White Crow Art Daily

തീന്മേശകൾ കവിയുന്ന ഇറച്ചി

ദീര്‍ഘവിഷാദങ്ങള്‍ അര്‍ദ്ധവിരാമങ്ങള്‍

‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു. ‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു. ‘താങ്കളോ?’ ഞാന്‍ ചോദിച്ചു. ‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’ തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.     ( കടമ്മനിട്ട – ക്യാ )

ലോകത്താകമാനം സാഹിത്യത്തിന് വിഷയീ ഭവിക്കുക  എഴുത്തുകാര്‍ ജീവിക്കുന്ന കാലഘട്ട ത്തിൽ നിന്നും ചരിത്രത്തിൽ നിന്നും ആർജിക്കുന്ന അറിവു കളായിരി ക്കുമല്ലോ.വിക്ടർ ഹ്യൂഗോയുടെ  പാവങ്ങൾക്ക് വിഷയമായി തീർന്നത് ഫ്രഞ്ച് വിപ്ലവവും ആ കാലഘട്ട ത്തിൽ സാധാരണ ക്കാര്‍ നേരിട്ട പ്രശ്നങ്ങളുമാണ്. ഓരോ ദുരിതഘട്ടത്തിലും മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിശപ്പാണ്. അതിനൊരു അന്താരാഷ്ട്ര മാനമുണ്ട്.യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും എല്ലാം വിശപ്പ് എന്നെഴുതുമ്പോൾ വിശപ്പെന്നു തന്നെയാണ് വായിക്കപ്പെടുന്നത്.

എങ്കിലും വായനയുടെ ഒരു ഘട്ടത്തിൽ വായിക്കുന്ന വരികൾക്ക്,  അല്ലെങ്കിൽ അവയ്ക്കിടയിലെ ശബ്ദങ്ങൾക്ക് പൂർവികരുണ്ടോ എന്ന മട്ടിൽ നാമൊന്നു  നിന്നുപോകില്ലേ? ഉദാഹരണത്തിന് നമ്മൾ വെള്ളപ്പൊക്കത്തെ കുറിച്ച് ഒരു കഥയോ നോവലോ വായിക്കുമ്പോൾ തകഴിയുടെ ആ നിരാലംബനായ നായയെ ആരോ ഒരാൾ നമ്മുടെ മനസ്സിന്റെ ഓരത്തു കൊണ്ട് നിർത്തും. എഴുതി പ്പിടി പ്പിച്ചില്ല എങ്കിലും ആ വെള്ളപ്പൊക്കത്തിലും നമ്മൾ അറിയാതെ ഒരു നായയെ സങ്കല്പിച്ചു പോകും.

ഓമനിച്ചു വളർത്തുന്നവ ഇറച്ചിക്കായി …

 ബുക്കർ സമ്മാനത്തിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ച ഡച്ച് നോവലിസ്റ്റ് മാരിയെക് റിൻവെൽഡിന്റെ The Discomfort Of Evening വായിച്ചു നിർത്തുമ്പോൾ അത്തരമൊരു സംശയം കടന്നുപിടിച്ചു. ശരിക്കും യൂറോപ്യൻ സാഹിത്യത്തിനെ  ഒരു ഭൂതം ഗ്രസിച്ചിരി ക്കുന്നുവോ എന്ന്.

ഒരു മൃഗപരിപാലന കേന്ദ്രത്തിൽ നടക്കുന്ന കഥ യാണ് നോവലിന്റെ ഇതിവൃത്തം. അതിന്റെ ഉടമസ്ഥരുടെ കുടുംബത്തിലെ ഒരുകുട്ടി മഞ്ഞിൽ തെന്നിവീണ് മരിക്കുന്നതിൽക്കൂടി കടന്നുപോകുന്ന നോവൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കൊപ്പം മൃഗശീലങ്ങൾ ഒരു കുടുംബത്തിന്റെ തന്നെ ശീലങ്ങൾ ആകുന്നതും രേഖപ്പെടുത്തുന്നു. ഒടുവിൽ തക്കാളി രോഗബാധയെ തുടര്‍ന്ന് ദിനേന അവർ കൊന്നുതള്ളുന്ന മൃഗങ്ങളുടെ ചിത്രം കൂടി നോവൽ കാട്ടിത്തരുന്നു. അവരുടെ തീന്മേശകളിൽ നിറഞ്ഞുകവിയുന്ന ഇറച്ചിയോടുള്ള മടുപ്പ് പതിയെപ്പതിയെ നമ്മളെയും ചുറ്റുന്നു.

ഈ ചുറ്റലിൽ നിന്നാണ് പൂർവികത അന്വേഷിച്ചുള്ള ഓർമ്മകളുടെ പ്രദക്ഷിണത്തിൽ രണ്ടു നോവലുകൾ കൂടി തെളിഞ്ഞത്.ശരിക്കും അതിനെക്കുറിച്ചാണ് എഴുതാനിരുന്നതും.എന്നാൽ ഈ നോവലുകൾ കൂടുതൽ സൂക്ഷ്മമായി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ശീലത്തിലേക്കാണ് ആ ചിന്ത എത്തി ച്ചേർന്നത്. അത് സസ്യാഹാര ങ്ങളെക്കു റിച്ചുള്ള രഹസ്യധാരണയോ / പരോക്ഷചിന്തയോ ആണ്.

വീട്ടിലെ മാംസശേഖരം ജനാലയ്ക്കലൂടെ വലിച്ചെറിഞ്ഞു …

സസ്യാഹാരങ്ങളെ കുറിച്ചുള്ള ഓർമ്മയിൽ ആദ്യം കുടുങ്ങുക കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ vegetarian എന്ന നോവലാകും.ഒരു രാത്രിയിലെ ദുസ്വപ്നത്തെ തുടർന്ന് വീട്ടിലെ മാംസശേഖരം ജനാലയ്ക്കലൂടെ വലിച്ചെറിഞ്ഞു ശേഷിച്ച കാലം സസ്യാഹാരിയായി ജീവിക്കുന്നതാണ് നോവലിന്റെ  ആദ്യഭാഗം. സ്ഥാപനവത്കരിക്കപ്പെട്ട കുടുംബത്തിൽ ഇറച്ചി ക്കഷ്ണങ്ങളായി മാറുന്നവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് രണ്ടും മൂന്നും ഭാഗങ്ങൾ. എങ്കിലും നോവലിൽ പടര്‍ന്നു നിൽക്കുന്ന സസ്യാഹാര ശീലം നമ്മളിൽ ചെറുതായി ഒരുലച്ചിൽ ഉണ്ടാക്കും. സസ്യാഹാര ത്തിന്റെ കേവലയുക്തിക്ക് പുറത്തേക്ക് ഈ നോവൽ കവിഞ്ഞു നിൽക്കുന്നു വെങ്കിലും.    

യൂറോപ്പിലേക്ക് മടങ്ങാം. കഴിഞ്ഞ കൊല്ലം നൊബേൽ സമ്മാനിതയായ പോളിഷ് എഴുത്തുകാരി ഓൾഗ ടോകചക് എഴുതിയ നോവലുകളിൽ ഒന്നാണ് Drive your  Plough Over the Bone of the Dead. ഒറ്റപ്പെട്ട പോളിഷ് ഗ്രാമത്തിൽ നടക്കുന്ന തുടർകൊലപാതക ങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. കൊല്ലുന്നത് ആര് എന്നതി ലുപരി കൊല്ലപ്പെടുന്നവർ ആര് എന്ന അന്വേഷണത്തിലാണ് നോവൽ ഊന്നി നിൽക്കുന്നത്. കൊല്ലപ്പെടുന്നവരാകട്ടെ മൃഗയ ഇഷ്ടവിനോദ മാക്കിയവരാണ്.

പോളിഷ് ഗ്രാമത്തിൽ നടക്കുന്ന തുടർകൊലപാതക ങ്ങളാണ്..

ആരാണ് കൊലയാളി എന്ന ആകാംക്ഷ ഇടയ്ക്കിടെ കഥയിലെ കേന്ദ്രകഥാ പാത്രമായ അധ്യാപിക യിലേക്ക് ചെന്നു മുട്ടുന്നുണ്ട്. പ്രകൃതിസ്നേഹിയും മൃഗസ്നേഹിയുമായ സ്ത്രീ ഇടയ്ക്കിടെ പട്ടണത്തിലെ തന്റെ ഫ്ലാറ്റിലേക്ക് മടങ്ങാൻ കൊതിക്കുന്നുവെങ്കിലും ഉൾവിളിയോടെ ഗ്രാമത്തിൽ തുടരുകയാണ്. അതിനിടെ തന്റെ അയൽവാസി പന്നിയിറച്ചി കഴിക്കുന്നത് അവരുടെ  കാഴ്ചയിൽ വരുന്നുണ്ട്. അതേ നിമിഷം തന്നെ അവർ മാംസഭക്ഷണത്തിന്റെ ദോഷങ്ങളും ചൂണ്ടിക്കാട്ടുന്നു. മാംസഭക്ഷണം എന്നതു പോലെ തന്നെ മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ നിമിഷത്തിൽ അവർ ഉയർത്തിക്കാട്ടുന്നു. ഭക്ഷണമായും കോട്ടുകളായും ബാഗുകളായും ചെരുപ്പുകളായും എത്തുന്ന മൃഗങ്ങളെകുറിച്ചാണ് ആ ഭാഗം തന്നെ. 

ഫ്രഞ്ച് നോവലിസ്റ്റായ ജീൻ ബാപിസ്റ്റ് ഡെൽ അമോയുടെ അനിമേലിയ എന്ന നോവലാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റൊന്ന്.പത്തൊൻ പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ആരംഭിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ വരെ നൂറു വർഷത്തെ ഒരു കാർഷിക കുടുംബങ്ങളുടെ  വളർച്ചയും തളർച്ചയുമാണ് ഈ നോവൽ. ആദ്യഘട്ടത്തിൽ ഒന്നാം ലോകയുദ്ധം വരെ വിവരിക്കുന്ന ഭാഗം. തുടർന്ന് ലോകയുദ്ധത്തിലെ ക്രൂരതകൾ വിവരിക്കുന്നുണ്ട്. അതിൽ പങ്കെടുക്കുന്ന യോദ്ധാവ് ഒരു ഫാം സ്വന്തമാക്കുന്ന തോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. 

ഭക്ഷണമായും കോട്ടുകളായും ബാഗുകളായും ചെരുപ്പുകളായും എത്തുന്ന മൃഗങ്ങളെകുറിച്ചാണ് ആ ഭാഗം .

യുദ്ധത്തിനിടെ കൊടുംഭീകരമായ ദൃശ്യങ്ങളിലൂടെ കടന്നുപോകുമ്പോളൊക്കെ മർസെൽ എന്ന ആ യുവാവ് തന്റെ ജന്മനാടിനെയും അവിടുത്തെ മൃഗങ്ങളെയും ഓർക്കുന്നുണ്ട്. പട്ടാളക്കാർക്ക് വേണ്ടുന്ന ഇറച്ചിക്കായി മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്ന രംഗങ്ങൾ ഈ ഭാഗത്തുണ്ട്. ശരിക്കും ഈ നോവലിന്റെ സോദ്ദേശപരത മൂന്നും നാലും  ഭാഗത്തിലാണ്. അവിടെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ആ ഫാമിന്റെ അവസ്ഥ വെളിപ്പെടുന്നത്. കൂടുതൽ ലാഭം നേടാനായി കൊണ്ടുവന്ന മരുന്നുകൾ അവ പ്രയോഗിക്കപ്പെടുന്ന പന്നികൾ അവയിലെ വിചിത്രരോഗങ്ങൾ ഒക്കെയായി ആ ഭാഗം വിവരിക്കപ്പെട്ടിരിക്കുന്നു.

തീന്മേശകൾ കവിയുന്ന ഇറച്ചിയോടുള്ള മടുപ്പിലാണ്…

ഇനി നമുക്ക് ആദ്യം വിവരിച്ച The discomfort of evening എന്ന പുസ്തകത്തിലേക്ക് തന്നെ മടങ്ങാം.തന്റെ ഓമനമൃഗങ്ങൾ ഭക്ഷണമായി തീന്മേശയിലെത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്നുണ്ട് ഒരു പത്തുവയസുകാരി ഈ നോവലിൽ.  ബാലമരണത്തിന്റെ ദുഃഖത്തിൽ പോലും മൃഗസമാനമായ നിസ്സംഗതയാണ് കുടുംബം പുലർത്തിപ്പോരുന്നത്. ബൈബിൾ മുന്നോട്ടു വയ്ക്കുന്ന പാപവിരുദ്ധതയും അവ ബാധക മല്ലാത്ത ലോകവും തമ്മിലുള്ള ആന്തരിക സംഘർഷങ്ങൾ കൂടി നോവൽ കാട്ടിത്തരുന്നു. ഒടുവിൽ തീന്മേശകൾ കവിയുന്ന ഇറച്ചിയോടുള്ള മടുപ്പിലാണ് നോവൽ അവസാനിക്കുന്നത്.

ഈ കുറഞ്ഞ കാലയളവിൽ ഒരേ വിചാരലോകമുള്ള കൃതികൾ എഴുതുവാൻ എഴുത്തുകാരെ പ്രേരിപ്പിച്ച ഘടകം എന്താകും?

ഈ കൃതികൾ കൊണ്ട് യൂറോപ്യൻ സാഹിത്യ ത്തിലെ പ്രവണതകള്‍ നിർണയിക്കാമെന്ന് കരുതുന്നില്ല.എന്നാല്‍ അടുത്തിടെ പാശ്ചാത്യ സാഹിത്യത്തിൽ എഴുതപ്പെട്ട ശ്രദ്ധേയമായ കൃതികളാണ് ഇവയൊക്കെ. ഈ കുറഞ്ഞ കാലയളവിൽ ഒരേ വിചാരലോകമുള്ള കൃതികൾ എഴുതുവാൻ എഴുത്തുകാരെ പ്രേരിപ്പിച്ച ഘടകം എന്താകും? യൂറോപ്യൻ സമൂഹത്തിന്റെ ഭൌതികമാറ്റം  പരിശോധിച്ചാൽ രണ്ടാം ലോകയുദ്ധ ത്തോട് കൂടി യൂറോപ്പിന്റെ അധിനിവേശം പതിയെ പിൻവാങ്ങി തുടങ്ങിയിരുന്നു.അതുവരെയ്ക്കും ഭക്ഷ്യഉത്പന്നങ്ങൾക്ക് വേണ്ടിയായിരുന്നു. യൂറോപ്പ്  മൃഗപരിപാലനം നടത്തിക്കൊ ണ്ടിരുന്നത്.എന്നാൽ അധിനിവേശത്തിൽ നിന്നു പിൻവാങ്ങിയ ശേഷം  ലോകത്തെ മാർക്കറ്റുകൾ പിടിച്ചടക്കാനായി അവർ വ്യാവസായിക അടിസ്ഥാനത്തിൽ മൃഗപരിപാലനം തുടങ്ങുന്നു. അതോടെയാണ് ഓമനിച്ചു വളർത്തുന്നവ ഇറച്ചിക്കായി  വളർത്തപ്പെടുന്നവയാകുന്നത്. യന്ത്രവത്കൃതമായ ഇറച്ചിവെട്ട് ( mass slaughter ) വ്യാപകമായി.   ശരിക്കും ആ കാലഘട്ടത്തിലാണ് ഈ നോവലുകളുടെ സത്ത വേരുറപ്പിച്ചിരിക്കുന്നത്.

അങ്ങനെയെങ്കിൽ ഇത്തരത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ മൃഗപരിപാലനം നടക്കുന്ന എല്ലായിടത്തും ഇത്തരം ഒരു ഭാവുകത്വ പരിണാമം കാണേണ്ടതല്ലേ എന്നു ചോദിക്കാം. അവിടെയാണ് കുറച്ചുകൂടി പിന്നിലേക്ക് ചരിത്രസ്മൃതികളിലേക്ക് ലജ്ജയോടുകൂടി നോക്കുന്ന എഴുത്തുകാരെ കാണാ നാകുക. ഒട്ടുമിക്ക പരിണാമഘട്ടങ്ങളിലും ഇത്തരം ലജ്ജയോട് കൂടിയ നോട്ടം നമുക്ക് കാണാം. ബുദ്ധന്റെ ഈ നോട്ടമാണല്ലോ അഹിംസ എന്ന ധർമ്മമായി മാറിയത്. അശോകൻ പൂർവങ്ങളി ലേക്ക് നോക്കിയാണല്ലോ സ്വയം തിരിച്ചറിഞ്ഞത്.

ഈ തിരിച്ചറിവുകൾ ഒരു പക്ഷേ യൂറോപ്യൻ സമൂഹത്തിലും ഉണ്ടാകുന്നുണ്ടാകാം.ഏഷ്യയിൽ ആഫ്രിക്കയിൽ ലാറ്റിനമേരിക്കയിൽ ചെയ്തുകൂട്ടിയ കണ്ണില്ലാത്ത ക്രൂരതകളിലേക്ക് അവയുടെ ചരിത്രത്തിലേക്ക് ഓൾഗയും റെൺവെൽഡും ഡെൽ അമോയും ചെന്നെത്തുന്നുണ്ടാകാം.

ആ പൂർവകാല ങ്ങളെ തങ്ങളുടെ പ്രവൃത്തികൊണ്ട് തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടാല്കാം. വരും തലമുറകള്‍ ഒരുപക്ഷേ തങ്ങൾ ജീവിച്ച കാലത്തെപ്പറ്റിയും ഇതുപോലെ ലജ്ജയോടെ ഓർക്കേണ്ടി വരരുത് എന്ന നിശ്ചയമുണ്ടാകാം.  ക്രൂരതകളുടെ ചരിത്രമി ല്ലാത്ത സവിശേഷമായ ഒരു വർഗത്തോട് പ്രദേശത്തോട്  നിങ്ങൾ സസ്യാഹാര ശീലത്തെ  കുറിച്ചു പറഞ്ഞു നോക്കു. അവർക്കത് പരിഹാസ്യമായി തോന്നാം. ഭക്ഷ്യച്ചങ്ങലയുടെ കണ്ണി ചേർന്നു ജീവിച്ചവരും തങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക കണ്ണികൾ നിശ്ചയിച്ചവരും തമ്മിലെ വ്യത്യാസം അവിടെയാണ്.

ഇതൊരു പ്രവണത ആയാലും അല്ലെങ്കിലും തങ്ങളുടെ വംശത്തിന്റെ മാപ്പപേക്ഷയായി എഴുത്തുകാർ ഈ നോവലുകൾ മുന്നോട്ടു വയ്ക്കുന്നുവെന്ന് പറയുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശി