്റെ താഴ്വരപ്പച്ചകള്‍.

ആ കുന്നിന്‍ചരിവുകളില്‍
മേഘത്തൂവലുകള്‍ പോലെ ചുറ്റിത്തിരിയുന്നത്
പൊട്ടിപൊളിഞ്ഞ കപ്പല്‍ പായകളുടെ ശിഷ്ടം.
ഞാനും
അവയെപോലെ പച്ചയായിരുന്നപ്പോള്‍
കടലിലേയ്ക്ക് ചാഞ്ഞുകിടന്ന്
ഓരോന്നു നിനയ്ക്കാറുണ്ടായിരുന്നു.
കടലിന്റെ നാദങ്ങളെ അവ
സ്വശാഖകളിലേയ്ക്ക് ആവാഹിക്കുന്നു.
അവ യഥാര്‍ത്ഥ    സൈപ്രസ് മരങ്ങളല്ല
കാറ്റാടികളാണ്.
ക്യാപ്റ്റന്‍ അവയെ വിളിക്കുന്നത്
കനേഡിയന്‍ ദേവദാരുക്കളെന്ന്.

ഒരു കൊടുങ്കാറ്റിനു ശേഷം,
ഒരു നാവികനും കൂടി
മുങ്ങിമരിച്ചെന്ന വാര്‍ത്തയുമായി
നൌകകള്‍   മടങ്ങിയെത്തുമ്പോള്‍
ചാഞ്ഞ് കുനിഞ്ഞ് അലമുറയിടുന്ന
സ്ത്രീകളെപോലെയാണ്
ഈ കാറ്റാടിമരങ്ങള്‍.

സൈപ്രസ്
കാഷ്വറീനാ
പേര്  എന്തുമാക്കട്ടെ
ഏതു ദു:ഖത്തിന്റെ കാറ്റിലും
അവരെല്ലാം ഒരുപോലെ കൂനിപ്പോകുന്നു.
മനസില്‍ യാതൊന്നുമേ
ഒളിച്ചുവച്ചിട്ടില്ലാത്തതിനാല്‍
ഇവര്‍  സ്വര്‍ഗത്തിലേയ്ക്കു പടരുന്നു
അല്ലെങ്കില്‍
ശ്മശാനത്തിനു പാറാവു നില്‍ക്കുന്നു.

നമ്മുടെ പേരുകള്‍പോലെ തന്നെയാകുന്നു
നമ്മുടെ ജീവിതവും.
വ്യത്യാസമറിയണമെങ്കില്‍,
വാക്കുകളിലെ ചരിത്രത്തിന്റെ
വേദന അറിയണമെങ്കില്‍,
ഉത്ക്കര്‍ഷം  കുറഞ്ഞ സ്നേഹത്താലെങ്കിലും
ആ വൃക്ഷങ്ങളെ സ്നേഹിക്കണമെങ്കില്‍,
വിശ്വസിക്കണമെങ്കില്‍
നിനക്ക് കൊളോണിയല്‍ ആകേണ്ടിവരും!

“കാറ്റാടിമരങ്ങള്‍ സൈപ്രസ് മരങ്ങളെപ്പോലെ
വളഞ്ഞ് തലകുനിക്കുന്നു
നാവികരുടെ ഭാര്യമാരെപ്പോലെ
മുടി അഴിഞ്ഞുലഞ്ഞ്
മഴ കൊണ്ടുനില്‍ക്കുന്നു
പൈതൃകവൃക്ഷങ്ങളാണവ.
നമ്മുടെ യജമാനന്മാര്‍ക്ക്   ഇഷ്ടപ്പെടുന്നവരായി
ജീവിക്കണമെങ്കില്‍
നമ്മളും അവയെ സൂക്ഷ്മമായി
അനുകരിക്കേണ്ടിയിരിക്കുന്നു.”

എഴുത്തുകാരന്‍

ലോകം എന്നും ഒരുപോലെയാണെന്ന്
എന്നോടു പറയേണ്ട
കല്ലുപോ ലെ കടുത്തതാണ് ജീവിതം എന്നും
എന്നോടു പറയേണ്ട
നാം ചെന്നായ്ക്കളായിരിക്കുന്നുവെന്നും
എന്നോടു പറയേണ്ട
ലോകത്തെ,
അതൊരു പൂവായിരുന്ന കാലംതൊട്ടേ
എനിക്കറിയാം-
വംശസമൃദ്ധിക്കുള്‍ള കരുത്തു കാട്ടിയ,
പ്രതിരോധത്തിന്റെ വാഗ്ദാനം പകര്‍ന്ന
പൂവ്

ആര്‍ക്കു വേണ്ടി ഞാന്‍ എഴുതുന്നു-
അത് ഞാന്‍ നോക്കാറില്ല, സര്‍
അവരുടെ പകകൊണ്ടുള്ള
ഭീതിദമായ തളര്‍വാതം
നിന്റെ കൈകളില്‍ നീ കാണുന്നില്ലേ?
അത്തരം ഒരുവനില്‍ നിന്ന്
ഒന്നും പ്രതീക്ഷിക്കാനില്ലെന്നും
അവര്‍  പറയുന്നില്ലേ?

ചിലര്‍  ഒരു വാക്യം കൊണ്ട്
ചിലര്‍ ഒരു ശൈലി കൊണ്ട്
ചിലര്‍ ഒരു തുള്ളി തുപ്പല്‍ കൊണ്ട്
എഴുതിക്കൂട്ടുന്നു എന്ന് അവര്‍  പറയുന്നു
നിന്റെ ശവക്കുഴിയിലേയ്ക്ക്
വാരിയെറിഞ്ഞ ഒരു പിടി ചെളിപോലെ
മിക്കവരെക്കുറിച്ചും
അവര്‍ക്ക് നല്ലതൊന്നും പറയാനില്ല.

അത്തരം ഒരുവനില്‍ നിന്ന്
നീ എന്താണ് പ്രതീക്ഷിക്കുന്നത്-
ഒന്നുരണ്ടു പെയിന്റിങ്ങും
ഒരു ശ്വാനജീവിതവും മാത്രം?

ആ ശാപത്തില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കും
ആ ബാധയെ ഞാന്‍ പിടിച്ചുനിര്‍ത്തും
എന്നാല്‍ ഈ യുദ്ധത്തില്‍
നഷ്ടപ്പെട്ടത് നിങ്ങളാണ്
നഷ്ടത്തില്‍ സഹതപിച്ചത് അവരാണ്
സ്വന്തം വിജയം നിഷേധിക്കുന്നത് അവരാണ്
അതെ,
നിയോഗമില്ലാതെതന്നെയുണ്ടായ
ഒരു സംഘര്‍ഷം
അതെത്ര ഖേദകരമാണ്.

എന്റെ കൈകള്‍ ഒരു ഭ്രാന്തന്റെ കൈകള്‍
അവ ആര്‍ക്കും  വരിഞ്ഞുകെട്ടാനാവില്ല
എനിക്ക് ചങ്ങാതിമാരേയില്ല
കൂട്ടിന്
ഏറ്റവും പഴകിയവരായ വാക്കുകള്‍ മാത്രം
സര്‍
ഇതെങ്കിലും
എന്നില്‍ നിന്നും ആര്‍ക്കും
എടുത്തുനീക്കാനാവില്ല
പക്ഷേ എന്റെ വഴിനിറയെ
പാമ്പുകളാണ്.

അവസാനം

വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയല്ല
പരാജയപ്പെട്ട് മാഞ്ഞുപോവുകയാണ്
ശരീരത്തില്‍ നിന്ന് സൂര്യശോഭ
മങ്ങിമായും പോലെ
മണല്‍പ്പരപ്പില്‍ നുരയും പതയും
വറ്റിപ്പോകും പോലെ

പ്രേമത്തിന്റെ മിന്നലാട്ടത്തിനുപോലും
ഇടിമുഴങ്ങുന്ന ഒരു പരിസമാപ്തിയില്ലല്ലോ
വിയര്‍പ്പുപൊടിയുന്ന അഗ്നിശിലയില്‍ നിന്ന്
മാംസം പോലെ
മാഞ്ഞുപോകുന്ന പൂക്കളുടെ നാദവുമായി
പ്രേമം മരിക്കുന്നു
ഓരോന്നും ഇങ്ങനെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു
ഒടുവില്‍, ശേഷിക്കുന്നത്
ബിഥോവന്റെ ശിരസിനെ  വലയം ചെയ്യുന്ന
നിശബ്ദത മാത്രം.

 

 

 

കവിയും അദ്ധ്യാപകനും വിവര്‍ത്തകനും. തൃശൂര്‍ ജില്ലയില്‍ ദേശമം ഗലത്ത് ജനിച്ചു.കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ...